നിബദ്ധനിഹ ഞാൻ..

ഒരു സമയം കഴിയുമ്പോൾ നമുക്ക് കൂടെയുള്ള പലരും ഒറ്റയ്ക്ക് ജീവിക്കാൻ നമ്മളെ വിട്ടിട്ട് പോകുന്നത് നമ്മൾ കണ്ടുനിൽക്കാറില്ലേ. ഒന്നും ചെയ്യാനില്ലാതെ.

നിങ്ങൾക്ക് കൂട്ടായി കുറെ ഓർമകളെ വിട്ടിട്ടാണ് അവർ പോകുന്നതെങ്കിലോ.

2006ലാണ്..
സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ശ്രീ ഗുരുജി ഗോൾവൽക്കറുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു ചെറിയ പ്രഭാഷണം കോലിയക്കോട് ജംഗ്ഷനിൽ സംഘടിപ്പിച്ചു. അന്ന്, ആ പരിപാടിയ്ക്ക് മുൻപ് വ്യക്തിഗീതം ആലപിക്കാൻ ഒരു ചന്ദനക്കളർ ഷർട്ടും വെള്ളമുണ്ടും ഉടുത്തുകൊണ്ട് ഒരു മനുഷ്യൻ സ്റ്റേജിൽ കയറി. പുഞ്ചിരിക്കുന്ന മുഖവുമായി ഒരു ഗീതം ഇമ്പമുള്ള സ്വരത്തിൽ പാടിത്തീർത്തു.

"…മാറിടം കീറിപ്പിളർക്കുന്ന മക്കളെ..
മാറോടു ചേർത്തുകൊണ്ടമ്മ കരയുമ്പോൾ..
ജീവിതം ഹോമിച്ചു നേടിയ സ്വാതന്ത്ര്യം..
കാക്കുവാൻ പൂർണ്ണസമർപ്പണം ചെയ്തിടാം..

ജയ ജയ ഭാരത ധരണീ മാതേ
ജയ ജയ പാവനചരിതേ.."

ഒരു നൂറുതവണ പിന്നീട് ഈ ഗീതം കേട്ടിട്ടുണ്ട്. പക്ഷെ ഉള്ളറിഞ്ഞു വിതുമ്പിപ്പാടുന്ന ആ ഫീലിംഗ് പകരാൻ വേറൊരിക്കലും വേറെ ആരിലൂടെയും അതേ വരികൾക്ക് കഴിഞ്ഞിട്ടില്ല. അങ്ങനെ അന്ന് വഴയ്ക്കാട് അശോക് കുമാർ എന്നൊരു മനുഷ്യനെ പരിചയപ്പെട്ടു.

പിന്നീട് ഏതു പാതിരാത്രിയിലും പോസ്റ്റർ ഒട്ടിക്കാനും ജന്മാഷ്ടമിക്ക് കൊടികെട്ടാനും കിരീടം ഉണ്ടാക്കാനും കുരുത്തോല വെട്ടാനും ഒരു മടിയും കൂടാതെ ആ മനുഷ്യൻ കൂടെയുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ ചിലപ്പോൾ ജോലിക്ക് പോകേണ്ടതുണ്ടാവും. അതൊന്നും സംഘകാര്യം ചെയ്യുമ്പോൾ തടസ്സമല്ലല്ലോ. ആ മനുഷ്യനേ ഉണ്ടായിരുന്നുള്ളൂ ഞങ്ങൾക്ക് ഏതു സാഹചര്യത്തിലും വിളിച്ചുണർത്തി കൂടെ പോകാൻ വിളിക്കാൻ. ചിലപ്പോൾ അമ്പാടി അരുണേട്ടനും.

വഴയ്ക്കാട് സിപിഎമ്മിന്റെ ശക്തമായ പ്രവർത്തനം ഉണ്ടായിരുന്ന സ്ഥലമായിരുന്നു. നിരവധി പ്രാദേശിക നേതാക്കന്മാരെ സംഭാവന ചെയ്ത സ്ഥലം. ഡിവൈഎഫ്ഐയിലൂടെ ആണ് അശോകൻ ചേട്ടൻ പൊതുപ്രവർത്തനം തുടങ്ങുന്നത് തന്നെ. പിന്നീട് കുറച്ചുകാലം പ്രവാസിയായി ജീവിച്ചു. അവിടെ വെച്ചാണ് ഇസ്‌കോണിലൂടെ ഭഗവത്ഗീത പഠിക്കാനുള്ള അവസരം ഉണ്ടായത്. തിരിച്ചു വന്ന അശോകൻ ചേട്ടനുൾപ്പെടെ ഉള്ളവർ ചേർന്നാണ് മറ്റു പ്രസ്ഥാനങ്ങൾക്ക് ബാലികേറാമലയായ വഴയ്ക്കാട് ഹിന്ദു ഐക്യ വേദിയുടെ പ്രവർത്തനം തുടങ്ങുന്നത്. നിരവധി ചെറുപ്പക്കാർ അന്ന് അതിന്റെ ഭാഗമായി. പിന്നീട് കോലിയക്കോട് നിന്ന് വിവാഹം കഴിച്ച അദ്ദേഹം പിന്നീട് കോലിയക്കോടിന്റെ മരുമകനായി.

അതിനിടയ്ക്ക് എത്ര ജന്മാഷ്ടമികൾ, എത്ര റൂട്ടുമാർച്ചുകൾ..

ഗുരുദക്ഷിണ സമർപ്പിക്കാൻ ഗംഗാജലി ചെയ്യുന്ന ശീലം കോലിയക്കോട് ശാഖയിൽ ഉണ്ടാക്കിയെടുത്തത് പോലും അശോകേട്ടനാണ്. ഒരു തുണിസഞ്ചിയിൽ പൊതിഞ്ഞ ചില്ലറത്തുട്ടുകളുമായിട്ടാണ് അശോകേട്ടൻ ഗുരുദക്ഷിണ ചെയ്യാനെത്തുക.

ഭാരതീയ ജനതാപാർട്ടിയുടെ ചുമതലയേറ്റെടുത്ത് അതിന്റെ മാണിക്കൽ പഞ്ചായത്തു സെക്രട്ടറിയെന്ന ഉത്തരവാദിത്തത്തിൽ ഇരിക്കുമ്പോഴാണ് വി മുരളിയേട്ടന്റെ യാത്ര വരുന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നുകൊണ്ടാണ് അത്രയും വിജയകരമായി ആ പരിപാടി പൂർത്തിയാക്കിയത്. ആ കാശു തന്നെ എന്തെങ്കിലും തിരിച്ചു കിട്ടിയോ എന്നത് തന്നെ സംശയമാണ്.

വിവി രാജേഷേട്ടൻ നെടുമങ്ങാട് മത്സരിച്ച ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കോലിയക്കോട് നേടിയ മുന്നേറ്റത്തിൽ അശോകൻ ചേട്ടന്റെ വിയർപ്പുമുണ്ട്. നമ്മുടെ ഇൻ ഏജന്റ് ആയി ഇരിക്കാൻ പോന്നത്രയും കോലിയാക്കോട്ട് ജനിച്ചു വളർന്നവരെക്കാൾ പരിചയവും ബന്ധങ്ങളും വന്നു കയറിയ അദ്ദേഹത്തിനുണ്ടായിരുന്നു.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടക്കുന്ന സമയത്ത് പണ്ടൊക്കെ കുട്ടികളെ കൃഷ്ണവേഷം കെട്ടിച്ച് പോത്തൻകോട്ടുകാരുടെ പരിപാടിയുടെ കൂടെ പോകലായിരുന്നു പതിവ്. പിന്നീട് അത് മണ്ഡലത്തിന്റെ പരിപാടിയായി മാറി. പ്ലാക്കീഴോ പുളിമാത്തോ മുറമേലോ ഒക്കെയാവും പരിപാടി. പത്തുമുപ്പത് കുട്ടികളെയും ഒരുക്കി ഒരു വാനിലും മറ്റുമായി എവിടെയെങ്കിലും പരിപാടികളിൽ പങ്കെടുക്കുന്നതായിരുന്നു അന്നത്തെ രീതി. ഒരു എണ്പത് നൂറു പേര് കാണും ആകെ.

2012ൽ ആദ്യമായി കോലിയക്കോട് സ്വന്തമായി ഒരു പരിപാടി വേണം എന്നൊരു തീരുമാനം ഉണ്ടായി. അന്ന് അതിനു തന്റേടത്തോടെ ഏറ്റെടുക്കാൻ കൂടെ മടിച്ചു നിന്നവർ പോലും മുന്നോട്ടു വന്നത് ഇവരൊക്കെ ഉള്ളത് കൊണ്ടാണ്. എണ്പതുപേരുടെ പരിപാടി രണ്ടായിരം പേരുടേതാക്കിയത് അങ്ങിനെയാണ്.

യുവകേസരി സേവാസമിതിയുടെ രൂപീകരണം, പരിപാടികൾ, വിവേകായനം, സേവാസംരംഭങ്ങൾ.. ആംബുലൻസ് സർവീസ്.. പാലിയേറ്റിവ് കെയർ യൂണിറ്റ്.. ഓരോന്നായിട്ടിങ്ങനെ മനസ്സിൽ കൂടി കടന്നു പോകുമ്പോൾ.. മനസ്സിൽ എല്ലാം പെട്ടെന്ന് ബ്ളാങ്ക് ആകുന്നു. ഒരു മരവിപ്പ്.. നിർവികാരത..

ഇതിനിടയിലാണ് ഒരു ദിവസം പ്രിജുച്ചേട്ടൻ സംസാരിക്കുന്നതിനിടയ്ക്ക് അശോകൻ ചേട്ടന്റെ രോഗവിവരം പറയുന്നത്. സീരിയസ് ആണ് എന്ന് പറയുമ്പോഴും മനസ്സിൽ വല്ലാത്തൊരു പ്രതീക്ഷ ഉണ്ടാകുമല്ലോ. ഒന്നും സംഭവിക്കില്ല എന്നൊരു ശുഭാപ്തി വിശ്വാസം. പക്ഷെ ഒരു പകൽ പെട്ടെന്ന് ആ മനുഷ്യനങ്ങ് പോയി.

അശോകൻ ചേട്ടൻ പോയിട്ട് വർഷം ഒന്നാകുന്നു. ഇന്നും ഈ നിമിഷവും അതു വിശ്വസിക്കാനായിട്ടില്ല.

അന്ത്യപ്രണാം കൊടുക്കാനോ ഒരു നോക്കു കാണാനോ എനിക്ക് കഴിഞ്ഞില്ല. പക്ഷെ അതിലൊട്ടു വിഷമവുമില്ല.

ഏതു പാതിരാത്രിയിലും വിളിച്ചാൽ മറുപുറത്തൊരു നമസ്തേ പറയാൻ ഒരാളുണ്ടാകും എന്ന വിശ്വാസമില്ലേ. നിൽക്ക്.. ഞാനും കൂടി വരാം എന്നുമാത്രം മറുപടി പറയുന്നൊരാൾ ഉണ്ടാകും എന്ന വിശ്വാസം.. ആ വിശ്വാസവുമായി അശോകേട്ടൻ അവിടെ ജീവനോടുണ്ട്. അതുമതി.

അശോകൻ ചേട്ടൻ എനിക്ക് എന്തായിരുന്നു എന്നത് ഒരു സംശയമാണ്. അധികാരവും അംഗീകാരവും ഇല്ലാത്ത കാലത്ത് സംഘടനാ പ്രവർത്തനം ചെയ്യാൻ മുന്നിട്ടിറങ്ങി വന്നവരാണവർ. അവരുടെ തലമുറ.

പത്തു പതിനെട്ട് വയസ്സുള്ള രണ്ടു പയ്യന്മാർ തുമ്പി കല്ലെടുക്കുന്ന പോലെ ഒറ്റമുണ്ടുമുടുത്ത് തുണിസഞ്ചിയും തൂക്കി സംഘടന പറയുന്നതൊക്കെ ഒന്നുമില്ലാത്തൊരു മണ്ണിൽ ചെയ്യാനിറങ്ങുന്നത് കണ്ട് കരയ്ക്കിരുന്നു കളികാണാതെ കൂടെ വന്നതിന്റെ കടപ്പാടാകുമോ ആ മനുഷ്യനോട്. അതോ എന്തും തുറന്നു പറയാവുന്ന സ്വാതന്ത്ര്യം തന്നിരുന്ന ഒരു ജ്യേഷ്ടനോടുള്ള സ്നേഹമോ..

അറിയില്ല..!!

Leave a comment

Website Powered by WordPress.com.

Up ↑