വിപ്ലവത്തിന്റെ വസന്തമണിയിച്ചവൻ

ഹേ ഭാരതത്തിന്റെ യുവത്വമേ..! നീ എന്തിനാണ് അലക്ഷ്യനായി അജ്ഞനായി ഇങ്ങനെ കിടന്നുറങ്ങുന്നത്. എഴുന്നേൽക്ക്.. കണ്ണു തുറക്ക്.. എന്നിട്ടു കാണ്.. കിഴക്കിന്റെ നെറ്റിത്തടത്തിൽ അരുണവർണ്ണമണിഞ്ഞിരിക്കുന്നു. ഇനിയുമുറങ്ങരുത്. ഉറങ്ങിക്കിടക്കാനാണെങ്കിൽ ഒടുക്കത്തെയുറക്കത്തിന്റെ മടിത്തട്ടിൽ പോയണയ്. ഇങ്ങനെ ആണത്തം കെട്ട് അതിന്റെ അടിത്തട്ടിൽ പോയിക്കിടക്കുന്നതെന്തിന്? മായമോഹങ്ങളുടെയും മമതയുടേയും ത്യാഗത്താൽ ഗർജ്ജിച്ചുണര്.

ഇവിടെ നിന്റെ പ്രാതസ്മരണീയയും പരമവന്ദനീയയുമായ മാതാവ്, നിന്റെ ജഗദംബ, നിന്റെ അന്നപൂർണേശ്വരി, നിന്റെ ത്രിശൂലധാരിണി, നിന്റെ സിംഹവാഹിനി, നിന്റെ സസ്യശ്യാമളാഞ്ചല ഇന്ന് പൊട്ടിപ്പൊട്ടിക്കരയുകയാണ്. അവളുടെ നിസ്സഹായവസ്ഥ നിന്നെ അൽപ്പം പോലും അലട്ടുന്നില്ലേ? കഷ്ടം! നിന്നെക്കുറിച്ചോർത്ത് ലജ്ജതോന്നുന്നു. നിനക്ക് ജന്മം നൽകിയ അച്ഛന് പോലും നീയിങ്ങനെ നപുംസകമായി തീർന്നതിന് തലകുനിക്കേണ്ടി വന്നിരിക്കുന്നു.

നിന്റെയുള്ളിൽ ഒരംശമെങ്കിലും മാനം ബാക്കിയുണ്ടെങ്കിൽ എഴുന്നേൽക്ക്. കുടിച്ച മുലപ്പാലിന്റെ നന്ദി കാണിക്ക്.. ഈ അപമാനത്തിൽ നിന്നും പിടിച്ചുയർത്താനുള്ള കർത്തവ്യമേൽക്ക്.. ആ കണ്ണുനീരിന്റെ ഓരോ തുള്ളിയുടെയും പേരിൽ പ്രതിജ്ഞ ചെയ്യ്.. ആ അഴലാഴിയെ താണ്ടി തൊണ്ടപൊട്ടുമാറുച്ചത്തിൽ വിളിക്ക്..

വന്ദേ മാതരം.. വന്ദേ മാതരം.. വന്ദേ മാതരം..

വിടതരിക! വിടതരിക! പ്രിയമാനസേ
പടയൊരുങ്ങിക്കഴിഞ്ഞവിടെയെന്നോ;
നിമിനേരമിവിടെത്തുടർന്നീടുകിൽ,
ഭീരുവെന്നോതുമീലോകമെന്നെ!!

1925ൽ സർദാർ ഭഗത് സിങ്ങിന് എത്ര വയസ്സായിട്ടുണ്ടാവും. 1925 മെയ് മാസത്തിൽ ലാഹോറിൽ നിന്നും ആ പതിനേഴര വയസ്സുകാരൻ കൊൽക്കത്തയിൽ നിന്നിറങ്ങുന്ന ‘സാപ്‌താഹിക് മത് വാല’യിൽ പേരുമാറ്റി പ്രസിദ്ധീകരിക്കണമെന്നു കുറിപ്പെഴുതി അയച്ച ലേഖനത്തിന്റെ ഭാഗമാണിത്. യുവത്വം മുളയ്ക്കുന്ന പ്രായത്തിൽ ആ ചെറുപ്പക്കാരന്റെ മനസ്സിൽ തന്റെ യൗവനമെന്തിനുവേണ്ടിയാവണം എന്നുള്ളതിനെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. യുവത്വത്തിന്റെ പൊട്ടൻഷ്യൽ എന്താണെന്നും അതെങ്ങനെയൊക്കെ ഉപയോഗിക്കാമെന്നും ഇന്ന് അതെന്തിനാണ് ഉപയുക്തമാക്കേണ്ടതെന്നും ആ ലേഖനത്തിലൂടെ ഒരു പതിനേഴര വയസ്സുകാരൻ പറഞ്ഞുവെച്ചു.

Courtesy: marxists.org

വിപ്ലവസാഹിത്യം ഗുപ്തരീതിയിൽ പ്രചരിക്കപ്പെടാൻ വേണ്ടിത്തന്നെ എഴുതിയ ആളുടെ യഥാർഥനാമം മറച്ചു വെച്ച് തൂലികാനാമങ്ങളിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. ബൽവന്ത് സിങ് എന്ന പേരിൽ യുവാക്കളോടുള്ള തന്റെ ആഹ്വാനം പ്രസിദ്ധീകരിക്കണമെന്ന് മത് വാലയുടെ എഡിറ്റർ ആചാര്യ ശിവപൂജൻ സഹായ്‌ക്ക് അദ്ദേഹം എഴുതിയിരുന്നു. അതനുസരിച്ച് മെയ് 16ന് ആ ലേഖനം പുറത്തെത്തി. വിലങ്ങണിഞ്ഞു തൂക്കുമരത്തിലേറുന്നവന്റെ ചുണ്ടിൽ വിരിയുന്ന ദേശഭക്തഗീതങ്ങളെക്കുറിച്ച് ഭഗത് ആവേശത്തോടെയെഴുതി. 1857ലെ വീരേതിഹാസം ആ ചെറുപ്പക്കാരനെ കൂടുതൽ ത്രസിപ്പിച്ചു. വീരസവർക്കറുടെ ആ അമൂല്യ രചനയുടെ മൂന്നാമത്തെ എഡിഷൻ പുറത്തിറക്കിയത് തന്നെ ഭഗത് സിങ്ങായിരുന്നു. വിപ്ലവകാരികളുടെ കയ്യിലെ ഗീതയായിരുന്നു എന്നും ആ പുസ്തകം.

സചീന്ദ്ര സിങ് സന്യാലിന്റെയും കർത്താർ സിങിന്റെയും പ്രേരണയിൽ ജാലിയൻവാലാ ബാഗിൽ വെടിയേറ്റുവീണ പൂർവികരുടെ ചോരയിൽ നിന്നും ഉയിർക്കൊണ്ട ആ വിപ്ലവകാരിക്ക് വീര സവർക്കർ എന്നും ഒരു അത്ഭുതമായിരുന്നു. രത്നഗിരിയിലെ വീട്ടു തടങ്കലിൽ ആ ചെറുപ്പക്കാരൻ വീര സാവർക്കറെ തേടിച്ചെന്നുവെന്നു പറയുന്നുണ്ട്. 1926 ഡിസംബറിലാണ് ചിത്രഗുപ്തനെന്ന അപരനാമത്തിൽ സവർക്കറുടെ ആദ്യത്തെ ‘ആത്മകഥ’ ജീവചരിത്രമായി എഴുതി പ്രസിദ്ധീകരിക്കുന്നത്. വിദേശമണ്ണിൽ ഒരു ഇന്ത്യൻ വിപ്ലവകാരിയുടെ ജീവിതമായിരുന്നു ആ പുസ്തകം പറഞ്ഞത്. വീര സവർക്കറുടെ ബാല്യത്തിൽ നിന്നാരംഭിച്ച് 1911 ജനുവരി മുപ്പതിനാണ് ആ പുസ്തകം അവസാനിക്കുന്നത്. സകലവസ്തു വകകളും സർക്കാരിലേക്ക് കണ്ടുകെട്ടി കാലപാനിയിലെ കൽത്തുറങ്കുകളിൽ ഇരട്ട ജീവപര്യന്തത്തടവിന് സവർക്കറെ വിധിച്ച ദിനമായിരുന്നു അന്ന്. അദ്ദേഹത്തിന്റെ ജീവചരിത്രം ഭഗത് സിംഗ് തന്നെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷന്റെ പുതിയ റിക്രൂട്ടികൾക്ക് വായിക്കാൻ നൽകിയിരുന്നു.

ഭഗത് സിങ്ങിന്റെ ജയിൽ ഡയറിയിൽ നിന്ന്

ഭഗത് സിങ്ങിന്റെ അടുത്ത അനുയായിയും തീവ്ര വിപ്ലവകാരിയും ആയിരുന്ന പഞ്ചാബിലെ ദുർഗാദാസ് ഖന്ന 1976ലെ ഒരു ഇന്റർവ്യൂവിൽ HSRA യിൽ താൻ അംഗമായപ്പോൾ സുഖ്‌ദേവും ഭഗത്സിങ്ങും നിർബന്ധമായും വായിക്കണമെന്ന് പറഞ്ഞേൽപ്പിച്ചതും ഇതേ പുസ്തകമാണ് എന്ന് പറഞ്ഞിട്ടുണ്ട്. ആ കാലഘട്ടത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട റഷ്യൻ ബോൾഷെവിക് വിപ്ലവത്തെ കുറിച്ചറിയാൻ ബുഖാരിനും പ്രിയോബ്രാഴെന്സ്കിയും ചേർന്നെഴുതിയ പുസ്തകമായ The ABC of Communism (1920), ഐറിഷ് സ്വാതന്ത്ര്യ പ്രസ്ഥാനത്തെ കുറിച്ചറിയാൻ ഡാനിയേൽ ബ്രീനിന്റെ My Fight for Irish Freedom (1924) വിപ്ലവത്തിന്റെ ഇന്ത്യൻ വഴികളെക്കുറിച്ചറിയാൻ Life of Barrister Savarkar(1926) എന്നീ പുസ്തകങ്ങളാണ് തനിക്ക് ലഭ്യമാക്കിയത് എന്നദ്ദേഹം പറഞ്ഞു. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ബ്രിട്ടീഷുകാർക്ക് അവിഭക്ത പഞ്ചാബിലെ ഒരേയൊരു ടോപ് സെക്യൂരിറ്റി പ്രിസണർ ആയിരുന്നു ഖന്ന എന്നു പറയുമ്പോൾത്തന്നെ എന്തായിരുന്നു അദ്ദേഹം എന്നൂഹിക്കാമല്ലോ.

സവർക്കർ തന്റെ ‘ആത്മകഥ’യെഴുത്തുന്നതിനും 25 മാസത്തിനും മുന്നേ 1924 നവംബറിൽ തന്നെ വിശ്വപ്രേമം എന്നൊരു ലേഖനം ഭഗത് സിംഗ് എഴുതിയിരുന്നു. ബൽവന്ത് സിങ്‌ എന്ന അപരനാമത്തിൽ തന്നെയായിരുന്നു വിശ്വസാഹോദര്യത്തെക്കുറിച്ചുള്ള ഭാരതീയ കാഴ്ചപ്പാടിനെ കുറിച്ച്‌ അദ്ദേഹം എഴുതിയത്‌. വാസുധൈവ കുടുംബകം എന്ന മഹത്തായ ആശയം പാടിയ ആദിമ ഋഷിയെ ശ്ലാഘിച്ചു കൊണ്ടാണ് ആ ലേഖനമാരംഭിക്കുന്നത്. ടോൾസ്റ്റോയിയേയും ഗുരു ഗോബിന്ദസിംഹനെയും റാണാപ്രതാപനേയും മസീനിയേയും ഗാരിബാൾഡിയെയും ലെനിനെയും ജോർജ് വാഷിങ്ടണെയും വിശ്വ നഭസ്സിന് കീഴെ ഒരേ ഡയസ്സിലെഴുതുന്ന ആ ലേഖനത്തിലാണ് വീര സവർക്കറെയും ഭഗത് സിംഗ് പ്രതിഷ്ഠിക്കുന്നത്. രണ്ടുവട്ടമായി അടുത്തടുത്ത ലക്കങ്ങളിൽ അതു മത് വാലയിൽ പ്രസിദ്ധീകരിച്ചു. അതിൽ വീരസവർക്കറെക്കുറിച്ച് അദ്ദേഹം ഇങ്ങനെ കുറിച്ചു.

Viswapremi is the hero whom we do not hesitate a little to call a fierce insurgent, staunch anarchist – the same Veer Savarkar. Coming in the wave of Viswaprem, he used to stop walking on the grass thinking that the soft grass would be mowed under the feet.

ഹിന്ദുപദപാദഷാഹിയുടെ 1934ൽ
പുറത്തിറങ്ങിയ എഡിഷന്റെ പുറംചട്ട

ഭഗത് സിങ്ങിന്റെ ജയിൽ ഡയറിയിൽ നിന്നും അദ്ദേഹത്തിന് പ്രേരണ നൽകിയ സവർക്കറുടെ പല ഉദ്ധരണികളും അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ തന്നെ നമുക്കിന്ന് ലഭിക്കും. ആ ആറ് ഉദ്ധരണികളും മുഗളപ്പടയ്ക്കെതിരെയും ഡക്കാണിലെ സുൽത്താന്മാർക്കെതിരെയും ഒരുപോലെ പ്രതിരോധം തീർത്ത് ഹിന്ദവി സ്വരാജ് സ്ഥാപിച്ച ഛത്രപതിശിവജിയുടെ അഭിമാനത്തോടെയുള്ള ചരിത്രം കുറിച്ചിട്ട സവർക്കറുടെ ഹിന്ദുപദപാദഷാഹിയിൽ നിന്നാണ്. സുഖ്‌ദേവിനെ പിടികൂടുമ്പോൾ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത രേഖകളുടെ കൂട്ടത്തിൽ ഹിന്ദുപദപാദഷാഹിയുടെ ഒരു കോപ്പി കൂടി ഉണ്ടായിരുന്നു.

1931 മാർച്ച് 23ന് ഇരുപത്തി മൂന്നാം വയസിൽ സർദാർ ഭഗത് സിംഗ്, രാജ്ഗുരുവിനോടും സുഖ്‌ദേവിനോടും ഒപ്പം തൂക്കമരത്തിലേറി. രത്നഗിരിയിലെ തടവിൽ സവർക്കറുടെ തൂലികത്തുമ്പിൽ വീണ്ടും ഒരു കവിത പിറന്നു. ഭഗവവൈജയന്തി പാറിക്കളിച്ചിരുന്ന ആ വീടിന്റെ മുകളിൽ മാർച്ച് 24ന് കരിങ്കൊടിയുയർന്നു. അവരുടെ ബലിദാനത്തെ കുറിച്ച് പാടിക്കൊണ്ട് രത്നഗിരിയിലെ കുട്ടികൾ പ്രകടനം നടത്തി. നാളുമാസത്തിനു ശേഷം സാവർക്കർ അവരുടെ ബലിദാനത്തെക്കുറിച്ചെഴുതി. 1970ൽ വീരസവർക്കരുടെ സ്വേച്ഛയായുള്ള മരണത്തിനു ശേഷം രാഷ്‌ട്രോത്ഥാന സാഹിത്യ പ്രകാശനം ചെയ്ത ശ്രീ ശിവരാമു എഴുതിയ ‘ആത്മാഹുതി’ എന്ന പേരിലുള്ള സവർക്കറുടെ ജീവചരിത്രത്തിന്റെ പ്രകാശനം ബാംഗ്ലൂരിൽ നടന്നു. അന്നത് പ്രകാശനം ചെയ്തത് ശഹീദ് ഭഗത് സിങ്ങിന്റെ വീരമാതാവായ വിദ്യാവതി ദേവിയായിരുന്നു. ഇല്ലസ്ട്രേറ്റഡ് വീക്ക്ലിയിൽ അതിന്റെ റിപ്പോർട്ട് നമുക്കിന്നു ലഭ്യമാണ്.

ആത്മാഹുതിയുടെ പ്രകാശനചടങ്ങിൽ നിന്ന്

ഇന്ത്യൻ വിപ്ലവകാരികൾക്ക് സവർക്കർ എന്നും അവരെ പ്രചോദിപ്പിക്കുന്ന പ്രതീകം തന്നെയായിരുന്നു. പിന്നീട് സിപിഎം നേതാവായി മാറിയ HSRA യിലെ ശിവ് വർമയും, വോറയും ഒക്കെ അന്നത്തെ വിപ്ലവകാരികളിൽ സവർക്കറുണ്ടാക്കിയിരുന്ന ഈ സ്വാധീനത്തെ പറ്റി പറഞ്ഞിട്ടുണ്ട്. പുച്ഛത്തിന്റെയും പുലയാട്ടിന്റെയും രാഷ്ട്രീയം വാഴുന്ന കാലത്ത് ഭഗത് സിങ്ങിനെക്കുറിച്ചോർക്കുമ്പോൾ അദ്ദേഹത്തെ പ്രേരിപ്പിച്ച വിപ്ലവകാരികളുടെ രാജകുമാരനെക്കുറിച്ചു കൂടി ഇങ്ങനെ രണ്ടു വാക്ക് പറയേണ്ടതുണ്ട്. അപ്പോഴാണ് ബോധപൂർവം പറയാൻ മടിക്കുന്ന ചരിത്രം അവർക്കുമുന്നിൽ ഭീമാകാരം പൂണ്ട് നിൽക്കുന്നത്.

Leave a comment

Website Powered by WordPress.com.

Up ↑