ഓട്ടപ്പാച്ചിലിൽ വിട്ടുപോയതെന്ത്?

മനുഷ്യൻ ഈശ്വരനായിത്തീരും എന്നാണ് ഹിന്ദുധർമം നമ്മെ പഠിപ്പിക്കുന്നത്. സെമിറ്റിക് മതങ്ങൾ സമൂഹത്തിന്റെ സകലമേഖലയിലും മേൽക്കോയ്മ നേടുന്ന ഈ കാലത്ത് ഈശ്വരന്റെ അപ്രമാദിത്വത്തെ പോലും ചോദ്യം ചെയ്ത ഭാരതം നേരിടുന്ന വെല്ലുവിളി സത്യത്തിൽ സ്വധർമത്തെ കുറിച്ചുള്ള അജ്ഞത നിറഞ്ഞ അതിന്റെ സന്താനങ്ങളാണ് എന്നു പറയാതിരിക്കാൻ വയ്യ.

ശിവം ഭൂത്വ ശിവം യജേത് എന്നാണ് അവനവന്റെ ഉള്ളിലുള്ള ഈശ്വരത്വത്തെ തിരിച്ചറിഞ്ഞ് ഉയർത്താനായി പൂർവികർ നമുക്ക് ഉപദേശിച്ചു തന്നിട്ടുള്ളത്. ശിവനെ ഭജിച്ച് ശിവനായി തീരണം, നീ സ്വയം ഈശ്വരനാണ് എന്നാണ് നമ്മുടെ സങ്കല്പവും. ശിവോഹം എന്നൊക്കെ അല്പം പേര് മാറ്റി സെമിറ്റിക് ദർശനത്തിലുള്ള ഏതെങ്കിലും ദൈവത്തിന്റെ പേര് ചേർത്തു പറഞ്ഞാൽ മിനിമം അതിനു ധൈര്യപ്പെട്ടവന്റെ കൈപ്പത്തിയെങ്കിലും അതിന്റെ പിണിയാളുകൾ അവരുടെ ദൈവത്തിനു വേണ്ടി നേദിച്ചിരിക്കും. കാരണം ഈശ്വരത്വത്തിലേയ്ക്ക് സ്വയമുയരുക എന്ന കാഴ്ചപ്പാട് ഭാരതീയ ചിന്താധാരയാണ്. മറ്റുള്ളിടത്ത് ഈശ്വരനിലേയ്ക്കുള്ള വഴിയായി വേറെ ആരെയെങ്കിലും കാണുന്നതുപോലും മരണം അർഹിക്കുന്ന കൊടും പാപമാണ്.

ഭാരതത്തിലെ ഓരോ ഗ്രാമവും ഋഷിമാരുടെ പരിവ്രാജനങ്ങളിൽ കൂടി പവിത്രമാക്കിയ മണ്ണാണ് എന്നുറച്ചു വിശ്വസിക്കുന്നവരാണ് ഹിന്ദുക്കൾ. നമ്മുടെ യജ്ഞ സംസ്കൃതിയാണ് സർവം ത്യജിച്ച് ആധ്യാത്മികജീവിതം നയിക്കുന്നവർക്ക് അധികാരത്തേക്കാളും സമ്പത്തിനെക്കാളും വില നൽകാൻ നമ്മെ പഠിപ്പിച്ചത്. അത്യേകാന്തതയിലെ യോഗസമാധിയിൽ അവരറിയുന്ന ആത്മതത്വത്തെ സമൂഹത്തിന്റെ നിലനിൽപ്പിനു വേണ്ടി ധർമ്മത്തെ നിരന്തരം ഉറപ്പിച്ചു നിർത്തുന്നതിനുവേണ്ടിയിട്ട് നാടാകെ പരിവ്രാജനം ചെയ്ത് തിരുത്തിയും പൊളിച്ചെഴുതിയുമാണ് ആർഷസംസ്കൃതി ഇവിടം വരെ ഇടമുറിയാതെ ഒഴുകിയെത്തിയത്. സിദ്ധനെന്നോ യോഗിയെന്നോ അവധൂതനെന്നോ പരമഹംസനെന്നോ ഒക്കെ ഇവരെ നമ്മൾ വിളിച്ചിട്ടുണ്ട്.

ധർമത്തെ നിലനിർത്താൻ വേണ്ടി ആയുധം പോലും അവരേന്തിയിട്ടുണ്ട്. മാലിക് കഫൂറിന്റെയും തുർക്കി ജാഗീർമാരുടെയും പടയോട്ടത്തിൽ തകർന്നപ്പോഴാണ് ഹക്കനെയും ബുക്കനെയും മുൻനിർത്തി വിദ്യാരണ്യ സ്വാമികൾ വിജയനഗര സാമ്രാജ്യം പടുത്തുയർത്തിയത്. സന്ത് തുളസിദാസ്‌ രാമചരിതമാനസം വായ്‌ത്താരിയായി പടിപ്പിച്ചെടുക്കാൻ ഗ്രാമങ്ങൾ തോറും അലഞ്ഞപ്പോൾ അതിന്റെയൊപ്പം അഖാഡയെന്ന കായിക സംസ്കാരം കൂടിയാണ് ഹിന്ദുവിന് പ്രചരിച്ചു കിട്ടിയത്. അതിനും നൂറ്റാണ്ടുകൾക്ക് മുൻപ് ആദിശങ്കരൻ മുതൽ രബിദാസും രാമാനന്ദനും പിന്നീട് ഗുരു ഗോബിന്ദ സിംഹനും ഉൾപ്പെടെ ധർമത്തെ സംരക്ഷിക്കാൻ അഖാഡകൾ സ്ഥാപിച്ചവരാണ്. ബ്രിട്ടീഷുകാരനെതിരെ നാഗസന്യാസിമാർ ആയുധമേന്തിയ സന്യാസി കലാപത്തെ ബങ്കിം ചന്ദ്രൻ രാഷ്ട്രദേവതയുടെ ആരാധനയിൽ ദർശിച്ചപ്പോഴാണ് വന്ദേമാതരമെന്ന മൂലമന്ത്രം പിറന്നത്. 1857ലെ സ്വാതന്ത്ര്യ രണത്തിൽ പോലും അയ്യായിരത്തിൽ പരം നാഗസന്യാസിമാരാണ് യുദ്ധത്തിൽ ബലിദാനം ചെയ്തത്. സ്വാതന്ത്ര്യ സമരത്തിന്റെ വീഥിയിൽ ബ്രിട്ടീഷുകാരന്റെ കഴുമരത്തിൽ കയറിയ, പോരാടി മരിച്ച 168 ബലിദാനികൾ ആര്യസമാജത്തിൽ നിന്നാണ് എന്ന് ഇന്നെത്രപേർക്കറിയാം.

അവരുടെ ചിന്തകളിൽ രാഷ്ട്രം നിറഞ്ഞു നിന്നതുകൊണ്ടുതന്നെ അവർക്കൊരിക്കലും അതാത് കാലഘട്ടത്തിൽ എന്താണ് ചെയ്യേണ്ടത് എന്നുള്ളതിൽ യാതൊരു ശങ്കയുമുണ്ടായിരുന്നില്ല. അവരെ കണ്ടിരുന്ന ഭാരതീയർക്കും അതേ. സ്വയം ഈശ്വരനാകാനുള്ള, വാസനകളിൽ നിന്നും സംസാര ദുഃഖങ്ങളിൽ നിന്നും മോചിതനാകാനുള്ള അവസരങ്ങളിൽ പോലും അവർ അതിലെല്ലാം ഉപരിയായി ധർമസംരക്ഷണത്തിനു പ്രാമുഖ്യം നൽകി. അതിന്റെയൊക്കെ ആകെത്തുകയാണ് നമ്മുടെ സംസ്കാരം ഈജിപ്തിലെപ്പോലെ ശവക്കല്ലറകളിലും ഇറാനിലെയും ഇറാഖിലെയും മ്യൂസിയങ്ങളിലും ചില്ലിട്ട കൂടുകളിൽ കുടിയിരിക്കാതെ സാധാരണക്കാരന്റെ ജീവിതത്തിൽ പ്രത്യക്ഷമായി നിലനിൽക്കുന്നത്.

ചെങ്കിസ് ഖാന്റെയും തിമൂറിന്റെയും ചോരയൊഴുകിയിരുന്ന മതവെറിയന്മാർ ഡൽഹി ഭരിച്ചിരുന്ന കാലഘട്ടത്തിൽ ധർമരക്ഷയ്ക്ക് ആയുധമെടുക്കേണ്ടി വന്ന ഗുരുപരമ്പര ഇന്ന് സേവയിലും സംഘടനയിലും വിശ്വസിച്ചുകൊണ്ടാണ് ധർമത്തെ സംരക്ഷിക്കുന്നത്. പുരോഗമനം പടിഞ്ഞാറുനിന്നാണ് വരുന്നത് എന്ന പഴഞ്ചൻ ഡയലോഗിന് ഇന്നും വാങ്ങാനാളുള്ളതുകൊണ്ട് ഈശ്വരത്വത്തെ തേടുന്ന മനുഷ്യനെയൊക്കെ അവർക്ക് പുച്ഛമാണ്. സെമിറ്റിക് മതങ്ങളുടെ സങ്കല്പത്തിൽ ഈശ്വരനാകാൻ ശ്രമിക്കുന്നവർക്ക് പിശാചിന്റെ രൂപമാണ്. ഈശ്വരനാകാൻ കഴിയുമെന്ന് ഭാരതീയ തത്വചിന്തയിൽ വിശ്വസിക്കുന്നവർക്ക് അവരിട്ട ഓമനപ്പേരാണ് ആൾദൈവം. അതുകൊണ്ടാണ് അമൃതാനന്ദമയിദേവി ആൾദൈവവും കടപ്പുറം സുധാമണിയും മുക്കുവത്തിയും ഒക്കെ ആയി അവർക്ക് തോന്നുന്നത്.

ഗുരുവായൂരപ്പനെ കളിത്തോഴനായും ഏറ്റുമാനൂരപ്പനെ അച്ഛനായും അയ്യനെ നാഥനായും പശുവിനെയും പമ്പയെയും അമ്മയായും കാണാൻ സ്വാതന്ത്ര്യമുള്ളപോലെ തന്റെ ഉള്ളിലുള്ള ആത്മചോദനയെ കൃത്യമായി രൂപകൽപ്പന ചെയ്തൊരു പ്രണാളിയിലൂടെ ഒഴുക്കിക്കൊണ്ടുപോകാനുള്ള കൈയ്യടക്കമുള്ള ആദ്ധ്യാത്മികസ്തംഭങ്ങളെ ഗുരുവായോ അമ്മയായോ വഴികാട്ടിയായോ ഈശ്വരനായോ കാണാനുള്ള സ്വാതന്ത്ര്യം തന്റെ ധർമം നൽകുന്നുണ്ടെന്നും പോലുമുള്ള അടിസ്ഥാന വിവരമില്ലാത്തത്ര അധഃപതനമാണ് ആദിശങ്കരന്റെയും ശ്രീനാരായണഗുരുദേവന്റെയും നാട്ടിൽ.

ദൗർഭാഗ്യവശാൽ എന്താണ് തന്റെ ധർമം എന്ന അടിസ്ഥാനവിവരം പോലും പകർന്നു നൽകാൻ കഴിയാത്ത ഹിന്ദു അച്ഛനമ്മമാരുടെ വളർത്തു ദോഷങ്ങളുള്ള അടുത്ത തലമുറ ഇതേ സെമിറ്റിക് വിശ്വാസങ്ങളെ ആണ് പിൻപറ്റുന്നത്. അച്ഛനും അമ്മയ്ക്കും അറിഞ്ഞിട്ടു വേണ്ടേ മക്കൾക്ക് പറഞ്ഞു കൊടുക്കാൻ. അതുകൊണ്ടാണ് ‘നാനും റൗഡി ഡാ’ എന്ന് ഏതോ ഒരു തമിഴ് സിനിമയിൽ വടിവേൽ അവകാശപ്പെട്ടു നാണം കെടുന്ന പോലെ ഞാനും ഹിന്ദുവാണ് എന്നു പറഞ്ഞ് സർട്ടിഫിക്കട്ടെടുത്തു വന്നു നിൽക്കേണ്ട ഗതികേടിൽ അവർ പുലരുന്നത്. സ്വന്തം ആദ്ധ്യാത്മികോന്നതിയിൽ കിട്ടുന്നതൊക്കെ ആർത്തനും അവശനും യോഗ്യതയനുസരിച്ചു പകർന്നു നൽകി സ്വയം പുഴുവരിച്ചു തീരാൻ നിശ്ചയിച്ചുറപ്പിച്ച ജന്മങ്ങളോടാണ് ഇത് പറയുന്നത് എന്നവർക്ക് അറിയാഞ്ഞിട്ടാവും.

ജീവിതത്തിൽ ആദ്ധ്യാത്മികമായ ഉന്നതി ഭാരതീയ ചിന്തയുടെ ജീവിത വീക്ഷണമാണ്. എന്തുകൊണ്ടോ അതിനു ലോപം വന്നാലും ഒന്നും സംഭവിക്കാനില്ല എന്നൊരു ധാരണ കമ്യൂണിസവും ഭോഗതൃഷ്ണയുള്ള ലോകവീക്ഷണവും ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ തിരുകിക്കയറ്റുന്നുണ്ട്. അതു സൃഷ്ടിക്കാൻ പോകുന്ന ശൂന്യത മുതലെടുക്കുന്നത് അശോകന്റെ വീടുകളിലാണ്. പുരോഗമനം പു രോഗ മനം ആയി മാറിക്കൊണ്ടിരിക്കുന്നത് അധുനാതനവും നിത്യനൂതനാവുമായ നമ്മുടെ സംസ്‌കൃതിയുടെ ശാശ്വതമായ, സ്ഥിരമായ മൂല്യങ്ങളെക്കുറിച്ചുള്ള ധാരണ പകർന്നു നൽകാഞ്ഞിട്ടാണ് എന്നു പറഞ്ഞേ തീരൂ. നമ്മുടെ സമൂഹത്തിന് അടിസ്ഥാനപരമായ നമ്മുടെ ലോകവീക്ഷണവും മനുഷ്യനെക്കുറിച്ചുള്ള കാഴ്ചപ്പാടും എന്താണ് എന്ന് പഠിപ്പിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. അതില്ലാത്തിടത്താണ് സ്വധർമത്തെ തിരിച്ചറിയപ്പെടാതെ പോകുന്നതും മാരീചൻമാർ ധർമഗുരുക്കന്മാരുടെ വേഷമണിഞ്ഞെത്തുകയും ചെയ്യുന്നത്.

One thought on “ഓട്ടപ്പാച്ചിലിൽ വിട്ടുപോയതെന്ത്?

Add yours

Leave a comment

Website Powered by WordPress.com.

Up ↑