ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അധോഗതി

കേരളത്തിലെ ആദ്യത്തെ ആധുനികലൈബ്രറി നിലവിൽ വരുന്നത് തിരുവിതാംകൂറിൽ 1829ലാണ്. സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയ ട്രിവാൻഡ്രം പബ്ലിക് ലൈബ്രറിയായിരുന്നു അത്. പിന്നീട് 1894 മുതൽ കേരളത്തിലെ ഗ്രാമങ്ങളിൽ പൊതു ഗ്രന്ഥശാലകൾ നിലവിൽ വന്നിരുന്നു. ശ്രീ പി എൻ പണിക്കരുടെ നേതൃത്വത്തിൽ 1926ൽ ആലപ്പുഴയിൽ സനാതന ധർമ്മം ഗ്രന്ഥശാല സ്ഥാപിച്ചു കൊണ്ട് തുടങ്ങിയ അദ്ദേഹത്തിന്റെ ഗ്രന്ഥശാല പ്രവർത്തനമാണ് 1945ൽ അഖില തിരുവിതാംകൂർ ഗ്രന്ഥശാലസംഘം ആയി രൂപം പ്രാപിച്ചത്. ഇന്ന് ജൂണ് 19 നമ്മളൊക്കെ വായനാദിനം ആയി ആചരിക്കുന്നത് അദ്ദേഹത്തോടുള്ള ആദരവ് കൊണ്ടാണ്.

1916ൽ ആനിബസന്റിന്റെ നേതൃത്വത്തിൽ പാലക്കാട് വെച്ച് മലബാർ ജില്ലാ കോണ്ഗ്രസ് മീറ്റിംഗ് ഒരു പ്രമേയം പാസാക്കി. കേരളത്തിലെ ഓരോഗ്രാമത്തിലും സ്വയംഭരണാധികാരമുള്ള പഞ്ചായത്തുകൾ രൂപവത്കരിക്കണം എന്നും അതിന്റെ കീഴിൽ സ്‌കൂളുകളും ലൈബ്രറികളും രൂപവൽക്കരിക്കണം എന്നുമായിരുന്നു അതിന്റെ ഉള്ളടക്കം. 1924ലെ KPCC വാർഷിക യോഗത്തിൽ തന്നെ ലൈബ്രറികളിലൂടെ ഓരോ വില്ലേജ് കമ്മിറ്റിയും കോണ്ഗ്രസ് പ്രസ്ഥാനത്തെ വളർത്താനുള്ള ആഹ്വാനം ഉണ്ടായിട്ടുണ്ട്. 1927ൽ ഒരു ലൈബ്രറി മീറ്റിങ് തന്നെ KPCC വാർഷികയോഗത്തോടൊപ്പം സംഘടിപ്പിച്ചു. ഇതിന്റെ ചുവടു പിടിച്ചും നിരവധി ലൈബ്രറികൾ കേരളമൊട്ടാകെ രൂപവൽകരിക്കപ്പെട്ടിട്ടുണ്ട്.

അഖില തിരുവിതാംകൂർ ഗ്രന്ഥാശാലാസംഘം പിന്നീട് തിരുകൊച്ചി ഗ്രന്ഥാശാല സംഘവും ശേഷം 1958ൽ കേരള ഗ്രന്ഥാശാല സംഘവും ആയി പരിണമിച്ചു. കേരളത്തിന്റെ സാമൂഹിക രംഗത്ത് വൻ സ്വാധീനം ഗ്രന്ഥാശാല പ്രസ്ഥാനം ചെലുത്തി. അടുത്ത ഇരുപതുകൊല്ലം കൊണ്ട് 1747 ലൈബ്രറികളിൽ നിന്നും 4280 ലൈബ്രറികളിലേയ്ക്ക് സംഘം വളർന്നു. ആ ഗ്രന്ഥശാലാ സംഘം 1977ൽ സർക്കാർ ഏറ്റെടുത്തു. പണിക്കർ സർ തന്നെ അതിന്റെ ജനറൽ സെക്രട്ടറിയായി. എന്നാൽ ഇന്ന് സഹകരണ സ്ഥാപനങ്ങളുടെ ഉടമയായ എംവിആറിനെ സ്നേഹിക്കുന്ന സിപിഎമ്മുകാരെ പോലെ തന്നെയായിരുന്നു അന്ന് പണിക്കർ സാറിനും വാരിക്കോരി സ്നേഹാദരങ്ങൾ ലഭിച്ചത്. ഗ്രന്ഥാശാല സംഘം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കയ്യിലും പണിക്കർ സർ പെരുവഴിയിലുമായി. അങ്ങനെ കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി എന്നൊരു മറ്റൊരു പ്രസ്ഥാനം ആരംഭിച്ച് അദ്ദേഹം അതിന്റെ പ്രവർത്തകനായി മാറി.

1989ൽ കേരളനിയമസഭ കേരള പബ്ലിക് ലൈബ്രറിസ് ആക്റ്റ് പാസാക്കിയതോടെ സ്റ്റേറ്റ് ലൈബ്രറി കൗണ്സിൽ രൂപം കൊണ്ടു. അങ്ങനെ വലുതും ചെറുതുമായ 8200ഓളം ലൈബ്രറികൾ ഈ കൗണ്സിലിന് കീഴിലായി. ലൈബ്രറി സെസും സർക്കാർ ഗ്രാന്റും കൊണ്ട് പ്രവർത്തിക്കുന്ന ഇതിലെ ഭൂരിപക്ഷം ലൈബ്രറികളും സത്യത്തിൽ വെള്ളാനകളാണ്. ഏകദേശം 30 കോടിയോളം രൂപയാണ് ഈ ലൈബ്രറികൾക്ക് വേണ്ടി പൊതുഖജനാവിൽ നിന്നും വർഷാവർഷം വകയിരുത്തി നൽകുന്നത്. ആ കാശിനൊക്കെ മൊഴിമാറ്റി വാങ്ങിച്ചു കൂട്ടിയ, ഇന്നത്തെ കാലത്ത് ഒരു മനുഷ്യൻ പോലും മറിച്ച് നോക്കാത്ത സോവിയറ്റ് ചവറ് പുസ്തകങ്ങളുടെ ശവപ്പറമ്പ് കൂടിയാണ് പല ലൈബ്രറികളും.

കേരളത്തിൽ മാത്രം കണ്ടുവരുന്ന പരാദ സ്വഭാവമുള്ള ഒരു പ്രത്യേക തരം ജീവിവർഗ്ഗമുണ്ട്. കേരളത്തിൽ ഇവരെ സാംസ്കാരിക നായകർ എന്നാണ് വിളിക്കുന്നത്. കഥയും കവിതയും നോവലും ഉപന്യാസവും ഒക്കെ എഴുതുന്നവർ സംസ്കാരത്തിന്റെ നായകർ ആകുന്നതെങ്ങിനെയാണ് എന്നു ചോദിക്കരുത്. കാരണം കമ്യൂണിസ്റ്റ് പ്രോപ്പഗണ്ടയിൽ വിരിഞ്ഞ വാക്കുകളെ മനസ്സിലാക്കാൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല. അങ്ങനെ ഈ പരാദ ജീവികൾ അടിമകളെ പോലെ സിപിഎമ്മിന് പാദസേവ ചെയ്ത് പഞ്ചപുച്ഛമടക്കി ജീവിച്ചു പോകുന്നതും തങ്ങളുടെ രചനകൾക്ക് ഉറപ്പുള്ള എണ്ണായിരത്തോളം കോപ്പികളുടെ വിൽപ്പന മാത്രം കണ്ടുകൊണ്ടാണ്.

സ്റ്റേറ്റ് ലൈബ്രറി കൗണ്സിലിന് കീഴെ ജില്ലാ ലൈബ്രറി കൗണ്സിലുകളും താലൂക്ക് ലൈബ്രറി കൗണ്സിലുകളും നിലവിലുണ്ട്. ഇതൊക്കെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പോഷക സംഘടനയായിട്ടാണ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധു ആയിരുന്നു ഇതിനു മുൻപ് തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗണ്സിലിന്റെ ‘ ജനാധിപത്യപരമായി’ തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷൻ. എല്ലാ ജില്ലകളിലും ഇതുതന്നെയാണ് അവസ്ഥയും.

സ്ഥാപക ലക്ഷ്യങ്ങൾ നിറവേറ്റുന്ന എത്ര ലൈബ്രറികൾ ഇന്ന് നിങ്ങളുടെ ചുറ്റുവട്ടത്ത് നിലവിലുണ്ട് എന്നോർത്തു നോക്കുക. ലെഡ്ജറുകളിൽ ചുമ്മാ വരിക്കാരുടെ പേരുകളൊക്കെ കുത്തി നിറച്ചു കൊടുത്ത് ഗ്രാന്റ് വാങ്ങാൻ മാത്രം പ്രവർത്തിക്കുന്നവ നിരവധിയാണ്. മുതിർന്നവരുടെ തുടർവിദ്യാഭ്യാസത്തിനു പ്രവർത്തിക്കുന്ന, നൈറ്റ് സ്‌കൂളുകൾ സംഘടിപ്പിക്കുന്ന എത്ര ലൈബ്രറികളുണ്ട്. എത്ര താലൂക്ക് ലൈബ്രറികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. രാഷ്‌ട്രീയമായി ലാവണങ്ങൾ കണ്ടെത്തുക എന്നതിലുപരി ഒരു താൽപര്യവും ഈ കൗണ്സിലുകളിൽ കയറി പറ്റുന്നവർക്കില്ല.

പാർട്ടി മുദ്രാവാക്യ തൊഴിലാളികൾക്ക് കൃത്യമായി കൂലി സർക്കാർ ഖജനാവിൽ നിന്നും ലഭിക്കുന്നു എന്നുറപ്പാക്കുന്ന സിപിഎമ്മിന്റെ ‘ജാഗ്രത’യ്ക്ക് ഉത്തമ ഉദാഹരണം കൂടിയാണ് ലൈബ്രറി കൗണ്സിൽ. 2016ൽ സിപിഎം അധികാരത്തിൽ വന്നതിനു ശേഷം 48 എൽഡി ക്ലർക്ക് നിയമനങ്ങളാണ് ലൈബ്രറി കൗണ്സിലിൽ മാത്രം കമ്യൂണിസ്റ്റ് സർക്കാർ സ്ഥിരപ്പെടുത്തിയത്. 17 ലക്ഷം പേരോട് മത്സരിച്ചു പരീക്ഷയെഴുതി ലിസ്റ്റിൽ നിയമനം കാത്തു കിടക്കുന്ന മരയൂളകളെ വലിപ്പിച്ചു കൊണ്ടാണ് ഡിവൈഎഫ്ഐക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവനും അവന്റെ കുടുംബത്തിനും വേണ്ടി സിപിഎം ജനസേവനം നടത്തിയത്. ഈ എൽഡി ക്ലാർക്ക് നിയമങ്ങൾക്കും പുറമേ 12 മറ്റു നിയമങ്ങളും സ്ഥിരപ്പെടുത്തിക്കൊടുത്തിട്ടുണ്ട്.

ഇത് ഒരൊറ്റ ഡിപാർട്ട്മെന്റിലെ കാര്യമാണ്. 35 വയസു വരെ സർക്കാർ ജോലി കാത്ത് യൗവനം നഷ്ടപ്പെടുത്തുന്ന ഉദ്യോഗാർഥികൾ ഒരറ്റത്ത് 55 വയസ്സുവരെ ജീവിതം സെയ്ഫാക്കാൻ വേണ്ടി കണ്ണിലെണ്ണയൊഴിച്ചു പഠിച്ചു പരീക്ഷയെഴുതി വരുമ്പോൾ മറുഭാഗത്ത് “വേറ്റപ്പറ്റി കുറക്കറ്റെ” എന്നു നീട്ടി മുദ്രാവാക്യം വിളിക്കുന്നവൻ പി എസ് സിയെ പറ്റിച്ചും പരീക്ഷ എഴുതിയവനെ പറ്റിച്ചും പൊതുഖജനാവിൽ നിന്നും ശമ്പളവും ശേഷം അടുത്തൂണും പറ്റി കാലക്ഷേപം കഴിച്ചു വോട്ടുവാരൽ യന്ത്രങ്ങളായി പരിണമിക്കുന്ന സമത്വ ലോകമാണ് നവകമ്യൂണിസം സൃഷ്ടിക്കുന്നത്.

Website Powered by WordPress.com.

Up ↑