കോൺഗ്രസ്സിലെ വംശാധിപത്യം

1928ല്‍ കല്‍ക്കത്ത സമ്മേളനത്തില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ പദവിയിലേക്കെത്തുമെന്ന്‌ രാജ്യം ആഗ്രഹിച്ച സര്‍ദ്ദാര്‍ വല്ലഭായ്‌ പട്ടേലിനെ പിന്നിലേക്ക്‌ മാറ്റിനിര്‍ത്തി മോത്തിലാല്‍ നെഹ്‌റുവിനെ തല്‍സ്ഥാനത്തേക്കു കൊണ്ടുവന്നു മഹാത്മാഗാന്ധി തുടക്കമിട്ടതാണ്‌ നെഹ്രു കുടുംബത്തോടുള്ള ‘പ്രണയം. പിന്നീടു നടന്ന ലാഹോര്‍ സമ്മേളനത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ വംശപരമ്പരയുടെ വിത്തുപാകി മോത്തിലാല്‍ നെഹ്രു മകന്‍ ജവഹര്‍ലാല്‍ നെഹ്രുവിനെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക്‌ നിര്‍ദ്ദേശിച്ചപ്പോഴും ഗാന്ധിജി തന്റെ ‘പ്രണയം’ തുടര്‍ന്നു.

സ്വാതന്ത്ര്യാനന്തരം ജവഹര്‍ലാല്‍ നെഹ്രു ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷയായി അവരോധിച്ചതിനു പിന്നിലെ ചരിത്രം അടിയന്തരാവസ്ഥക്കാലത്ത്‌ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവേ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ എഴുതിയ ‘മതി ഇനി ഈ രാജവാഴ്ച ഞങ്ങള്‍ക്കു വേണ്ട’ എന്ന ലേഖനത്തില്‍ പറയുന്നതിങ്ങനെ. “1959 ല്‍ നാഗപ്പൂര്‍ കോണ്‍ഗ്രസ്സിനു ശേഷം ധേബാര്‍ അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞു. നിജലിംഗപ്പയായിരിക്കും അടുത്ത കോണ്‍ഗ്രസ്സദ്ധ്യക്ഷന്‍ എന്നു പരക്കെ അറിയപ്പെട്ടിരുന്നു. അതിനനുസരിച്ചു ഗംഭീരമായ ഒരു യാത്രയയപ്പായിരുന്നു അദ്ദേഹത്തിനു നല്‍കിയത്‌. എന്നാല്‍ ഉടന്‍ തന്നെ ധേബാര്‍ പ്രവര്‍ത്തക സമിതിയോഗം വിളിച്ചുകൂട്ടി. നെഹ്രു അതില്‍ പങ്കെടുത്തിരുന്നു. കാര്യപരിപാടി എന്തെന്ന്‌ കാമരാജ്‌ അന്വേഷിച്ചു. ? ‘അടുത്ത അദ്ധ്യക്ഷനെ നിശ്ചയിക്കല്‍’? എന്നു ധേബാര്‍ മറുപടി പറഞ്ഞു. അതു തീരുമാനിക്കപ്പെട്ട കാര്യമാണല്ലോ എന്ന്‌ കാമരാജ്‌ പ്രതിവചിച്ചു. അതിനിടയ്ക്ക്‌ ലാല്‍ബഹാദൂര്‍ ശാസ്ത്രി ഇന്ദിരാഗാന്ധിയുടെ പേര്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക്‌ നിര്‍ദ്ദേശിച്ചു. എല്ലാവരും അമ്പരന്നു. അവരുടെ അനാരോഗ്യം ഒരു തടസ്സമായി ഗോവിന്ദ വല്ലഭ പന്ത്‌ ഉന്നയിച്ചു. “ഇന്ദുവിന്റെ ആരോഗ്യത്തിനു തകരാറൊന്നുമില്ല. ഉണ്ടെങ്കില്‍ത്തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ അതു നേരെയാകും”, പണ്ഡിറ്റ്‌ നെഹ്രു ഇടപെട്ടുകൊണ്ട്‌ പറഞ്ഞു. മറുത്തുപറയാന്‍ ഒരാളും ധൈര്യപ്പെട്ടില്ല. ഒടുവില്‍ കാമരാജും സഞ്ജീവ റെഡ്ഡിയും മദിരാശിയില്‍ ചെന്നു നിജലിംഗപ്പയുമൊരുമിച്ച്‌ ഇന്ദിരയെ അനുകൂലിച്ചു കൊണ്ട്‌ പരസ്യ പ്രസ്താവന ചെയ്തു. അങ്ങനെ വീണ്ടും വംശപാരമ്പര്യം വിജയിച്ചു”.

ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിനായി ജവഹര്‍ലാല്‍ നെഹ്രു കണ്ടെത്തിയ വഴിയായിരുന്നു പാര്‍ട്ടി അദ്ധ്യക്ഷ പദവി. പിന്നീട്‌ ലാല്‍ബഹാദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍ അംഗമാക്കുകയും ശാസ്ത്രീയുടെ മരണശേഷം പ്രധാനമന്ത്രി പദത്തിലേക്ക്‌ ഉയര്‍ത്തപ്പെടുകയും ചെയ്ത ഇന്ദിരാഗാന്ധിയും മക്കളിലൂടെ രാജ്യത്തിന്റെ അധികാരം പാരമ്പര്യാവകാശമാക്കാന്‍ ശ്രമിക്കുന്നതില്‍ മത്സരിച്ചു. സഞ്ജയ്‌ ഗാന്ധിയെ അഖിലേന്ത്യാ യൂത്ത്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനാക്കി ഒരു സുപ്രഭാതത്തില്‍ നിയമിച്ചു രാജ്യം ഭരിക്കാന്‍ അവസരം നല്‍കുകയും അടിയന്തരാവസ്ഥക്കാലത്ത്‌ എല്ലാം നിയന്ത്രിക്കുന്ന ശക്തിമാനാക്കുകയും ചെയ്തത്‌ ഇന്ദിരാഗാന്ധി തന്നെ. അകാലത്തില്‍ മരിച്ച സഞ്ജയിനു പകരം രാജീവിനെ രാഷ്ട്രീയത്തിലിറക്കി പ്രധാനമന്ത്രി പദത്തിലേക്കെത്തിച്ചതും നെഹ്രു കുടുംബത്തിന്റെ പുത്രസ്നേഹത്തിന്റെ ഉദാഹരണമാണ്‌.

1998ല്‍ സീതാറാം കേസരിയെ പുറത്താക്കി അദ്ധ്യക്ഷ പദവിയിലേക്ക്‌ സോണിയാഗാന്ധി അവരോധിതയായപ്പോള്‍ മരുമക്കളിലേക്കും രാജ്യാധികാരം നീളുന്ന വിചിത്ര കാഴ്ച നാം കണ്ടു. ഇന്നത്‌ അവരില്‍നിന്നും മറ്റൊരു മരുമകനിലേക്കെത്തി നില്‍ക്കുന്ന സമയത്തും ഈ വംശവാഴ്ചയെ മഹത്വവല്‍ക്കരിക്കുന്നവരെ എങ്ങനെ വിശേഷിപ്പിക്കും. 1928 മുതല്‍ നീണ്ട 86 കൊല്ലങ്ങളായി ഈ രാജ്യം അനുഭവിക്കുന്ന കുടുംബവാഴ്ച രാഹുല്‍ഗാന്ധിയിലോ റോബര്‍ട്ട്‌ വധേരയിലോ അവസാനിക്കുമെന്നും നമുക്ക്‌ കരുതിക്കൂടാ…

പ്രിയങ്കാ ഗാന്ധിയിലും അവരുടെ മക്കളായ റയ്ഹാനിലും മിറായയിലും ഭാവി പ്രധാനമന്ത്രിമാരെ സ്വപ്നം കാണുന്നവരുടെ നാടാണിത്‌. ബ്രിട്ടീഷുകാരന്‍ രാജ്യം വിട്ടു പോയിട്ടും അവരുടെ വിദ്യാഭ്യാസ പദ്ധതി ഇന്ത്യാക്കാരന്റെ മനസ്സില്‍ ഇട്ടിട്ടുപോയ പ്രജാമനോഭാവം മാറാത്തിടത്തോളം കാലം ഇതു തുടരുക തന്നെ ചെയ്യും.

നെഹ്‌റു കുടുംബത്തിനു പുറത്തു നിന്നുള്ള ഒരാളായ നരേന്ദ്രമോദി രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യനായി ഉയര്‍ന്നു വരുന്നതിനെ ഏതെല്ലാം വിധത്തില്‍ തടയാനാവുമെന്ന ഗവേഷണത്തിലാണ്‌ സോണിയാ കോണ്‍ഗ്രസ്‌. നരേന്ദ്രമോദിയെ കാണുന്നതിനും പ്രസംഗം കേള്‍ക്കുന്നതിനും ജനലക്ഷങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും തടിച്ചു കൂടുന്നതിനെ സഹിഷ്ണുതയോടെ കാണാന്‍ രാജ്യം ഭരിച്ചു ഇനിയും മടുക്കാത്ത നെഹ്രു കുടുംബത്തിനാവില്ലെന്നതാണ്‌ സത്യം.

(2014 മാർച്ചിൽ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന നാളുകളിൽ എഴുതിയിട്ടത്)

Leave a comment

Website Powered by WordPress.com.

Up ↑