കേശവാ വിഭോ!

അനിഹിലേഷൻ ഓഫ് കാസ്റ്റ് എന്ന വിഖ്യാതമായ രചനയിൽ ഡോ. അംബേദ്കർ മുന്നോട്ടു വയ്ക്കുന്ന ഒരു ചിന്തയുണ്ട്. രാഷ്ട്രീയമായ ഒരു മുന്നേറ്റത്തിന് മുൻപ് സാമൂഹികവും ആത്മീയവുമായ ഒരു മുന്നേറ്റം സംഭവിക്കേണ്ടിയിരിക്കുന്നു എന്നതാണത്.

നൂറ്റാണ്ടുകളിലൂടെ ചരിത്രം അതു തെളിയിച്ചിട്ടുണ്ട്.

യൂറോപ്പിന്റെ രാഷ്ട്രീയ വിമോചനം ലൂഥറിന്റെ ആത്മീയ പരിഷ്കരണത്തിന്റെ ഫലമായിരുന്നു. അമേരിക്കാസും യൂറോപ്പും രാഷ്ട്രീയമായ മുന്നേറ്റമുണ്ടാക്കിയത് പ്യൂരിറ്റാനിസത്തിന്റെ ബാക്കിപത്രമാണ്. സൂക്ഷ്മരൂപത്തിൽ പ്യൂരിടാനിസം മതപരിഷ്കരണമായിരുന്നു എന്നു കാണാം. തമ്മിലടിച്ചു കിടന്ന തികച്ചും അപരിഷ്‌കൃതരായിരുന്ന അറബ് ഗോത്രങ്ങളെ മുഹമ്മദ് നബി ഒരുമിപ്പിച്ചത് എങ്ങനെയായിരുന്നു?

നമ്മുടെ ചരിത്രം വിഭിന്നമാണോ?
ചന്ദ്രഗുപ്തമൗര്യനെ, ഒരു പിന്നാക്കക്കാരനെ ചക്രവർത്തിയാക്കിയ രാഷ്ട്രീയ മുന്നേറ്റം ഇവിടെ ഈ നാടിന്റെ ആദ്യത്തെ സുവർണ്ണ കാലഘട്ടത്തിലേയ്ക്കാണ് നയിച്ചത്. അതിനെത്തുടർന്ന് വന്ന ബുദ്ധന്റെ കാലഘട്ടം ഒന്നോർത്തുനോക്കൂ.

തുളസീദാസന്റെ രാമചരിത മാനസവും നാടൊട്ടുക്ക് സ്ഥാപിച്ച അഖാഡകളുമാണ് ജനങ്ങളെ ഇസ്ലാമിക അധിനിവേശത്തിനെതിരെ പൊരുതാൻ പരുവപ്പെടുത്തിയത്. ഹരിഹരബുക്കന്മാർ വിദ്യാരണ്യ സ്വാമികളുടെ പ്രേരണയാലാണ് വിജയനഗര സാമ്രാജ്യം പടുത്തുയർത്തിയത്. മറാത്തകളുടെ ഭാരതദിഗ്വിജയം സമർഥ രാമദാസന്റെ തപോനിഷ്ഠയുടെയും സാമൂഹ്യ പരിഷ്കരണത്തിന്റെയും ഫലമാണ്. ഗുരു നാനാക്ക് ദേവന്റെ ഉദ്ബോധനങ്ങളാണ് സിക്ക് സമാജത്തെ രൂപപ്പെടുത്തിയത്. തിരുവിതാംകൂറിന്റെ ചരിത്രം തന്നെ പദ്മനാഭസ്വാമിയുടെ തൃപ്പടിയിൽ നിന്നാണ് ഉയർച്ച നേടുന്നത്. ആര്യസമാജത്തിൽ നിന്നാണ് ബ്രിട്ടീഷുകാരൻ ലോകത്ത് ഇന്നേവരെ നേരിട്ട ഏറ്റവും കടുപ്പമേറിയ വിപ്ലവകാരികൾ പിറന്നത്.

ഈ ചരിത്രം തിരിച്ചറിഞ്ഞാണ് ആത്യന്തികമായ സമാജരചന വ്യക്തിനിർമ്മാണത്തിലൂടെ മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവിലേയ്ക്ക് പൂജനീയ ഡോക്ടർജിയെ കൊണ്ടെത്തിച്ചതെന്നു പറയാം. നിങ്ങൾക്ക് ഞാൻ സ്വാതന്ത്ര്യത്തെ നേടി നൽകാം, പക്ഷെ അത് സംരക്ഷിക്കാൻ നിങ്ങൾക്ക് കഴിയുമോ എന്ന് ചോദ്യം പത്തൊൻപതാം നൂറ്റാണ്ടിൽ ഉന്നയിച്ചത് സ്വാമി വിവേകനന്ദനാണ്. അതിനു മറുപടിയായിരുന്നു സംഘസ്ഥാപനം.

ദേശീയ ചാരിത്യത്തിന്റെ നിർമിതി അനുശാസനബദ്ധമായ ഒരു സമാജത്തിന്റെ സംവിധാനത്തിലൂടെ മാത്രമേ സാധിക്കൂ എന്നുള്ളത് പൂജനീയ ഡോക്ടർജിയ്ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ ആശയത്തിന്റെ പൂർത്തീകരണത്തിനായി അതിന്റെ ആദര്ശമൂർത്തിയായി സ്വയം രൂപപ്പെടുത്തി. അതു ലക്ഷക്കണക്കിന് മനുഷ്യർക്ക് മാതൃകയായി. എത്ര വലിയ വെല്ലുവിളിയെയും നേരിടാൻ കരുത്താർജ്ജിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഈ മനുഷ്യയന്ത്രം മുന്നോട്ടു കുതിച്ചു. രാഷ്ട്രത്തിന്റെ ജീവിതത്തിൽ സർവാശ്ലേഷിയും സർവസ്പർശിയും സർവവ്യാപിയുമായി ആ കടുകിലും ചെറുതായ ബീജം വളർന്നു പന്തലിച്ചു.

1940 ജൂണ് 21ന് അദ്ദേഹം ഇഹലോക കർമ്മങ്ങളുടെ ബന്ധങ്ങളിൽ നിന്നും മോചിതനാകുമ്പോൾ അദ്ദേഹത്തിന് മുന്നിൽ അദ്ദേഹം മുന്നിൽ കണ്ട ആദർശത്തിന്റെ പ്രോട്ടോടൈപ്പ് തയാറായിക്കഴിഞ്ഞിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ പുണ്യതിഥി. ജീവിതം സന്ദേശമാക്കിയ മഹാരഥന്മാർക്കും മുകളിൽ കാലഗതി പ്രതിഷ്ഠിച്ച, ജീവിതത്തിന്റെ ശരിപ്പകർപ്പുകളെ ഇന്നും സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന, ആ സഫലജീവിതത്തിന്റെ ഓർമകൾക്ക് മുന്നിൽ സഹസ്ര കോടി പ്രണാമം.

ജനിച്ചനാള്‍തൊട്ടന്തിമനിമിഷം വരെയും ത്യാഗനിധേ
ഭവാന്റെ ജന്മം വിശ്രമശൂന്യം കണ്ടകസങ്കീര്‍ണ്ണം ||
അനാദിനാളായണയാതെരിയും രാഷ്ട്രബലിത്തീയില്‍
സ്വജീവപുഷ്പം സ്വന്തകരത്താലാഹുതി ചെയ്തു നീ ||
നമസ്‌കരിപ്പൂ ഭാരതമങ്ങേ സ്‌മരണയെയാനമ്രം
നമസ്‌കരിപ്പൂ കേശവ, ഭാരത ഭാഗ്യവിധാതാവേ ||

Leave a comment

Website Powered by WordPress.com.

Up ↑