ഖുശ്വന്ത് സിങ്; മായികതയുടെ കൂട്ടുകാരൻ

പത്താംക്ലാസ് കഴിഞ്ഞ് സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ പടിയിറങ്ങുന്ന സന്തോഷവും ക്വസ്റ്റ്യന്‍ പേപ്പറുകളില്‍ നിന്നും കൂട്ടിയൊതുക്കിയ മാര്‍ക്കുകള്‍ അച്ഛന്റെ ഡയറിയില്‍ അവസാനത്തെ പേജിലിരുന്ന്‍ തുറിച്ചു നോക്കുന്ന വേവലാതിയും അടങ്ങുന്നതിനു മുന്നേയുള്ള ഒരു പ്രഭാതം അവസാനിച്ചത് കോളേജ് ഓഫ് സയന്‍സിലെ വീഞ്ഞപ്പെട്ടിപോലെ അടച്ചു കെട്ടിയ ഒരു ക്ലാസ്റൂമിലായിരുന്നു. വിരസമായ ബയോളജി ക്ലാസ്സുകളിലും സ്ഥാപിത താല്പര്യങ്ങളില്ലാത്ത ഫിസിക്സ് സെഷനുകളിലും ജീവിതം ഉന്തിത്തള്ളുമ്പോഴായിരുന്നു എണ്ണതേച്ച് ചീകിയൊതുക്കിയ മുടിയും ക്ലീഷേ ഗൌരവവുമായി ഒരു വൈയ്യാകരണന്‍, അതും ഇംഗ്‌ളീഷു ഭാഷക്കാരന്‍ ഒരു ഉച്ച ഉച്ചര സമയത്ത് ക്ലാസിലേക്ക് തിരുവവതാരം ചെയ്തത്. കാലവും കാലഭേദവും പഠിപ്പിക്കുന്ന ഒരു മണിക്കൂറിനിടയില്‍ അവസാനത്തെ നിമിഷങ്ങലെണ്ണുമ്പോള്‍ അദ്ദേഹം ചെറിയൊരു ക്രൂരത കാണിച്ചു. പിറ്റേന്ന് ആസ്വാദനം തയാറാക്കി വരാന്‍ ഒരു കഥ പറയാന്‍ ആ മനുഷ്യന്‍ ധൈര്യപ്പെട്ടു.

അന്ന്‍, എന്‍റെ ജീവിതത്തിലാദ്യമായി ഞാനൊരു ഇന്ഗ്ലിഷ് കഥ കേട്ടു. ഗംഗാറാമെന്ന ഒരു സാധാരണ ഗ്രാമീണന്റെയും ഒരു കരിനാഗത്തിന്റെയും കഥ. ദ മാര്‍ക്ക് ഓഫ് വിഷ്ണു. ആഖ്യാനശൈലിയും വാചാലത ലേശമില്ലാത്ത അവതരണവും വിശ്വാസവും അനുഭവവും സ്വയം വിരുദ്ധത തീര്‍ക്കുന്ന കഥാന്ത്യവും മാത്രമായിരുന്നില്ല മനസ്സിനെ മഥിച്ചത്, ഈ മണ്ണിന്റെതായി എഴുതിച്ചേര്‍ക്കപ്പെട്ട നിരവധി കഥകളില്‍ ആദ്യത്തേത് എന്നതും ഇതേ തൂലികത്തുമ്പിലൂടെ പിന്തുടരാന്‍ ഇനിയും വരികളുണ്ടോ എന്ന ക്വസ്റ്റ്യന്‍ മാര്‍ക്കും ആയിരുന്നിരിക്കണം. പിന്നീട് നിരവധി കഥകള്‍ ഓരോ മണിക്കൂര്‍ സെഷനിലും കടന്നുപോയി. പ്രേം ചന്ദിന്റെ ആര്‍ കെ നാരായണിന്റെ മുല്‍ക്ക് രാജ് ആനന്ദിന്റെ വിക്രം സേത്തിന്റെ സല്‍മാന്‍ റുഷ്ദിയുടെ ഒക്കെ കഥകളിലേക്ക് ചേക്കേറാന്‍ ഒരു വഴിതെളിഞ്ഞത് ഇന്ന് പേരുപോലുമറിയാത്ത ആ മനുഷ്യന്റെ നാവിന്‍ തുമ്പിലെത്തിയ അക്ഷരസഹസ്രങ്ങളിലൂടെ ആയിരുന്നു. ഒരുപാട് തേടി നടന്നു ഒരു ദയയുമില്ലാതെ ഗംഗാറാമിന്റെ ഫാലക്ഷേത്രത്തില്‍ വൈഷ്ണവ തിലകം ചാര്‍ത്തിയ അയാളുടെ നാഗദേവതയുടെ ദ്രഷ്ടാവിനെ.

പിന്നീട് ആ യാത്രയുടെ ഏതോ വഴിയില്‍ അതെ ശൈലിയില്‍ ചില വരികളെ കണ്ടെത്തിയപ്പോള്‍ ഒരു രാക്ഷസനെ തേടിയുള്ള യാത്ര ഒടുങ്ങിയെന്നു തിട്ടം വന്നു. മോഹന്‍ കുമാറെന്ന പച്ചമനുഷ്യനിലൂടെ പ്രിന്‍സ്ടണിലെ ജെസീക്കാ ബ്രൌണിനെയും താണ്ടി യാസ്മിന്‍ വാഞ്ചുവിലൂടെയും മേരി ജോസഫിലൂടെയും പേരോര്‍ക്കാത്ത വീട്ടുവേലക്കാരിയിലൂടെയും കൂട്ടിനുവേണ്ടി പത്രപരസ്യം കണ്ടുവന്ന സരോജിനിയെന്ന ഇംഗ്ലീഷ് പ്രൊഫസറിലൂടെ സ്ത്രീകളിലൂടെ ജീവിതം കാണുന്ന ഖുശ്വന്ത്‌ സിംഗ് എന്ന മനുഷ്യനെ ആദ്യമായി പരിചയപ്പെടുന്നത് അവിടെനിന്നായിരുന്നു. ദ കമ്പനി ഓഫ് വിമെന്‍. ആ യാത്രയില്‍ വിഖ്യാതമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിന്‍റെ വായന നീണ്ടു നിവര്‍ന്നു കടന്ന കാലത്തില്‍ ഒരു നോവല് കൂടി കയ്യില്‍ വന്നു പെട്ടു. ഫ്രീഡം അറ്റ്‌ മിഡ്നൈറ്റും ട്രാജിക് സ്റ്റോറി ഓഫ് പാര്ട്ടീഷ്യനും ഒക്കെ തലയ്ക്കുള്ളില്‍ മറ്റൊരു ലോകം തീര്‍ത്ത ഒരു ഫ്ലാഷ്ബാക്കില്‍ പൊടുന്നനെ ആ പുസ്തകം റെഫറന്‍സ് ഷെല്‍ഫില്‍ നിന്നും കൈത്തുമ്പിലെത്തി. ട്രെയിന്‍ ടു പാകിസ്ഥാന്‍. പിന്നീട് ഗധര്‍ പാര്‍ട്ടിയുടെ ചരിത്രവും സിഖ് ചരിത്രവും തേടി ചെന്നപ്പോഴൊക്കെ ഈ മനുഷ്യനിലേക്കു പായാന്‍ രണ്ടാമതോന്ന്‍ ആലോചിച്ചിട്ടില്ല.

ഇന്തോനേഷ്യയുടെ ആദ്യത്തെ പ്രസിഡന്റ് ആയിരുന്ന സുക്കാര്‍ണോ തന്‍റെ പേരിലൊരു കര്‍ണനുണ്ടെന്നും മഹാഭാരതപ്രേമിയായ തന്‍റെ പിതാവ് അയാളുടെ പുത്രന് ധര്മപക്ഷത്തു നില്‍ക്കുന്ന കര്‍ണന്റെ സങ്കല്പത്തില്‍ സുകര്‍ണനെന്ന പേരു നല്‍കിയതാണെന്നും അവന്‍ ജനിച്ച നാട്ടില്‍ നിന്നാണ് താന്‍ വരുന്നതെന്നും കാല്പനികമായി ചൊല്ലിക്കേട്ടൊരു വായനമൂലയിലും ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ സ്വയംപ്രഖ്യാപിത ഡേര്‍ട്ടി ഓള്‍ഡ്‌ മാന്‍ കടന്നു വന്നു. ലിട്ടന്‍ സായ്‌വിന്റെ കൂടെ ബിട്ടീഷുകാരന് കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് ചേക്കേറുവാന്‍ രമ്യഹര്‍മ്യങ്ങളും പൂന്തോപ്പുകളും തീര്‍ത്ത വകയില്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ സാമ്രാട്ടിന്റെ വകയായി മോസ്റ്റ്‌ ഒബീടിയന്റ്റ് സെര്‍വന്റിനു കിട്ടിയ സര്‍ പദവി അഭിമാനമായി കണ്ടിരുന്ന ശോഭാസിങ്ങിന്റെ മകന്‍ എന്ന വെറുപ്പായിരുന്നുല്ല ഒരിക്കലും ഖുശ്വന്ത്‌ സിങ്ങെന്ന താടിക്കാരന്‍ പഞ്ചാബിയോട് . ശോഭാസിങ്ങിനെ കുപ്രസിദ്ധനാക്കിയത് ബടുകെശ്വര്‍ ദത്തയ്ക്കും ഭഗത് സിങ്ങിനും എതിരെ ദല്‍ഹി അസംബ്ലിയിലെ ബോംബ്‌ കേസില്‍ സാക്ഷിപറഞ്ഞു എന്നതായിരുന്നു എങ്കില്‍ മകന്‍ മറ്റൊരുപടികൂടി കടന്നു. പത്രമാരണ നിയമത്തിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ വായ മൂടിക്കെട്ടിയ ഇന്ദിരാ പ്രിയദര്‍ശിനിയെ വാനോളം പുകഴ്ത്തുന്നതില്‍ അലേശം മടികാട്ടിയില്ല അദ്ദേഹം.

കടുത്ത ഇന്ദിരാഭക്തിയില്‍ അടിയന്തിരാവസ്ഥയുടെ ക്രൂരതകള്‍ക്ക് നടുവിലും അവരെ ദുര്‍ഗ്ഗയുടെ പുനരവതാരമായിക്കണ്ട ഒരു മനുഷ്യന് അതെ ഇന്ദിരയുടെ പിണിയാളുകള്‍ ഒരു വന്മരം കടപുഴുകിയപ്പോൾ കൂടെത്തീരേണ്ട കുറ്റിച്ചെടികൾക്കുവേണ്ടി തലപ്പാവും കൃതാവും തെരഞ്ഞുപിടിച്ചുതന്നെ സിഖുകാരെ കൂട്ടക്കൊല ചെയ്യുന്നതും കാണേണ്ടിവന്നു. ഖാലിസ്ഥാൻ തീവ്രവാദികളെ തളയ്ക്കാനെന്ന പേരിൽ ടാങ്കറുകളുമായി അകാൽ തക്തിലേക്ക് തകർത്തുകയറിയതിൽ പ്രതിഷേധിച്ച് തനിക്കു ലഭിച്ച പത്മഭൂഷൺ ഹൃദയവേദനയോടെ വലിച്ചെറിയേണ്ടിയും വന്നത് ചരിത്രം. അന്നേ നാള്‍ വരെയും ആര്‍എസ്എസ്സിനെയും സംഘപക്ഷത്തെയും നഖശിഖാന്തം എതിര്‍ത്തിരുന്ന ഒരാള്‍ക്ക് ആപദ്ഘട്ടങ്ങളിലെ സ്വയംസേവകരുടെ സാഹസികതയും നിസ്വാർത്ഥതയും സധൈര്യം തുറന്നു പറഞ്ഞതിനും അതേ കാലം തന്നെ സാക്ഷ്യം നിന്നു.

ഇന്ത്യയുടെ ചരിത്രവും രാഷ്ട്രീയവും കുലങ്കുഷമായി കുഴഞ്ഞുമറിഞ്ഞ ഒരു കാലഘട്ടത്തിന്‍റെ തിരുശേഷിപ്പുകളിലൂടെ തിളക്കം തേടുന്നവര്‍ക്ക് അനല്പദൂരം നടക്കേണ്ടി വരും ഇനിയും ഇതുപോലെയൊരു ജീവിതത്തെക്കാണാന്‍. വൈരുധ്യങ്ങളിലൂടെ, വിയോജിപ്പുകളിലൂടെ എന്നും ആരാധന തോന്നിയിട്ടുള്ള ആ മനുഷ്യനോടു ഇനിയും നിങ്ങളുടെ പുസ്തകങ്ങള്‍ തുറക്കുന്നതുവരെ സലാം….!

(ആറുകൊല്ലം മുൻപ് എഴുതിയിട്ടതാണ്. )

Leave a comment

Website Powered by WordPress.com.

Up ↑