Communist Betrayal 6

1947 ആഗസ്ത്

ബംഗാൾ രണ്ടായി മുറിഞ്ഞു. കിഴക്കൻ പാകിസ്ഥാൻ ആയിമാറിയ കിഴക്കൻ ബംഗാളിൽ നിന്ന് ഭാരതത്തിലേക്ക് ഹിന്ദുക്കളും സിക്കുകാരും പ്രവഹിച്ചു. വസ്തുഹാര സഹായതാ സമിതികളായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ജനസംഖ്യാ കൈമാറ്റത്തെ കൈകാര്യം ചെയ്യാനായി രാഷ്ട്രീയ സ്വയംസേവക സംഘം രൂപീകരിച്ചത്. പൂജനീയ ഗുരുജി കൊൽക്കത്തയിൽ നേരിട്ടെത്തി കിഴക്കൻ പാക്കിസ്ഥാനിൽ ക്രൂരമായ വർഗീയ കലാപങ്ങൾക്കിരയായ സാധുക്കളുടെ അവസ്‌ഥ മനസ്സിലാക്കി. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ബംഗാളും ഒറീസയും അസാമും ചേരുന്ന അന്നത്തെ പൂർവഞ്ചൽ ക്ഷേത്രീയ പ്രചാരക് ആയിരുന്ന ഏക്നാഥ്ജിയുടെ മേൽനോട്ടത്തിൽ 1950 ഫെബ്രുവരി എട്ടിന് ശ്രീ രണദേവ് ചൗധരി അധ്യക്ഷനായി സമിതി നിലവിൽ വന്നു. പതിനായിരത്തോളം അഭയാർത്ഥികൾക്ക് ജോലിയും അഭയവും കിട്ടുന്നതുവരെ മാസങ്ങളോളം അഭ്യർഥിക്യാമ്പുകൾ സമിതി നടത്തി. ഇന്നും സമിതി നിലവിലുണ്ട്.

നെഹ്രുവും ജിന്നയും ഇസ്മൈ പ്രഭുവും ഇന്ത്യാ വിഭജന ചർച്ചയിൽ

ഏതാണ്ട് ഇതേ സമയത്ത് സിപിഐ(അവിഭക്തം) ആദ്യത്തെ കേന്ദ്രകമ്മിറ്റി 1947 ഡിസംബറിൽ യോഗം കൂടി രണ്ടാം പാർട്ടി കോണ്ഗ്രസില് അവതരിപ്പിക്കേണ്ട പ്രമേയ ചർച്ചയിലായിരുന്നു. ഗാന്ധിജിയെ ഗോഡ്‌സെ വെടിവെച്ചു കൊന്നതിന്റെ നാലാമത്തെ ആഴ്ച ഫെബ്രുവരി 28ന് സിപിഐയുടെ രണ്ടാമത്തെ പാർട്ടി കോണ്ഗ്രസ് കൽക്കട്ടയിൽ കൂടി. പിസി ജോഷിയെ മാറ്റി ബിടി രണദിവെ സിപിഐയുടെ ജനറൽ സെക്രട്ടറി ആയി മാറി.

മൂന്ന് പ്രമേയങ്ങളാണ് ആ പാർട്ടി കോണ്ഗ്രസില് അവതരിപ്പിക്കപ്പെട്ടത്. ബി.ടി.രണദിവെ അവതരിപ്പിച്ച കൽക്കട്ട തീസിസ് എന്നറിയപ്പെട്ട കരട് രാഷ്ട്രീയ പ്രമേയം, ഭവാനിസെൻ അവതരിപ്പിച്ച പാകിസ്താൻ റിപ്പോർട്ട്, പോയ അഞ്ചു വർഷക്കാലത്തെ പാർട്ടി നയങ്ങളുടെ സ്വയം വിമർശനരേഖ എന്നിവയായിരുന്നു അത്. ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റിക്കൊടുത്തതും നേതാജിയെയും ഇന്ത്യൻ നാഷണൽ ആർമിയെയും ഫോർവേഡ് ബ്ലോക്കിനെയും ബ്രിട്ടീഷുകാരോടൊപ്പം ചേർന്ന് ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചതും പാർട്ടിയ്ക്ക് ക്ഷീണമുണ്ടാക്കി എന്നതാണ് സ്വയം വിമർശന രേഖ.

അന്ന് വരെ ചെയ്തതിൽ പശ്ചാത്തപിച്ചു എന്നല്ല ആ രേഖ അർത്ഥമാക്കുന്നത് എന്നറിയാൻ കൽക്കട്ട തീസിസ് കൂടി വായിച്ചു നോക്കണം. 1947 സെപ്തംബറിൽ സോവിയറ്റ് ‘പ്രോപ്പഗൻഡിസ്റ്റ് ഇൻ ചീഫ്’ എന്നറിയപ്പെട്ടിരുന്ന ആന്ദ്രെ ഷദനോവ് ലോകം മുഴുവൻ കമ്യൂണിസത്തിന്റെ കാൽക്കീഴിലാക്കണം എന്നാഹ്വാനം ചെയ്തുകൊണ്ട് കോമിൻഫോമിന്റെ സമാപനസമ്മേളനത്തിൽ അവതരിപ്പിച്ച രേഖയുടെ ബാക്കിപത്രമായിരുന്നു രണദിവേയുടെ കൽക്കട്ട തീസിസ്.

മൂക്കറ്റം മദ്യപിച്ച് അന്പതിരണ്ടാം വയസ്സിൽ മരണം വിളിച്ചു വരുത്തിയിരുന്നില്ലെങ്കിൽ സ്റ്റാലിന്റെ പിന്തലമുറക്കാരൻ ആകാൻ തക്ക മുഴുവൻ പൈശാചികതയും ഉള്ളിലുണ്ടായിരുന്ന ആളാണ് സഖാവ് ഷദനോവ്. ലോകം സാമ്രാജ്യത്വ ശക്തികളും നമ്മളുമെന്ന രണ്ടു തട്ടുകളിൽ വിഭജിക്കപ്പെടും. ഈ കാലഘട്ടത്തിൽ കമ്യൂണിസ്റ്റ് ബ്രദർഹുഡ് ഒരുമിച്ചു നിൽക്കണമെന്നും അതിന്റെ സംരക്ഷണമാകണം മറ്റെന്തിനേക്കാളും സഖാക്കളുടെ പ്രയോറിറ്റി എന്നും ആണ് അത് ആഹ്വാനം ചെയ്തത്.

ആന്ദ്രെ ഷദനോവും ജോസഫ് സ്റ്റാലിനും

ലോകത്തു മുഴുവൻ നിലനിൽക്കുന്ന ഭരണകൂടങ്ങളെ അട്ടിമറിക്കുകയും അവിടെല്ലാം കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ സ്ഥാപിക്കുകയും അവരുടെ പ്രഖ്യാപിത ലക്ഷ്യമായി മാറി.
അതിന്റെ ഇന്ത്യൻ പതിപ്പാണ് കൽക്കട്ട തീസിസ്. ഇന്ത്യയിൽ ഏതാനം മാസങ്ങൾക്ക് മുൻപ്
ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന പാൽമണം മാറാത്ത ഇന്ത്യൻ ഗവണ്മെന്റിനെ സായുധ സമരത്തിലൂടെ പുറത്താക്കി ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കുവാൻ ആ പാർട്ടി കോണ്ഗ്രസ് ആഹ്വാനം നൽകി. മൃഗീയ ഭൂരിപക്ഷത്തോടെ കേന്ദ്രക്കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചിരുന്നു.

അതിന്റെ പിന്നോടിയായി ഇന്ത്യ മുഴുവൻ തങ്ങൾക്ക് പ്രവർത്തനം ഉള്ള മേഖലകളിൽ കമ്യൂണിസ്റ്റ് പാർട്ടി അക്രമം അഴിച്ചു വിട്ടു. കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യങ്ങളുടെ കോട്ടകൾക്കുള്ളിൽ ഇരുന്നുകൊണ്ട് ഊഹിച്ചെടുക്കുന്ന ഭ്രാന്തൻ നയങ്ങൾ നമ്മുടെ നാട്ടിൽ നടപ്പാക്കാൻ ഇറങ്ങിയ സഖാക്കൾക്ക് തെറ്റി.

(തുടരും)

Website Powered by WordPress.com.

Up ↑