പിന്നണിയിൽ തന്നെ മറഞ്ഞു പോയൊരാൾ

ഡൽഹി സുൽത്താനായിരുന്ന തുർക്കി വംശജൻ അലാവുദ്ദീൻ ഖിൽജിയുടെ ലൈംഗിക പങ്കാളിയും പുരുഷ സുഹൃത്തും ആയിരുന്ന മാലിക് കഫുറിന്റെ ആക്രമണത്തിൽ ഇങ്ങു തെക്കേയറ്റത്ത് മധുര മീനാക്ഷി ക്ഷേത്രം പോലും പൂർണമായും നശിപ്പിക്കപ്പെട്ടിരുന്നു. വെറുമൊരു അടിമയായി ഗുജറാത്തിൽ നിന്നും 1299ൽ പിടിക്കപ്പെട്ട കഫുർ ജന്മം കൊണ്ട് ഹിന്ദുവായിരുന്നു. ആയിരം ദിനാറിന് വിലയ്ക്ക് വാങ്ങി ഖിൽജിയുടെ ജനറൽ മുസ്ലിമാക്കി മാറ്റിയ കഫുർ കടന്നെത്തിയ എല്ലാ ക്ഷേത്ര നഗരങ്ങളെയും തച്ചു തകർത്തു. വിഗ്രഹമുൾപ്പെടെ കൊള്ളയടിച്ചു. ഡക്കാനിലെ യാദവരെയും കാകതീയരെയും ഹൊയ്സാലരെയും പാന്ധ്യരേയും തോല്പിക്കുക ജിഹാദ് ആയാണ് അയാൾ കണ്ടതും.

ഏതാണ്ട് ഇതേ സമയത്താണ് സിംഗെയ നായ്ക്കർ മൂന്നാമൻ എന്ന ഹൊയ്സാലരുടെ പടത്തലവൻ 1295ൽ തുംഗഭദ്രയുടെ തീരത്ത് ഗുൽബർഗയുടെ അടുത്തായി ഇസ്ലാമിക അധിനിവേശത്തെ എതിർത്തുകൊണ്ട് കാമ്പിള്ളി സാമ്രാജ്യം സ്ഥാപിച്ചത്. ഇസ്ലാമിക അധിനിവേശത്തിനെതിരെ നീണ്ട പോരാട്ടം തന്നെ നടത്തിയെങ്കിലും മാലിക് സാദായുടെ നേതൃത്വത്തിലുള്ള സൈന്യത്തിന്റെ മുന്നിൽ 1327ൽ അവർ പരാജയപ്പെട്ടു. കാമ്പിള്ളി രാജാവിന്റെ ഛേദിക്കപ്പെട്ട ശിരസിനുള്ളിൽ വൈക്കോൽ കുത്തി നിറച്ച് മുഹമ്മദ് ബിൻ തുഗ്ലക്കിന്‌ സമർപ്പിക്കപ്പെട്ടു. മ്ലേച്ഛരുടെ ലൈംഗിക തൃഷ്ണയ്ക്ക് ഇരയാകാതിരിക്കാൻ കർണ്ണാടകത്തിന്റെ മണ്ണിൽ ആയിരക്കണക്കിന് സ്ത്രീകൾ ജൗഹറനുഷ്ഠിച്ചു.

ആ തീയിൽ നിന്നാണ് വിദ്യാരണ്യ സ്വാമികളുടെ അനുഗ്രഹാശ്ശിസ്സുകളുമായി വീരഹരിഹരനും ബുക്കരായനും വിജയനഗരസാമ്രാജ്യമെന്ന ഹിന്ദു സ്വരാജ് സ്ഥാപിച്ചത്. വെറും മുപ്പതാം വയസ്സിൽ തുഗ്ലക്കിന്റെ  പടയോട് പോരാടി വീരസ്വർഗം പൂകിയ കുമാരരാമ രാജകുമാരന്റെ അനന്തിരവന്മാരായിരുന്നു ഇരുവരും. കാകതീയ രാജാവിന്റെ സൈനികോദ്യോഗസ്ഥർ ആയിരുന്ന ഇരുവരും ഒരിക്കൽ അടിമകളായി പിടികൂടപ്പെട്ടു മുഹമ്മദ് ബിൻ തുഗ്ലക്കിനാൽ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തപ്പെട്ടവരായിരുന്നു. വിദ്യാരണ്യ സ്വാമികൾ അവരെ സ്വധർമത്തിലേയ്ക്ക് തിരികെക്കൊണ്ടു വന്നു.

വീര ഹരിഹരനും ബുക്കരായനും

സംഘസ്വയംസേവകരുടെ പ്രാതസ്മരണയിൽ വീരന്മാരുടെ ഗണത്തിൽ റാണാപ്രതാപനും ഛത്രപതി ശിവജിയ്ക്കും മുന്നേ സ്മരിക്കപ്പെടുന്ന യുദ്ധവീരന്മാരാണ് മുസ്‌നൂരി നായ്ക്കന്മാർ. ഈ തുർക്കികളുടെ പടയോട്ടത്തെ എതിർത്തു തോൽപ്പിച്ച് വാറങ്കലിനപ്പുറത്തേയ്ക്ക് അവരെ തടഞ്ഞു നിർത്തിയ വീരന്മാർ. ഹൊയ്സാല രാജാവായ വീരബല്ലാലൻ മൂന്നാമനും മുസനൂരി കപ്പായ നായ്ക്കരും കൂടി മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ തുർക്കിപ്പടയെ പൂർവഘട്ടത്തിന്റെ താഴ് വാരങ്ങളിൽ നിന്നും ആട്ടിപ്പായിച്ചു. കാകതീയരുടെ പരാജയപ്പെട്ട കാലത്ത് ഹിന്ദു ധർമത്തിൽ നിന്നും മതം മാറി ഇസ്ലാമായി തുർക്കികളുടെ കൂടെക്കൂടിയ കാക്കതീയരുടെ പടത്തലവന്മാരിലൊരാളായ മാലിക് മഖ്ബൂലിന് വാറങ്കൽ വിട്ട് ഡൽഹിയിലേക്കോടേണ്ടി വന്നു.

അതേ സമയം തുംഗഭദ്രയുടെ തീരങ്ങൾ മുതൽ മലബാർ തീരവും കൊങ്കണും വരെ വീരഹരിഹരന്റെ അധീനതയിലായി. അദ്ദേഹത്തിന് ശേഷം ബുക്കരായന്റെ കാലത്ത് ഗോവ മുതൽ ഒറീസ വരെയും സാമൂതിരിയും ജാഫ്‌നയിലെ രാജാവും വരെ അദ്ദേഹത്തിന്റെ സാമന്തന്മാരായി.

അതിനും ശേഷം നൂറുകൊല്ലത്തിനു ശേഷം ദേവരായ രണ്ടാമന്റെ കാലത്ത് കേരളം മുഴുവൻ വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായി മാറി. കൊല്ലത്തെ ദേശിംഗ നാടും മറ്റു പ്രദേശങ്ങളും അദ്ദേഹം കീഴടക്കി. കോഴിക്കോട് സാമൂതിരി വീണ്ടും സാമന്തനായി തുടർന്നു. ബർമയിൽ നിന്നു പോലും വിജയനഗരം കപ്പം പിരിച്ചു പോന്നിരുന്നു അക്കാലത്ത്. പതിനൊന്നു ലക്ഷം പേരുടെ സൈന്യമായിരുന്നു അന്ന് വിജയനഗരത്തിനുണ്ടായിരുന്നത്. വിശാലമായ മുന്നൂറോളം തുറമുഖങ്ങളും. സാമ്രാജ്യത്തിലുടനീളം അതിശക്തമായ ചാര സംവിധാനം അന്ന് നിലവിലുണ്ടായിരുന്നു.

എന്നാൽ കാലക്രമേണ നിരന്തരമായി സാമ്രാജ്യം ക്ഷയിച്ചു വന്നു. തുടർച്ചയായി ബാഹ്‌മനി സുൽത്താന്മാർ വിജയനഗരത്തിന്റെ അതിരുകളെ അതിന്റെ തലസ്ഥാനത്തോട് കൂടുതൽ അടുപ്പിച്ചു കൊണ്ടു വന്നു. ഭരണം ശാലുവ വംശത്തിന്റെ കയ്യിലെത്തിയപ്പോഴും അവസ്‌ഥ ഇതു തന്നെയായിരുന്നു. ആ വിഷമസന്ധിയിലാണ് തുളുവ നരസിംഹ നായ്ക്കറെന്ന വിജയനഗര കമാണ്ടറുടെ നേതൃത്വത്തിൽ തുളുവ വംശം വിജയനഗരത്തിന്റെ അഭിമാനമുയർത്താൻ പിറന്നുവീണത്. ബാഹ്‌മനി സുൽത്താൻമാരെ അകറ്റി നിർത്താനും പരസ്പരം പോരടിച്ചു നിന്ന സാമന്തന്മാരെയും ഗവർണർമാരെയും വിജയനഗരത്തിന്റെ ഛത്രഛായയിൽ നിലനിർത്താനും അദ്ദേഹത്തിന്റെ ഭരണത്തിന് കഴിഞ്ഞു അദ്ദേഹത്തിന്റെ മകനാണ് കൃഷ്ണദേവരായർ.

ഡെക്കാൻ മുതൽ ഭാരതത്തിന്റെ ദക്ഷിണഭാഗം മുഴുവൻ പടർന്ന വിശാലമായ സാമ്രാജ്യമാക്കി അദ്ദേഹം. കന്നഡ രാജ്യ രാമ രമണനെന്നും അന്ധ്രാഭോജനെന്നുമെന്നല്ലാം അദ്ദേഹം അറിയപ്പെട്ടു. തോൽവിയുടെ പടുകുഴിയിലേയ്ക്ക് കൂപ്പുകുത്തിയ യുദ്ധങ്ങളിൽ നിന്നുപോലും അദ്ദേഹം വിജയനഗര സേനയെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അഞ്ച് ഇസ്ലാമിക വൈദേശിക ഭരണകൂടങ്ങളും ഒരുമിച്ചെതിർത്തിട്ടും സിരകളിലൊഴുകിയ ഭാരതീയ ക്ഷാത്രവീര്യത്തിന്റെ കരുത്തെന്തെന്നു തെളിയിച്ചു കൊടുത്തു അദ്ദേഹം. മാലിക് കഫുറിന്റെ ആക്രമണത്തിൽ തകർന്ന ശ്രീരംഗവും ചിദംബരവും മധുര മീനാക്ഷി ക്ഷേത്രവും കാഞ്ചി കാമാക്ഷിക്ഷേത്രവുമെല്ലാം വിജയനഗര സാമ്രാജ്യത്തിന്റെ തണലിൽ വീണ്ടുമുയർന്നു. തിരുപ്പതി ദേവന്റെ ക്ഷേത്രം വിപുലീകരിക്കപ്പെട്ടു. കുംഭകോണവും ഹംപിയും ലേപാക്ഷിയും അഹോബിലവും തടിപത്രിയും ശ്രീ കാളഹസ്തിയും ഒക്കെ വിജയനഗര ശില്പവിദ്യയുടെ മകുടോദാഹരണങ്ങളാണ്.

അതിനുശേഷമാണ് അദ്ദേഹത്തിന്റെ അനന്തിരവനായ സദാശിവരായരെ രാജാവാക്കി കൃഷ്ണദേവരായരുടെ മരുമകനായ അലിയ രാമരായർ റീജന്റായി വിജയനഗര സാമ്രാജ്യത്തെ കരുത്തുറ്റതാക്കിയത്. കഴിവുറ്റ ഒരു സേനാനായകൻ കൂടിയായിരുന്നു രാമരായർ. എന്നാൽ രണ്ടു മുസ്‌ലിം കമാണ്ടർമാരെ സൈന്യത്തിലെടുത്ത  രാമരായരുടെ തീരുമാനം വിജയനഗര സാമ്രാജ്യത്തിന്റെ കുഴി തോണ്ടി. 1565ൽ തളിക്കോട്ടയിലെ യുദ്ധഭൂമിയിൽ ദക്ഷിണാഭാരതത്തിലെ കരുത്തുറ്റ ഹൈന്ദവസാമ്രാജ്യത്തിനെതിരെ ഒരുമിച്ചു കൂടിയ ഇസ്ലാമിക ഭരണാധികാരികൾ ഒരുമിച്ചെത്തിയിട്ടും സൈനികശേഷി കൊണ്ട് ഒരു ഈസി വാക്കോവർ ലഭിക്കുമായിരുന്ന വിജയനഗര സേനയെ അവരുടെ കമാണ്ടർമാരായ ഗിലാനി സഹോദരന്മാർ തന്നെ വഞ്ചിച്ചു. യുദ്ധത്തിന്റെ നിർണ്ണായക ഘട്ടത്തിൽ അവർ മുസ്‌ലിം സുൽത്താന്മാരുടെ പക്ഷം ചേർന്നു. അലിയ രാമരായരെ ചതിയിലൂടെ അവർ പിടികൂടി. നേതാവില്ലാത്ത വിജയനഗര സേന തകർന്നു. ചുവന്ന ചായവും എണ്ണയും പൂശി കാലങ്ങളോളം രാമരായരുടെ അറുത്തെടുത്ത ശിരസ്സ് അഹമ്മദ് നഗറിൽ പ്രദർശിപ്പിക്കപ്പെട്ടു.

വെല്ലൂർ കോട്ടയും ജലദുർഗ്ഗവും

പിന്നീട് രണ്ടു ദശകങ്ങൾക്കു ശേഷം കൃഷ്ണദേവരായരുടെ മറ്റൊരു മരുമകനായ തിരുമലദേവരായരുടെ മകനായ വെങ്കടപതി രായരുടെ ഭരണത്തിന് കീഴിൽ വീണ്ടും വിജയനഗര സാമ്രാജ്യം കരുത്താർജിച്ചു. വെല്ലൂരിലെ പ്രശസ്തമായ കോട്ട നിർമിച്ചത് വിജയനഗര രാജാക്കന്മാരാണ്. സദാശിവരായരുടെ ഗവർണറായിരുന്ന ചിന്ന ബോമ്മി നായ്ക്കരാണ്‌ 1566ൽ കോട്ടയുടെ ഇന്നത്തെ സ്ട്രക്ച്ചർ പൂർത്തിയാക്കിയത്. വിജയനഗരത്തിനു സിഞ്ചിയിലും മധുരയിലും തഞ്ചാവൂരിലുമായി മൂന്ന് ഗവർണറേറ്റുകളാണ് ഉണ്ടായിരുന്നത്. അതു നിയന്ത്രിച്ചിരുന്നത് വിജയനഗര ഗവർണർമാരായ നായ്ക്കന്മാരും ആയിരുന്നു.

തളിക്കോട്ടയുദ്ധത്തിന് ശേഷം വെല്ലൂർ ചന്ദ്രഗിരിയ്ക്കൊപ്പം പ്രാധാന്യമുള്ള തലസ്ഥാനമായി മാറിയിരുന്നു. കോട്ടയ്ക്ക് പുറത്തുള്ള ആഴത്തിലുള്ള കിടങ്ങിൽ പതിനായിരത്തിനടുത്തു മുതലകളാണ് ഇരട്ട മതിലുകളുള്ള കോട്ട കാത്ത് നീന്തിതുടിച്ചിരുന്നത്. അതിനുള്ളിലാണ് പ്രശസ്തമായ ജലകണ്ഠേശ്വരക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.  വിജയനഗര ശില്പവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് നൂറടി ഉയരമുള്ള ക്ഷേത്ര ഗോപുരം. എണ്ണായിരം അടി ചുറ്റളവുള്ള ഒരു വലിയ കുളത്തിലാണ് ക്ഷേത്രം നിലകൊള്ളുന്നത്.  തൂണുകളിലെയും ക്ഷേത്ര മണ്ഡപത്തിന്റെ മേൽത്തട്ടിലെയും കൊത്തുപണികൾക്ക് ഇന്നും കാലത്തെ വെല്ലുന്ന പൊലിമയും തെളിമയുമാണ്. 

ക്ഷേത്രസമുച്ചയത്തിലെ കല്യാണ മണ്ഡപം

ടിപ്പുവിന്റെ ആക്രമണത്തെ ഭയന്ന് ഗുരുവായൂരപ്പന്റെ വിഗ്രഹം എടുത്തു കൊണ്ട് അമ്പലപ്പുഴയിലേയ്ക്ക് ഓടേണ്ടി വന്ന തൃശൂരിലെ ഹിന്ദുവിന്റെ അതേ അവസ്‌ഥ വെല്ലൂരിലെ ഹിന്ദുക്കൾക്കുമുണ്ടായി. ഇസ്ലാമിക ആക്രമണകാരികളുടെ ക്ഷേത്രധ്വംസനത്തെയും വിഗ്രഹ ഭഞ്ജനത്തെയും ഭയന്ന് ജലകണ്ഠേശ്വരനേയും കൊണ്ട് അവർക്ക് പലായനം ചെയ്യേണ്ടി വന്നു. വെല്ലൂരിന് പത്തു മൈൽ കിഴക്കുള്ള സത്തുവാച്ചാറിയിലെ വിനായക ക്ഷേത്രത്തിൽ ആരും അറിയാതെ പുന:പ്രതിഷ്ഠിച്ച് നിത്യപൂജ ചെയ്തു പോന്നു. അന്നുമുതൽ നാനൂറു കൊല്ലക്കാലം ‘സാമിയില്ലാക്കോയിൽ’ എന്ന പേരിൽ ആ പ്രതിഷ്ഠയില്ലാത്ത, പൂജയില്ലാത്ത ആ ക്ഷേത്രസമുച്ചയം അറിയപ്പെട്ടു. അമ്മൻ കോവിലിന്റെ സ്ഥാനത്ത് അവർക്ക് നിസ്കരിക്കാൻ ഒരു മസൂദിയും ഉയർന്നു. അക്കാലത്തൊന്നും എവിടെയാണ് വിഗ്രഹം എന്ന് ആർക്കും ഒരു സൂചന പോലും ലഭിച്ചിരുന്നുമില്ല
ജലകണ്ഠേശ്വരന്റെ ക്ഷേത്രം ബീജാപൂർ സുൽത്താന്റെ ആയുധപ്പുരയായി പിന്നീടുള്ള കാലം.

ഇരുപതാം നൂറ്റാണ്ടിൽ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ അതേ മാതൃകയിൽ പലവട്ടം അവിടെ ക്ഷേത്രപ്രതിഷ്ഠ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങൾ നടന്നു. വെല്ലൂരിലെ തീവ്രമതവാദികളെ വെറുപ്പിക്കാൻ മുനിസിപ്പാലിറ്റിയോ ജില്ലാ ഭരണകൂടമോ തയാറായിരുന്നില്ല എന്നുള്ളതുകൊണ്ട് തന്നെ ഹിന്ദുക്കളുടെ ആവശ്യം വനരോദനമായി മാറി. 1940ലാണ് സംഘപ്രസ്ഥാനങ്ങൾ മദിരാശി പ്രവിശ്യയിൽ പ്രവർത്തിച്ചു തുടങ്ങുന്നത്. ദ്രാവിഡ വാദം ദേശീയതയുടെ വായമൂടിക്കെട്ടി വാഴുന്ന കാലത്ത് അതിനെതിരെ പൊരുതിയ യുവതലമുറ ഉയർന്നു വന്നു. നിരവധി പേർ സംഘ പ്രചാരകന്മാരായി തമിഴ് നാട്ടിലെ ഗ്രാമങ്ങളിൽ സംഘകാര്യവുമായി യാത്രചെയ്തു. എൺപതുകളിൽ വെല്ലൂരിലെ വിഭാഗ് പ്രചാരകായി വന്ന വീരബാഹുജിയുടെ നേതൃത്വത്തിൽ ഹിന്ദു സംഘടനാ പ്രവർത്തനം ശക്തമായി നടന്നു. അതിനു മുന്നിലാണ് ജലകണ്ഠേശ്വരക്ഷേത്രത്തിന്റെ അസ്തിത്വത്തിന്റെ പ്രശ്നമെത്തിയത്.

അപമാനത്തിന്റെ നാളുകളിൽ നിന്നും ഹിന്ദുസമൂഹത്തെ പിടിച്ചുയർത്തേണ്ട കടമ ഏറ്റെടുത്തുകൊണ്ടു ഭഗവാനെ തിരിച്ചു ക്ഷേത്രത്തിലെത്തിക്കാനുള്ള തീരുമാനം സംഘപ്രസ്ഥാനങ്ങൾ കൈക്കൊണ്ടു. അതിനായി കോട്ടയ്ക്കുള്ളിലെ അറ്റകുറ്റപ്പണികളുടെ കോണ്ട്രാക്റ്റ് സ്വയംസേവകർ നേടിയെടുത്തു. ഒരു രാത്രിയിൽ കോട്ടയ്ക്കുള്ളിലേയ്ക്കുപോയ മണൽ ലോറിയിൽ കൂടി ഭഗവാനും നാനൂറു കൊല്ലത്തിനു ശേഷം തിരിച്ചെത്തി.

അന്ന് രാത്രി ഹിന്ദുമുന്നണി പ്രവർത്തകർ ഓരോ ഹിന്ദുവിന്റെയും വാതിലിൽ മുട്ടി. ജലകണ്ഠേശ്വരസ്വാമി സാമിയില്ലാക്കോവിലിൽ പ്രത്യക്ഷപ്പെട്ടുവെന്നും രാവിലെ ഭഗവാന്റെ അഭിഷേകത്തിനെത്തണമെന്നും ഓരോ പടിവാതിലിലും ചെന്നു പറഞ്ഞു. പിറ്റേന്ന് രാവിലെ ജില്ലാ ഭരണകൂടവും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും പോലീസും പാരാവാരവും ഒക്കെയുണ്ടായിട്ടും പതിനായിരക്കണക്കിന് ഭക്തരുടെ പഞ്ചാക്ഷരിയുടെ ഹുങ്കാരത്തിൽ അവരെല്ലാം മുട്ടുമടക്കി. അങ്ങനെ വെല്ലൂരിന്റെ ചരിത്രത്തിൽ 1981 മാർച്ച് 16 അഭിമാനത്തോടെ അടയാളപ്പെടുത്തപ്പെട്ടു. അവരുടെയെല്ലാം സാന്നിധ്യത്തിൽ മൈലൈ സുന്ദരം ഗുരുജിയുടെ നേതൃത്വത്തിൽ അന്ന് പുനഃപ്രതിഷ്ഠ നടന്നു. ഭഗവാന് ഗംഗാഗൗരിവാപിയിൽ നിന്നും തീർത്ഥമണിയാൻ വീണ്ടും അവസരമുണ്ടായി.

പോണ്ടിച്ചേരിയിലെ എൻജിനീയറിങ് വിദ്യാഭ്യാസകാലത്ത് വെല്ലൂരിലും കാഞ്ചിപുരത്തും മഹാബലിപുരത്തും ചിദംബരത്തും കുംഭകോണത്തും തഞ്ചാവൂരിലും തിരുനല്ലാറിലും തിരുവണ്ണാമലയിലും സിഞ്ചിയിലും സിർക്കാഴിയിലുമെല്ലാം ദർശനവും യാത്രയുമൊക്കെയായി ഒരുപാട് വട്ടം അലഞ്ഞിട്ടുണ്ട്. ആ യാത്രകൾക്ക് ഏകാന്തതയും ആത്മാന്വേഷണവും ഒക്കെ കാരണമായിരുനെങ്കിലും നമ്മുടെ നാടിന്റെ ചരിത്രവും സംസ്കാരവും അതിന്റെ ശേഷിപ്പുകളുമെല്ലാം പ്രേരണയായി തീർന്നിട്ടുണ്ട്.

ഓർമകളുറങ്ങുന്ന അവരുടെ മണ്ണിൽ ചവിട്ടി നിൽക്കുമ്പോൾ അവിടെ എന്നെയും അവരെയും രണ്ടാക്കി വേർതിരിച്ചു നിർത്തുന്നത് സമയമാപിനിയുടെ വിവിധ ബിന്ദുക്കളായിരിക്കും. അതുതന്നെയാണ് ആ നിമിഷങ്ങളെ ധന്യമാക്കുന്നതും. ഇതേ മണ്ണിൽ, അവരുടെ പാദമുദ്രയ്ക്ക് മുകളിൽ ഞാനിവിടെ ചവിട്ടി നിൽക്കുന്നു എന്നു ചിന്തിക്കുന്ന നിമിഷങ്ങളിൽ തന്നെ അതിന്റെ പൂർണതയാശ്ലേഷിച്ചിരുന്നു.

വീരബാഹുജി

ചിത്രം വീരബാഹുജിയുടേതാണ്..
ഈ ലഗസിയെല്ലാം ആർക്കുമറിയാതെ പോകുന്നത് സംഘത്തിനുള്ളിൽ സ്വാഭാവികമാണ്. രാമലല്ലയുടെ കൈപിടിച്ച് അയോധ്യയിലെ രാമക്ഷേത്രത്തിനുള്ളിലേയ്ക്ക് നടന്നു കയറുന്ന നരേന്ദ്രഭായിയുടെ ചിത്രം കണ്ടപ്പോൾ സത്യത്തിൽ ആദ്യം ഓർമവന്ന മുഖം വീരബാഹുജിയുടേതാണ്. ജലകണ്ഠേശ്വരനെ സാമിയില്ലാകോയിലിലേയ്ക്ക് തിരികെ നടത്തിച്ചയാൾ.

ഇന്ന് എഴുപത്തിരണ്ടാം വയസിൽ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. നീണ്ട അമ്പത്തിയഞ്ചു കൊല്ലക്കാലം സംഘപ്രചാരകനായി അദ്ദേഹം ഹിന്ദുസംഘടനത്തിന്റെ നാഴികക്കല്ലായി മാറി. വിജയഭാരതം എന്ന സംഘപ്രസിദ്ധീകരണത്തിന്റെ എഡിറ്ററായി മാദ്ധ്യമമേഖലയിൽ ദേശീയതയുടെ ശബ്ദം തുടരെയുയർത്തി.

ചരിത്രം ഒരൊറ്റ ബിന്ദുവിൽ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നില്ല. നമ്മുടെ സമാജത്തിന്റെ ചരിത്രം നിരന്തരമായി ഇങ്ങനെ ഒഴുകിക്കൊണ്ടിരിക്കും. ആ ചരിത്രത്തെ പ്രോജ്ജ്വലമാക്കി തീർക്കുന്നത് വീരാത്മാക്കളുടെ സാഹസികതയും സ്ഥൈര്യവും സ്വാതന്ത്ര്യവാഞ്ഛയുമാണ്. അതെന്നും നമ്മുടെ രാഷ്ട്രജീവിതത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.

Leave a comment

Website Powered by WordPress.com.

Up ↑