ഇടതുപക്ഷവും കപടഭരണഘടനാ സ്നേഹവും

കോമിൻഫോമിന്റെ നിർദ്ദേശപ്രകാരം ഇന്ത്യയിൽ കമ്യൂണിസ്റ്റുകൾ കലാപം അഴിച്ചുവിടാൻ ശ്രമിക്കുന്നുണ്ട് എന്ന് എ കെ ഗോപാലന്റെ മുഖത്തു നോക്കി തന്നെ സ്പീക്കറോട് വിളിച്ചു പറഞ്ഞത് ബിഹാറിൽ നിന്നുള്ള ഒരു എംപിയായിരുന്നു.

ഇന്ത്യയുടെ സുരക്ഷയെക്കാൾ കമ്യൂണിസ്റ്റ് ഇന്റര്നാഷണലിൻറെ വിജയമാണ് അവരുടെ ലക്ഷ്യമെന്നും താമസിയാതെ അവർ നമ്മളെ ആക്രമിക്കുമെന്നും അന്ന് ഇന്ത്യൻ കമ്യൂണിസ്റ്റുകൾ ജനങ്ങളുടെ ഇടയിൽ അഞ്ചാം പത്തികളായി പ്രവർത്തിക്കും എന്നുമയാൾ മുന്നറിയിപ്പായി പറഞ്ഞു. നമ്മുടെ സേനയ്ക്ക് വേണ്ട സംവിധാനങ്ങൾ ഇപ്പോൾ തന്നെ ഒരുക്കണം എന്നും അയാൾ ഓർമിപ്പിച്ചു

1952ൽ ജൂണ് മാസം 11ന് ഇന്ത്യൻ പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിലായിരുന്നു അത്. പ്രാഗിലും ജർമനിയിലെ ലൈപ്സിഗിലും ഉള്ള കോമിൻഫോം സെന്ററുകളിൽ ഇന്ത്യയിൽ രക്ത രൂക്ഷിത വിപ്ലവം നടത്താനുള്ള കടുത്ത പരിശീലനം ഇന്ത്യൻ കമ്യൂണിസ്റ്റുകൾക്ക് നല്കപ്പെട്ടിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

കൽക്കട്ട തിസീസിനെ തുടർന്ന് തെലങ്കാനയിൽ കമ്യൂണിസ്റ്റുകൾ ഇന്ത്യൻ സ്റ്റയ്റ്റിനെതിരെ യുദ്ധം പ്രഖ്യാപിച്ചത് ഈ സെന്ററുകളിൽ നിന്നുള്ള റേഡിയോ കമ്യൂണിക്കേഷനുകളിലൂടെ ആയിരുന്നു എന്നും അയാൾ വിളിച്ചു പറഞ്ഞു.

കാരണം അയാൾ സോവിയറ്റ് റെഡ് ആർമിയിൽ ക്യാപ്റ്റനായി ജോലി നോക്കിയിരുന്നൊരു ഡോക്ടറായിരുന്നു. അതിനും മുന്നേ, 1924 മുതൽ അയാൾ സബർമതിയിലെ ആശ്രമത്തിൽ രണ്ടുകൊല്ലക്കാലം ഗാന്ധിയുടെയും കൃപലാനിയുടെയും നരേന്ദ്ര ദേവിന്റെയും അനുയായിയായി. 1930ൽ അയാൾ യൂറോപ്പിലേക്ക് കപ്പൽ കയറി. നേപ്പിൾസിൽ മാക്‌സിം ഗോർക്കിയോടൊപ്പം ജീവിച്ചു കുറച്ചു നാൾ. ജർമനിലും റഷ്യനിലും നല്ല കയ്യടക്കം വന്നിരുന്നു അപ്പോഴേക്കും. വിയന്നയിൽ നിന്നും ഡോക്ടർ ബിരുദം നേടി.

അതിന്റെ പിന്നാലെയാണ് സോവിയറ്റ് റെഡ് ആർമിയിൽ ചേർന്നു 1934 വരെ പ്രവർത്തിച്ചതും. സൈബീരിയയിൽ ഇന്റർപ്രറ്ററായി ജോലി ചെയ്ത കാലത്ത് നിരവധി റഷ്യൻ ജർമൻ ചാരന്മാരുമായി അദ്ദേഹത്തിന് അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു.1936ൽ അദ്ദേഹം തിരിച്ചെത്തി വീണ്ടും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി.

ആ പ്രസംഗത്തിനൊടുവിൽ, നമ്മുടെ പ്രതിരോധ മന്ത്രാലയത്തിലടക്കം എല്ലാ ഗവർണമെന്റ് ഓഫീസുകളിലും ഇവർ കയറിക്കൂടിയിട്ടുണ്ടെന്നും അദ്ദേഹം നമുക്ക് മുന്നറിയിപ്പ് തന്നു. വെറുതെ വിളിച്ചു പറഞ്ഞിട്ട് ഇറങ്ങിപ്പോരുകയല്ല അയാൾ ചെയ്തത്. പാർലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിയുടെ മുന്നിൽ തന്റെ വാദങ്ങളെ തെളിയിക്കുന്ന സോവിയറ്റ് രേഖകൾ അയാൾ സമർപ്പിച്ചു. അതിന്റെ രേഖകളൊന്നും പക്ഷെ പുറംലോകം കണ്ടില്ല.

ആ മനുഷ്യനാണ് ഡോ. സത്യനാരായൻ സിൻഹ. വേറൊരു വഴിക്ക് പറഞ്ഞാൽ നമ്മൾ അദ്ദേഹത്തെ അറിയും. അദ്ദേഹമാണ് നേതാജി ജീവിച്ചിരിപ്പുണ്ടെന്നും സൈബീരിയയിലെ യുറ്റ്സാക്കിൽ ലോകത്തിലെ ഏറ്റവും തണുപ്പ് നിറഞ്ഞ തടവറയിൽ സെൽ നം.45ൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് തടവിലുണ്ട് എന്നും വെളിപ്പെടുത്തിയത്. NKVD ഏജന്റ് ആയിരുന്ന കോസ്ലോവിനെ ട്രോട്സ്കിയിസ്റ്റ് ആണെന്ന് ആരോപിച്ച് ഇതേ ജയിലിൽ അടച്ചിരുന്നു. അതിനു ശേഷം 1950ൽ മോയ്ക്കോയിൽ വെച്ച് തന്റെ ആ പഴയ പരിശീലകനെ ഡോ.സിൻഹ കണ്ടു. അവിടെ നിങ്ങളുടെ ബോസുമുണ്ട് എന്നു പറഞ്ഞത് അവിശ്വസനീയതയോടെയാണ് അദ്ദേഹം കേട്ടിരുന്നത്. മഞ്ചൂരിയായിലെ ദൈരനിലേയ്ക്ക് രക്ഷപ്പെട്ട നേതാജിയെ ചൈനീസ് കമ്യൂണിസ്റ്റ് സൈന്യം പിടികൂടി സോവിയറ്റ് യൂണിയനെ ഏൽപ്പിച്ചു എന്നാണ് കോസ്ലോവ് അദ്ദേഹത്തോട് പറഞ്ഞത്.

ആരും പുറത്തു ജീവനോടെ വരാത്ത ആ തടവറയിൽ സ്വതന്ത്ര ഭാരതത്തെ കാണാതെ അദ്ദേഹം പിടയുകയാണെന്ന ചിന്ത സിൻഹയുടെ ഉറക്കം കളഞ്ഞു. നെഹ്റുവിനോട് ആദ്യമിത് പറഞ്ഞപ്പോൾ അത് അമേരിക്കൻ പ്രോപ്പഗാണ്ടയാണ് എന്നൊരൊറ്റ വാക്കിൽ ഉത്തരം പറഞ്ഞു കളം കാലിയാക്കി അദ്ദേഹം. ഖോസ്‌ലാ കമ്മീഷൻ കേൾക്കാത്ത മട്ടിൽ ഒഴിവാക്കിയ അദ്ദേഹത്തിന്റെ ഈ വാദങ്ങളും രേഖകളുമാണ് ഇന്നും നേതാജിയുടെ ജീവിതത്തെ പറ്റിയുള്ള ചർച്ചകളെ സജീവമാക്കുന്നത്.

References:

  1. Danger in Kashmir, Josef Korbel, 1955
  2. Netaji Mystery, Dr. SN Sinha, 1965
  3. Parliamentary debate,Loksabha June 11, 1952
    4.Netajifiles, MHA India

ഈ ലേഖനം Brave India News പിന്നീട് പബ്ലിഷ് ചെയ്തിരുന്നു.

നേതാജിയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശിയ ഒരാള്‍: നേതാജി ജയന്തിയില്‍ ഡോക്ടര്‍ സത്യനാരായന്‍ സിന്‍ഹയെ ഓര്‍ക്കുമ്പോള്‍

Leave a comment

Website Powered by WordPress.com.

Up ↑