എനിക്കുവേണ്ടി നീ ഇത്രയും ചെയ്യുമോ?

“ഏറ്റവും പ്രിയപ്പെട്ട മൃണാളിനി,

1905 ആഗസ്ത് 24ന് നീയെഴുതിയ കത്തു കിട്ടി. നിന്റെ അച്ഛനമ്മമാർക്ക് വീണ്ടും ബന്ധുവിയോഗദുഃഖം അനുഭവിക്കേണ്ടി വന്നതറിഞ്ഞു ഞാൻ വളരെ വ്യസനിക്കുന്നു. അവരുടെ ഏതുകുട്ടിയാണ് മരണപ്പെട്ടതെന്ന് നീ എഴുതിയിട്ടില്ല. എന്നാൽ ദുഃഖിച്ചിട്ടും വേദനിച്ചിട്ടും എന്തു കാര്യം? നാം ഈ ലോകത്തിൽ സുഖമന്വേഷിക്കുന്നു. സുഖത്തിനു നടുവിൽ, അതിനുചുറ്റും ദുഃഖം കണ്ടെത്തുന്നു. കുട്ടികളോടുള്ള നമ്മുടെ ആസക്തിയുടെ കാര്യത്തിൽ മാത്രമല്ല, ലൗകികസുഖങ്ങൾക്കുവേണ്ടിയുള്ള എല്ലാ അന്വേഷണത്തിന്റെയും കഥ ഇതുതന്നെ. പോംവഴി ഒന്നേയുള്ളൂ. മനസ്സ് ശാന്തമായും സ്ഥിരമായും വയ്ക്കുകയും സുഖദുഃഖങ്ങൾ രണ്ടും ഭഗവാന് സമർപ്പിക്കുകയും ചെയ്യുക.അത്രമാത്രം.

“ഒരു പ്രത്യേകതരം മനുഷ്യനുമായിട്ടാണ് നിന്റെ ജീവിതം കെട്ടു പെട്ടിരിക്കുന്നതെന്ന് നീ ഇതിനകം മനസ്സിലാക്കിയിരിക്കുമെന്നു ഞാൻ കരുതുന്നു. എന്തുകൊണ്ടോ എന്റെ വിചാരങ്ങളും വികാരങ്ങളും ആദർശങ്ങളും പ്രവർത്തനരംഗവും ഈ നാട്ടിലെ മറ്റുള്ളവരുടേതു പോലെയല്ല. എന്നെക്കുറിച്ചുള്ളതെല്ലാം വ്യത്യസ്തമാണ്; അസാധാരണമാണ്. അസാധാരണമായ അഭിപ്രായങ്ങളെ, പതിവില്ലാത്ത പരിശ്രമങ്ങളെ, ഉന്നതാഭിലാഷങ്ങളെ ആളുകളെങ്ങനെയാണ് പരിഗണിക്കുന്നതെന്നു നിനക്കറിയാമല്ലോ. അതെല്ലാം ഭ്രാന്താണെന്നവർ പറയും. എന്നാൽ ആ ഭ്രാന്തനായ മനുഷ്യൻ വിജയത്തിലെത്തിക്കഴിഞ്ഞാൽ പിന്നെയാകട്ടെ ഭ്രാന്തനല്ല പ്രതിഭാശാലിയാണ്. പക്ഷേ, എത്രപേർക്ക് വിജയത്തിലെത്താൻ കഴിയും? ആയിരങ്ങളിൽ പത്താളേ അസാമാന്യരായുള്ളൂ. അവരിൽ ഒരു പക്ഷേ ഒരാളായിരിക്കും വിജയിക്കുക.

വിജയത്തെപ്പറ്റി പറയാൻ എനിക്കിനിയും ഏറെ ദൂരം പോകണം. എന്റെ പേർ ശരിക്കും പട്ടികയിൽ ചേർത്തു കഴിഞ്ഞിട്ടില്ല. ഇന്നത്തെ നിലയ്ക്ക് എന്നെ ഒരു ഭ്രാന്തനായി കണക്കാക്കണം. ഒരു സ്ത്രീ, ഭ്രാന്തന്റെ കൈയിൽ പെടുക എന്നത് വളരെ അമംഗളമാണ്. കാരണം, സ്ത്രീയുടെ മനസ്സധികവും മുഴുകുന്നത് ലൗകികമായ സുഖദുഃഖങ്ങളിലാണ്. ഭ്രാന്തന് തന്റെ ഭാര്യയ്ക്ക് കൊടുക്കാൻ ദുഃഖമേ ഉള്ളൂ. പിന്നെ സുഖത്തെപ്പറ്റി എന്തിനു ചിന്തിക്കണം?

ഹിന്ദുധർമ്മത്തിന്റെ സ്ഥാപകന്മാർ ഇതെല്ലാം ശരിക്കും അറിഞ്ഞിരുന്നു. അസാധാരണ ജീവിതങ്ങളെ, മഹത്തായ പ്രയത്നങ്ങളെ, ഉന്നതാഭിലാഷങ്ങളെ അവർ ബഹുമാനത്തോടെ വീക്ഷിച്ചിരുന്നു. ഭ്രാന്തനായാലും മഹാനായാലും അസാമാന്യഗുണങ്ങളെ അവർ ആദരിക്കുന്നു. പക്ഷേ, അത്തരം പുരുഷന്മാരെ വിവാഹം ചെയ്യുന്ന സ്ത്രീകൾക്ക് ഇതു വലിയ കഷ്ടപ്പാടുണ്ടാക്കിയിരുന്നു. അപ്പോഴെന്താണ് പ്രതിവിധി?

ഋഷിമാർ ഒരു നല്ല പ്രതിവിധി നിർദ്ദേശിച്ച് അവർ സ്ത്രീയോടു പറഞ്ഞു: “മറ്റാരെയെങ്കിലുമല്ല, സ്വന്തം ഭർത്താവിനെ ത്തന്നെ നിങ്ങൾ ഏറ്റവും വലിയ ഗുരുവായി കാണണം. ഭർത്താവിന്റെ ധർമ്മത്തിൽ ഭാര്യ തുല്യപങ്കാളിയാണ്. അതിന്റെ അർത്ഥം, ഭർത്താവ് സ്വീകരിച്ചിട്ടുള്ള ധർമ്മത്തിൽ ഭാര്യ സഹായിക്കുകയും സഹകരിക്കുകയും വേണമെന്നാണ്. അവൾ അദ്ദേഹത്തെ ഉപദേശിക്കണം, പ്രവർത്തനത്തിൽ പ്രോത്സാഹിപ്പിക്കണം. അദ്ദേഹത്തെ സ്വന്തം ആരാധനാമൂർത്തിയായി കണ്ട്, സുഖദുഃഖങ്ങൾ പങ്കിടണം. താനനുവർത്തിക്കേണ്ടുന്ന തൊഴിൽ തിരഞ്ഞെടുക്കേണ്ടത് പുരുഷന്റെ ചുമതലയാണ്. അതിലവനെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് സ്ത്രീയുടേയും.

ഇപ്പോഴുള്ള പ്രശ്നം, നീ ഹിന്ദുധർമ്മത്തിന്റെ അനുശാസനങ്ങളെ പിന്തുടരണോ, അതോ നവീനപരിഷ്കാരത്തിന്റെ മാർഗ്ഗങ്ങളെ പിന്തുടരണോ എന്നതാണ്. വിവാഹം വഴി, നിന്റെ ഭാവി, ഒരു ഭ്രാന്തനുമായി കെട്ടുപിണഞ്ഞുകിടക്കുകയാണ്. അതൊരു പക്ഷേ നിന്റെ എന്തെങ്കിലും പൂർവ്വജന്മപാപം കൊണ്ടായിരിക്കാം. നിന്റെ വിധിയുമായി ഒത്തുതീർപ്പിലെത്തുന്നതാണ് അഭിലഷണീയമായിട്ടുള്ളത്. എന്തുതരത്തിലുള്ള ഒത്തുതീർപ്പായിരിക്കും അത് സാധാരണക്കാരെപ്പോലെ, ഞാനൊരു ഭ്രാന്തനാണെന്നു പറഞ്ഞ് നീയെന്നെ ഉപേക്ഷിക്കുമോ?

എന്തുതന്നെയായാലും ഭ്രാന്തൻ അയാൾക്കു വിധിച്ച വഴി പോകും. അയാളെ നിയന്ത്രിക്കാനും നിന്റെ ചൊല്പടിക്ക് നിർത്താനും നിനക്കുസാധ്യമല്ല. നിന്റേതിനെക്കാൾ കരുത്തുള്ളതാണയാളുടെ സ്വഭാവം. അപ്പോൾ നീ എന്തുചെയ്യും? ഒരു മൂലയ്ക്കു പോയിരുന്നു വെറുതെ കണ്ണീരൊഴുക്കുമോ? അതോ ഭ്രാന്തനോടൊപ്പം ജീവിച്ച്, അവന്റെ സഖിയായി അവനെ പ്രോത്സാഹിപ്പിക്കുമോ? സ്വന്തം ഭർത്താവിനോടൊപ്പം അന്ധത അനുഭവിക്കാൻ വേണ്ടി കണ്ണുകെട്ടി നടന്ന രാജ്ഞിയുടെ കഥ നിനക്കറിയില്ലേ? നീ നിന്റെ പാഠങ്ങൾ പഠിച്ചത് ബ്രഹ്മസമാജക്കാരുടെ സ്കൂളിലാണെങ്കിലും ജനിച്ചത് ഹിന്ദുകുടുംബത്തിലാണ്; ഹിന്ദുപൂർവികരുടെ രക്തം നിന്റെ സിരകളിലൊഴുകുന്നുണ്ട്. പതിഭക്തിയുള്ള ഒരു ഹിന്ദുപത്നിയുടെ മാർഗ്ഗം നീ സ്വീകരിക്കുമെന്നതിൽ എനിക്കു സംശയമില്ല.

മൂന്നു ഭ്രാന്തുകൾ, അവയെ ഭ്രാന്തെന്നു വിളിക്കാമെങ്കിൽ എന്നെ അതു ബാധിച്ചിട്ടുണ്ട്. എന്റെ ബിരുദങ്ങൾ, പ്രതിഭ, ഉന്നതവിദ്യാഭ്യാസം, പാണ്ഡിത്യം, സ്വത്ത്- ഇതെല്ലാം ഭഗവാന്റേതാണ് എന്ന ഉറച്ചവിശ്വാസമാണ് അതിൽ ആദ്യത്തേത്. നമ്മുടെ കുടുംബം നിലനിർത്താൻ ഏറ്റവും കുറഞ്ഞതെത്ര വേണോ, അത്രയുമേ നമുക്കവകാശമുള്ളൂ. ബാക്കി അവശേഷിക്കുന്നത് ഭഗവാനു തിരിച്ചുകൊടുക്കണം. എനിക്കുള്ളതെല്ലാം എനിക്കുവേണ്ടി എന്റെ സുഖാഡംബരങ്ങൾക്കുവേണ്ടി ചെലവാക്കുകയാണെങ്കിൽ, ഞാനൊരു തനി കള്ളനാണ്. ഭഗവാനിൽനിന്നു കിട്ടുന്നത് ഭഗവാനു തിരിച്ചു നല്കാത്തവൻ കള്ളനാണെന്നാണ് ഹിന്ദുശാസ്ത്രങ്ങൾ പറയുന്നത്. ഇതേവരെ എട്ടിലേഴും ഞാൻ എന്റെ സുഖത്തിനുവേണ്ടി ചെലവഴിച്ചു. എട്ടിലെന്നോ ഭഗവാനു നല്കിയുള്ളൂ. ലൗകികസുഖങ്ങളിൽ ഞാൻ മുഴുകിക്കഴിഞ്ഞു.എന്റെ ജീവിതം പകുതിയും പാഴാക്കിക്കളഞ്ഞു. ഒരു മൃഗം പോലും തന്നെയും കുടുംബത്തെയും പോറ്റുന്നുണ്ടല്ലോ.

ഇന്നോളം ഞാനൊരു മൃഗത്തെപ്പോലെ ജീവിച്ച് ധാർമ്മികദൃഷ്ട്യാ മോഷ്ടാവിനെപ്പോലെ പെരുമാറുകയാണ് ചെയ്തതെന്നു ഞാൻ തികച്ചും മനസ്സിലാക്കിയിരുന്നു. ഞാൻ പശ്ചാത്താപ ഭരിതനാണ്; എന്നെത്തന്നെ ഞാൻ വെറുക്കുന്നു. മതി, ഇനി ഇതിനപ്പുറം പാടില്ല എന്നു ഞാൻ നിശ്ചയിച്ചിരിക്കുന്നു. ഇനി ഈ ജീവിതത്തിൽ ഇങ്ങനെ പാപം ചെയ്യുകയില്ല.

എന്നാൽ ഭഗവാന് കൊടുക്കുക എന്നുവച്ചാലെന്താണർത്ഥം? നല്ലതും ധാർമ്മികവും ആദ്ധ്യാത്മികവുമായ സ്വഭാവത്തോടുകൂടിയ കാര്യങ്ങൾക്കുവേണ്ടി ചെലവഴിക്കുക. ഉഷയ്ക്കോ സരോജിനിക്കോ വേണ്ടി ചെലവാക്കിയതിലെനിക്കു പശ്ചാത്താപമില്ല. മറ്റുള്ളവർക്കു കൊടുക്കുന്നത് ധർമ്മം തന്നെയാണ്. സഹായത്തിനു വേണ്ടി നമ്മെ സമീപിക്കുന്നവർക്ക് നല്കുന്നത് തീർച്ചയായും ധർമ്മമാണ്. എന്നാൽ, സ്വന്തം സഹോദരീസഹോദരന്മാർക്കുവേണ്ടി മാത്രം കൊടുത്തതുകൊണ്ട് ഒരുവന്റെ കടമ പൂർത്തിയായില്ല. കഷ്ടപ്പാടുനിറഞ്ഞ ഇന്നത്തെക്കാലത്ത് ഈ നാടു മുഴുവൻ എന്റെ വീട്ടുവാതിൽക്കൽ കാത്തുനില്ക്കുകയാണ്. മുപ്പതുകോടി ദേശവാസികളാണിന്നെന്റെ സഹോദരന്മാർ. അവരിൽ പലരും പട്ടിണിയിലാണ്. ജീവിക്കുന്നു എന്നുമാത്രം പറയാം. അത്രകണ്ട് ദാരിദ്ര്യവും കഷ്ടപ്പാടും കൊണ്ടു ഞെരുങ്ങുന്നവരാണവർ. അവരെ സഹായിക്കുന്ന ഭാരവും നമ്മുടേതാണ്.

എന്താണ് നിനക്കു പറയാനുള്ളത്? ഈ പുണ്യകൃത്യത്തിൽ നീ എന്റെ സഹധർമ്മിണിയാകുമോ? എനിക്കുവേണ്ടി ഏറ്റവും കുറച്ചുചെലവാക്കുവാനും ഒരു സാധാരണക്കാരനെപ്പോലെ ജീവിക്കാനും ഉണ്ണാനും ഉടുക്കാനും ഞാനാഗ്രഹിക്കുന്നു. എനിക്കു മിച്ചം പിടിക്കാൻ കഴിയുന്നതെന്തും ഭഗവാനു നല്കാൻ ഞാനാഗ്രഹിക്കുന്നു. നീയും എന്നെപ്പോലെ ചിന്തിക്കാനും കഷ്ടപ്പെടാനും തയ്യാറാണെങ്കിൽ എനിക്കെന്റെ അഭിലാഷം പൂർത്തീകരിക്കാം. നീ അത്ര വളർന്നിട്ടില്ലെന്നു നീ പറയുന്നു. ഇതാ ഞാനൊരു വഴി പറഞ്ഞുതരികയാണ്, നിനക്കു വളരാൻ. നീ ഈ വഴിയെ വരുമോ?

എന്നെ പിടികൂടിയിട്ടുള്ള രണ്ടാമത്തെ ഭ്രാന്ത്, എന്തുവന്നാലും
വേണ്ടില്ല, ദൈവത്തെ മുഖത്തോടു മുഖം കാണണമെന്നതാണ്. ഇന്നത്തെക്കാലത്ത് വെറുതെ ദൈവത്തിന്റെ പേരു പറയുകയും പരസ്യമായി പ്രാർത്ഥിക്കുകയും, ഭക്തനാണെന്ന് മറ്റുള്ളവരെ ബോധിപ്പിക്കുകയും ചെയ്യുന്നത് മോടിയായിരിക്കുന്നു. അത്തരം ഭക്തിയുടെ പിന്നാലെ പോകാൻ ഞാനിഷ്ടപ്പെടുന്നില്ല. യഥാർത്ഥത്തിൽ ഈശ്വരനുണ്ടെങ്കിൽ, അദ്ദേഹത്തെ അനുഭവിക്കാൻ, മുഖത്തോടുമുഖം കാണാൻ എന്തെങ്കിലും വഴി ഉണ്ടായിരിക്കും. എത്ര കഠിനമായാലും വേണ്ടില്ല, ഈശ്വരനിലേക്കുള്ള മാർഗ്ഗം പിന്തുടരാൻ ഞാൻ തീരുമാനിച്ചുകഴിഞ്ഞു. ആ മാർഗ്ഗം തന്നിൽത്തന്നെയാണ്. തന്റെ മനസ്സിലാണ് എന്നു ഹിന്ദുധർമ്മം പ്രഖ്യാപിക്കുന്നു. അനുവർത്തിക്കേണ്ട അനുഷ്ഠാനങ്ങളും അതിൽ പറഞ്ഞിട്ടുണ്ട്. ഞാനവ അനുഷ്ഠിക്കാൻ തുടങ്ങിയിരിക്കുന്നു. ഹിന്ദുധർമ്മം പഠിപ്പിക്കുന്നത് സത്യമാണെന്ന് ഒരു മാസത്തിനകം എനിക്കു ബോധ്യമായിട്ടുണ്ട്. അതു ചൂണ്ടിക്കാണിച്ചിട്ടുള്ള എല്ലാ ലക്ഷണങ്ങളും സൂചനകളും എനിക്കു കാണാൻ കഴിഞ്ഞു. നിന്നെയും ആ വഴിക്കു നയിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.

കൃത്യമായും അവസാനം വരെയും എന്നോടൊപ്പം വരാൻ നിനക്കു കഴിഞ്ഞില്ലെന്നുവരാം. നിനക്കിതിനുള്ള അറിവില്ല. എന്നാൽ പടിപടിയായി എന്നെ പിന്തുടരുന്നതിൽ തെറ്റില്ല. ഈ വഴി പിന്തുടരുന്ന ഏതൊരാൾക്കും സിദ്ധി കൈവരും. എന്നാൽ മാർഗ്ഗം സ്വീകരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അവനവനാണ്. ആർക്കും ബലം പ്രയോഗിക്കാൻ സാദ്ധ്യമല്ല. നീ ഈ വഴി പിന്തുടരാൻ തീരുമാനിക്കുന്ന പക്ഷം അതെപ്പറ്റി കൂടുതലെഴുതാം.

മൂന്നാമത്തെ ഭ്രാന്ത് ഭാരതമാതാവിനെക്കുറിച്ചുള്ളതാണ്. വിശാലമായ മൈതാനങ്ങളും വയലുകളും പാടങ്ങളും മലകളും നദികളും നിറഞ്ഞ ഒരു ഭൗതികവസ്തുവായിട്ടാണ് മറ്റുള്ളവർ ഈ രാജ്യത്തെ കരുതുന്നത്. ഞാൻ ഭാരതത്തെ എന്റെ അമ്മയായിക്കാണുന്നു. ആരാധിക്കുന്നു; പൂജിക്കുന്നു. അസുരൻ സ്വന്തം മാതാവിന്റെ മാറത്തു കയറിയിരുന്ന് രക്തം വലിച്ചുകുടിക്കുമ്പോൾ മകനെന്തു ചെയ്യും? അവൻ സ്വൈര്യമായിരുന്ന് ഭക്ഷണം കഴിക്കുകയും ഭാര്യയുടെയും മക്കളുടെയും കൂടെ സുഖമായി ജീവിക്കുകയും ചെയ്യുമോ? അതോ, അമ്മയുടെ രക്ഷയ്ക്ക് പാഞ്ഞെത്തുമോ? ഈ പതിത ജനസമൂഹത്തെ ഉദ്ധരിക്കാനുള്ള കഴിവെനിക്കുണ്ടെന്ന് എനിക്കു വിശ്വാസമുണ്ട്. ദേഹശേഷിയെക്കുറിച്ചല്ല പറയുന്നത്. വാളും തോക്കുമെടുത്തല്ല ഞാനീ യുദ്ധം ചെയ്യാൻ പോകുന്നത്.

ഈ ലോകത്തിൽ ക്ഷാത്രതേജസ്സുമാത്രമല്ല, ജ്ഞാനത്തിലധിഷ്ഠിതമായ ബ്രഹ്മതേജസ്സുമുണ്ട്. ഇതൊരു പുതിയ ആശയമല്ല. ഞാനതോടൊപ്പം ജനിച്ചവനാണ്. എന്റെ ഓരോ സിരയിലും അതു പ്രവഹിക്കുന്നു. ഈ മഹത്തായ ലക്ഷ്യം പൂർത്തിയാക്കുന്നതിനുവേണ്ടി ഭഗവാൻ എന്നെ അയച്ചിരിക്കുകയാണ്. കഷ്ടിച്ച് പതിനാലു വയസ്സുള്ളപ്പോൾത്തന്നെ ആശയം എന്നിൽ മുളച്ചതാണ്. പതിനെട്ടുവയസ്സായപ്പോഴേക്ക് അതു വേരെടുക്കുകയും ഭദ്രമായി ഉറയ്ക്കുകയും ചെയ്തു. നന്നായാലും ചീത്തയായാലും നൂറുകണക്കിനാളുകളെ നിന്റെ ഭർത്താവ് ഈ വഴിയിലേക്ക് പിടിച്ചുവലിക്കുകയാണ്. ഇനിയും ആയിരക്കണക്കിനാളുകളെ പിടിച്ചുവലിക്കുക എന്ന കൃത്യം അയാൾ തുടരുകയും ചെയ്യും. എന്റെ ആയുഷ്കാലത്തു തന്നെ ലക്ഷ്യം സാധിക്കുമോ എന്നു പറയാനാവില്ല. എന്നാൽ അതു സാധിക്കുമെന്നുറപ്പുണ്ട്.

ഇനി ചോദിക്കട്ടെ, നീ ഈ കാര്യത്തിൽ എന്തുചെയ്യാൻ പോകുന്നു. ഭാര്യയാണ് ഭർത്താവിന്റെ ശക്തി. ഉഷയുടെ ശിഷ്യയായിരുന്നു കൊണ്ട് വിദേശയജമാനന്മാർക്ക് സ്തുതി പാടാനാണോ ആഗ്രഹം. ഉദാസീനയായിരുന്നുകൊണ്ട് ഭർത്താവിന്റെ ശക്തി കുറയ്ക്കാനാണോ നിന്റെ ആഗ്രഹം? അനുഭവവും ഉത്സാഹവും കൊണ്ട് നീ അദ്ദേഹത്തിന്റെ ശക്തി ഇരട്ടിപ്പിക്കുകയില്ലേ?

“ഇത്ര പ്രധാനപ്പെട്ട കാര്യത്തിൽ പാവപ്പെട്ട പെൺകുട്ടിയായ എനിക്കെന്തു ചെയ്യാൻ കഴിയും എന്നു നീ ചോദിച്ചേക്കാം. ഈ മഹത്കാര്യത്തിനാവശ്യമായ കരുത്തോ ബുദ്ധിശക്തിയോ എനിക്കില്ല. അത്തരം കാര്യങ്ങളെപ്പറ്റി ആലോചിക്കാൻ തന്നെ എനിക്കു ഭയമാ കുന്നു’ എന്നു നീ പറഞ്ഞേക്കാം. ഞാൻ എളുപ്പത്തിൽ ഒരു പോംവഴി പറഞ്ഞുതരാം. ഈശ്വരന്റെ കാല്ക്കൽ നീ സ്വയം സമർപ്പിക്കൂ. ഈശ്വരനിലേയ്ക്ക് നയിക്കുന്ന മാർഗ്ഗം സ്വീകരിച്ചു. അപ്പോൾ നിന്റെ കുറവുകളെല്ലാം വിനാ വിളംബം പരിഹരിക്കപ്പെടും. ഈശ്വരസംരക്ഷണം തേടുന്ന ആൾ ക്രമേണ എല്ലാ ഭയങ്ങളിൽ നിന്നും വിമുക്തി നേടും. മറ്റുള്ളവർ പറയുന്നതു കേൾക്കാതെ, നീ എന്നിൽ വിശ്വാസമർപ്പിക്കുന്നപക്ഷം, നിനക്ക് ഞാനെന്റെ ശക്തി തരാം. അതൊരുവിധേനയും
എന്റെ ശക്തി കുറയ്ക്കുകയില്ല. നേരെ മറിച്ച്, കൂടുതൽ വർദ്ധിക്കുകയേ ഉള്ളൂ.

ഭാര്യ ഭർത്താവിന്റെ ശക്തിയാണെന്നാണ് നമെല്ലാം പറയുന്നത്. അതിന്റെ അർത്ഥം ഭർത്താവ് ഭാര്യയിൽ തന്റെ പ്രതിഫലനവും മാതൃകയും കാണുന്നുവെന്നാണ്. സ്വന്തം മഹത്വാകാംക്ഷയുടെ മാറ്റൊലി ഭാര്യയിൽ നിന്നും ശ്രവിച്ചുകൊണ്ട് അയാൾ സ്വന്തം ശക്തി ഇരട്ടിക്കുന്നു.

നീ ഇന്നു ജീവിക്കുന്നതുപോലെ മരണം വരെ കഴിഞ്ഞു കൂടാനാണോ ആഗ്രഹിക്കുന്നത്? ഞാൻ നല്ല വസ്ത്രം ധരിക്കും, സ്വാദേറിയ ഭക്ഷണം കഴിക്കും; ചിരിച്ചു രസിച്ചു നൃത്തം ചെയ്യും. നിന്റെഈ മനഃസ്ഥിതി വളർച്ച പ്രാപിച്ച ഒരാത്മാവിന്റെ തെളിവല്ല. ഈ അടുത്തകാലത്തായി, നിർഭാഗ്യമെന്നു പറയട്ടെ, വെറുപ്പുളവാക്കുന്ന ഇത്തരം ഇടുങ്ങിയ സ്വാർത്ഥചിന്തകൾ സ്ത്രീകളുടെ മനസ്സിൽ കടന്നുകൂടിയിട്ടുണ്ട്. അതെല്ലാം വലിച്ചെറിഞ്ഞ്, നീ എന്റെ കൂടെ വരൂ.

ഈശ്വരകാര്യം ചെയ്യാനാണ് നാമെല്ലാം വന്നിട്ടുള്ളത്. വരൂ നമുക്കതുചെയ്യാം. നീ വളരെ ഋജുബുദ്ധിയാണ്. അതു നിന്റെ സ്വഭാവത്തിൽ ഒരു വലിയ ദോഷമാണ്. ആരെങ്കിലും പറയുന്നതെല്ലാം നീ അതേപടി വിശ്വസിക്കും. അതു നിന്റെ മനസ്സിനെ അസ്ഥിരമാക്കുന്നു. നിന്റെ വിവേചനബുദ്ധി വികസിക്കാനിടകിട്ടുന്നില്ല. ഏകാഗ്രത നിനക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഈ നില മെച്ചപ്പെടുത്തണം. നീ ഒരാളുടെ ശബ്ദമേ വിലവയ്ക്കേണ്ടൂ. അപ്പോഴേ ജ്ഞാനം വളരൂ. ഒരൊറ്റ ലക്ഷ്യത്തിൽ മനസ്സുവച്ച്, അതു നേടിയെടുക്കാൻ ശ്രമിക്കണം. എതിരഭിപ്രായങ്ങളുടെയും വിമർശനങ്ങളുടെയും നടുവിൽ, സ്വന്തം ലക്ഷ്യത്തെക്കുറിച്ച് ഉറപ്പോടെ അചഞ്ചലമായി നിൽക്കാൻ നിനക്കു കഴിയണം.

മറ്റൊരു ദോഷം കൂടിയുണ്ട്. പക്ഷേ, അതിനെ പഴിച്ചിട്ടു കാര്യമില്ല. ഈ കാലത്തിന്റെയും സാഹചര്യത്തിന്റെയും സ്വഭാവമാണ്. ബംഗാൾ ഈ ദോഷത്തിൽ മികച്ചുനില്ക്കുന്നു. ഗൗരവമായ കാര്യങ്ങളെപ്പോലും ഗൗരവമായെടുക്കാൻ ജനങ്ങൾ തയ്യാറില്ല. മതം, സമാജസേവ, ഉയർന്ന ലക്ഷ്യങ്ങൾ, മഹത്തായ പ്രയത്നങ്ങൾ, രാജ്യത്തിന്റെ സ്വാതന്ത്ര്യം തുടങ്ങിയ ഉത്കൃഷ്ടങ്ങളും സമാദരണീയങ്ങളുമായ കാര്യങ്ങളെ കളിയാക്കുകയും പരിഹസിക്കുകയുമാണ്. ലാഘവബുദ്ധിയോടെ തള്ളിക്കളയുന്നു. ബ്രഹ്മസമാജം സ്കൂളിൽ പഠിച്ചതുകൊണ്ട് നിനക്കും ഈ ദോഷം കുറെ ബാധിച്ചിട്ടുണ്ട്. മനഃസ്‌ഥൈര്യം കൊണ്ടു മാത്രമേ ഇതിൽനിന്നു മോചനം നേടാൻ സാധിക്കൂ. നിനക്കിതു വേഗം ചെയ്യാൻ കഴിയും.

നീ ചിന്തിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ, നിന്റെ യഥാർത്ഥസ്വഭാവം സ്വയം പ്രകാശിക്കും. മറ്റുള്ളവർക്കു ഗുണം ചെയ്യുന്ന സ്വഭാവക്കാരിയാണ് നീ. ത്യാഗപ്രകൃതി നിനക്കുണ്ട്. സ്ഥൈര്യമാണില്ലാത്തത്. ഈശ്വരഭക്തി, ആ ശക്തി നിനക്കുണ്ടാക്കിത്തരും.

നിന്നോടുപറയാൻ ഞാനാഗ്രഹിച്ച രഹസ്യസംഗതി ഇതാണ്. മറ്റാരോടും പറയാതെ, ഇതേക്കുറിച്ചെല്ലാം നീ സ്ഥിരമായ മനസ്സോടെ ചിന്തിച്ചുനോക്കണം. ഇതിൽ ഭയപ്പെടാനൊന്നുമില്ല. ചിന്തിക്കേണ്ട സംഗതികളാണിതെല്ലാം. തുടക്കത്തിൽ നീ യാതൊന്നും ചെയ്യേണ്ട. അരമണിക്കൂർ നേരം ഈശ്വരധ്യാനം ചെയ്താൽ മാത്രം മതിയാകും.നിന്റെ ഉറച്ച അഭിലാഷങ്ങൾ തീവ്രമായ പ്രാർത്ഥനയുടെ രൂപത്തിൽ ഭഗവാന്റെ മുൻപിൽ വയ്ക്കണം. നിശ്ചയമായും ക്രമേണ നിന്റെ മനസ്സ് തയ്യാറാകും. നീ ഒരിക്കലും ഭർത്താവിന്റെ ജീവിതക്രമത്തിന്, ആദർശത്തിന് ഈശ്വരനെ പ്രാർത്ഥിക്കാനുള്ള പരിശ്രമത്തിന് എതിരാവുകയില്ലെന്ന് പ്രത്യുത അദ്ദേഹത്തെ സഹായിക്കുകയും, അദ്ദേഹത്തിന്റെ ഉപകരണമായിത്തീരുകയും ചെയ്യുമെന്ന് ഭഗവാനോടു പ്രാർത്ഥിക്കണം. ഇത്രയും ചെയ്യുമോ?

നിന്റെ
സ്വന്തം.

(1905 ആഗസ്റ്റ്‌ 30ന് അരബിന്ദോ തന്റെ പത്നിക്ക് അയച്ച കത്ത്.
സ്വ. പരമേശ്വർജിയുടെ “ഭാവിയുടെ ദാർശനികൻ-അരവിന്ദൻ” എന്ന 1977ൽ എഴുതിയ പുസ്തകത്തിൽ നിന്ന്.)

Note: 1905 ജൂലൈ 20നായിരുന്നു ബംഗാളിനെ ഹിന്ദുക്കളുടേതും മുസ്ലീങ്ങളുടേതും എന്നു പറഞ്ഞ് ബ്രിട്ടീഷുകാരുടെ ഇന്ത്യൻ വൈസ്രോയി പ്രഭു കഴ്‌സൺ വിഭജിക്കാൻ തീരുമാനമെടുത്തത്. ഉരുകി മറിയുന്ന ബംഗാളിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളിൽ എഴുതപ്പെട്ട ഈ കത്തിനു വലിയ പ്രാധാന്യമുണ്ട്.

Leave a comment

Website Powered by WordPress.com.

Up ↑