അടിത്തട്ടിൽ നിന്ന്..

തൊള്ളായിരത്തി അൻപതുകളിൽ പെരിന്തൽമണ്ണയിലെ ഉണ്യാൻ സാഹിബ് നരസിംഹമൂർത്തിക്ക് ക്ഷേത്രം പണിഞ്ഞതിന്റെ പേരിൽ അരുംകൊല ചെയ്യപ്പെട്ട് ശവമായി പുഴുത്തു കിടന്നിട്ടുണ്ട്.

അയ്യപ്പസ്വാമിയുടെ വിഗ്രഹം മഴുവിന് വെട്ടിത്തകർത്ത് ശബരിമല ക്ഷേത്രം പാതിരിമാർ തീയിട്ടപ്പോ “അയ്യപ്പാ അവന്റെ കൈ വെട്ടപ്പാ” എന്നു രോദിക്കാൻ മാത്രമേ ഹിന്ദുവിന് ശേഷിയുണ്ടായിരുന്നുള്ളൂ

എന്നാൽ കന്യാകുമാരി ശ്രീപാദ ശിലയിലെ കുരിശു നിന്നിടത്താണ് കോഴിക്കോട്ടെ വെള്ളയിൽ കടപ്പുറത്തെ മുഖ്യശിക്ഷകനും സ്വയംസേവകരും ചേർന്ന് അറുപതു കൊല്ലം മുമ്പ് വിവേകാനന്ദ സ്വാമികളുടെ സ്മരകമുയർത്താനുള്ള പാറക്കൂട്ടത്തിലെ കയ്യേറ്റമൊഴിച്ചത്. മന്നത്തപ്പൂപ്പൻ നമ്മോടൊപ്പം വന്നുനിന്ന് ആ പ്രസ്ഥാനത്തിന്റെ അധ്യക്ഷനായി നിന്നുയർത്തിയതാണ് ഇന്നുകാണുന്ന ശിലാസ്മാരകം.

“പട്ടി പാത്തിയ കല്ലിന്മേൽ ചന്ദനം പൂശും കേളപ്പാ” എന്ന് ഇഎംഎസ് വിളിച്ചുകൊടുത്ത മുദ്രാവാക്യം ഏറ്റു വിളിച്ച കമ്യൂണിസ്റ്റുകാരനോട് പോരാടിയാണ് ടിപ്പു തച്ചു തകർത്ത അങ്ങാടിപ്പുറത്ത് അഭയവരദനായ കാലകാലന്റെ ക്ഷേത്രം കേരള ഗാന്ധി കെ കേളപ്പജി സംഘപ്രവർത്തകരുടെ കരുത്തിൽ വീണ്ടും ഉയർത്തിയത്.

നാല്പതു കൊല്ലം മുമ്പ് അയ്യപ്പ സ്വാമിയുടെ പൂങ്കാവനത്തിൽ സ്ഥാപിക്കാൻ ശ്രമിച്ച നിലയ്ക്കൽ മഹാദേവരുടെ മുന്നിലെ കുരിശ് അതു വെച്ചവർ തന്നെയാണ് പിഴുത് ആങ്ങാമൂഴിയിൽ കൊണ്ടു വെച്ചത്.

അട്ടക്കുളങ്ങരയിലെ മാടൻ തമ്പുരാന്റെ ശിരസ്സു വെട്ടി അറുമാദിച്ച മതവെറിയന്മാർക്ക് പകരം ചാലക്കമ്പോളം തീയിലെരിഞ്ഞു ദെണ്ണം തീർത്തു കൊടുത്തത് കൊണ്ടാണ് ഇന്നും ശ്രീ പദ്മനാഭന്റെ മണ്ണിൽ സംഘ പ്രസ്ഥാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമുള്ളത്.

ശംഖുമുഖത്തെ പാപ്പാവേദി മണ്ണടിഞ്ഞു പോയതും അഗസ്ത്യ ഗിരിയിലെ വിഗ്രഹം തകർത്തതിന് നേരത്തോട് നേരം കൊണ്ട് കണക്കു തീർത്തതും കാളിമലയിൽ പാതിരാ പൊങ്കാലയിടുന്നതും ഇതേ അഭിമാനമുള്ള ജനതയാണ്.

അയോദ്ധ്യയിൽ രാമക്ഷേത്രമുയരുമ്പോൾ അതിനു കാരണമായ സുപ്രീംകോടതി വിധിയുണ്ടായ നാളുകളിലെ മർദ്ദമാപിനിയെ നിയന്ത്രിച്ചു നിർത്തിയത് ഇതേ കരുത്താണ്.

പെരിന്തൽമണ്ണയിൽ നരസിംഹസ്വാമിക്ക് ഇന്ന് നിത്യപൂജയുണ്ട്. അട്ടക്കുളങ്ങരയിലെ മാടൻ തമ്പുരാനുമുണ്ട്. അങ്ങാടിപ്പുറത്തെ മഹാദേവനുമുണ്ട്. ശ്രീപാദശിലയിലുമുണ്ട്. അഗസ്ത്യർ സ്വച്ഛന്ദം അവിടെത്തന്നെയുണ്ട്. രാമലാലയ്ക്ക് ക്ഷേത്രമുയർത്തുന്നത് കേരളത്തിലെ ഹിന്ദുക്കൾ പൂജിച്ച ശിലാഖണ്ഡങ്ങൾ കൊണ്ടു കൂടിയാണ്.

ശബരിമലയിൽ പിന്നീടൊരിക്കലും ഹിന്ദുസമൂഹത്തിനു നേരെയുള്ള ഒരു വെല്ലുവിളിയും ചോദ്യം ചെയ്യാതെ പോയിട്ടുമില്ല. അവിടെ ഹരിവരാസനത്തിനു മുൻപ് ഭജന ആചാരമായി മാറിയത് ഇനി ചരിത്രമാണ്. നാലായിരം പേരെ ജയിലിലടച്ചിട്ടും ഒരു ചുക്കും ചെയ്യാൻ കമ്യൂണിസ്റ്റ് പാർട്ടിക്കോ അവരുടെ സർക്കാരിനോ കഴിഞ്ഞില്ല.

“ക്രിസ്തുവിന്റെ രാജ്യം കൊണ്ടുവരാൻ ദൈവം ഞങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു” എന്നു പറഞ്ഞിരുന്ന പൂർവികരുടെ നാവു തിരുത്തി “നിർബന്ധിതമായി മതം മാറ്റാൻ ഞങ്ങളില്ല” എന്നു മത മേലധ്യക്ഷന്മാരെക്കൊണ്ടു തന്നെ പറയിപ്പിച്ചിട്ടുണ്ട് നമ്മൾ. അതുറപ്പു വരുത്തിയിട്ടുമുണ്ട്.

ഇതാണ് കേരളത്തിലെ ഹിന്ദുസംഘടനാ ചരിത്രം. അത് എടുത്തുചാട്ടങ്ങളിൽ നിന്നുണ്ടായതല്ല. കല്ലോട് കല്ലു വെച്ച് കെട്ടിയുയർത്തിയതാണ്.

ഹിന്ദു സമൂഹത്തിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കുമ്പോഴാണ് ഹിന്ദുസംഘടനയാകുന്നത്. അല്ലെങ്കിൽ ഹിന്ദുക്കളിലെ സംഘടനയായി ചുരുങ്ങിപ്പോകും. ഇതാണ് പാഠം ഒന്ന്.

Leave a comment

Website Powered by WordPress.com.

Up ↑