പ്രണബ് ദാ അരങ്ങൊഴിയുമ്പോൾ

കോണ്ഗ്രസ്സ് എന്നൊരു പ്രസ്ഥാനം അതിന്റെ ചരിത്രഗതിയിൽ ചെയ്ത വലിയൊരബദ്ധമായിരുന്നു പ്രണബ് ദായെ രാഹുൽ ഗാന്ധിക്ക് വേണ്ടി വെട്ടിമാറ്റിയത്.

ഇതിനു മുൻപും നെഹ്റു കുടുംബത്തിനും ഗാന്ധിജിക്കും വേണ്ടി നേതാജിയെയും രാജാജിയെയും കാമരാജിനെയും നരസിംഹറാവുവിനെയും നിജലിംഗപ്പയെയും മൊറാർജിയെയും ഒക്കെ വെട്ടിമാറ്റിയപ്പോഴും സ്വാതന്ത്ര്യാനന്തരം മുഖ്യ പ്രതിപക്ഷ പ്രസ്ഥാനമായി മാറിയ ഹിന്ദുമഹാസഭയെ ഒറ്റവെട്ടിനും മൂന്നു വെടിയുണ്ടയ്ക്കും കണക്കു ചാർത്തി തകർത്ത നെഹ്റുവിന് നീണ്ട നാല്പതു കൊല്ലക്കാലം പ്രതിപക്ഷമെന്ന നിലയിലൊരു പാൻ ഇന്ത്യൻ പ്രസ്ഥാനം ഇല്ലാണ്ട് പോയതിന്റെ നേട്ടമുണ്ടായിരുന്നു.

ഇവിടെ പക്ഷെ കോണ്ഗ്രസിന് പിഴച്ചു. സോണിയഗാന്ധിയെയും മകനെയും താരതമ്യം ചെയ്തത് നെഹ്‌റുവും ആയിട്ടായിപ്പോയി. ഗുജറാത്തിലെ ഏതെങ്കിലും പോർട്ട് ഫോളിയോയിൽ ഒതുങ്ങേണ്ടിയിരുന്ന അമിത്ഷായെ ഉത്തരപ്രദേശിലെത്തിച്ചത് കൂടിയായപ്പോൾ ആ തകർച്ച പൂർണമായി.

പ്രണബ് ദാ ആയിരുന്നു ഒരുപക്ഷേ 2014ൽ കോണ്ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ആയിരുന്നതെങ്കിൽ എൻഡിഎ ഇന്ത്യ ഭരിക്കുമായിരുന്നില്ല എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതിനു പല സമവാക്യങ്ങളും കൂടി കാരണമാണ്. ബംഗാളിൽ നിന്നും ഹിന്ദി ഹൃദയഭൂമി അറിയുന്ന ഒരാൾ ആ റോൾ ഏറ്റെടുക്കാൻ വരുമ്പോൾ അതിനു പ്രാധാന്യം ഏറെ ആയിരുന്നു. അതു തിരിച്ചറിയാൻ കോണ്ഗ്രസിനൊട്ടു കഴിഞ്ഞതുമില്ല.

ആദ്യമായി പാർലമെന്റംഗവും പ്രധാനമന്ത്രിയുമായി പാർലമെന്റിലെത്തിയ തനിക്ക് ഒരു പിതാവിന്റെ സ്ഥാനത്തു നിന്നുകൊണ്ട് എങ്ങിനെയാണ് അദ്ദേഹം മാർഗനിർദേശം നൽകിയത് എന്ന് നരേന്ദ്രഭായ്‌ പലഘട്ടങ്ങളിലും പറഞ്ഞിട്ടുണ്ട്.

ഇന്ത്യൻ സ്വതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ചും അതിന്റെ പോസ്റ്റ് കൊളോണിയൽ ചരിത്രത്തെക്കുറിച്ചും അഗാധമായ അറിവുണ്ടായിരുന്നു അദ്ദേഹത്തിന്.
2004ൽ വീര സവർക്കറുടെ ഛായാചിത്രം പാർലമെന്റിൽ സ്ഥാപിക്കാൻ തീരുമാനമെടുത്ത പാർലമെന്ററി കമ്മിറ്റിയിൽ അതിനെ പിന്തുണച്ച സോമനാഥ് ചാറ്റർജിയോടൊപ്പം പ്രണബ് ദായും ഉണ്ടായിരുന്നു.

പൂജനീയ ഡോ മോഹൻജി ഭഗവത് നാലു വട്ടമാണ് രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തെ സമ്പർക്കം ചെയ്യാനായി പോയിട്ടുള്ളത്. പിന്നീട് സംഘത്തിന്റെ ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗിന്റെ സമാപന സമ്മേളനത്തില്‍ രേശംഭാഗ് മൈതാനിയിലെ പൊതുപരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയായി നമ്മെ ധന്യരാക്കി.

അന്ന് അവിടെ വന്നിറങ്ങുമ്പോൾ അദ്ദേഹത്തെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ നേരിട്ടെത്തിയത് സഹ സർകാര്യവാഹ് മാന്യ ഭാഗയ്യാജി ആയിരുന്നു. പരിചയപ്പെടുത്തുമ്പോൾ തന്റെ സെന്റർ കൽക്കട്ടയാണ് എന്നദ്ദേഹം സൂചിപ്പിച്ചു. കുറച്ചു നേരം ആലോചനയോടെ ആ വാക്കുകളുടെ റിവേർബറേഷനിൽ തന്നെ പ്രണബ് ദാ നിന്നു. എന്നിട്ടദ്ദേഹം ആകുലതയോടെ പറഞ്ഞു.

“ഹിന്ദുസ് ഇൻ കൽക്കട്ട ഈസ് ഇൻ ഡെയ്ൻജെർ”

അദ്ദേഹത്തോടൊപ്പം ഓരോ നിമിഷവും പൂജനീയ മോഹൻജി ഒരു പ്രബന്ധകനെന്ന പോലെ കൂടെയുണ്ടായിരുന്നു. നാലു വട്ടം മാത്രം നേരിട്ട് സമ്പർക്കം ചെയ്ത് സംഘപക്ഷത്തിന്റെ ഏറ്റവും വലിയ വിമർശകനെ പൂജനീയ ഡോക്ടർജിയുടെ സ്‌മൃതി മന്ദിരത്തിലെത്തിച്ച് അവിടെ അദ്ദേഹത്തിന് പുഷ്പാർച്ചന ചെയ്തു. മധ്യപ്രവിശ്യയുടെ പഴയ കോണ്ഗ്രസ് സെക്രട്ടറിയുടെ ജന്മഗൃഹം സന്ദർശിച്ച് അദ്ദേഹം അവിടെ എഴുതി.

“ഇന്ന് ഞാനിവിടെ വന്നു , ഭാരതാംബയുടെ മഹാനായ പുത്രന് പ്രണാമമർപ്പിക്കാൻ”

കോണ്ഗ്രസിലെ ഇടതുപക്ഷ മുഖമായ പ്രണബ് ദായാണ് ആദ്യമായി ഒരു സർസംഘചാലകന് രാഷ്ട്രപതി ഭവനിൽ വിരുന്നൊരുന്നുന്നത്. അദ്ദേഹം ഇന്ന് വിടപറയുമ്പോൾ സംഘത്തിനൊരു വഴികാട്ടിയെ ആണ് നഷ്ടമാകുന്നത് എന്നു പരംപൂജനീയ സര്സംഘചാലകൻ കുറിപ്പെഴുതുമ്പോൾ അതിലൊരുപാട് മാനങ്ങളുണ്ട്. വെറുപ്പുകൊണ്ടും അവഹേളനം കൊണ്ടും നിലനിന്നുപോകുന്ന ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിൽ കോണ്ഗ്രസിലെ ഓൾഡ് സ്‌കൂൾ സ്കോളറായ പ്രണബ് ദാ ഒരു നോട്ടെഴുതി വയ്ക്കുകയാണ്.

ഭാരതത്തിന്റെ ഏകാത്മകതയിൽ അടിയുറ1ച്ചു വിശ്വസിച്ച, അതിനു വേണ്ടി നിലകൊണ്ട ഭാരതത്തിന്റെ പൂർവ പ്രഥമ പൗരന് അന്ത്യാഞ്ജലി.
അദ്ദേഹത്തിന് സദ്ഗതി നേരുന്നു.

Leave a comment

Website Powered by WordPress.com.

Up ↑