ശ്രീ നാരായണ ഗുരുദേവന്റെ കൃതികളിൽ അവസാനം രചിക്കപ്പെട്ട കൃതിയാണ് ഹോമമന്ത്രം. സമാധിയോട് അടുത്ത കൊല്ലങ്ങളിൽ അദ്ദേഹം പൂർത്തിയാക്കിയ ഒന്നാണ് ഈ കൃതി.
ഭാരതത്തിന്റെ അനന്യമായ സംസ്കാരമാണ് യജ്ഞ സംസ്കാരം. എന്തോക്കെ നേടിയെടുക്കാം എന്നുള്ളതിനെക്കാൾ എനിക്കെന്തു നൽകാൻ കഴിയും എന്ന് ലോകത്തെ ചിന്തിപ്പിച്ച ദർശനം. അങ്ങനെ ത്യാഗബുദ്ധ്യാ രാഷ്ട്രജീവിതത്തിൽ ഇടപെട്ടു സമാജത്തെ പരിപോഷിപ്പിക്കുന്ന ഈ ദർശനം
വൈദികമായ വെറുമൊരു ക്രിയാകർമ പദ്ധതിയായി അധഃപതിച്ചുപോയപ്പോൾ അതിൽനിന്നും വീണ്ടും ജ്ഞാനത്തെ യജ്ഞ സംസ്കൃതിയിൽ പുനഃപ്രതിഷ്ഠിച്ചുകൊണ്ട്, ആത്മസാക്ഷാത്കാരം നേടിയ നാരായണ ഋഷീശ്വരൻ ദർശിച്ച മന്ത്രഗണമാണ് ഹോമമന്ത്രം.
1921ലെ ഹിന്ദു കൂട്ടക്കൊലയോടനുബന്ധിച്ചുള്ള ഈഴവാദി ഹിന്ദുജനങ്ങളുടെ കൂട്ടമതംമാറ്റങ്ങളിൽ നിന്നും രക്ഷിച്ച് അവരെ സ്വധർമത്തിലേയ്ക്ക് അഭിമാനത്തോടെ തിരിച്ചു കൊണ്ടു വരാൻ ആര്യസമാജത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്ന സമയത്താണ് വൈക്കം സത്യാഗ്രഹം നടക്കുന്നത്. അതിൽ പങ്കെടുക്കാനായി തിരുവിതാംകൂറിലെത്തിയ ആര്യസാമാജികനായ സ്വാമി ശ്രദ്ധാനന്ദനുമായുള്ള ഗുരുദേവന്റെ ശിവഗിരിയിലെ സന്ദർശനത്തിലാണ് ആദ്യമായി ഈ മന്ത്രം ലോകസമക്ഷം അവതരിപ്പിക്കപ്പെടുന്നത്. ആര്യസമാജത്തിന്റെ യജ്ഞങ്ങളിൽ ഈ ഹോമമന്ത്രം ഉപയോഗിക്കാവുന്നതാണോ എന്ന് പരിശോധിച്ചു നോക്കൂ എന്നുപദേശിച്ച് ഗുരുദേവൻ ശ്രദ്ധാനന്ദ സ്വാമികൾക്ക് ഇത് ഒരു കടലാസിലെഴുതി നൽകി. ശ്രദ്ധാപൂർവം ഉരുക്കഴിച്ചു പരിശോധിച്ച ശേഷം ഈ മന്ത്രം അപൂർവമായ പൂർവ പുരാണ മന്ത്രമായിരിക്കണം എന്ന് മറുപടി പറയുകയും ചെയ്തു. അപ്പോഴാണ് ഇത് താൻ രചിച്ചതാണ് എന്നു നാരായണ ഗുരുദേവൻ പറയുന്നത്.
വേദങ്ങളുടെ മന്ത്രരചനാ ശൈലിയിലാണ് ഗുരുദേവൻ ആ മന്ത്രം എഴുതിയിട്ടുള്ളത്. മന്ത്രസങ്കല്പത്തിന് മൂന്നുഭാഗങ്ങളാണുള്ളത്. ആ മന്ത്രം ദർശിച്ച ഋഷി, അതിന്റെ അടിസ്ഥാന ദേവത, അതുച്ചരിക്കുന്ന ചന്ദസ്സ് എന്നിവയാണത്. ഹോമമന്ത്രത്തിന് ഇവിടെ ദ്രഷ്ടാവ് നാരായണ ഗുരുദേവൻ തന്നെയാണ്. ദേവത അഗ്നിയാണ്, പ്രത്യേകിച്ചൊരു ചന്ദസ്സിന്റെ ഗണത്തിൽ ഇതിനെ പെടുത്താനാവില്ല. ഒരേ സമയം പ്രാര്ഥനയായും യജ്ഞക്രിയ മന്ത്രമായും സ്തുതിയായും ഹോമമന്ത്രം ഉപയോഗിക്കാം എന്നാണ് ഗുരുവാക്യം.
ഗുരുദേവൻ അഗ്നിയെ ദേവതാ സങ്കല്പത്തിലിരുത്തി ഒരു മന്ത്രരചന നടത്താൻ മാത്രം എന്തു പ്രാധാന്യമാണ് അഗ്നിക്കുള്ളത് എന്നു ചിന്തിക്കേണ്ടതുണ്ട്. യജ്ഞ സംസ്‌കൃതിയുടെ പ്രതീകമാണ് അഗ്നി. യജ്ഞജ്വാലയുടെ നിറമാണ് സന്യാസദീക്ഷയിൽ വസ്ത്രമായി ലഭിക്കുന്നത്. ആത്മനോ മോക്ഷാർത്ഥം ജഗത് ഹിതായ ച എന്ന സങ്കൽപത്തിൽ സമാജജീവിതത്തിൽ ഇടപെടുന്നവരാണവർ.
അന്നന്ന് കഴിക്കുന്ന അന്നം പോലും ബ്രഹ്മാർപണമായി ബ്രഹ്മ ഹവിസായി ജഠരാഗ്നിക്ക് സമർപ്പിച്ചാണ് അന്നമയ കോശത്തെ പ്രാണൻ സംരക്ഷിക്കാനുള്ള ഒരു വാളുറ പോലെ നിലനിർത്തുന്നത്.
ഭാരതീയതത്വ ചിന്തയിലെ അതിസുന്ദരമായ മുഹൂർത്തങ്ങളാണ് ഗീതോപദേശവും യക്ഷപ്രശ്‌നവും കഠോപനിഷത്തുമെല്ലാം. ലൗകികനേട്ടങ്ങൾ വരമായി ലഭ്യമാകുമായിട്ടും മരണത്തിനപ്പുറത്തുള്ള സത്യത്തെ അറിയാൻ പ്രേയത്തിന് പകരം ശ്രേയത്തിനു ശഠിച്ച നചികേതസ്സിന് രണ്ടാമത്തെ വരമായി യമധർമൻ ഉപദേശിക്കുന്നത് അഗ്നിവിദ്യയാണ്. ഗീതോപദേശത്തിലും പഞ്ചഭൂതങ്ങളിൽ ഞാൻ അഗ്നിയാണ് എന്നാണ് ശ്രീകൃഷ്ണ പരമാത്മാവ് അർജ്ജുനനോട് വെളിപ്പെടുത്തുന്നത്.
‘അഗ്നിമീളേ പുരോഹിതം’ എന്നു പറഞ്ഞു അഗ്രണിയും , ദീപ്തിമാനും, യജ്ഞപുരോഹിതനും, ദേവദൂതനും, രത്നയുക്തനുമായ അഗ്നിയെ സ്തുതിച്ചു കൊണ്ടാണ് ഋഗ്വേദം ആരംഭിക്കുന്നത്. വേദങ്ങളിൽ ഉടനീളം നമ്മുടെ ജനതാ ജീവിതത്തിൽ ആദികാലം മുതലുണ്ടായിരുന്ന അഗ്നിയുടെ പ്രധാന്യം നമുക്ക് ബോധ്യപ്പെടും.
വാസ്തു ശാസ്ത്രത്തിലെ അഗ്നികോണും വിവാഹത്തിലെ അഗ്നിസാക്ഷിത്വവും ഗൃഹസ്ഥന്റെ അഗ്നിഹോത്രവും അന്ത്യേഷ്ടിയിൽ ഒടുങ്ങുന്ന ഭസ്മാന്തം ശരീരമെന്ന സങ്കല്പവും ഒക്കെ അഗ്നിയ്ക്ക് നമ്മുടെ നിത്യജീവിതത്തിൽ പോലും എത്രമാത്രം വലിയ സ്ഥാനമുണ്ട് എന്നു തെളിയിക്കുന്നതാണ്.
“സ്വാനുഭൂതിയെ പ്രമാണമാക്കി വേദാന്തശാസ്ത്ര പ്രവര്‍ത്തനം ചെയ്ത ഋഷിയായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. രാജനൈതികാടിമത്വം, ജാതി മുതലായവയെ കൊണ്ട് സമൂഹത്തില്‍ ശൈഥില്യം, പാശ്ചാത്യവിദ്യാഭ്യാസം കൊണ്ട് അരാഷ്ട്രീകരണവും ആശയകുഴപ്പവും അഭിമാന നാശവും ഇങ്ങനെ പലതരത്തിലുള്ള ആപത്തുകള്‍ ഭാരതത്തെ ചൂഴ്ന്ന് നില്‍ക്കേ ഇവയില്‍ നിന്നെല്ലാം രാഷ്ട്രത്തെ രക്ഷിക്കുവാന്‍ ഏകോപായം വേദവിദ്യയെ ഉദ്ധരിക്കുകയാണെന്ന് കണ്ട് ഗുരുദേവന്‍ തപശ്ചര്യയിലൂടെ വേദസാരമായ ആത്മവിദ്യയെ സാക്ഷാത്കരിച്ച് ആപാദമധുരങ്ങളായ സ്വകൃതികളിലൂടെ ജനതാമധ്യത്തില്‍ പ്രചരിപ്പിച്ചു.
അദ്വൈത ദര്‍ശനത്തിന് മുതല്‍ക്കൂട്ടായ ദര്‍ശനമാല, ബ്രഹ്മവിദ്യാ പഞ്ചകം, ആത്മോപദേശ ശതകം, അദ്വൈത ദീപിക എന്നിവയൊക്കെ വേദാന്ത ശാസ്ത്രത്തിന്‍റെ ആധികാരിക ഗ്രന്ഥങ്ങളാണ്” എന്നു ശ്രീനാരായണ ദർശനത്തിൽ ശ്രീ റ്റി ആർ സോമശേഖരൻ വീക്ഷിക്കുന്നുണ്ട്.
മതേതര സ്വാമിയായ നാരായണ ഗുരുദേവൻ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും ഹിന്ദുക്കൾക്കും വേണ്ടി രചിച്ച ഈ ഹോമമന്ത്രം എന്തുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രചരിപ്പിക്കാതെ ഇരിക്കുന്നത് എന്നതിൽ അത്ഭുതം തോന്നിയേക്കാം. അദ്വൈതിയായ ഗുരുദേവൻ വേദാന്തസൂത്രം രചിച്ചതിനെപ്പറ്റി പറയാതെ ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യനെന്നു പറഞ്ഞതു മാത്രം പഠിച്ചു പോകുന്നതിൽ ദുഷ്ടലാക്കുണ്ട്.
Leave a comment