പതിനാറിടത്ത് ശരീരം ഇടർന്നറ്റു പോയിരുന്നു. ഇടത്തെ കൺപോള അറ്റുതൂങ്ങി കിടപ്പുണ്ടായിരുന്നു. കൈകൾ മുളയ്ക്കുന്നതിനു മുകളിൽ ഒരിറ്റു മാംസം പോലും ഉണ്ടായിരുന്നില്ല.
കൂടെയുണ്ടായിരുന്ന അനീഷ് കരയാണ്ടിരിക്കാൻ ഒരുപാട് പാടുപെട്ടു. “കണ്ണിലാണോടാ വെട്ട്” എന്ന് ചോദിക്കുമ്പോ അവൻ “ഒന്നുമില്ലെടാ.. അത് വെറും ചോരയാ” എന്നാശ്വസിപ്പിച്ചുകൊണ്ടേയിരുന്നു. എന്നെ ടാർജറ്റ് ചെയ്തപ്പോ അവനെ വാളോങ്ങി ഓടിച്ചു വിട്ടതായിരുന്നു. ലക്ഷ്യമേതെന്ന് അവർക്ക് നല്ല തിട്ടമുണ്ടായിരുന്നു. കൃത്യം തീർത്ത് അവർ പോയശേഷം അവൻ എന്നെത്തേടി ആധി പിടിച്ച് തിരിച്ചു വന്നതായിരുന്നു.
അക്കാലത്ത് രാത്രി ഒറ്റയ്ക്ക് തിരിച്ചു വരുമ്പോ ഭയമുണ്ട്. മനസ്സിൽ “നമസ്തേ സദാ വത്സലേ മാതൃഭൂമേ” എന്ന് ചൊല്ലിക്കൊണ്ടു വരും വീടെത്തും വരെ. മൃത്യഞ്ജയ മന്ത്രത്തെക്കാൾ ഇതായിരുന്നു മനക്കരുത്തിനു നല്ലത്. വന്നു പടി കയറിയാലേ അച്ഛൻ കഴിക്കാൻ പോകൂ.. കൂടെ അമ്മയും.. എന്നോടുള്ള ദേഷ്യം അമ്മയോട് വഴക്കു പറഞ്ഞു തീർക്കും ആ സാധു. അനീഷ് ആശ്വസിപ്പിക്കുമ്പോഴും നാവിൽ വന്നത് ആ വരികളാണ്.. നാല് വരിയിൽ കൂടുതൽ ചൊല്ലാൻ പറ്റുന്നില്ലായിരുന്നു. ചോര വാർന്നു തളർന്നു പോയിരുന്നു അപ്പോഴേക്കും.
അന്ന് മെഡിക്കൽ കോളേജിലെ കാഷ്യലിറ്റിയിലെ വരാന്തയിൽ കൂടി സ്‌ട്രെച്ചർ ഉരുണ്ടു പോകുമ്പോ കയ്യിലെ രാഖിയിൽ നിന്നും ചോരയിറ്റു വീഴുന്നത് കണ്ട അഡ്വ. ഐക്കര അനിലേട്ടനും ഉപേന്ദ്രേട്ടനും ആണ് ഓടി കൂടെ വന്നത്. അപ്പോഴാണ് ഞാനാണ് ആ കിടക്കുന്നത് എന്നിവർക്ക് മനസ്സിലായത്. അകത്തു കയറുമ്പോ ഒരു ഡോക്ടർ വന്നു. സേവഭാരതിയിൽ കഞ്ഞി വിളമ്പുമ്പോൾ പരിചയപ്പെട്ട ഡോക്ടർ വിഷ്ണു. നെടുമങ്ങാട്ടുകാരൻ. ഇന്നെവിടെയാണെന്ന് അറിഞ്ഞുകൂടാ. അപ്പൊ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ കൂടെ അടുത്ത് വന്നു നോക്കിയിട്ട് പറഞ്ഞു. “പേടിക്കണ്ട, ഞാൻ കൂടിയുണ്ട്. എല്ലാം ശരിയാകും” . ഞാനെന്റെ രണ്ടു തോളിലേയ്ക്കും നോക്കി. ഇടത്തേക്കണ്ണ് ചോര വീണു മറഞ്ഞിരിക്കുന്നുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ തിമിരം കൊണ്ട് ഇറച്ചിക്ക് വെട്ടിയ ചിത്രങ്ങളിലെ പോലെ രണ്ടു വലിയ മാംസക്കഷണങ്ങൾ. “ഇതെങ്ങനെ ശരിയാവും ഡോക്ടറേ..! ജീവിതം തീർന്നു”
സത്യത്തിൽ മനസ്സ് തകർന്നു പോയിരുന്നു. എൻജിനീയറിങ്ങിന് അഡ്മിഷൻ കിട്ടി ഒന്നര മാസം കഴിയുമ്പോഴാണ് ജീവിതം ഇങ്ങനെ മാറിയത്. കണ്ട സ്വപ്‌നങ്ങൾ, ചെയ്ത പ്ലാനുകൾ എല്ലാം കഴിഞ്ഞു. മനസ്സു മടുത്തുപോയി.
പക്ഷെ ആ മനുഷ്യൻ ആത്മവിശ്വാസം തന്നു. “ഇതിലും വലിയ മുറിവുകൾ ഞങ്ങൾ നിഷ്പ്രയാസം ശരിയാക്കാറുണ്ട്. ബിലീവ് അസ്.” ചാക്ക് തുന്നുന്ന പോലെ ആ മുറിവുകളെ വലിച്ചടുപ്പിച്ചു തുന്നിക്കെട്ടുമ്പോ ആ മനുഷ്യൻ നല്കിയ ആത്മവിശ്വാസം കൊണ്ടാണ് കണ്ണ് നിറയാത്തത് എന്നതാണ് സത്യം.
ആദ്യം ഓടിയെത്തിയത് മാമനാണ്. കോലിയക്കോട് മോഹൻജി. ജീവിതത്തിൽ ആദ്യം കണ്ട റോൾ മോഡൽ. ഒന്നും നേടാൻ വേണ്ടിയല്ലാതെ പൊതുപ്രവർത്തനത്തിൽ സംഘ പ്രേരണ കൊണ്ട് ഇറങ്ങിപ്പുറപ്പെട്ട മനുഷ്യൻ. അമ്മയെ കൂട്ടി വന്നത് തെക്കതിലെ ഉണ്ണിചേട്ടനാണ്. അവിടെ മാത്രം മനസ്സ് പതറി. എന്നാലും കരഞ്ഞില്ല. “മുറിവൊന്നുമില്ല. വെറുതെ ബാൻഡേജ് ചുറ്റി വെച്ചിരിക്കുകയാണ്” എന്ന് പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു ഞാൻ. നടന്നില്ല.കാരണം ബാൻഡേജ് ഇല്ലാതെ താടിയും വലത്തേക്കണ്ണും മാത്രമേ ഉണ്ടായിരുന്നുള്ളൂ അതിനു രണ്ടു ദിവസം മുന്നേ ആണ് അച്ഛന് മാസബലിയിട്ടത്.. അപ്പോഴും അമ്മ കാണിച്ച മനഃസ്ഥൈര്യം. കലിപൂണ്ടു നിന്നവരെ അമ്മയാണ് ആശ്വസിപ്പിച്ചത്. അവർക്കുള്ളത് ഈശ്വരൻ കൊടുത്തുകൊള്ളും എന്ന് ആ സാധു പറഞ്ഞുകൊണ്ടിരുന്നു.
അന്ന് അത് ചെയ്തവരൊക്കെയും ഇന്ന് തിരുവനന്തപുരത്തു തന്നെയുണ്ട്. ചിലർ പത്ര പ്രവർത്തകരാണ്. ചിലർ രാഷ്ട്രീയക്കാരും. ചിലർ ഇത് തൊഴിലാക്കി തറവാട്ടിൽ പോയും വന്നും ഇരിക്കുന്നു. അന്നത്തെ എസ് എഫ് ഐക്കാർ.. ഇന്നിന്റെ വാഗ്ദാനങ്ങൾ.. നാളെ തിരു നഗരസഭയിലെ സിപിഎം കൗൺസിലർമാർ എങ്കിലും ആവേണ്ടവർ.
ഇന്നലെ പനച്ചൂരാന്റെ ശബ്ദത്തിൽ കണ്ണീർ കനലുകൾ റിലീസ് ആയി. ഇത്രയും ഇപ്പൊ പേനയ്ക്ക് ഓർമ വന്നത് കണ്ണീർ കനലുകളിലെ രണ്ടു വരികളിൽ മനസ്സുടക്കി നിന്ന് പോയിട്ടാണ്.
“ഞെട്ടിപ്പിടഞ്ഞും പകച്ചുമാ രാത്രിയിൽ
വെട്ടേറ്റു താഴെപ്പതിയ്ക്കുമ്പോൾ ജീവനായ്
ആരാകിലെന്തവൻ യാചിച്ചു ചുറ്റിലും
പേരറിയാത്ത ചില യമകിങ്കരർ!
ആവും വിധം തന്റെ പ്രാണനെക്കാക്കുവാൻ
പാവം വൃഥാവിൽ ശ്രമിച്ചതുണ്ടാവണം.
ആയുധമേന്താത്ത കയ്യൊന്നു നീട്ടുവാൻ
ആരാനുമുണ്ടോ തിരഞ്ഞതുണ്ടാവണം. “
ഇത് ഞാനാണ്..
ഞാൻ അനുഭവിച്ചത്.
എന്റെ അമ്മ അനുഭവിച്ചത്.
ലൈബ്രറി കൗൺസിൽ കമ്യൂണിസ്റുകാരുടെ അട്ടിപ്പേറെടുത്ത സ്ഥലമായത് കൊണ്ട് കോലിയക്കോട് സരസ്വതി മന്ദിരം ഗ്രന്ഥശാലയിലും സോവിയറ്റ് പുസ്‍തകങ്ങൾക്കും കമ്യൂണിസ്റ്റ് സാഹിത്യത്തിനും യാതൊരു പഞ്ഞവും ഉണ്ടായിരുന്നില്ല. വായിച്ചത് കൂടുതലും അതായിരുന്നു. കൂടെ കുറെ പരിഷത് പ്രസംഗങ്ങളും. വളർന്നപ്പോ പൊത്തകത്തിൽ ഉള്ളതൊന്നും പ്രവൃത്തിയിൽ കണ്ടില്ല. ബാലസംഘത്തിൽ പോയതും എസ്എഫ്ഐയിൽ കണ്ടതും വേറെ എന്തൊക്കെയോ. എവിടെയാണ് ജനാധിപത്യം. എവിടെയാണ് ഇവരീ പറയുന്ന സമത്വം.
ഇതുപോലെ, ഒരുപക്ഷെ ഇതിനേക്കാൾ ഭയാനകമായ ജീവിതം നയിക്കുന്ന അമ്മമാരുണ്ട് കണ്ണൂരിൽ. “മകൻ ആറെസ്സെസ്സുകാരൻ ആണ്. രാത്രി ചിലപ്പോ അവൻ വന്നു തലവെട്ടിയെടുക്കും” എന്ന് പാർട്ടി പറഞ്ഞു വിശ്വസിപ്പിച്ചതിന്റെ പേരിൽ തലയണിക്കടിയിൽ വാക്കത്തി വെച്ചുറങ്ങുന്ന ഒരച്ഛന്റെ മകനെ ഞാൻ കണ്ടതും കണ്ണൂരാണ്. എന്തിനു വേണ്ടിയെന്നറിയില്ല ഒരു നാട്ടിലുമില്ലാത്ത മുഷ്‌കും ജനാധിപത്യ ധ്വംസനങ്ങളും അന്നാട്ടിലുണ്ട്. തൊഴിലെടുത്തു ജീവിക്കാൻ കഴിയാത്ത നീതേച്ചിയെ പോലുള്ള ഡോക്ടർമാരുണ്ട്. ഊരു വിലക്കിയ കാരണം വീട്ടിൽ ഒരിലയിട്ട് മകന് ചോറ് വിളമ്പാൻ കഴിയാതെപോയ അമ്മമാരുണ്ട്. കാണാപ്പുറം നകുലന്റെ തൂലികത്തുമ്പു പനച്ചൂരാനു വേണ്ടി കോറിയിട്ടത് അന്നേ മനസ്സു ചോദിച്ചിരുന്നു..
എത്രകൊന്നാലും മടുക്കാത്ത ഭൃത്യരെ-
പ്പ്രത്യയശാസ്ത്രം പെറുന്നതുണ്ടാവുമോ?
എത്രകൊന്നാലും മടുക്കാത്ത ഭൃത്യരെ-
ഈ പ്രത്യയശാസ്ത്രം പെറുന്നതുണ്ടാവുമോ?

Leave a comment