പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ എം ടെക്കിന് അഡ്മിഷൻ കിട്ടി ചെന്നു കയറുന്നത് ഒരു സെപ്റ്റംബറിൽ ആണ്. കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളുടെ സ്വീകരണവുമായി ബന്ധപ്പെട്ട് വിവിധ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ക്യാംപെയ്നിങ് നടക്കുന്നതിനിടയിലാണ് ഞങ്ങളൊക്കെ ക്ലാസ്സിൽ പരസ്പരം പരിചയപ്പെട്ടു തുടങ്ങുന്നത്.

പെണ്കുട്ടികളുടെ ആധിക്യം കൊണ്ട് പരിചയപ്പെട്ടു തീരാൻ കാത്തു നിൽക്കുന്നതിനിടെ പതിവ് ദിവസങ്ങൾക്കിടയിൽ കുറച്ചു ചെറുപ്പക്കാർ ക്ളാസ്സിലേയ്ക്കു വന്നു. സൊറ പറഞ്ഞിരിക്കുന്നതിൽ ശല്യപ്പെടുത്തിയവരോട് നീരസമുള്ള സഹപാഠികളെക്കാൾ ഞാനവരെ ഇഷ്ടപ്പെട്ടു. സംഘടനാ പ്രവർത്തനത്തിന്റെ അതിപ്രസരവും അതിന്റെ അഭാവവും ശരിക്ക് തിരിച്ചറിഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് എന്റെ വിദ്യാഭ്യാസകാലം കടന്നുപോയത്. അതു കാരണം ക്യാംപസ് ലൈഫിലേയ്ക്കുള്ള മടക്കവും വിദ്യാർത്ഥി സംഘടനാ പ്രവർത്തനവും എന്നും ഒരു ലഹരി തന്നെ ആയിരുന്നു.
വിഷയത്തിലേക്ക് കടന്നു വന്നപ്പോൾ അവർ പറഞ്ഞൊരു വാചകം മനസ്സിൽ വല്ലാതെ കൊണ്ടു. അത് വിദ്യാർത്ഥി പരിഷത്തിനെ പറ്റിയുള്ളതായിരുന്നു. ഇരുപതു വർഷം മുൻപ് മുതൽ ഇവിടെ വിദ്യാർത്ഥി പരിഷത്തിന്റെ അഴിഞ്ഞാട്ടമായിരുന്നുവെന്നും മുസ്‌ലിം പെണ്കുട്ടികളുടെ തട്ടം പരസ്യമായി പറിച്ചെറിയുന്നതു നിത്യസംഭവം ആയിരുന്നു എന്നുമായിരുന്നു നല്ല ശുദ്ധമായ മലയാളത്തിൽ ഒരു പ്രാസംഗികന്റെ എല്ലാ ചാതുര്യവും ഉപയോഗിച്ച് അയാൾ പറഞ്ഞു നിർത്തിയത്.. എന്റെ തൊട്ടടുത്തിരുന്നു തസ്‌നി ഒരു ദീർഘ നിശ്വാസത്തോടെ അതു ശ്രദ്ധിച്ചിരിക്കുന്നുണ്ടായിരുന്നു.
വിദ്യാർത്ഥി പരിഷത്തുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങുന്നത് 2005 മുതലാണ്. നാട്ടിൽ സംഘശാഖയിൽ പോവുക, സായംവിഭാഗ്(പഴയ വിദ്യാർത്ഥി വിഭാഗ്) വർഗിൽ പോവുക എന്നതിൽ കവിഞ്ഞ വിദ്യാർത്ഥി പ്രവർത്തനമൊന്നും ഉണ്ടായിരുന്നില്ല താനും. എന്നാൽ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ പോകുന്ന സമയത്താണ് ശരിക്കും വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ പാഠങ്ങൾ മനസ്സിലാക്കുന്നത്. അവിടെ കടന്നു ചെല്ലുന്നത് വരെ ഈ കാവിപ്രസ്ഥാനങ്ങൾ എല്ലാം ഹിന്ദുസംഘടനകളാണ് എന്നുള്ള തെറ്റിദ്ധാരണ എനിക്കുണ്ടായിരുന്നുവെന്നു സമ്മതിക്കാൻ എനിക്ക് മടിയില്ല.

അവിടെ ചെല്ലുമ്പോൾ പരിചയപ്പെടുന്നത് തിരൂർ രവീന്ദ്രൻ എന്നു പറയുന്ന ജീവിതത്തിൽ അജാത ശത്രുവായൊരു സന്ദേശത്തെ ആണ്. കൃശഗാത്രനായ ഒരു മഞ്ഞ നിറത്തിലുള്ള തോൾസഞ്ചിയും തൂക്കി വരുന്ന ഒറ്റമുണ്ടുടുത്ത കണ്ണാടിക്കാരൻ. കോളേജിലെ ഓരോ വിദ്യാർത്ഥിക്കും രവിയേട്ടൻ ഒരു വിളിപ്പാടകളെയുള്ള ജ്യേഷ്ഠൻ ആയിരുന്നു. വളരെ ലളിതമായ ജീവിതം. ഒറ്റ സൈക്കിളിൽ കറങ്ങുന്ന ആ മനുഷ്യൻ സംഘത്തിന്റെ വിദ്യാർത്ഥി കാര്യകർത്താവായിരുന്നു. ഇവരിൽ ആരെങ്കിലും എന്നെങ്കിലും ഏതെങ്കിലും തരത്തിൽ അന്യമത വിദ്വേഷമോ സ്വജന പക്ഷപാതമോ കാണിക്കാത്തത് എസ്എഫ്ഐയിലൊക്കെ പ്രവർത്തിച്ചു കടന്നു വന്ന എനിക്ക് അത്ഭുതം തന്നെ ആയിരുന്നു.
രവിയേട്ടൻ സംവിധാനം ചെയ്ത “ഒരു പീലിക്കണ്ണിന്റെ ഓർമയ്ക്ക്” എന്ന ക്യാംപസ് ചിത്രത്തിലൂടെയാണ് തോമസ് ജെയിംസ് എന്ന ബികോംകാരൻ തന്റെ ചലച്ചിത്ര ജീവിതത്തിന്റെ തുടക്കം കുറിയ്ക്കുന്നത്. ഇന്ന് മണിക്കുട്ടനായി ഛോട്ടാ മുംബൈയിലൂടെയും കുരുക്ഷേത്രയിലൂടെയും തട്ടത്തിൻ മറയത്തിലൂടെയുമെല്ലാം മലയാള സിനിമയിൽ സജീവമായ അയാളെ നിങ്ങളറിയും.ആ പേര് അയാൾക്ക് നൽകിയത് ഡോ. എൻ ആർ മധുവേട്ടനാണ്.
പിന്നീട് പലവിധ പ്രവർത്തനങ്ങളിലൂടെ ഞങ്ങളൊക്കെ ക്യാംപസിൽ സജീവമായി.
അപ്പോഴൊക്കെ ജോണേട്ടനും മറ്റുമൊക്കെ വിദ്യാർത്ഥി പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നത് അത്ഭുതത്തോടെ ആണ് നോക്കി നിന്നിട്ടുള്ളത്. കെമിസ്ട്രി അസോസിയേഷന്റെ സെക്രട്ടറിയായി അന്നുണ്ടായിരുന്നത് അലൻ സെബാസ്റ്റ്യൻ എന്ന നല്ല ഒന്നാന്തരം കട്ടപ്പനക്കാരൻ അച്ചായൻ തന്നെയായിരുന്നു. എന്റെ അടുത്ത സുഹൃത്ത്. കോളേജിലെ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് അന്ന് ചുക്കാൻ പിടിച്ചിരുന്നത് ഇടവാക്കാരൻ സുനിൽ ഷാ ആയിരുന്നു. അനുഗ്രഹീതനായൊരു മിമിക്രി ആർട്ടിസ്റ്റ്. ഇപ്പൊ പുള്ളി സൗണ്ട് എൻജിനീയറായി വിവിധ സിനിമകളിൽ പ്രവർത്തിച്ചു വരുന്നു. ഇതായിരുന്നു ഞാൻ കണ്ടു വളർന്ന വിദ്യാർത്ഥി പരിഷത്ത്.
അതിനു ശേഷം പോണ്ടിച്ചേരിയിൽ പഠനം തുടർന്നപ്പോൾ കോളേജ് ഹോസ്റ്റലിൽ ഞങ്ങൾ നിത്യ ശാഖ നടത്തുമായിരുന്നു. അന്ന് അതെടുക്കാൻ സംഘത്തിന്റെ പരിശീലന ശിബിരം കഴിഞ്ഞ രണ്ടു പേരെ ഉണ്ടായിരുന്നുള്ളൂ. രണ്ടാമൻ മൂവാറ്റുപുഴക്കാരൻ ഫെബിൻ സെബാസ്ത്യൻ ആയിരുന്നു. പ്രാഥമിക ശിക്ഷാ വർഗ്ഗ് കഴിഞ്ഞിട്ടാണ് അയാള് കോഴ്‌സിന് ജോയിൻ ചെയ്തത്. ശരാശരി 22-25 പേരുള്ള ഒരു വിദ്യാർത്ഥി ശാഖ ഞങ്ങൾ നടത്തിപ്പോന്നു.
ഇതായിരുന്നു എന്റെ അനുഭവങ്ങൾ.. ഇതുമായി പൊരുത്തപ്പെടാത്ത ഒരു സംഭവം ഈ കോളേജിൽ നടന്നുവെന്നറിഞ്ഞപ്പോൾ അതൊരു വലിയൊരു ആഘാതമായിരുന്നു. നേരറിയാൻ വേണ്ടി ഇവരീ പറയുന്ന കാലത്തെ SCT ABVP യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന ജിതിൻ ചേട്ടനോട് സംസാരിച്ചു അന്ന് തന്നെ.. നട്ടാൽ കുരുക്കാത്ത കമ്മിനുണകളുടെ ഭാണ്ഡം ആവിടെയാണ് തുറന്നു കിട്ടിയത്. എംജിയിലോ SCT യിലോ എന്നല്ല, വിദ്യാർത്ഥി പരിഷത്ത് നേതൃത്വം നൽകുന്ന ഒരു ക്യാമ്പസിലും ഇങ്ങനൊരു അനുഭവം ഉണ്ടാകില്ല. ദേശീയതയിലൂന്നിയ ഉത്കട രാഷ്ട്ര ഭക്തിയല്ലാതെ ഒരു മതഭാവനയും ഈ പ്രസ്ഥാനത്തെ നയിക്കുന്നില്ല എന്ന വസ്തുത എന്തുകൊണ്ടാണ് പ്രൊപ്പഗേറ്റ് ചെയ്യപ്പെടാതെ പോകുന്നത്.?!
ഇതിപ്പോ പറയാൻ കാരണമുണ്ട്. 25 കൊല്ലക്കാലമായി തിരു എംജി കോളേജ് യൂണിയൻ ഭരിക്കുന്നത് വിദ്യാർത്ഥി പരിഷത്താണ്. അത്രയും കാലമായി അത് സമ്പൂർണ്ണ ലഹരി വിമുക്ത ക്യാംപസ് കൂടിയാണ്. ഈ അടുത്തിടെ എസ് എഫ് ഐ നടത്തുന്ന Anti MGC Campaign ഇൽ സ്ഥിരമായി കാണുന്നൊരു വാചകം അന്ന് എസ് സി റ്റിയിലെ ക്ലാസ്സ് മുറിയിൽ എസ് എഫ് ഐക്കാർ ഉറക്കെ പറഞ്ഞു നിർത്തിയ വാചകത്തോട് പ്രാസമൊപ്പിച്ചു ചേർന്നു നിൽക്കുന്നതായിരുന്നു. അതിങ്ങനെയാണ്..
“കഴിഞ്ഞ കാലങ്ങളിൽ തട്ടമിട്ടതിന്റെ പേരിൽ പെൺകുട്ടികൾ ഏറ്റ പീഡനങ്ങൾക്ക് ഒരു മറുപടി നല്കുവാൻ പൊരുതുന്ന വിദ്യാർത്ഥി പ്രസ്ഥാനം MG കോളേജിൽ വിദ്യാർത്ഥികൾക്കായി കടന്നുവന്നിരിക്കുന്നു..”
നോക്കൂ..
അത്ഭുതകരമാം വണ്ണം ഒരേ പട്ടേണിൽ ഈ കഥ പലയിടത്ത് അവതരിപ്പിക്കപ്പെടുന്നു. ഫിയർ മോംഗറിങ്ങിലൂടെ വിദ്വേഷത്തിന്റെ വിത്തുകളെ സമർഥമായി ഒളിച്ചു കടത്തുന്നു.
ഇന്നലെ ഞാനിത് പറഞ്ഞത് എസ്സിറ്റിയിലെ ABVP unit Vice President സദീദ് അമീനോടാണ്. ഈ വർഷവും മുടങ്ങാതെ ഈ കള്ളക്കഥകളുമായി ആ രക്തതാരകം പതിച്ച കള്ളക്കൊടിയുമായി അവർ ക്ലാസ് മുറികൾ കയറിയിറങ്ങും. എന്നിട്ട് വെറുപ്പിന്റെ വിത്തുകൾ വിദ്യാർഥികളുടെ മനസ്സിലേയ്ക്കിടും. അതു കൊയ്ത് അവർ സംഘടയിലേയ്ക്ക് ആളെക്കൂട്ടും. Burden of proof ചോദിച്ചു ചെല്ലുന്നത് ഗ്രാസ് റൂട്ട് ലെവലിൽ എത്ര ഫലവത്താകാൻ. സത്യം ചെരുപ്പണിയുമ്പോഴേക്കും നുണ ലോകം ചുറ്റിക്കഴിഞ്ഞിരിക്കും എന്നല്ലേ.. Nation First എന്നു പഠിപ്പിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ തടഞ്ഞു നിർത്താൻ മതത്തിന്റെ വിഷവിത്തുകൾ വിതയ്ക്കുന്ന ഇക്കൂട്ടരോട് എന്തു പറയാൻ.
എന്നാൽ കർമഫലം എന്നൊന്നുണ്ടല്ലോ.. അതുകൊണ്ടാണ് രാഷ്ട്രമെന്ന ആശയം മനസ്സിൽ നിറച്ചൊരു പ്രത്യയ ശാസ്ത്രത്തിൽ നിന്നു വളർന്നു വന്നവർ രാഷ്ട്രപതി ഭവനിലേയ്ക്കും പാര്ലമെന്റിലേയ്ക്കും നടന്നു കയറുമ്പോൾ വെറുപ്പ് വിതച്ചു വെറുപ്പ് കൊയ്യുന്നവർ പാൽ സൊസൈറ്റിയും അണ്ടിക്കമ്പനിയും സ്വപ്നം കണ്ട് ജീവിക്കുന്നത്.
(എംജി കോളേജിലെ ഒരു പൂർവ വിദ്യാർത്ഥിയുടെ അനുഭവ ക്കുറിപ്പാണ് പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്നത്)

Leave a comment