നുണകളുടെ സുവിശേഷകൻ

യേശുവിന്റെ ജീവിതത്തെ അടുത്തുകണ്ട ശിഷ്യന്മാർ അതു പ്രചരിപ്പിച്ചത് രേഖപ്പെടുത്തിയതാണ് സുവിശേഷങ്ങൾ എന്നറിയപ്പെട്ടത്. ഗ്രീക്ക് ഭാഷയിലുള്ള ‘എവന്‍ഗേലിയോന്‍’ എന്ന വാക്കിന്റെ പരിഭാഷയാണ് സുവിശേഷം. ഈ വാക്കിനു അര്‍ഥം ‘നല്ല വാര്‍ത്ത’ അഥവാ ‘നല്ല സന്ദേശം’ എന്നാണ്.  എണ്പതോളം സുവിശേഷങ്ങൾ കനോണികമല്ലാത്തവ ആയിട്ട് ലഭ്യമാണ്. കനോണികമായ മത്തായിയുടെയും മാര്‍ക്കൊസ്സിന്റെയും ലൂക്കായുടേയും സുവിശേഷങ്ങളിൽ സമാനതകൾ നിരവധിയാണ് എന്നുള്ളതുകൊണ്ട് അവ മൂന്നും ‘സമവീക്ഷണ സുവിശേഷങ്ങൾ’ എന്നാണ് അറിയപ്പെടുന്നത് തന്നെ.

ഇത് ശരിക്കുള്ള സുവിശേഷങ്ങൾ. ഇന്നിവിടെ നമുക്ക് ഒരേ സംഭവത്തെ മൂന്ന് വ്യത്യസ്ത വീക്ഷണങ്ങളിൽ കൂടി കാണുന്ന മൂന്ന് സുവിശേഷകാരന്മാരെ കാണാം. ഇവരിലൊരാൾ കള്ളനാണ്. ആരാണത് എന്നു തിരിച്ചറിയേണ്ടത് നിങ്ങളാണ്.

ഒന്നാം സുവിശേഷം:

1948ലെ തൈക്കാട് മൈതാനിയിലെ പരിപാടിയിൽ നിന്ന്.

1948 തിരുവനന്തപുരത്താണ് സംഭവം. ശ്രീ ഗുരുജിയുടെ തിരുവനന്തപുരം സന്ദർശനാവസരത്തിൽ, സംഘ സ്വയം സേവകരുടെ സാമാന്യം വലിയ ഒരു പരിപാടി തൈക്കാട് മൈതാനിയിൽ സംഘടിപ്പിച്ചിരുന്നു. അന്നു ഞാൻ അവിടെ ഓണേഴ്‌സ് വിദ്യാർത്ഥിയാണ്. നഗർ മുഖ്യ ശിക്ഷകനെന്ന നിലയ്ക്ക് പരിപാടിയുടെ നടത്തിപ്പ് എന്റെ ചുമതലയാണ്.

തിരുവനന്തപുരത്തെ കോളേജ് വിദ്യാർത്ഥികൾ പരിപാടി അലങ്കോലപ്പെടുത്താൻ തീരുമാനിച്ചു കൊണ്ട് ഒരു പ്രതിഷേധ ജാഥയായി തൈക്കാട് മൈതാനിയിലേക്ക് നീങ്ങി.

പരിപാടി ആരംഭിച്ചു. കായിക വ്യായാമങ്ങളാണ്. നിശ്ചിത ക്രമത്തിനവ മുന്നോട്ട് നീങ്ങുകയാണ്. അപ്പോഴേക്കും മൈതാനത്തിനടുത്തെത്തിയ പ്രകടനക്കാരുടെ ഉഗ്രമായ ‘ഗോൾവാൽക്കർ ഗോ ബാക്കും’ പ്രതിഷേധ ശബ്ദങ്ങളും. ഞാനല്പം അന്തം വിട്ടു പോയി. കൊടുക്കുന്ന ഓർഡറുകൾ മുറതെറ്റി. ചിലവ മറന്നു പോയി.അപ്പോഴെല്ലാം അക്ഷോഭ്യനായി എല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന ഗുരുജി പ്രശാന്തനായി എന്റെ തെറ്റ് തിരുത്തികൊണ്ടിരുന്നു.

അടുത്തത് ശ്രീ ഗുരുജിയുടെ പ്രഭാഷണമാണ്. ശാന്ത ഗംഭീരമായി അദ്ദേഹം എഴുന്നേറ്റു നിന്നു. സ്വയം സേവകരെയും സദസ്സിനെയും അഭിസംബോധന ചെയ്തു. പ്രകടനക്കാരുടെ ബഹളം നിയന്ത്രണാതീതമായി. ഗുരുജിയെക്കൊണ്ട് പ്രസംഗിപ്പിക്കരുതെന്നായിരുന്നു അവരുടെ നിർബന്ധം. അവരെ തടഞ്ഞു നിർത്തിയിരുന്ന സ്വയംസേവകരുടെ വലയം ഭേദിച്ചു കൊണ്ട് അവർ മൈതാനിയിലേക്ക് തള്ളിക്കയറി ശ്രീ ഗുരുജിയുടെ നേർക്ക് മുഷ്ടി ചുരുട്ടിക്കൊണ്ട് നീങ്ങി. അപ്പോഴേക്കും അതുവരെ സംയമനം പാലിച്ചു നിന്ന രക്ഷകന്മാർ ദണ്ഡകളുമായി അവരെ നേരിട്ടു. അല്പനേരത്തേക്കു ഉഗ്രമായ സംഘട്ടനത്തിന്റെ ശബ്ദം. പക്ഷെ അപ്പോഴെല്ലാം ഗുരുജി അക്ഷോഭ്യനായി പ്രസംഗിക്കുകയായിരുന്നു. സംഘട്ടനമവസാനിപ്പിച്ചു കിട്ടിയതും വാങ്ങിക്കൊണ്ട് പ്രകടനക്കാർ നാനാവഴിക്കും ഓടി. അന്തരീക്ഷം വീണ്ടും ശാന്തമായി. അപ്പോഴും ഗുരുജിയുടെ പ്രസംഗത്തിലെ ഏകാഗ്രത അണുവിട തെറ്റിയില്ല.

അന്ന് രാത്രി, പതിവ് പോലെ നടന്ന ശിക്ഷകന്മാരുടെ ബൈഠക്കിൽ വച്ചാണ് എന്നെ കണക്കിന് പരിഹസിച്ചു കൊണ്ട് എന്നാൽ സ്നേഹമസൃണമായ ഭാഷയിൽ ശ്രീഗുരുജി പറഞ്ഞത് :

“Great leader! He made confusion worse confounded to his heart’s content!”

എന്നിട്ട് അദ്ദേഹത്തിന്റെ സഹജമായ ചിരി ഉറക്കെ ചിരിച്ചു.

പദ്മവിഭൂഷൺ പി പരമേശ്വരൻ
കേസരി വാരിക, 1973 ജൂൺ 17

രണ്ടാം സുവിശേഷം:

“ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് രണ്ടാഴ്ച മുൻപ് തിരുവനന്തപുരം തൈക്കാട് മൈതാനിയിൽ ആർഎസ്എസിന്റെ ന്റെ ഒരു സുപ്രധാന യോഗം നടക്കുന്നു. കാക്കി നിക്കർ ധരിച്ച വോളണ്ടിയർ മാരും മറ്റു പ്രവർത്തകരും നിരന്നു നിൽക്കുന്നു. ഗുരുജി ഗോൾവാൾക്കർ ആണ് പ്രസംഗകൻ. ദേശീയ ഐക്യത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ച് അദ്ദേഹം എന്ത് പറയുന്നു എന്ന് കേൾക്കാൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഞാനുൾപ്പെടെ ഒരു ചെറിയ സംഘം വിദ്യാർത്ഥികൾ തൈക്കാട്ടേക്ക് പോയി.

ഗോൾവാൾക്കർ അതിനിശിതമായി ഗാന്ധിജിയെ വിമർശിച്ച് സംസാരിച്ചു. എന്റെ ഓർമ്മ ശരിയാണെങ്കിൽ മലയാറ്റൂരും കരുനാഗപ്പള്ളി കാർത്തികേയനും ഗോൾവാൾക്കറോട് ചില ചോദ്യങ്ങൾ പ്രസംഗാനന്തരം ചോദിച്ചു. ശാന്തമായി മറുപടി പറയുന്നതിന് പകരം അയാൾ ഞങ്ങളെ തല്ലാൻ മൗനാനുവാദം നൽകി. തിരുവനന്തപുരത്തെ തമിഴ്-ബ്രാഹ്മണ കുടുംബത്തിലെ കുട്ടികളായിരുന്നു വോളണ്ടിയർമാരിൽ അധികവും. അവർ എബൗഠേൺ ചെയ്തു ഞങ്ങളെ തല്ലാൻ തുടങ്ങി. ശ്രോതാക്കളായി എത്തിയ ഞങ്ങൾ അവരുടെ കയ്യിൽ ഉണ്ടായിരുന്ന തടികൾ കൈക്കലാക്കി അവർക്കെതിരെ പ്രയോഗിച്ചു.

രണ്ടാഴ്ച കഴിഞ്ഞ് ഒരു വൈകുന്നേരം കോളേജിൽനിന്ന് ഹോസ്റ്റലിൽ എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റ് മരിച്ച വിവരം അറിയുന്നത്. കനത്ത ദുഃഖത്തോടെ തൈക്കാട് മൈതാനത്തിന് സമീപത്തുകൂടെ ഞങ്ങൾ നടന്നു പോകുമ്പോൾ അതിനടുത്ത് ഒരു ആർഎസ്എസുകാരന്റെ വീട്ടിൽ മധുര പലഹാരം വിതരണം ചെയ്യുന്നത് കണ്ട് അക്രമത്തിന് തുനിഞ്ഞ ഞങ്ങളെ വരദരാജൻ നായർ സമാധാനിപ്പിച്ച് കറുത്ത ബാഡ്ജ് ധരിപ്പിച്ച് ഒരു മൗനജാഥയാക്കി മാറ്റി. വർഷങ്ങൾക്കുശേഷം ഇന്നും ഗോൾവാൾക്കറുടെ പ്രസംഗവും മധുരപലഹാര വിതരണവും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളായി അവശേഷിക്കുന്നു.”

ഒ.എൻ.വി കുറുപ്പ്
കലാകൗമുദി 1991 ഫെബ്രുവരി 10.

മൂന്നാം സുവിശേഷം:

“ലാ കോളേജിൽ പഠിക്കുന്ന കാലത്ത്  ആർഎസ്എസിന്റെ ഒരു ജാഥ തകർക്കാൻ ഞങ്ങൾ പോയി. തൈക്കാട് പോലീസ് മൈതാനത്തായിരുന്നു ജാഥ. ആർഎസ്എസ് നേതാവ് ഗോൾവൾക്കറിനെതിരെ ഞങ്ങൾ മുദ്രാവാക്യം വിളിച്ച് ചെന്നതും അടി പൊട്ടി. പരപരാ അടി. വയ്യാത്ത ഞാൻ പോലും മതിൽ ചാടി ഓടിക്കളഞ്ഞു. നന്നായി അടി കിട്ടി.”

അടി കൊണ്ട് ഓടിയ മലയാറ്റൂരിനെയും കൂട്ടുകാരെയും ഐജി ചന്ദ്രശേഖരൻ നായർ പിടികൂടി ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി ഒരു രാത്രി ഇരുത്തി

“എനിക്കാകെ പേടിയായി. പത്രത്തിൽ വായിച്ച് അച്ഛനെങ്ങാനുമറിഞ്ഞാലോ?”

“അടുത്ത ദിവസം ആശുപത്രിയിൽ നിന്നിറങ്ങിയപ്പോൾ വീണേടം വിദ്യയാക്കാമെന്നായി. മുറിവ് ഒക്കെ ബാൻഡേജിട്ടു കെട്ടി സഹതാപം നേടാനായി ശ്രമം.”

മലയാറ്റൂർ രാമകൃഷ്ണൻ
മാതൃഭൂമി വാരാന്തപ്പതിപ്പ് 1997 മെയ് 18

ഈ മൂന്ന് വിവരണങ്ങളും നിങ്ങളുടെ യുക്തിക്ക് വിടുന്നു. ആരാണിതിൽ നുണ പറയുന്നത്..?

One thought on “നുണകളുടെ സുവിശേഷകൻ

Add yours

  1. മഹാകവി ഒക്കെ ആയിട്ട് എന്ത് കാര്യം അസത്യപ്രചരണം നടത്തി രാജാവിനെപ്പോലെ ജീവിച്ചിട്ട് എന്തുകാര്യം ദാരിദ്ര്യം ആണെങ്കിലും സത്യത്തെ പിന്തുടരുക.

    Liked by 1 person

Leave a comment

Website Powered by WordPress.com.

Up ↑