ഹിന്ദുസംഘടനാ കാര്യേ..

നമ്മുടെ സംഘം അദ്വൈതികളുടെ മാത്രം സംഘടനയാണോ?

നമ്മുടെ സംഘം ഹിന്ദു സമാജത്തിന്റെ സംഘടനയാണ്. ഹിന്ദു സമാജത്തിലെ സംഘടനയല്ല. അതാണ് സംഘത്തിന്റെ ടാർഗറ്റഡ് ഓഡിയൻഡ്. നമ്മുടെ ബേസ് ഓഫ് ഓപ്പറേഷൻ. അതുപോലെ തന്നെ സംഘം ഒരു പ്രത്യേക കൾട്ടുമല്ല. സംഘം പ്രത്യേക സമ്പ്രദായമാണ് എന്നു മേനി നടിക്കുന്നവരും ഹിന്ദു സമാജത്തിനു ചെയ്യുന്ന ദ്രോഹം മറ്റുള്ളവർ ചെയ്യുന്നത്ര തന്നെയാണ്. സമാജത്തിൽ തിരുത്തലുകൾ വേണം. സമാജത്തിന്റെ സ്വഭാവമായി അത് മാറണം. അല്ലാതെ “സംഘത്തിലുള്ളവരെ കണ്ടോ?, കണ്ടു പഠിക്ക്” എന്നു ചോദിക്കുന്നതിൽ സ്വയംസേവകർക്ക് ദുഃഖമാണ് തോന്നേണ്ടത്.

അതുകൊണ്ടു തന്നെ സർവമാന ഹിന്ദുക്കൾക്കും യോജിക്കുന്ന രീതിയിലാണ് അതിന്റെ പ്രവർത്തനത്തിന്റെ എല്ലാ ഭാഗവും ഓരോ കാലഘട്ടത്തിലും വികസിച്ചു വന്നിട്ടുള്ളത്.

അഘാഡകളിൽ പോയി കസർത്ത് ചെയ്യുന്നതിൽ നിന്നും മാറി ശാരീരിക കാര്യപദ്ധതി സ്വന്തമായി വികസിക്കുന്ന തൊള്ളായിരത്തി ഇരുപതുകളുടെ അവസാനം ആ പ്രാചീന ശൈലിയിൽ പല മാറ്റങ്ങളും വന്നു. അക്കൂട്ടത്തിൽ സമർഥ രാം ദാസിന് ജയകാരം മുഴക്കുന്നതും ഹനുമാൻ സ്വാമിയുടെ രൂപം ധ്വജസ്ഥാനിൽ വെക്കുന്നതും ഒക്കെ ഡോക്ടർജി തന്നെ ഒഴിവാക്കിയിരുന്നു. ആര്യസമാജികൾ ശാഖയിൽ പങ്കെടുക്കുമ്പോൾ അവർക്ക് വിഗ്രഹങ്ങൾ തടസ്സമാകരുത് എന്നതിൽ തന്നെ സമ്പൂർണ്ണസമാജത്തെയും സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തിന് മുന്നിൽ ഏതു സമീപനമാണ് നമുക്ക് വേണ്ടത് എന്നത് അദ്ദേഹം തന്നെ നമുക്ക് ധാരണ നൽകിയിട്ടുണ്ട്.

ആരാധനക്രമങ്ങളുടെ പേരിൽ തമ്മിൽ തല്ലിയതിന്റെയും കൊന്നൊടുക്കിയതിന്റെയും അതിക്രമിച്ചു തിരുകിക്കേറ്റിയതിന്റെയും ബാക്കിപത്രം ശൈവ-വൈഷ്ണവ സംഘർഷങ്ങളുടെ അക്കൗണ്ടിലുണ്ട്. അതൊക്കെ നടന്നത് ഇസ്‌ലാമിക അധിനിവേശം മൂർദ്ധന്യത്തിൽ നിൽക്കുന്ന നാളുകളിലാണ് എന്നോർക്കണം. സംവാദത്തിനപ്പുറം സംഘർഷങ്ങളിലേയ്ക്ക് പോകുന്ന കാലത്ത് സമന്വയത്തിന്റെ ഭാഷപറയാൻ ഉള്ള ടൂളാണ് ദേശീയത. അങ്ങനെ അവതരിച്ച ദേവതയാണ് ഭാരതമാതാവ്. ഒരുപക്ഷേ നമ്മുടെ ദേവതാസങ്കല്പങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞത്. ആരോഗ്യമുള്ള സുശക്തമായ ഹിന്ദുസമാജത്തിന്റെ നിർമിതിക്ക് ദേശീയതയല്ലാതെ മറ്റൊരു ടൂൾ ഇല്ല.

ഭൂമീമാതാവെന്ന സങ്കല്പത്തെ ദേവതയായി അവതരിപ്പിച്ചാണ് നമ്മളൊന്നായത്. അതിനി കർമഭൂമിയായി മാത്രമോ പിതൃഭൂമി മാത്രമായോ കണ്ടാലും അത് ധർമ്മം നിലനിർത്തി സമാജത്തെ സംഘടിപ്പിക്കുന്നതിൽ ആർക്കും തടസ്സമല്ല.

സംഘം ഏതെങ്കിലും ഒരു ധാരയെ മാത്രം ഉയർത്തിപ്പിടിക്കുന്നതല്ല. സംഘം ഹിന്ദുരാഷ്ട്രത്തിന്റെ സ്വാഭാവികമായ ഒരു പരിണിതിയാണ്. സമാജത്തിൽ കാലഘട്ടത്തിനനുസരിച്ച് കൃത്യമായ നരേട്ടീവ് ബില്ഡ് ചെയ്യാൻ ഓരോന്ന് ഉണ്ടായിട്ടുണ്ട്. ബുദ്ധനും ബസവേശ്വരനും ശങ്കരനും മാധ്വനും രാമനുജനും തുളസിദാസനും സമർഥരാമദാസനും രവിദാസനും സന്തുക്കളും മുതൽ ശ്രീനാരായണ ഗുരുദേവനും വരെ ഇത് ചെയ്തവരാണ്. ശേഷവും പലരും കാലഘട്ടത്തിന്റെ അനിവാര്യത മനസിലാക്കി ആധുനിക സമൂഹത്തിലേക്ക് നമ്മുടെ സംസ്കൃതിയെ അവർക്ക് മനസിലാകുന്ന ദഹിക്കുന്ന തരത്തിൽ അവതരിപ്പിക്കുന്നുമുണ്ട്. സംഘം അതിന്റെ പരിണിതിയാണ്. സംഘത്തിൽ ഇത് അവസാനിക്കുകയുമില്ല. അങ്ങനെയാണ് ഈ നാട് നിലനിന്നു പോരുന്നത്.

ഇന്ന് നമുക്ക് അന്തഃഛിദ്രങ്ങൾ അവസാനിപ്പിച്ച് ലോകത്തിനു മുന്നിൽ ഹിന്ദു എന്ന ഐഡന്റിറ്റിയിൽ മുന്നോട്ട് പോകേണ്ടതുണ്ട്. നമ്മുടെ നാടിന്റെ ധാർമികചിന്തയുടെ ഗരിമയിൽ ഈ രാഷ്ട്രത്തെ വിശ്വഗുരു സ്ഥാനത്തേയ്ക്ക് നയിക്കേണ്ടതുണ്ട്. അവിടെ ദർശനവിവിധതയുണ്ടാവാം.. ദർശകരനവധിയുണ്ടാകാം. സകലരുമമ്മയ്‌ക്കോമനമക്കൾ ഹിന്ദുക്കൾ നാമൊന്നാണെ.. എന്നു പാടിയാണ് നമ്മൾ മാർച്ച് ചെയ്യുന്നത്. മലയാളത്തിൽ ഈ ഗീതം പാടിതുടങ്ങിയിട്ടു വർഷം എഴുപത് കഴിഞ്ഞിട്ടില്ലെ. ഇതാണ് നമ്മുടെ ആദർശം. ഭാരതം എന്ന അതിരു വിട്ടു പോലും ഹിന്ദു എന്ന സങ്കൽപ്പത്തെ വ്യാഖ്യാനിക്കുന്ന കാലത്താണ് ഈശ്വരനുണ്ടോ ഇല്ലയോ എന്നതാണ് ഹിന്ദു ചിന്തയുടെ അടിസ്ഥാനം എന്നു റിവേഴ്‌സ് ഗിയറിട്ടു നമ്മൾ മുന്നോട്ടു കുതിക്കുന്നത്‌.

അതുകൊണ്ടു തന്നെ എനിക്ക് പരമേശ്വരൻ വിഷ്ണുവോ ശിവനോ കാളിയോ മുത്തിയോ മുത്തപ്പനോ ആകാം. വിരാട്പുരുഷനാകാം. ഇതൊന്നുമല്ലാത്ത രാഷ്ട്രപുരുഷനാകാം. സമാജത്തെ മൂർത്തിയായ കണ്ട് ആരാധിക്കുകയുമാകാം. നിങ്ങൾക്ക് സമാജത്തെ സേവിക്കാൻ ഈശ്വരന്റെ സങ്കൽപ്പം ആവശ്യമില്ലെങ്കിൽ അതുമാകാം. അതിലൊന്നും തട്ടി തടഞ്ഞു നിൽക്കുന്നതോ ആരെയെങ്കിലും തടയുന്നതോ അല്ല ഈ മിഷൻ എന്നതാണ് അതിന്റെ കാമ്പ്.

Leave a comment

Website Powered by WordPress.com.

Up ↑