പുന്നപ്ര വയലാർ അഞ്ഞൂറാന്റെ കാഴ്ചപ്പാടിൽ

പുന്നപ്ര വയലാര്‍ ചതിയുടെ കാലഘട്ടത്തില്‍, INA ഭടനായിരുന്ന, ശ്രീ എന്‍ എന്‍ പിള്ളയുടെ ആത്മകഥയിലെ ഭാഗം താഴെ.

“ഈ കാലഘട്ടത്തിലായിരുന്നു എന്റെ രാഷ്ട്രീയവീക്ഷണഗതിയെ ആകെ കുഴച്ചുമറിച്ച പുന്നപ്ര – വയലാർ സമരദുരന്തം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ( 1809 ) നടന്നതും വേലുത്തമ്പിദളവയുടെ ആത്മഹത്യയിൽ കലാശിച്ചതുമായ പടനീക്കം സ്വാതന്ത്ര്യസമരമായിരുന്നു. 1857 ലെ ശിപായിലഹള സ്വാതന്ത്ര്യസമരമായിരുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിലുള്ള ഐ.എൻ.എ. പടനീക്കം സ്വാതന്ത്ര്യസമരമായിരുന്നു. 1946 ഫെബ്രുവരിയിലെ നാവികകലാപം സ്വാതന്ത്ര്യസമരമായിരുന്നു, 1946 സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ പുന്നപ്ര- വയലാറിൽ നടന്നത് എന്തായിരുന്നു ?.

ഞാനിന്നും ആ ചോദ്യത്തിനു മുന്നിൽ വിസ്മയാന്ധനായി നില്ക്കുകയാണ്. ഒരെത്തും പിടിയും കിട്ടാതെ. ഞാനീ പറയുന്നത് അന്നത്തെ എന്റെ നേരിട്ടുള്ള അനുഭവമാണ്. വയലാറിന്റെ വെടിയൊച്ച കുമരകത്തെ നെൽപ്പാടങ്ങളിലിരുന്ന് എനിക്കു കേൾക്കാമായിരുന്നു. ആഴ്ചകളോ മാസങ്ങളോ നീണ്ടുനിന്ന ക്ഷുദ്രമായ ഒരാഭിചാരയജ്ഞത്തിന്റെ ഫലമായി എല്ലാ വിവേചനാശക്തിയും തൂത്തെറിയപ്പെട്ട അല്പജ്ഞരും അന്ധരും ശുദ്ധഗതിക്കാരും തികച്ചും നിസ്വരും ഇതെല്ലാം കൊണ്ടുതന്നെ സാഹസികരുമായ ഒരു വമ്പിച്ച ജനതതിയെ ബീഭത്സമായ ആത്മഹത്യയിലേക്കു തൂത്തെറിയാൻ കഴിഞ്ഞ നിഷ്ഠുരതയെ ചരിത്രപരമായി എങ്ങനെ നിർവചിക്കാൻ കഴിയും?

എല്ലാ സമരതന്ത്രങ്ങളും ചിട്ടപ്പടി പരിശീലിപ്പിച്ച്, അത്യാധുനിക യന്ത്രത്തോക്കുകളുൾപ്പെടെ ആവശ്യമായ എല്ലാ ആയുധസന്നാഹങ്ങളോടു കൂടി ചുറ്റാകെ വിദഗ്ധമായി വലയംചെയ്ത നീങ്ങുന്ന ഒരു വമ്പിച്ച സേനാ വ്യൂഹത്തെ തിടുക്കത്തിൽ ചെത്തിക്കൂർപ്പിച്ച് വാരിക്കുന്തവും കരിങ്കൽച്ചില്ലും ആയുധമാക്കിയ ഒരുകൂട്ടം അർധപട്ടിണിക്കാർക്ക് എങ്ങനെ തടഞ്ഞുനിർത്താൻ കഴിയും?

പെരുമഴപോലെ പാഞ്ഞുവരുന്ന വെടിയുണ്ടകളേറ്റ് നൂറുകണക്കിനു പാവങ്ങൾ പന്നിയെലിമാതിരി പിടഞ്ഞുമരിച്ചത് എങ്ങനെ സ്വാതന്ത്ര്യസമരമാകും ?
വിഭ്രാമകമായ ഒരു ഭൂതാവേശത്തിന്റെ – a deveil intoxicated frenzy- ഫലമായി ചേർത്തല വെളിയിൽ നടന്ന കൂട്ടമരണം സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തിൽ നടന്ന ആത്മാഹുതിയാകുമോ?

വയലാറിലെ ചൊരിമണലിൽ, ഓടാൻപോലും ഇടം കിട്ടാതെ നൂറുകണക്കിനു പാവപ്പെട്ടവർ കരഞ്ഞുവിളിച്ച് ചത്തുമലച്ചപ്പോൾ അവർക്കു മരണമന്തം ഓതിക്കൊടുത്ത ഒരൊറ്റ നോതാവുപോലും ആ പ്രദേശത്തെങ്ങുമില്ലായിരുന്നു. എല്ലാം വെടിയൊച്ച കേൾക്കുന്നതിനു മുൻപു തന്നെ കായലിനക്കരപറ്റിയിരുന്നു. അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടിയിലെ, തല മുതിർന്ന ഒരൊറ്റ നേതാവുപോലും പുന്നപ്ര – വയലാർ സമരത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നതായി അറിവില്ല. ആലപ്പുഴയിലെ സമർഥനായ തൊഴിലാളി നേതാവ് ടി.വി. തോമസ് ആ സമരത്തെപ്പറ്റി അറിഞ്ഞമട്ടില്ല.

ഞാനിന്നും മാർക്സിസത്തിൽ വിശ്വസിക്കുന്നു. ദേശകാലാനുയോജ്യമായ വിപ്ലവത്തിൽ വിശ്വസിക്കുന്നു. സോഷ്യലിസത്തിൽ വിശ്വസിക്കുന്നു. മനുഷ്യ മഹത്ത്വത്തിൽ വിശ്വസിക്കുന്നു. എന്നാൽ ആണും പെണ്ണും കെട്ട അറുംവഞ്ചനയിൽ വിശ്വസിക്കുന്നില്ല, അതെന്തു മഹാമന്ത്രത്തിന്റെ പേരിലായാലും . (മദ്വചനങ്ങൾക്കു മാർദവമില്ലെങ്കിലുദ്ദേശ്യശുദ്ധിയാൽ മാപ്പു നല്കിൻ )

  • ”ഞാന്‍”. എന്‍ എന്‍ പിള്ള.

(ശ്രീ ദേവദേവൻ ഫെയ്ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ്)

Website Powered by WordPress.com.

Up ↑