നവോത്ഥാനത്തിന്റെ നാഴികക്കല്ലുകൾ

നഗരം ചുറ്റിക്കാണാനിറങ്ങിയതാണ് നിങ്ങൾ. ഒരു റിക്ഷയിൽ. റിക്ഷക്കാരനോടൊപ്പമുള്ള ആ യാത്രയ്ക്കിടയിൽ ലോകത്ത് എന്തു സംഭവിക്കും..

രാമേശ്വരം ചുറ്റി തന്റെ ചതുർധാമയാത്രയവസാനിപ്പിക്കണം എന്ന് കരുതി ബംഗാളിൽ നിന്ന് പോന്ന ഒരു പരിവ്രാജകൻ. പോകുന്ന വഴിയിൽ മനുഷ്യരോടെല്ലാം വാമൊഴി സംസ്‌കൃതത്തിൽ സംവദിച്ചു നടന്നയാൾ ഒരു ദിവസം മൈസൂറിലെത്തി. മൈസൂർ രാജാവിന്റെ ആതിഥ്യം സ്വീകരിച്ചു കഴിയുന്നതിനിടയിൽ അവിടെ അദ്ദേഹം ഒരു തിരുവിതാംകൂറുകാരൻ ഭ്രാന്താശുപത്രി സൂപ്രണ്ടിനെ പരിചയപ്പെട്ടു. അഞ്ചുരൂപ ശമ്പളം വാങ്ങാൻ യോഗ്യതയില്ലാത്ത പിറന്ന നാട്ടിൽ നിന്നും സ്വയമുയർന്നു വന്ന ഡോ പദ്മനാഭൻ പല്പുവായിരുന്നു അത്.

2018 ജൂൺ 05 ലെ മാതൃഭൂമി ലേഖനത്തിൽ നിന്ന്

ആ പരിവ്രാജകൻ എത്തുന്നു എന്നറിഞ്ഞ് കൊട്ടാരം റിക്ഷാക്കാരന്റെ കാലു പിടിച്ച് അയാള്‍ക്കുപകരം അദ്ദേഹത്തിന്റെ റിക്ഷ വലിക്കാന്‍ സര്‍ക്കാരിന്റെ ആ ഔദ്യോഗിക ഡോക്ടര്‍ക്ക് ഒരു മടിയുമില്ലായിരുന്നു. വണ്ടി വലിക്കുമ്പോള്‍ താന്‍ റിക്ഷാക്കാരനല്ലെന്നും ഡോക്ടറാണെന്നും അറിയിച്ചു. ബാംഗ്ലൂർ നഗരം ചുറ്റുന്ന റിക്ഷയിൽ അവർ തിരുവിതാംകൂറിനെയും കൊച്ചിയെയും മലബാറിനെയും കുറിച്ചു സംസാരിച്ചു. ശങ്കരന്റെ നാട്ടിലെ കൊടും ക്രൂരത കേട്ട് ആ വംഗദേശിയുടെ കണ്ണിൽ നിന്നും കണ്ണീർത്തുള്ളികൾ അടർന്നുവീണു. തന്റെ ഈ വേഷംമാറലിന്റെ ഉദ്ദേശ്യവും ഇതങ്ങയെ അറിയിക്കാനാണ് എന്നും ഡോക്ടർ ധരിപ്പിച്ചു. കത്തെഴുതിയും പത്രങ്ങളിൽ പ്രതിഷേധക്കുറിപ്പുകളയച്ചും മെമ്മോറിയൽ സമർപ്പിച്ചും തീർക്കേണ്ട ദുരിതമല്ല ഹിന്ദു സമൂഹത്തിന്റെ പതിതാവസ്ഥയെന്നു ആ പരിവ്രാജകൻ ഡോക്ടറോട് തീർത്തു പറഞ്ഞു.

മടങ്ങി നാട്ടിൽ പോകണം. ഒരാത്മീയ പുരുഷനെ കേന്ദ്രീകരിച്ച് സംഘടന ഉണ്ടാക്കണം. അത് ഈ നാടിന്റെ ദുഃഖങ്ങളകറ്റും എന്നു സംശയമെന്യേ ഉറച്ച സ്വരത്തിൽ അദ്ദേഹം ഉപദേശിച്ചു.

ഇന്നത്തെ ഭാരതത്തിന്റെ ആത്മശക്തിയെ തൊട്ടുണർത്തിയ വിവേകാനന്ദ സ്വാമികളായിരുന്നു ആ പരിവ്രാജകൻ.

രാമേശ്വരത്തിൽ യൂ ടേൺ അടിക്കേണ്ടതല്ല തന്റെ യാത്രയെന്ന് ആ കൂടിക്കാഴ്ചയോടെ സ്വാമികളും ഉറപ്പിച്ചിരുന്നു. ബാംഗ്ലൂരില്‍ നിന്നും യാത്രയാകുന്ന അവസരത്തില്‍ മൈസൂര്‍ മഹാരാജാവ് ചാമരാജേന്ദ്ര വോഡയാർ അദ്ദേഹത്തിന്റെ പാദത്തില്‍ നമസ്‌കരിച്ചു. ദിവാന്‍ ശേഷാദ്രി അയ്യര്‍ കുറച്ചു പണം സ്വാമികളുടെ കീശയില്‍ തിരുകാന്‍ ശ്രമിച്ചു. പക്ഷെ ആ ശ്രമം വിജയിച്ചില്ല. ‘പണം വേണ്ട. ഷൊര്‍ണൂര്‍ക്ക് ഒരു ടിക്കറ്റ് മതി’ എന്നായിരുന്നു ആവശ്യം.

ബാക്കി ചരിത്രത്തെ ആ വഴിക്ക് വിടാം.

പക്ഷെ ആ കണ്ടുമുട്ടലിന് ശേഷം ഡോ. പല്പുവിന് തന്റെ ദൗത്യത്തെ കുറിച്ച് ലവലേശം സംശയമുണ്ടായിരുന്നില്ല.

തന്റെ ജീവിതത്തിലെ പ്രേരണസ്രോതസ്സായ ശ്രീ നാരായണഗുരുദേവനെതന്നെ അദ്ദേഹം മനസ്സിൽ സങ്കല്പിച്ചു കഴിഞ്ഞിരുന്നു. ലോകം കണ്ട മികച്ച ബാക്ടീരിയോളജിസ്റ്റുകളിൽ ഒരാളായിരുന്ന അപരൻ വിവേകാനന്ദ സ്വാമികളുടെ പ്രേരണയാൽ ഭാവി കേരളത്തിന്റെ ഭാഗധേയം നിർണയിച്ചത് അങ്ങിനെയാണ്.

അസംഘടിതരായിരുന്ന ഈഴവാദികളെ സംഘടിപ്പിക്കുന്നതിലും വിദ്യാഹീനരായിരുന്ന അവരെ വിദ്യാസമ്പന്നരാക്കുന്നതിലും വേണ്ടി ഈഴവർക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 13,176 ഈഴവർ ഒപ്പിട്ട് 1896 സെപ്റ്റംബർ 3 നു തിരുവിതാംകൂർ മഹാരാജാ‍വ് ശ്രീമൂലം തിരുനാളിനു ഡോ. പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച ഹർജിയാണ് ഈഴവ മെമ്മോറിയല്‍ ഹർജി എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്.

ഇതിനു പിന്നാലെ ഒരു വലിയ സംഘടന രൂപവത്കരിച്ച് ശക്തിയായ ഒരു പ്രക്ഷോഭം തുടങ്ങാൻ വേണ്ടി ‘ഈഴവ മഹാജനസഭ’ എന്ന പേരിൽ ഒരു സംഘടന തുടങ്ങുവാൻ ഡോ. പല്പു തീരുമാനിച്ചു. അതിലേക്ക് ആവശ്യമായ നിയമാവലി രൂപപ്പെടുത്തി തങ്കശ്ശേരിയിൽ നിന്നും പുറപ്പെടുന്ന ‘മലയാളി’ പത്രത്തിൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. മയ്യനാട്, പരവൂർ മുതലായ പ്രദേശങ്ങളിൽ ഡോ. പല്പുവും അദ്ദേഹത്തിന്റെ സ്നേഹിതരും ചില യോഗങ്ങൾ വിളിച്ചു കൂട്ടിയെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലെത്തിയില്ല.

അപ്പോഴേയ്ക്കും വീണ്ടും അദ്ദേഹത്തിന്റെ മനസ്സിലേക്ക് വിവേകനന്ദസ്വാമികളുടെ വാക്കുകൾ വേരുറച്ചു കഴിഞ്ഞിരുന്നു. സമുദായോദ്ധരണത്തിനായുള്ള സംഘടന വിജയകരമായി നടത്താൻ ഗുരുദേവനെ സമീപിക്കാനുള്ള ധൈര്യം അദ്ദേഹം ആർജ്ജിച്ചിരുന്നു.

1888ൽ ആണ് ഗുരുദേവൻ അരുവിപ്പുറത്ത് ആദ്യത്തെ ശിവപ്രതിഷ്ഠ നടത്തുന്നത്. അതിനു നാം ബ്രാഹ്മണ ശിവനെ അല്ലല്ലോ പ്രതിഷ്ഠിച്ചത് എന്ന ചോദ്യം ദേഹിയാണോ ദേഹമാണോ മാറിത്തരേണ്ടത് എന്ന് ആയിരം കൊല്ലം മുമ്പ് ചോദിച്ച ചോദ്യത്തിന്റെ രണ്ടാം ഭാഗമായിരുന്നു. ക്ഷേത്രത്തിലേക്ക് ധാരാളം ആളുകള്‍ വന്നു തുടങ്ങിയതോടെ അവര്‍ക്ക് ഭക്ഷണം കൊടുക്കാന ും കാര്യങ്ങള്‍ നോക്കി നടത്താനും ഒരു വാവൂട്ട് യോഗം ആരംഭിച്ചു. തടുര്‍ന്ന് 1889-ല്‍ സമീപപ്രദേശങ്ങളിലുള്ള ഗുരുഭക്തന്മാരെക്കൂടി ഉള്‍പ്പെടുത്തി അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരിച്ചു. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കെല്ലാം ഈ സമിതിയാണ് നേതൃത്വം നല്‍കിയത്.

എന്നാൽ പല്പുവിന്റെ പ്രേരണയോടെ ഒരു സമസ്ത കേരള സംഘടനയ്ക്കുള്ള രൂപരേഖയായിരുന്നു. അങ്ങനെ ശ്രീനാരായണഗുരുവിനു വേണ്ടി കുമാരനാശാൻ പേരുവച്ചയച്ച ഒരു ക്ഷണക്കത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ കുറേ ഈഴവപ്രമാണിമാർ 1902 ഡിസംബറിൽ തിരുവനന്തപുരത്തെ കമലാലയം ബംഗ്ലാവിൽ യോഗം ചേർന്നു. നാരായണഗുരു ആദ്യം പ്രതിഷ്ഠിച്ച അരുവിപ്പുറം ക്ഷേത്രത്തോടനുബന്ധിച്ചു നടന്നിരുന്ന “വാവൂട്ട് യോഗം” കേരളത്തിലാകെ പ്രവർത്തിക്കുന്ന ശ്രീനാ‍രായണ ധർമ്മ പരിപാലന യോഗമാക്കി വളർത്താൻ അന്നവർ തീരുമാനിച്ചതിന്റെ ഫലമായാണ് യോഗം സ്ഥാപിച്ചത്.

യോഗത്തിന്‍റെ ഒന്നാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ സെക്രട്ടറിയായ ആശാന്‍ എഴുതുന്നു.

'ഈ മഹായോഗത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചു കൂടി അല്പം പറയേണ്ടത് ആവശ്യമാണ്. നമ്മുടെ യോഗത്തിന്‍റെ ആദിമചരിതം മിക്കവാറും അരുവിപ്പുറം ശിവാലയത്തിന്‍റെയും മഠത്തിന്‍റെയും എഴുതപ്പെട്ടിട്ടില്ലാത്ത ആദിചരിത്രം തന്നെയാകുന്നു. 1063 ാമാണ്ട് കുംഭമാസത്തില്‍ മഹാത്മാവായ സ്വാമി അവര്‍കളുടെ തൃക്കൈകളാല്‍, നമ്മുടെ സമുദായത്തിന് ദൈവിക പരിഷ്കാര സൗധത്തിന്‍റെ അടിസ്ഥാനക്കല്ലോ എന്നു തോന്നുംവണ്ണം പ്രതിഷ്ഠിക്കപ്പെട്ട ഈ ദിവ്യമായ മഹാദേവലിംഗത്തില്‍ നിന്നുമാണ് ഇതിന്‍റെ പരമാര്‍ത്ഥമായ ആദിചരിത്രം ആരംഭിച്ചു കാണുന്നത്.

'പരോപകാരാര്‍ത്ഥമിദം ശരീരം' - എന്ന തത്വം സ്വാമിയുടെ ജീവിതചരിത്രത്തിന്‍റെ ഏതവയവത്തിലും പ്രത്യക്ഷമാണല്ലോ. അരുവിപ്പുറം ക്ഷേത്രയോഗം പരോപകാരതല്പരനായ സ്വാമിയുടെ ഉദ്ദേശ്യങ്ങളെ നിറവേറ്റുന്നതിനു വേണ്ടിടത്തോളം ശക്തിയോ വ്യാപ്തി യോ ഉള്ളതല്ലെന്നു കണ്ടിട്ട് അദ്ദേഹം തന്നെ അതിനെ പരിഷ്കരിപ്പാന്‍ ഉദ്ദേശിച്ചപ്പോഴാണ് സങ്കല്‍പ്പമാത്രമായ നമ്മുടെ ഇപ്പോഴത്തെ ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം ആരംഭിച്ചത്. ആ സങ്കല്‍പ്പത്തെ സഫലീകരിക്കുന്നതിനു ടി ക്ഷേത്രയോഗത്തിനു സ്വാമികള്‍ തന്നെ നോട്ടീസു കൊടുക്കുകയും ടി ക്ഷേത്രയോഗം ഒരു ജോയിന്‍റു സ്റ്റോക്കു കമ്പനിയായി രജിസ്റ്റര്‍ ചെയ്ത് നടത്തേണ്ടതാണെന്നുള്ള സ്വാമിയുടെ ആഗ്രഹത്തെ എല്ലാ യോഗാംഗങ്ങളും ഒന്നു പോലെ സമ്മതിക്കുകയും ചെയ്തു.'

ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുക, ഈഴവർ, തീയർ തുടങ്ങിയ അവശ സമുദായങ്ങളെ സാമൂ‍ഹികവും ആത്മീയവുമായ പുരോഗതിയിലേക്ക് നയിക്കുക, സന്യാസമഠങ്ങളും വിദ്യാഭാസ സ്ഥാപനങ്ങളും സ്ഥാപിക്കുക, തുടങ്ങിയവയായിരുന്നു യോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ.

ഗുരുദേവൻ യോഗത്തിന്റെ ആജീവനാന്ത അധ്യക്ഷനായിരുന്നു. ഉപാധ്യക്ഷന്മാരെ ഓരോ വര്‍ഷത്തേക്കും തിരഞ്ഞെടുത്തു. ആദ്യത്തെ ഉപാധ്യക്ഷൻ ഡോ.പല്പു ആയിരുന്നു. സെക്രട്ടറി കുമാരനാശാനും. അദ്ദേഹം ആ പദവിയില്‍ പതിനാറു വര്‍ഷം തുടര്‍ന്നു.

ഉല്പതിഷ്ണുവായിരുന്ന ഡോ. പല്‍പുവിന് എല്ലാ കാര്യങ്ങളിലും ഉറച്ച അഭിപ്രായങ്ങളുണ്ടായിരുന്നു. സാധാരണക്കാരുടെ ദാരിദ്ര്യനിവാരണത്തിന് കുടില്‍-ചെറുകിട വ്യവസായങ്ങളില്‍ പരിശീലനം നല്‍കുകയും കാര്‍ഷിക രംഗങ്ങളില്‍ ഉല്പാദനവര്‍ദ്ധനവിന് ഉതകുന്ന നവീന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയുമാണ് ഏക പോംവഴിയെന്നു ഉറച്ചു വിശ്വസിച്ചു.

അതിന്റെയൊക്കെ ഫലമായിരുന്നു ഹിന്ദുസമൂഹം ആർജ്ജിച്ചെടുത്ത മുന്നേറ്റം. ഇന്ന് യോഗത്തിന്റെ 117അമത് സ്ഥാപന ദിനവും ഐക്യദീപവും ഒക്കെ ആചരിക്കുമ്പോൾ നമ്മളോർക്കേണ്ടത് എന്തായിരുന്നു യോഗത്തിന്റെ ജന്മലക്ഷ്യം എന്നതാണ്.

"എന്റെ ശവകുടീരത്തിനരികത്ത് ഒരു ഈഴച്ചെമ്പകത്തൈ നടണം. അത് വളര്‍ന്ന് ശിഖരങ്ങള്‍ പടര്‍ത്തി ആറടിമണ്ണിനെ പൊതിഞ്ഞു നില്‍ക്കട്ടെ. ദിവസവും ഒരു പൂവെങ്കിലും ആ ചെമ്പകമരത്തില്‍നിന്ന് ഉതിര്‍ന്ന് എന്റെ ശിഷ്ടമായി മാറിയ മണ്ണില്‍ പതിക്കട്ടെ. ആ പൂമണം അറിഞ്ഞ് അതിന്റെ സ്നിഗ്ധതയിലാവണം എന്റെ അന്ത്യ ഉറക്കം…"

നന്ദൻകോട്ടുള്ള ഡോക്ടർ ഉറങ്ങുന്ന മണ്ണിൽ ആ അഭിലാഷം പൂത്തണിഞ്ഞു നിൽപ്പുണ്ട്. പുറത്ത് ഹിന്ദു സമൂഹവും. ഒരുപാടിനിയും നേടാനുണ്ട്. ഒരു നൂറുകൊല്ലം പുറകിൽ പോയി ബാംഗ്ലൂരിലെ ആ സായാഹ്നവും അരുവിപ്പുറത്തെ ആ മണൽത്തിട്ടയും ഒക്കെ കണ്ടു വരേണ്ടതുണ്ട് നമ്മൾ. എന്നാൽ മാത്രമേ ഇന്ന് നമ്മളനുഭവിക്കുന്ന രണ്ടാം കിട പൗരന്മാരെന്ന മേലങ്കി വലിച്ചെറിഞ്ഞു മുന്നോട്ടു കുതിക്കാനാകൂ.

പോസ്റ്റ് സ്‌ക്രിപ്റ്റ്:

വിദ്യ കൊണ്ട്‌ പ്രബുദ്ധരാകുക,
സംഘടിച്ച് ശക്തരാകുക

എന്നതിന്റെ കൂടെ..
സ്വാശ്രയത്വത്തിലൂടെ മുന്നേറുക.

ഇതാണ് ഇന്നിന്റെ ഗുരുവചനം

Leave a comment

Website Powered by WordPress.com.

Up ↑