ഞൊടിയിടയിലൊരു ദ്യുതികണം പോലെ

125 കൊല്ലം..

ആയിരത്താണ്ട് കാലത്തെ അടിമത്തത്തിന്റെ ചരിത്രത്തിൽ ഭാരതത്തിന്റെ ആത്മബോധത്തിന്റെ കരുത്തു കൊണ്ട് ലോകത്തെ വെല്ലുവിളിച്ച ഒട്ടും ചെറുതല്ലാത്ത ഒരു കാലഘട്ടം.

ഭാരതത്തിന്റെ ഭാവി രണ്ടായി പിരിഞ്ഞത് ഇവിടെ വെച്ചാണ്..!!

വിശ്വനഭസ്സിലേയ്ക്കാണ് അടിമനാടെന്നു പഴികെട്ട ഭാരതമാതാവിന്റെ വീരസന്താനം ഇങ്ങനെ ഗർജ്ജിച്ചത്.

“…സഹിഷ്ണ്തയും സര്‍വലൌകിക സ്വീകാര്യവും രണ്ടും ലോകത്തിനുപദേശിച്ച ധർമത്തിന്‍റെ അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ സാര്‍വലൌകികസഹിഷ്ണുതയിൽ ‍വിശ്വസിക്കുക മാത്രമല്ല, സര്‍വമതങ്ങളും സത്യമെന്നു സ്വീകരിക്കുകയും ചെയ്യുന്നു.

…ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്ഥികള്‍ക്കും അഭയമരുളിയതാണ് എന്‍റെ ജനത എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു

…റോമന്‍ മര്‍ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപെട്ട ആ കൊല്ലം തന്നെ ദക്ഷിണ ഭാരതത്തില്‍ വന്നു അഭയം പ്രാപിച്ച ആ ഇസ്രയേല്‍ വര്‍ഗ്ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അംഗതലത്തില്‍ സംഭൃതമായിട്ടുണ്ടെന്നു നിങ്ങളോട് പറയാന്‍ എനിക്ക് അഭിമാനമുണ്ട്.

…മഹിമയുറ്റ ജരദുഷ്ട്ര ജനതയ്ക്ക് അഭയം നല്കിയതും അവരുടെ അവശിഷ്ടത്തെ ഇന്നും പോറ്റിപ്പോരുന്നതുമായ ധർമത്തില്‍ ഉള്‍പെട്ടവന്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.”

സംഘത്തിലേയ്ക്ക് നമ്മളൊക്കെ നടന്നു തുടങ്ങിയ വഴി ഇവിടെ നിന്നായിരുന്നു. പൂജനീയ ഡോക്ടർജിയോട് പോലും ‘സംഘത്തെക്കുറിച്ചറിയണം, അതിനു പറ്റിയ പുസ്തകങ്ങൾ തരൂ’ എന്നാവശ്യപ്പെട്ടപ്പോൾ അരനിമിഷം പോലും ചിന്തിക്കാതെ സംഘത്തെക്കുറിച്ചു വായിച്ചറിയാനാണെങ്കിൽ വിവേകാനന്ദ സാഹിത്യം തേടിയെടുക്കാനും അതല്ല നേരിട്ടറിയണമെങ്കിൽ സംഘശാഖയിൽ നേരിട്ടു പങ്കെടുക്കാനും ഉപദേശിച്ചിരുന്നു.

ലോകമാന്യതിലകനെ, അരബിന്ദഘോഷിനെ, രബീന്ദ്ര നാഥ ടാഗോറിനെ, ലാലാഹർദയാലിനെ, ഡോ.പൽപ്പുവിനെ, നേതാജി സുഭാഷ്ചന്ദ്രബോസിനെയൊക്കെ പ്രചോദിപ്പിച്ച, ആധുനിക ഭാരതീയ യുവത്വത്തിന്റെ റോൾ മോഡലിന്റെ സിംഹഗർജ്ജനം ഭാരതത്തിന്റെ ഭാവി നിർണ്ണയിച്ചുവെന്നത് നിസ്തർക്കമാണ്.

അവിടുന്ന്, ആണ്കുട്ടികളെയാണ് വേണ്ടതെന്നു പറഞ്ഞു. അടുത്ത അൻപതു കൊല്ലക്കാലത്തേക്ക് ഭാരതമാതാവിനെ മാത്രം ആരാധിക്കാൻ പറഞ്ഞു. അമ്മ വീണ്ടും വിശ്വസിംഹാസനത്തിലിരിക്കുന്നത് സ്വപ്നം കണ്ടു. ബാക്കി ഭാരതം ചെയ്തു കാണിച്ചു കൊണ്ടിരിക്കുന്നു. മറ്റൊരു നരേന്ദ്രൻ അതിന്റെ കടിഞ്ഞാണ് പിടിച്ചിരിക്കുന്നുവെന്നത് ചരിത്രനിയോഗമാവും.

Leave a comment

Website Powered by WordPress.com.

Up ↑