അവസാനത്തെ ആണി

സംഘത്തെ കുറിച്ച് ഇടതുപക്ഷത്തിന്റെ പൊതുവേദികളിൽ സ്വീകാര്യത ലഭിക്കാനായി പറഞ്ഞു പരത്തിയ തലയ്ക്കടിക്കുന്ന നുണകളിൽ ആദ്യത്തേത് പ്രചരിപ്പിച്ചയാൾ ആര് എന്ന ചോദ്യത്തിനുത്തരം കണ്ടെത്തുകയായിരുന്നു ഈ അന്വേഷണത്തിന്റെ ഉദ്ദേശ്യം. ഇതിന്റെ വിലയിരുത്തൽ സജ്ജനസമക്ഷം സമർപ്പിക്കുന്നു.

(ലേഖനത്തിന്റെ മർമഭാഗം മുകളിലെ ലിങ്കിൽ വായിക്കാം. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ പ്രവർത്തനത്തിനായി നിയോഗിക്കപ്പെട്ട മഹാരാഷ്ട്രയിൽ നിന്നുള്ള പ്രചാരക് ആയിരുന്ന ഭാസ്‌കർ റാവുജിയുടെ രണ്ടു ജീവചരിത്രങ്ങളിലെ ഭാഗങ്ങളാണ് താഴെയുള്ളത്)

നുണകളുടെ സുവിശേഷകൻ
ഭാഗം നാല്

1948 ജനുവരിയിൽ ശ്രീഗുരുജി തിരുവനന്തപുരം സന്ദർശിച്ചു. 25-ാം തീയതി അവിടെ തൈക്കാട്ട് മൈതാനത്തുനടന്ന പൊതുപരിപാടിയിൽ കമ്യൂണിസ്റ്റ് യുവാക്കൾ കടന്നാക്രമണം നടത്തി. പ്രതിഷേധമുദ്രാവാക്യങ്ങൾ വിളിച്ചു. മൈതാനത്തു കടന്നു കല്ലെറിഞ്ഞവരെ സ്വയംസേവകർ തുരത്തിയോടിച്ചു. യാതൊരു വിധത്തിലും പ്രകോപിതനാകാതെ, അക്ഷോഭ്യനായി അങ്ങനെയൊരു സംഭവം നടന്നതായി പോലും നടിക്കാതെ ശ്രീഗുരുജി സംഘത്തിന്റെ ആദർശലക്ഷ്യങ്ങളെ പ്രതിപാദിച്ചുകൊണ്ട് സംസാരിച്ചു.

തിരുവനന്തപുരം പരിപാടി കഴിഞ്ഞ് അദ്ദേഹം ചെന്നൈയിലേക്കു പോയി. 30-ാം തീയതി അവിടത്തെ പ്രമുഖ വ്യക്തികളുടെ സൗഹൃദസമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് ദൽഹിയിൽ ഗാന്ധിജി കൊല്ലപ്പെട്ട വാർത്തയെത്തിയത്. അൽപനേരം സ്തബ്‌ധനായിരുന്നശേഷം ‘രാഷ്ട്രത്തിനു നേരിട്ട ദൗർഭാഗ്യം’ എന്നു മാത്രമഭിപ്രായപ്പെട്ടു. നെഹ്റു, പട്ടേൽ, ഗാന്ധിജിയുടെ പുത്രൻ ദേവദാസ് ഗാന്ധി എന്നിവർക്ക് അനുശോചന സന്ദേശം അയച്ചു. മഹാത്മാവിനോടുള്ള ആദരസൂചകമായി 13 ദിവസം സംഘശാഖകൾ നിർത്തിവെയ്ക്കാൻ നിർദേശിക്കുന്ന പ്രസ്താവന അദ്ദേഹം നൽകി. അന്നുതന്നെ ഗുരുജി നാഗപൂരിലേക്കുപോയി. അവിടെ ചെന്നശേഷം പ്രധാനമന്ത്രി നെഹ്റുവിനും, സർദാർ പട്ടേലിനും, തന്റെ വ്യഥ പ്രകടമാക്കുന്ന വിശദമായ കത്തുകൾ അയച്ചു.

എന്നാൽ ഈ ദേശീയദുരന്തത്തെ സംഘത്തിനെതിരായ ആയുധമായി പ്രയോഗിക്കാനാണ് കേന്ദ്രസർക്കാരും കോൺഗ്രസും ശ്രമിച്ചത്. അസംബന്ധങ്ങൾ നിറഞ്ഞതും അടിസ്ഥാനരഹിതവുമായ പ്രചാരണമാണ് സർക്കാർ മുൻകൈയെടുത്തു നടത്തിയത്. “വിവിധ തരക്കാരായ ആളുകളെ ഒരു ചരടിൽ കോർത്തിണക്കി അവർക്ക് ശരിയായ മാർഗനിർദേശം നൽകുന്ന സമർത്ഥനായ മഹാത്മാവിന്മേൽ നടത്തപ്പെട്ട ഈ ആക്രമണം ഒരു വ്യക്തിക്കു മേൽ മാത്രമല്ല മുഴുവൻ രാഷ്ട്രത്തിനുമെതിരായ വിശ്വാസവഞ്ചനയാണ്. ദേശദ്രോഹിക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്നതിൽ (എനിക്ക്) സംശയമില്ല. ആ നടപടി എത്ര കഠോരമായാലും കുറ്റം സൃഷ്ടിച്ച ക്ഷതിയോടു തുലനം ചെയ്യുമ്പോൾ മൃദുലമായിരിക്കും. രാഷ്ട്രഹിതത്തിനായി ഏകാത്മചിത്തത്തോടെ ജാഗ്രത പുലർത്തി, രാഷ്ട്രനൗകയെ അക്കരെയെത്തിക്കാനുള്ള ഉത്തരവാദിത്തം നമുക്കെല്ലാവർക്കുമുണ്ട്” എന്നാണ് ശ്രീഗുരുജി പ്രധാനമന്ത്രി നെഹ്റുവിനെഴുതിയത്.

സദ്ഭാവനയും സംയമപൂർണമായ വാക്കും, സാഹോദര്യഭാവവും കൊണ്ട് ശക്തി സംഭരിച്ച് ചിരന്തനമായ ഏകാത്മരാഷ്ട്രജീവിതത്തെ കെട്ടിപ്പടുക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണ“മെന്നായിരുന്നു സർദാർ പട്ടേലിനയച്ച കത്തിൽ പറഞ്ഞത്. പിതാവിന്റെ കൊലയിൽ മനംനൊന്തുകഴിഞ്ഞ ദേവദാസ് ഗാന്ധിയെ സമാശ്വസിപ്പിക്കുന്നതിന് സംവേദനാപൂർണമായ ഒരു കത്ത് ശ്രീഗുരുജി അദ്ദേഹത്തിനുമയച്ചു.

അസോഷ്യേറ്റഡ് പ്രസ് മുഖാന്തിരം സ്വയംസേവകർക്കും രാഷ്ട്രത്തിനുമായി അദ്ദേഹം ഒരു സന്ദേശം നൽകി. “രാഷ്ട്രത്തിന്റെ ഐക്യം, പരസ്പരസ്നേഹം, സേവാഭാവം എന്നിവ നിലനിർത്തണം” എന്നദ്ദേഹം അതിലൂടെ ആഹ്വാനം നൽകി. എന്നാൽ സർക്കാർ തലത്തിൽ അസംബന്ധജടിലവും അടിസ്ഥാനരഹിതവുമായ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് പ്രക്ഷുബ്ധമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. സംഘത്തിന്മേൽ ഗാന്ധിഹത്യ ആരോപിക്കുകയാണ് സർക്കാർ ചെയ്തത്. മഹാരാഷ്ട്രയിലും മറ്റും ബ്രാഹ്മണ-അബ്രാഹ്മണ വിദ്വേഷത്തിന്റെ രൂപം കൈക്കൊണ്ടാണ് ആക്രമണം നടന്നത്. നാഗപൂരിൽ ശ്രീഗുരുജിയുടെ നേരെ ജനരോഷം തിരിച്ചുവിടപ്പെട്ടു. ആളുകൾ ആക്രമിക്കപ്പെട്ടു.

ഈ പ്രകോപനങ്ങളുടെയെല്ലാം മുന്നിൽ ശ്രീ ഗുരുജി അക്ഷോഭ്യനായി നിലകൊണ്ടു. സംഘത്തിന്റെ ഭാഗത്തുനിന്നും യാതൊരു വിധ പ്രകോപനവുമുണ്ടാകാതിരിക്കാൻ ‘ബി കാം അറ്റ് ഓൾ കോസ്റ്റ്സ്’ എന്ന സന്ദേശം അദ്ദേഹം എല്ലായിടത്തേക്കും അയച്ചു.

പേജ് 30,31, ഭാസ്‌കർ റാവു; സമർപ്പിത ജീവിതം,
പി നാരായണൻ, കുരുക്ഷേത്ര പ്രകാശൻ 2008

നുണകളുടെ സുവിശേഷകൻ
ഭാഗം അഞ്ച്

ആ വർഷം പരമപൂജനീയ ഗുരുജിയുടെ യാത്ര നിശ്ചയിച്ചത് മൂന്നിടത്തായിരുന്നു. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം. 1948 ജനുവരി 23, 24, 25 ആയിരുന്നു തിയ്യതികൾ. അതിനുള്ള ഏർപ്പാടുകൾ കടുകു പോലും ചോരാത്ത വിധം തിട്ടപ്പെടുത്താൻ ബാബാജി ദേശ്പാണ്ഡെ, ശാസ്ത്രി റാവു-ദേവ് മാരുടെ ബൈഠക്ക് വിളിച്ചുകൂട്ടി. എല്ലാ കാര്യങ്ങളും തീരുമാനിച്ചു.

അതിന് പൂർവ്വപരീക്ഷണം എന്നോണം ഇന്നിന്ന ദിവസം താൻ തന്നെ അതാതിടത്ത് വന്ന് പരിശോധിക്കുന്നതാണെന്നു പറഞ്ഞു. ഭാസ്കർറാവു ആഘോഷത്തിന്റെ വിശദാംശങ്ങൾ വകുപ്പു തിരിച്ചു തയ്യാറാക്കി. ബാബാജി ദേശ്പാണ്ഡെ വന്നപ്പോൾ രക്ഷക് പ്രമുഖ് മുതൽ മുഖ്യശിക്ഷക് വരെ എല്ലാവരും ബൈഠക്കിൽ ഉപസ്ഥിതരായിരുന്നു. ഗുരുജിയുടെ നിയുക്തനിവാസസ്ഥാനത്തിലെ കുളിമുറിയും കക്കുസ്സും വരെ അദ്ദേഹം പോയി നോക്കി തക്ക നിർദ്ദേശങ്ങൾ കൊടുത്തു തിരിച്ചുപോയി. ഭാസ്കർറാവു ഉരിയാടി

എനിക്കിതൊരു പാഠമാണ്. എത്ര നന്നായി ഇനി ആ പുണ്യദിനം വരുകയേ വേണ്ടൂ.” ചെയ്യേണ്ട പ്രവൃത്തിയുടെ വിശദാംശങ്ങൾ കണക്കിലെടുത്ത് സൂതബദ്ധമായ പദ്ധതിയിട്ടാൽ പിന്നെ മനസ്സിന്ന് പിരിമുറുക്കമുണ്ടാവില്ലെന്ന വലിയ പാഠം ഭാസ്കർറാവുവിനെയും ബൈഠക്കിൽ സംബന്ധിച്ചവരെയും ബാബാജി ദേശ്പാണ്ഡെ പഠിപ്പിച്ചു.

എറണാകുളത്തെ പരിപാടി നന്നായി വിജയിച്ചു. ശാഖാതല സ്വയംസേവകരുടെ സംഖ്യ പരമാവധി കുട്ടാൻ എല്ലുമുറിയെ പ്രവർത്തിച്ചെങ്കിൽ ഭാസ്കർറാവു, ഡോ. ഗുംഡെ, അഡ്വ. പരേഖ്, ബാരിസ്റ്റർ എ. എൻ. മേനോൻ, തങ്കമ്മ എൻ. മേനോൻ, എൻ. കൃഷ്ണപ്രഭു, എ. ഗുണ വാധ്യാർ മുതലായവർ പദ്ധതിയിട്ടു. കൊച്ചിയുടെ തലസ്ഥാനമായ എറണാകുളത്തെ പല ദിഗ്ഗജങ്ങളെയും ഒന്നും രണ്ടും തവണ ക്ഷണിച്ചു. വളരെ വളരെ നല്ല പ്രതികരണമായിരുന്നു.

യോഗത്തിൽ സർവ്വശ്രീ പ്രിൻസിപ്പാൾ ജി.ആർ. നാരായണ അയ്യർ, ചരിത്രവകുപ്പുതലവൻ പ്രൊഫ. എ.കെ. രാമയ്യൻ, സംസ്കൃതം വകുപ്പുമേധാവി പ്രൊഫ. ഈ രാഘവ വാര്യർ, മുൻ സ്റ്റേറ്റ് സെക്രട്ടറി കണ്ണൻ മേനോൻ, സാഹിത്യകുശലൻ ടി.കെ. കൃഷ്ണൻ മേനോൻ, തിയോസഫിസ്റ്റ് കരുണാകര മേനോൻ, ബാരിസ്റ്റർ എ.എൻ. മേനോൻ, അഡ്വ. രാമശേണായി, ടി.ഡി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഹനുമന്തയ്യർ, ഡോ. ഗുർജർ, ജഡ്ജ് നന്ദൻമേനോൻ, അഡ്വ. വടക്കൂട്ട് നാരായണമേനോൻ, സ്വാമി ആഗമാനന്ദൻ മുതലായവർ കസേരകളിൽ ഉപവിഷ്ടരായിരുന്നു. ആദ്ധ്യക്ഷം വഹിച്ചത് പുത്തേഴത്ത് രാമമേനോനായിരുന്നു. കൊച്ചിരാജാവിന്റെ സർവ്വാധികാര്യക്കാരനായിരുന്നു അദ്ദേഹം. ഭാസ്കർറാവുവിന്റെ തൊപ്പിയിലെ പൊൻതൂവലായിരുന്നു ആ പൊതുയോഗം.

പിറ്റേന്നായിരുന്നു തിരുവിതാംകൂർ തലസ്ഥാനത്ത് യോഗം. അതിന്റെ നേർക്കായിരുന്നു ഭൂലോക പുരോഗമനവാദികളുടെ ഹാലിളക്കവും പിന്തിരിഞ്ഞുള്ള പാത്തോട്ടവും. ബാബാജി ദേശ്പാണ്ഡെ അനുശാസിച്ചിരുന്ന അന്യൂനവ്യവസ്ഥ അവിടെ സംഘത്തെയും സർസംഘചാലക നെയും പൂഴിയൊന്നും മേൽവീഴാതെ രക്ഷിച്ചു.

അംബാസമുദ്രം, തിരുച്ചി, മധുരൈ സന്ദർശനങ്ങൾ കഴിഞ്ഞ് 29-ാം തിയ്യതിയായിരുന്നു ചെന്നയിലെ യോഗം. പിറ്റേന്നത്തെ പ്രാന്തീയ ബൈഠക്കിനുവേണ്ടി എല്ലാ പ്രചാരകന്മാരും അവിടെ ചേർന്നിരുന്നു. ഭാസ്കർറാവു, മനോഹർ ദേവ്, ശങ്കർ ശാസ്ത്രി മുതലായവരും എത്തിയിരുന്നു. അന്നാണ് ലോകത്തെ പിടിച്ചുകുലുക്കിയ മഹാത്മാഗാന്ധി ദുരന്തം ഉണ്ടായത്.

ചായസൽക്കാരത്തിൽ കൈയ്യിൽ പിടിച്ച കോപ്പ ഒരിറ്റു കുടിക്കാതെ അതേപടി മേശയിൽ വെച്ച് ഗുരുജി മരവിച്ചിരുന്ന അന്നത്തെ രംഗത്തിനു ഭാസ്കർറാവു ദൃക്സാക്ഷിയാണ്.

പേജ് 34, ഭാസ്കർ റാവു: പ്രചാരക കർമ്മയോഗി, രംഗഹരി, ഒക്ടോബർ 2017

Leave a comment

Website Powered by WordPress.com.

Up ↑