Lest thou Forget

കല്യാണത്തിന് രണ്ടു മൂന്നു ദിവസം മുന്നേ ഒരു പോലീസുകാരൻ അന്വേഷിച്ചു വീട്ടിൽ വന്നു.

ഒന്നരക്കൊല്ലം മുൻപ്.

അമ്മയാണ് വീട്ടിലുണ്ടായിരുന്നത്. എനിക്ക് കേസിന്റെ സമൻസ് നൽകാനാണ് വന്നത് എന്ന് അയാൾ പറഞ്ഞപ്പോ അമ്മയൊന്നു തകർന്നു.

“മോനോട് കല്യാണത്തിന്റെ തലേ ദിവസം കോടതിയിൽ ഹാജരാകണം എന്നു പറയണം.”

“വാദിയാണ്. മൊഴികൊടുക്കണം. നിങ്ങളെക്കൂടെയെ ഇനി വിസ്തരിക്കാനുള്ളൂ.”

അതെന്നോട് മാത്രമേ പറഞ്ഞുള്ളൂ.
ഇങ്ങനൊരു വക നടക്കുന്നുണ്ട് എന്ന വിവരം തന്നെ അറിഞ്ഞിരുന്നില്ല.

കല്യാണത്തിന്റെ തലേന്നോ?

“അപ്പൊ പ്രോസിക്യൂട്ടർ ?? “
“അതൊരു സിപിഐയുടെ മുതിർന്ന നേതാവാണ്.”

“പ്രതികൾ പഴയ എസ് എഫ് ഐക്കാരാണ്.”

“അത് പണ്ടല്ലേ.”
ഇപ്പോ ഡിവൈഎഫ്ഐ. ചിലർ ചാനലുകളിൽ മാദ്ധ്യമ സിഐടിയു.

“സാക്ഷികൾ??!!.”
“അവരെയൊക്കെ എന്നേ വിസ്തരിച്ചു. നിങ്ങളറിഞ്ഞില്ലേ?”

“അതെങ്ങനെ?. കോർട്ട് പിസി അല്ലെ എല്ലാവർക്കും സമൻസ് കൊടുക്കുന്നത്. ഞാനറിയണമെങ്കിൽ നിങ്ങളറിയില്ലേ.”

കല്യാണ ലെറ്റർ എടുത്തു കയ്യിൽ കൊടുത്തിട്ട് അതൊന്നവധിക്കു വെക്കാൻ പറഞ്ഞു.

കല്യാണം കഴിഞ്ഞു.

പോയി പിപിയെ കണ്ടു.
പുള്ളി നിസംഗതയോടെ പറഞ്ഞു.

“സാക്ഷികളെയൊക്കെ വിസ്തരിച്ചു. അവരാരും കണ്ടില്ലെന്നാണ് പറഞ്ഞത് കേട്ടോ. നിങ്ങളുടെ കൂട്ടുകാരനും കണ്ടില്ല എന്നാണ് പറഞ്ഞത്. അയാൾക്കോർമ്മയില്ല ഇവരാണോ പ്രതികളെന്ന്.”

ങേ. പട്ടാപ്പകൽ തിരുവനന്തപുരം സിറ്റിയുടെ നടുവിലിട്ട് നൂറുകണക്കിന് മനുഷ്യരുടെ മുന്നിൽ വെച്ച് ഒരു മറയുമില്ലാതെ വളഞ്ഞിട്ട് വെട്ടിക്കീറിയിട്ടും സാക്ഷികളില്ലേ. ഭേഷ്‌.

“ഇനി നിങ്ങള് മൊഴികൊടുത്തിട്ടും കാര്യമൊന്നുമില്ലല്ലോ.

ഹാജരാകണോ വേണ്ടയോ എന്നൊന്ന് ആലോചിക്കൂ.”

🙂

“ഇല്ല സാറേ. എനിക്കെല്ലാം ഓർമയുണ്ട്. എന്റെ കണ്ണിൽ നോക്കി തന്നെയാണ് എന്നെയവർ വെട്ടിയത്. ഞാൻ മൊഴി കൊടുക്കും. “

“ശരി. എന്നാപ്പിന്നെ നിങ്ങടെ ഇഷ്ടം പോലെ. അതുകൊണ്ട് കാര്യമൊന്നുമില്ല.”

കല്യാണം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോ അടുത്ത ഡേറ്റ്. വിരുന്നൂണിനും ഞങ്ങളുടെ കറക്കത്തിനും ഒരു ദിവസത്തെ അവധി. ഒക്കെ മാറ്റിവെച്ച് കോടതിയിൽ പോയി. വരാന്തയിൽ കാത്തു നിന്നു.

നിന്നു കാലു കഴച്ചുപൊട്ടിത്തുടങ്ങി. പയ്യെ അവിടുന്ന് നടന്ന് അടുത്തൊരു ബൈക്കിൽ ചാരി നിന്നു. ഫോണൊന്ന് ചിലച്ചു. മെസഞ്ചറിൽ നിന്നാണ്. എടുത്തു നോക്കിയപ്പോൾ നാട്ടിലെ ‘അറിയപ്പെടുന്ന’ സഖാവാണ്. ഇന്നേവരെ മെസേജ് ചെയ്യാത്ത, ഞാൻ കുഞ്ഞുനാൾ മുതൽ ചേട്ടാ എന്നു തികച്ചു വിളിക്കാതെ നടന്നിരുന്ന അയൽക്കാരനായ ഒരാളുടെ വക.

അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകൻ. രാഷ്ട്രീയം അവർക്കു പലതായിരുന്നെങ്കിലും അദ്ദേഹം നെറിയുള്ളവനായിരുന്നു. സ്നേഹമുള്ളവനും.

3ജിയും 4ജിയും മത്സരിച്ച് അവശനായി ഒടുവിൽ ആ ചിത്രം ഡൗണ്ലോഡായി. ആ മെസേജാണ് താഴെയുള്ളത്.

ഞാൻ അന്നവിടെ ഏതെങ്കിലും കേസിനു പോകുന്നുണ്ടെന്നോ ഇതാണ് കേസെന്നോ ഹിയറിങ്ങിന് വെയിറ്റ് ചെയ്യുവാണെന്നോ അയാളെങ്ങിനെ അറിഞ്ഞു എന്നറിയില്ല.

പണ്ട് പോണ്ടിച്ചേരിയിൽ എന്ജിനീയറിങ്ങിന് പോയ ഞാൻ അന്നേ ദിവസം യൂണിവേഴ്‌സിറ്റിയിൽ മൈഗ്രെഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ പോകുമെന്നും അവരെങ്ങിനെ അറിയാനാണ്. സാന്ദര്ഭികം മാത്രം.

കല്യാണത്തിന്റെ തലേദിവസം തന്നെ കേസ് വിളിപ്പിച്ചതും സാന്ദര്ഭികം.

എല്ലാം വെറും സാന്ദർഭികമായി സംഭവിച്ചതാകും..:)

ഒരുപാട് ഓടിക്കിതച്ച് ജീവിതം ഒരറ്റം എത്തിയപ്പോൾ അന്നുവരെ ഓടിച്ചതാര് എന്നുള്ളതിന് വ്യക്തമായ ചിത്രമുണ്ടായിരുന്നു. കലിയേക്കാൾ കര്മഫലത്തിൽ വിശ്വസിക്കാൻ പഠിപ്പിച്ചത് അച്ഛനാണ്. അതുകൊണ്ട് ഓടിയതിന്റെ ക്ഷീണമൊന്നും ഒരിക്കലും മനസ്സിലുണ്ടായിട്ടില്ല.

പക്ഷെ ഇപ്പൊ.. ഇപ്പൊ അറിയാതെ നെറ്റി ചുളിച്ചു പോയി.

എന്തിനു വേണ്ടിയാണ്. വെള്ളം കുടിപ്പിക്കാൻ മാത്രം എന്താണ് ഇത്രയ്ക്ക് വാശി തോന്നേണ്ടത്. എന്തു തെറ്റിന്.?!

ഒരു നെടുവീർപ്പിൽ തീർത്തു ബാക്കിയുള്ളതൊക്കെ.

ഇയാൾ തന്നെ അന്നേയ്ക്ക് രണ്ടാഴ്ച മുമ്പ് ട്രിവാൻഡ്രം ക്ലബ്ബിലെ സ്വീകരണപ്പന്തലിൽ എന്റെ തൊട്ടുപിന്നിൽ അയാളുടെ പാർട്ടിയുടെ പ്രാതിനിധ്യം ഉറപ്പിക്കാൻ തിക്കിത്തിരക്കി നിൽക്കുന്നുണ്ടായിരുന്നു എന്നത് അതിലേറെ രസകരമായ അനുഭവമാണ്. കല്യാണത്തിന്റെ വീസിയോയിൽ ഇന്നും അയാളെ കാണുമ്പോൾ ഇതോർക്കാറുണ്ട്.

വാളയാറിൽ സിപിഎം നേതൃത്വത്തിന് വേണ്ടി, അവർക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടി പ്രോസിക്യൂഷനും പോലീസും ചേർന്ന് ഒരു കേസ് തേയ്ച്ചു മാച്ചു കളഞ്ഞത് എനിക്ക് അല്പം പോലും അത്ഭുതമായി തോന്നിയില്ല. ഇതൊക്കെ ഇങ്ങനെയാണ് ഈ നാട്ടിൽ. കുറ്റകൃത്യം ചെയ്യാൻ പോകുന്നവനറിയാം താനിത് ചെയ്യുന്നത് മികച്ചൊരു ക്രിമിനൽ സംവിധാനത്തിന് വേണ്ടിയാണെന്ന്. ആരും ഇടപെടാനില്ലാത്ത വഴികളിൽ അതവർക്ക് സംരക്ഷണം തീർക്കുമെന്ന്.

ഇന്ന് അയാളില്ല.
കാലം കണക്കെടുത്ത വഴി അതും ഒലിച്ചു പോയി. ഒന്നേ അന്നും പ്രാർത്ഥിച്ചുള്ളൂ. ഇനി ഒരു ജന്മമുണ്ടെങ്കിൽ നല്ലൊരു മനുഷ്യനായി ജീവിക്കാൻ അയാൾക്ക് അവസരം ഉണ്ടാകണേയെന്ന്.

ഓസ്കാർ വൈൽഡ് എഴുതാറുണ്ടായിരുന്നു.

Always forgive your enemies –
nothing annoys them so much.

ശത്രുക്കളോട് എപ്പോഴും ക്ഷമിക്കൂ-
അതിലും ക്രൂരമായി അവരെ അലോസരപ്പെടുത്തുന്ന മറ്റൊന്നുമുണ്ടാവില്ല.

ഇന്നിപ്പോ ഇതോർത്തുപോയി.
ഓർക്കാതെ പറ്റില്ല.
ഇത്രയൊക്കെ ഉത്തരകാണ്ഡം വായിക്കാൻ മാത്രം ആ കേസ് ഉണ്ടായത് ഇന്നേക്ക് പതിനൊന്നു കൊല്ലം മുന്നേയാണ്.

Leave a comment

Website Powered by WordPress.com.

Up ↑