1984ലെ ലോക്സഭാ ഇലക്ഷൻ. ബിജെപി ആദ്യമായി നേരിടുന്ന പാർലമെന്റ് ഇലക്ഷൻ. ഗുണയിൽ മത്സരിച്ചു കൊണ്ടിരുന്ന മാധവറാവു സിന്ധ്യയെ രാജീവ് ഗാന്ധി അവസാനമണിക്കൂറിൽ മറുകണ്ടം ചാടിച്ച് ഗ്വാളിയോറിൽ മത്സരിപ്പിച്ചു. അവിടെയായിരുന്നു അടൽജി മത്സരിക്കേണ്ടിയിരുന്നത്. അത് പക്ഷെ അടൽജിയെക്കാൾ തകർത്തു കളഞ്ഞത് രാജമാതാ വിജയ രാജേ സിന്ധ്യയെ ആയിരുന്നു.
മാധവറാവുവിനെക്കാൾ മുന്നേ അവർക്ക് മറ്റൊരു മകനെ കിട്ടിയിരുന്നു. അടൽ ബിഹാരി വാജ്പേയീ ആര്യ സമാജക്കാരനും ആർ എസ് എസുകാരനും ഒക്കെ ആവുന്നതിനു മുന്നേ അവരുടെ മകനായിരുന്നു. അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ച അച്ഛൻ രണ്ടു പെങ്ങന്മാരുടെ കല്യാണം കൂടി നടത്തി കടത്തിലായിപ്പോയപ്പോൾ ആ കുടുംബത്തിൽ നിന്ന് പഠനം പൂർത്തിയാക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലാതെ വന്നു. 21 ആചാരവെടിക്കധികാരമുണ്ടായിരുന്ന ഗ്രീസിന്റെ വലിപ്പമുള്ള ആ നാട്ടുരാജ്യത്തിന്റെ മഹാരാജാവായിരുന്ന ജീവാജി റാവു സിന്ധ്യ ആയിരുന്നു മാസം 75 രൂപ സ്‌കോളർഷിപ്പ് കൊടുത്തു കാൻപൂറിലെ DAV കോളേജിലേക്ക് അടൽജിയെ നിയമബിരുദം നേടാൻ അയച്ചത്.

അവിടുന്നാണ് അദ്ദേഹം സംഘവുമായി ബന്ധപ്പെടുന്നത്.
ആ അവസാന മണിക്കൂറിൽ ഭിൻഡിൽ കൂടി നോമിനേഷൻ കൊടുക്കാൻ അദ്ദേഹം ഓടിനടന്നെങ്കിലും സമയത്തിന് അത് സമർപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. സമയം കഴിയുമ്പോഴും അദ്ദേഹം ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കാതെ കാറിലായിപ്പോയി. ഒരു വാക്കുപോലും സിന്ധ്യ കുടുംബത്തിനെതിരെ ഉച്ചരിക്കാതെ ആയിരുന്നു അദ്ദേഹത്തിന്റെ “അസാധാരണമായിരുന്ന” ഇലക്ഷൻ പ്രചാരണം. ഗ്വാളിയോറിലെ മഹാരാജാവിന് മുന്നിൽ അദ്ദേഹം പൊരുതി പരാജയപ്പെടുകയും ചെയ്തു. അടൽജിയെ മറ്റൊരു സ്ഥലത്തും പ്രചാരണത്തിന് പോകാൻ അനുവദിക്കാതെ ഗ്വാളിയോറിൽ തളച്ചിടണമായിരുന്നു എന്നു രാഷ്ട്രീയമായ വാശിയുന്നള്ളവർ അന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം തന്റെ ആത്മകഥയിലെഴുതി.
2001ൽ മാധവറാവു സിന്ധ്യ വിമാനാപകടത്തിൽ മരിച്ചപ്പോൾ അടൽജി ഇന്ത്യയുടെ പ്രധാന മന്ത്രി ആയി കഴിഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന്റെ നിർദേശാനുസരണം കേന്ദ്രമന്ത്രി അരുൺ ജയറ്റ്ലി ആയിരുന്നു വിമാനത്തിൽ മൃതദേഹത്തെ അനുഗമിച്ചതും.
‘ആ മിന്നൽപിണർ മറഞ്ഞു. വിധിക്കെങ്ങനെ ഇത്ര ക്രൂരമാകാൻ കഴിയും’. അടൽജി എഴുതി
അത്ര ഊഷ്മളമായൊരു ബന്ധം അദ്ദേഹം മരണം വരെയും അദ്ദേഹം ആ കുടുംബവുമായി സൂക്ഷിച്ചു പോന്നു.

അടൽജിയുടെ മരണവാർത്തയറിഞ്ഞ ജ്യോതിരാദിത്യ സിന്ധ്യ കോണ്ഗ്രസ് പ്രചാരണ വേദിയിലെ തന്റെ പ്രസംഗം പാതിവഴിക്ക് അവസാനിപ്പിച്ചാണ് അടൽജിയെ കാണാൻ ഡൽഹിയിൽ എത്തിയത്. തലമുറകളിലൂടെ അങ്ങനെ ഒരു ബന്ധം കൂടിയുണ്ട്. അദ്ദേഹത്തിന്റെ നശ്വര ദേഹത്തിനു മുന്നിൽ നിറകണ്ണുകളോടെ നമസ്കരിക്കുന്ന ചിത്രം കൂടി ശ്രദ്ധാഞ്ജലിയുടെ ഭാഗമായി നിങ്ങൾക്ക് കാണാം.
Leave a comment