മോളോട്ടോവ് കോക്ക്ടെയിൽ

ചിത്രത്തിൽ കാണുന്ന വസ്തു ‘നാടൻ’ ഭാഷയിൽ പെട്രോൾ ബോംബ് എന്നറിയപ്പെടുമെങ്കിലും ബിലാത്തിയിൽ ഇതിനൊരു ഓമനപ്പേരുണ്ട്..

മോളോട്ടോവ് കോക്ക്ടെയിൽ

മോളോട്ടോവിന്റെ പേര് സാധാരണ റിബ്ബണ് ടോപ്പിന്റെ പേരുമായി ചേർത്താണ് ലോക രാഷ്ട്രീയ ചരിത്രത്തിൽ ഉയർന്നു കേട്ടിട്ടുള്ളത്. ഇരുവരും യഥാക്രമം സോവിയറ്റ് യൂണിയന്റെയും  ജർമനിയുടെയും വിദേശകാര്യ മന്ത്രിമാരായിരുന്നു. 1939 ഓഗസ്റ്റ് 23ന്  വിശ്വവിഖ്യാതമായ “അനാക്രമണ സന്ധി” എന്നറിയപ്പെട്ട ഹിറ്റ്ലർ-സ്റ്റാലിൻ ഉടമ്പടി ഒപ്പിട്ടത് ഇവരിരുവരുമാണ്.

1941 ജൂണ് 22ന് ജർമനി ‘ഓപ്പറേഷൻ ബാർബറോസ’യുമായി സോവിയറ്റ് യൂണിയൻ ആക്രമിക്കുന്നത് വരെ അവർ ഇണപിരിയാത്ത കഴുകന്മാരായിരുന്നു. ഇരുവരും ചേർന്ന് പോളണ്ടിനെ, ഫിൻലന്റിനെ, എസ്റ്റോണിയയെ  ലാത്വിയയെ ലിത്വാനിയയെ ഒക്കെ കൊത്തിപ്പറിച്ചു തങ്ങളുടെ സാമ്രാജ്യത്തോട് ചേർത്തു..റൊമേനിയയുടെ നല്ലൊരു ഭാഗം ഭൂപ്രദേശം സോവിയറ്റ് യൂണിയന്റെ കയ്യിലുമായി.

അത്ഭുതകരമെന്നു പറയട്ടെ.. അന്നുവരെയുള്ള 670 ദിവസം ഹിറ്റ്ലർ ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്ക്‌ പിറക്കാതെ പോയ അച്ഛനായിരുന്നു. ജനകീയ സമരത്തിന്റെ മുന്നണി പോരാളി. ബ്രിട്ടൻ ആജന്മശത്രുവും. ബാക്കി വഞ്ചനയുടെ ചരിത്രവും പിസി ജോഷിയുടെ നെടുനീളൻ കത്തുമൊക്കെ മുൻപേ ഈയിടത്തിൽ എഴുതിയിട്ടിട്ടുണ്ട്.

ഇനി നമുക്ക് മോളോട്ടോവിലേയ്ക്ക് തിരികെ വരാം.

സന്ധിയൊപ്പിട്ടതിന്റെ നൂറാം ദിനം 1939 നവംബർ 30ന് സോവിയറ്റ് റെഡ് ആർമി ഫിന്നിഷ് മണ്ണിലേക്ക് ആക്രമിച്ചു കടന്നു ചെന്നു..ഹെൽസിങ്കിയിൽ സോവിയറ്റ് പോർവിമാനങ്ങൾ ബോംബിട്ടു. നൂറുകണക്കിന് സാധാരണ മനുഷ്യർ കമ്യൂണിസ്റ്റ് ബോംബിങ്ങിൽ കൊല്ലപ്പെട്ടു. ലോകം മുഴുവൻ ചൊടിച്ചു.

അവരോട് മോളോട്ടോവ് വിളിച്ചു പറഞ്ഞത് അതു ഫിൻലന്റിനോടുള്ള തങ്ങളുടെ ‘കരുതൽ’ ആണെന്നും ഞങ്ങളുടെ വിമാനങ്ങൾ സത്യത്തിൽ പട്ടിണികിടക്കുന്ന ഫിന്നിഷ് ജനതയ്ക്ക് വേണ്ട ‘കിറ്റുകൾ’ വിതരണം ചെയ്യുകയായിരുന്നു എന്നാണ്. “മോളോട്ടോവിന്റെ റൊട്ടിക്കൂടകൾ” ആയിരുന്നു അതെന്ന് ഫിന്നിഷ് ജനത കളിയാക്കി വിളിച്ചു.

ആ യുദ്ധം സോവിയറ്റ് യൂണിയന് വലിയ നാണക്കേടുണ്ടാക്കി. ഏഴര ലക്ഷം പേരുടെ സൈന്യവുമായി സോവിയറ്റ് റെഡ് ആർമിയുടെ 21 ഡിവിഷനുകൾ ഇരച്ചു കയറിയെങ്കിലും നാലു ലക്ഷത്തോളം പേരുടെ ആൾനാശമാണ് ഫിന്നിഷ് പട സമ്മാനമായി നൽകിയത്. അവർക്ക് ആകെ ഉണ്ടായിരുന്നത് വെറും മൂന്നര ലക്ഷം പേരുടെ പടയായിരുന്നു എന്നോർക്കണം.

ഫിന്നിഷ് പടയ്ക്ക് ആകെയുണ്ടായിരുന്നത് 32 ടാങ്കുകൾ മാത്രമായിരുന്നുവെങ്കിൽ സോവിയറ്റ് യൂണിയൻ 6,500 ടാങ്കുകളുമായാണ് ഫിൻലന്റിനെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയത്. യുദ്ധം അവസാനിക്കുമ്പോൾ അതിൽ 3500 ടാങ്കുകളും മോളോട്ടോവ് കോക്ക്ടെയിലിൽ തകർന്നിരുന്നു.

സ്റ്റാലിന്റെ റെഡ് ആർമിയുടെ ഈ നാണംകെട്ട തോൽവിയാണ് ഹിറ്റ്ലർക്ക് പിന്നീട് സോവിയറ്റ് റഷ്യയെ നേരിട്ട് ആക്രമിക്കാൻ കരുത്തു പകർന്നത് എന്നതാണ് ബാക്കി ചരിത്രം.

Leave a comment

Website Powered by WordPress.com.

Up ↑