
പഴയൊരു കഥയാണ്.. പഴങ്കഥയല്ല..:)
രാമകൃഷ്ണദേവൻ പതിവുപോലെ ധ്യാന നിരതനായി.. അയാൾ പതിയെ പുറത്ത് കടന്ന് ആ പടികളിൽ വന്നിരുന്നു. മനസ്സിലേക്ക് കൂടണയുന്ന കിളികളെ എന്നപോലെ പലചിന്തകളും പറന്നകന്നു പോയി. അയാളോർത്തു. വെറും രണ്ടാം ക്ലാസ്സ് വരെ മാത്രം വിദ്യാഭ്യാസമുള്ള സാധാരണക്കാരൻ.. തന്നെപ്പോലെ ഒരു ബിരുദധാരിയെപ്പോലും ഒരു കാന്തത്തിലേയ്ക്കെന്ന പോലെ വലിച്ചെടുപ്പിച്ചു നിർത്തുന്നു. എന്തൊരു മായാജാലമാണ് ഗുരുദേവൻ എന്നോട് കാണിച്ചത്. മനസ്സിലാകുന്നില്ല..!
സന്ദേഹ വാദിയായി ഈശ്വരനെത്തേടി വന്ന നരേന്ദ്രനെ നിമിഷങ്ങൾ കൊണ്ടാണ് അദ്ദേഹം നിഷ്പ്രഭനാക്കികളഞ്ഞത്. “ഈശ്വരനെ കണ്ടിട്ടുണ്ടോ!” എന്ന് ചോദ്യമെറിഞ്ഞു കൊണ്ടാണ് നരേന്ദ്രൻ ഓരോ സാധു സന്ത് സന്യാസി ശ്രേഷ്ഠന്മാരെയും നേരിട്ടത്. ചിലർ കണ്ടില്ലെന്നു പറഞ്ഞു.. കാണാനുള്ള ശ്രമത്തിലാണത്രെ..!
ചിലർക്ക് നിശ്ചയമില്ല കണ്ടോ ഇല്ലയോ എന്ന്.. കണ്ടത് സത്യമോ മിഥ്യയോ എന്ന് സന്ദേഹിച്ചു നടക്കുന്നവരെയും കണ്ടു അയാൾ. യാത്ര ഒടുവിലെത്തിയത് പരമഹംസരുടെ അടുത്തത്രേ..!
താത്വിക തലങ്ങളിലേക്കോ ദീർഘ നിശ്വാസങ്ങളിലേക്കോ അർധനിമീലിത കടാക്ഷങ്ങളിലേക്കോ കടക്കാതെ ചെറു പുഞ്ചിരിയോടെ മറുപടി വന്നു.
“നിന്നെ കാണുന്നതിനേക്കാൾ വ്യക്തമായി ഞാനീശ്വരനെ കാണുന്നുണ്ട്”.
കണ്ണടച്ചു കൊണ്ട് ഉള്ളിലേയ്ക്ക് നോക്കി സമാധിയുടെ അവസ്ഥയിൽ ഈശ്വരനെ ദര്ശിക്കുന്നവരെ തിരക്കി നാട് മുഴുവനുമലഞ്ഞ നരേന്ദ്രൻ ഞെട്ടി. അയാളുടെ യാത്ര അവിടുന്ന് തുടങ്ങി..
അങ്ങനെ എത്രയെത്ര ദീപങ്ങൾ ഗുരുദേവനിൽ നിന്ന് പകർന്നു ജ്വലിച്ചിരിക്കുന്നു. അയാളോർത്തു. ഈശ്വരനെ നേരിട്ട് കാണുന്ന മനുഷ്യൻ.. അദ്ദേഹം എന്നിട്ടും വീണ്ടും വീണ്ടും ജപവും സാധനയുമായി ദിനവും മുഴുകുന്നു. അതിന്റെ കാര്യമെന്ത്.!! ആവശ്യമില്ലാതെ സമയം കളയുന്നതല്ലേ ശരിക്കും.! ചിലപ്പോൾ ശീലങ്ങൾ ശീലക്കേടുകൾ ആകാറുണ്ടല്ലോ.. ഗുരുദേവനും അതുപോലെ നിർത്താനാകാതെ പോയ ശീലക്കേടാവും ഇതും. ചിന്തകൾ അങ്ങനെ കടന്നുപോയി..
ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർന്ന് ശുദ്ധിയാകാൻ പോകുന്നേരം ആ ചോദ്യം അയാൾ ഗുരുദേവനോട് തന്നെ ചോദിച്ചു. അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് ശൗചം ചെയ്യാൻ ഉപയോഗിക്കുന്ന ഓട്ടുപാത്രവുമായി നടന്നകന്നു. തിരികെ വന്ന് പതിവിനു വിപരീതമായി അദ്ദേഹം ആ പാത്രത്തെ തേച്ചു വിളക്കാൻ നിൽക്കാതെ ഉപേക്ഷിച്ചു. തൊടുന്നതെല്ലാം പൊന്നാക്കുന്ന സ്വഭാവമുണ്ട് അദ്ദേഹത്തിന്. തന്റെ ചോദ്യം ഗുരുദേവനെ ഉലച്ചു കാണും. അദ്ദേഹം ആലോചനയിലാണ്. അലക്ഷ്യമായി തന്റെ ചിട്ടവട്ടങ്ങളെ മറികടക്കുന്ന ശീലം യമനിയമാദികൾ വിധിപോലെ പാലിക്കുന്ന ഗുരുദേവനില്ലല്ലോ. നോക്കാം.. അദ്ദേഹത്തിന്റെ കാര്യങ്ങൾ സ്വയം തീർക്കണമെന്ന നിർബന്ധ ബുദ്ധിയുണ്ട് താനും.
ആ ദിനം കടന്നു പോയി.
പിറ്റേന്നും ഇത് തന്നെ സംഭവിച്ചു. പിന്നീടുള്ള ദിനങ്ങളിലെ ആവർത്തനം അയാളുടെ മനസ്സിൽ നൂറായിരം വ്യാകുലതകളായി നിറഞ്ഞു. പൗർണമിയോടടുത്തപ്പോഴേയ്ക്കും സ്വർണപ്പത്രം പോലെയിരുന്ന ആ വസ്തു കറുത്ത് കരുവാളിച്ചിരുന്നു. അവിടവിടെ പൊട്ടുകൾ പോലെ ക്ലാവ് പിടിച്ചിരിക്കുന്നു. അയാൾക്ക് കാര്യം മനസ്സിലായി. ഇത് എനിയ്ക്കുള്ള മറുപടിയാണ്. മൗനം ബോധനമാക്കിയ ഗുരു പരമ്പരയുടെ തണലിലാണ് ഞാനിന്നു നിൽക്കുന്നത്.
അതെ.
ഓരോ കർമവും ആരാധനയാണ്. ആ ഓട്ടുപാത്രത്തിന്റെ തിളക്കം നിത്യാരാധനയിലൂടെ നേടിയതാണ്. അത് നിന്നാൽ കൊറോഷൻ ഉണ്ടാവും. കൊറോഷൻ കൺട്രോൾ വളരെ അധികം സാധ്യതകൾ ഉള്ള മേഖലയാകും. പക്ഷെ സ്വാഭാവികത നശിച്ചാൽ ആ മൂടുപടങ്ങളൊക്കെ പൊഴിയും. അങ്ങനെ കൊഴിയാതിരിക്കാൻ നിത്യം ഉരച്ചു നോക്കാൻ ഒരു കല്ലുണ്ടാകട്ടെ. ക്ലാവ് പിടിക്കാതെ നിത്യം തിളങ്ങിയിരിക്കാൻ നിത്യാരാധന സാധനയാകട്ടെ..
Leave a comment