2020ലെ തെരഞ്ഞെടുപ്പ്; ചില ഓർമകൾ

കോലിയക്കോട് വാർഡിൽ ഞങ്ങളിൽ വിശ്വാസമർപ്പിച്ച എല്ലാവർക്കും ഹൃദയംഗമായ നന്ദി.

ഈ ഇലക്ഷനിലെ കോലിയക്കോട് വാർഡിലെ മാൻ ഓഫ് ദ് മാച്ച് ബിജെപിയാണ്. നമ്മളെ സംബന്ധിച്ചിടത്തോളം ശക്തമായ മുന്നേറ്റമാണ് കോലിയക്കോട് മേഖലയിൽ ഉണ്ടായിരിക്കുന്നത്. കോലിയക്കോട് വാർഡുൾപ്പെടെയുള്ള ബൂത്തുകളിൽ ബിജെപി ചരിത്രത്തിൽ ആദ്യമായി ലീഡ് ചെയ്യുകയും കോലിയക്കോട് ബ്ലോക്ക് ഡിവിഷനിൽ പുളിന്താനത്ത് മുരളീകൃഷ്ണൻ ശക്തമായ മത്സരം കാഴ്ചവെച്ച് ബിജെപി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.

നൂറോളം വോട്ടിന്റെ വമ്പിച്ച ലീഡാണ് കോലിയക്കോട് വാർഡിലെ ബൂത്തുകളിൽ ബിജെപി നേടിയത്. 549 വോട്ടുമായി ബിജെപി കോലിയക്കോട് വാർഡിൽ ഒന്നാമതെത്തി. ബാക്കി വോട്ട് നില താഴെയുണ്ട്.

ബ്ലോക്ക് ഡിവിഷൻ
NDA 549
LDF 452
UDF 371
IND 134

ഗ്രാമപഞ്ചായത്ത് വാർഡിൽ വെറും 32 വോട്ടിനാണ് എൻഡിഎയുടെ ഷീജചേച്ചി തോൽവി നേരിടേണ്ടി വന്നത്. കഴിഞ്ഞവട്ടം ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഭൂരിപക്ഷമായിരുന്നു കോണ്ഗ്രസ് പാർട്ടിക്ക് കോലിയക്കോട് നൽകിയത്. അവിടെ നിന്നും അവർ മൂന്നാമതായി. പഞ്ചായത്തിലെ ഏറ്റവും കനത്ത ത്രികോണ മത്സരം നടന്ന വാർഡിൽ ഇതൊക്കെ സാങ്കേതികം മാത്രവുമാണ്. എങ്കിലും വോട്ട്നില താഴെ.

വാർഡ്
LDF 540
NDA 508
UDF 495

സിറ്റിംഗ് സീറ്റായ മൂളയത്ത് 92 വോട്ടിനാണ് ഗീതച്ചേച്ചി വിജയിച്ചത്. മൂളയത്ത് വാർഡിലും ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിലും ബിജെപി വ്യക്തമായി ലീഡ് ചെയ്തു. കൃത്യമായ സംഘടനാ പ്രവർത്തനം തുടർച്ചയായി നടത്തിയതിന്റെ ഫലമായിരുന്നു പാറയ്ക്കൽ മേഖലയിലെ മുന്നേറ്റം. 2010ൽ മൂളയം വാർഡിൽ 248 വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്ഗ്രസ് നേടിയത്. അവിടെയാണ് 2015ൽ വിജയകുമാർ ആദ്യമായി ബിജെപിയുടെ പതാകയേന്തുന്നത്. 2020ലെ വോട്ട് നില താഴെ.

വാർഡ്
NDA 562
UDF 470
LDF 442

ബ്ലോക്ക് ഡിവിഷൻ
NDA 543
UDF 376
LDF 446
IND 79

ജില്ലാ ഡിവിഷൻ
NDA 544
UDF 415
LDF 516

മാണിക്കൽ ഗ്രാമപഞ്ചായത്തിലെ അഞ്ചോളം സീറ്റുകളിൽ ബിജെപി രണ്ടാമതായത് അൻപതോളം വോട്ടുകൾക്കാണ്.

കട്ടയ്ക്കാൽ 593
കോലിയക്കോട് 508
ആലിയാട് 448
കൊപ്പം 408
ഇടത്തറ 359
ശാന്തിഗിരി 302

എന്നിങ്ങനെയാണ് മേൽപറഞ്ഞ വാർഡുകളിലെ വോട്ട് നില. പതിനഞ്ച് വാർഡുകളിൽ ബിജെപിയുടെ വോട്ടുനില മൂന്നക്കം കടന്നിരിക്കുന്നു. പ്ലാക്കീഴും പൂലന്തറയിലും ശാന്തിഗിരിയിലും രണ്ടാം സ്ഥാനത്തുള്ള കോണ്ഗ്രസുമായി ചെറിയ വോട്ട് വ്യത്യാസം മാത്രമേ ഉള്ളൂ താനും.

ഒരു പ്ലാവിന്റെ ചുള്ളിക്കമ്പുകൊണ്ട് നിലത്തിരുന്ന് മാറി മാറി വരയ്ക്കുന്ന വരകളായിരുന്നു സംഘടനാപ്രവർത്തനത്തിൽ ഏറ്റവുമധികം സന്തോഷം നൽകിയിരുന്നത്. ആ വരകൾ സൂചിപ്പിച്ചിരുന്നത് സംഘത്തിന്റെ ഉത്സവങ്ങളിൽ നമ്മുടെ ക്ഷണമനുസരിച്ചു കയറി വരുന്ന ആൾക്കാരുടെ സംഖ്യയായിരുന്നു.

സംഘം നമ്മളോടൊക്കെ ഇലക്ഷൻ പ്രവർത്തനത്തിൽ സജീവമാകാൻ നിർദേശിച്ചത് 2014ലാണ്. ഓരോ ഇലക്ഷനും കഴിയുമ്പോൾ നമ്മുടെ മുന്നിൽ സംഘടന വളരുന്നതിന്റെയും ജനകീയമായ അംഗീകാരം നേടുന്നതിന്റെയും നേർചിത്രമാണ് തെളിയുന്നത്.

ബിജെപി മാണിക്കൽ പഞ്ചായത്തിൽ ആദ്യമായി 21 സീറ്റിലും മത്സരിക്കുന്നത് അഞ്ചു കൊല്ലം മുൻപാണ്. അന്ന് അതൊരു നിർണ്ണായകമായ ചുവടു വെയ്പ്പായിരുന്നു. 2014ലെ ഇലക്ഷനോട് കൂടി ആദ്യമായി കാര്യക്ഷമമായ ഒരു നിയോജകമണ്ഡലം കമ്മിറ്റി നിലവിൽ വന്നെങ്കിലും പഞ്ചായത്തുകളിൽ പ്രവർത്തനം എത്തിയിരുന്നില്ല എന്നുള്ളത് കൊണ്ടായിരുന്നു ആ തീരുമാനം ചരിത്രപരമായ ഒന്നാണ് എന്നു വിലയിരുത്തുന്നത്.

ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടം ഉണ്ടായിരുന്ന മാണിക്കൽ പഞ്ചായത്തിൽ ഏതാണ്ട് ഏകപക്ഷീയമായ വിജയമായിരുന്നു മിക്കവാറും അവർക്ക് ലഭിച്ചിരുന്നത്. ഇരു മുന്നണികളും നിലനിന്നിരുന്ന ധ്രുവങ്ങളിൽ അനുഭവസമ്പത്തുള്ള നിരവധി പ്രവർത്തകരുണ്ടായിരുന്നു. പാർട്ടി വോട്ടുകൾ എത്രയെന്ന് കൃത്യതയോടെ പ്രവചിച്ചിരുന്ന ഒരു ഭൂതകാലം കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായിരുന്നു. അവിടേക്കാണ് സ്വന്തമായ വോട്ടുബാങ്ക് ഇല്ലാതെ ബിജെപി കടന്നു ചെല്ലുന്നത്.

2014ലെ ഇലക്ഷനിൽ ആണ് നെടുമങ്ങാട് നിയമസഭാ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും പ്രവർത്തനമെത്തിക്കാൻ സംയോജകന്മാരെ നിശ്ചയിച്ചത്. ആദ്യമായി വോട്ടർപട്ടിക കാണുന്നത് തന്നെ അപ്പോഴാണ്. അതിലൊക്കെ ഓരോരുത്തർ എവിടെ ആണ് കിടക്കുന്നതെന്നോ, ഓരോ വോട്ടറെയും എങ്ങിനെ കാണണം എന്നോ ഒരു ധാരണയുമില്ല. 2,200 വോട്ടിനടുത്താണ് അന്ന് പഞ്ചായത്തിൽ മൊത്തം ലോകസഭാ ഇലക്ഷനിൽ കിട്ടിയത്. ഓർമ ശരിയാണെങ്കിൽ അന്ന് ബിജെപിക്ക് അത്യാവശ്യം പ്രവർത്തനമുള്ള പോത്തൻകോട് പഞ്ചായത്തിനെക്കാൾ വോട്ട് നമുക്കുണ്ട്.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ലോകസഭാ ഇലക്ഷനെക്കാള്‍ ഇരട്ടി വോട്ടുകള്‍ ഒന്നരവര്‍ഷത്തിനുള്ളില്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടാണ് ബിജെപി മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കരുത്തറിയിച്ചത്. ഏതാണ്ട് 4,400ഓളം ആയിരുന്നു അന്ന് വോട്ട് ഷെയർ. 2010ലെ പഞ്ചായത്ത് ഇലക്ഷനെക്കാള്‍ ആറിരട്ടി വോട്ട് വരുമായിരുന്നു അത്.. 2011ലെ നിയമസഭാ ഇലക്ഷനില്‍ നെടുമങ്ങാട് നിയോജകമണ്ഡലത്തില്‍ മൊത്തം നേടിയ വോട്ടിനോടടുത്ത് മാണിക്കല്‍ പഞ്ചായത്തില്‍ നിന്നുമാത്രം നേടിയിരുന്നു അന്ന്.

ആദ്യമായി പഞ്ചായത്തില്‍ താമര വിരിഞ്ഞു.. സവർണ്ണ ഫാസിസ്റ്റ് പാർട്ടിയെന്ന് ഇവർ മുദ്രകുത്തിയ ഇടത്ത് ഒരു പട്ടികജാതി സംവരണ വാർഡിലാണ് ആദ്യമായി ബിജെപി വിജയിച്ചത്. അത് കൂടാതെ മൂന്നിടത്ത് രണ്ടാം സ്ഥാനം.. പത്ത് വാര്‍ഡുകളില്‍ ഇരുന്നൂറില്‍ പരം വോട്ട്..

ഇടതുപക്ഷം 1952 മുതൽ ഇലക്ഷൻ രംഗത്ത് ഉള്ളവരാണ്. കോണ്ഗ്രസുമതേ. 25 കൊല്ലമായി അവർ തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്തുമുണ്ട്. അവരോട് മത്സരിക്കുമ്പോൾ ബിജെപിക്ക് കുറവുള്ളത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അനുഭവ സമ്പത്തുള്ള പ്രവർത്തകരും ഗൗരവകരമായി ഇലക്ഷനെ സമീപിക്കുന്ന ഗ്രാസ് റൂട്ട് ലെവൽ സംഘടനാ സംവിധാനവും സാമ്പത്തികമായ കരുത്തുമാണ്. ഇതുമൂന്നും ഇല്ലാത്ത ബിജെപിയെ ജനങ്ങളാണ് വിജയിപ്പിച്ചത്. അവരുടെ ആശയ്ക്കൊത്ത് ഉയരുക എന്നതാണ് ബിജെപിയ്ക്കുള്ള ബാധ്യത. വിജയത്തിലേയ്ക്ക് നമുക്ക് വളരെ ചെറിയ മാറ്റങ്ങളാണ് ആവശ്യവും.

പോസ്റ്റ് സ്‌ക്രിപ്റ്റ്:

ഇലക്ഷൻ കഴിഞ്ഞ സമയത്ത് സ്വാഭാവികമായും നമ്മൾ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിലയിരുത്തലുകളെ കുറിച്ച് അന്വേഷിക്കുമല്ലോ. കോലിയക്കോട് വാർഡിൽ ബിജെപി ഒരു ശക്തിയല്ല എന്നാണ് കമ്യൂണിസ്റ്റ് പാർട്ടി പറഞ്ഞത്. പരമാവധി പോയാൽ ഒരു 225 വോട്ട് പിടിച്ചേയ്ക്കാം എന്നായിരുന്നു അവരുടെ വിലയിരുത്തൽ.

കോൺഗ്രസ്സുകാർ കുറച്ചുകൂടി കണിശമായാണ് വിലയിരുത്തിയത്. അവരുടെ കണക്കിൽ ബിജെപി 199 വോട്ട് വരെ നേടാം. അതിനപ്പുറത്തേയ്ക്കൊന്നും കോലിയക്കോട്ട് വളർന്നിട്ടില്ല എന്നായിരുന്നു അവരുടെ വിലയിരുത്തലും. ഇനി അഥവാ എന്തെങ്കിലും കൂടുതൽ ബിജെപിക്ക് ഉണ്ടെങ്കിൽ തന്നെ അതുകൂടി തങ്ങൾക്കാവും വീണിട്ടുണ്ടാവുക എന്നായിരുന്നു ആ പ്രസ്താവനയുടെ വാൽക്കഷ്ണം.

അവർക്ക് 2015ൽ അന്ന് സംഘടനാ റിപ്പോർട്ട് എഴുതുന്ന ഡയറിയുടെ അവസാന പേജിൽ കുറിച്ചിട്ട താഴെക്കാണുന്ന കണക്കുകൾ കൂടി നോക്കിയിട്ടാണ് മറുപടി പറയേണ്ടത് എന്നു തോന്നി. അതിന്റെ കീഴിൽ സന്ദർഭവശാൽ വന്നുപോയ വരികളാണ് ഇന്നത്തെ മറുപടിയും.

No flowery path leads to glory !!!

സംഘടനാ പ്രവർത്തനം ഒരു തുടർച്ചയാണ്. അത് നിരന്തരമായി ചെയ്തുകൊണ്ടിരിക്കുകയാണ്.

അതായത്.

പിക്ചർ അഭി ഭീ ബാകി ഹേ മേരേ ദോസ്ത്.

Leave a comment

Website Powered by WordPress.com.

Up ↑