വിശ്വധർമ പ്രകാശേന വിശ്വശാന്തി പ്രവർത്തകേ

നാഗപൂരിൽ നടന്ന തൃതീയ വർഷ സംഘ ശിക്ഷാ വർഗിന്റെ സമാപന പരിപാടിയിൽ പൂജ. സർസംഘചാലക് നൽകിയ ഉദ്ബോധനം…

സംഘശിക്ഷാ വര്‍ഗ് പോലെയുള്ള പ്രശിക്ഷണങ്ങള്‍ സ്വയംസേവകര്‍ക്ക് രാഷ്ട്രത്തിന്റെ പരമവൈഭവം സാധ്യമാക്കുന്നതിന് ആവശ്യമുള്ള യോഗ്യതകളെ പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ്. ഭാരത് മാതാ കി ജയ് മുഴുവന്‍ വിശ്വത്തിലും മുഴങ്ങണം. വിശ്വവിജേതാവാകാനുള്ള ആഗ്രഹമല്ല അതിന് പിന്നില്‍. നമുക്ക് ആരെയും ജയിക്കേണ്ടതില്ല, എന്നാല്‍ എല്ലാവരെയും യോജിപ്പിക്കേണ്ടതുണ്ട്. സംഘത്തിന്റെ പ്രവര്‍ത്തനം എല്ലാവരെയും ഒരുമിച്ച് ചേര്‍ക്കാനുള്ളതാണ്.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷമാണ് ഇത്. സ്വതന്ത്രത്തിലെ സ്വ നമ്മുടേതാണ്. അതിപുരാതനകാലം മുതല്‍തന്നെ നമ്മുടെ ഋഷിപൂര്‍വികര്‍ അസ്തിത്വത്തിന്റെ സത്യത്തെ മനസ്സിലാക്കി. അദ്വിതീയമായ സത്യത്തിന്റെ ആവിഷ്‌കാരങ്ങളാണ് പലനിറങ്ങളില്‍ നിറയുന്ന വിവിധതയെന്ന് സമാജത്തിന് പകര്‍ന്നിട്ടുണ്ട്. വിവിധത ഈ ഏകത്വത്തിന്റെ ഭാവമാണ്. അത് വ്യത്യസ്തത അല്ല. സത്യം, കരുണ, ശുചിത്വം, തപസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഭാരതത്തിന്റെ ധാര്‍മ്മിക ജീവിതം നിലനില്‍ക്കുന്നത്. അത് രാഷ്ട്രജീവിതമാണ്. നാമൊരു രാഷ്ട്രമായി നിലനില്‍ക്കുന്നത് ഏതെങ്കിലും ഭാഷയുടെയോ ആരാധനയുടെയോ ഒരു പ്രദേശത്ത് താമസിക്കുന്നു എന്നതിന്റെയോ അടിസ്ഥാനത്തിലല്ല, ഒരേ ദൗത്യമാണ് നമുക്ക് നിര്‍വഹിക്കാനുള്ളത്.

ഏറ്റവും പുരാതനമായ രാഷ്ട്രജീവിതമെന്ന നിലയില്‍ ലോകത്തെയാകെ ഈ വഴിയിലേക്ക് നയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സമാനമായ ഈ ദൗത്യം ഭാരതത്തിലെ ഭാഷാ, പ്രവിശ്യാ, സമ്പ്രദായ ഭേദമന്യേ എല്ലാവരുടെയും ചുമതലയാണ്. മാത്രമല്ല, ചരിത്രപരമായ എന്തെങ്കിലും കാരണങ്ങളാല്‍ വിദേശീയമായ ആരാധനാരീതി പിന്തുടരുന്നവരുടെ അന്തരംഗത്തിലും ഇതേ ലക്ഷ്യമാണുള്ളത്. അവരും ഭാരതീയരാണ്. എല്ലാവരെയും ഒരുമിപ്പിക്കണമെന്ന ആശയം മറ്റ് പലയിടത്തുമുണ്ട്. പക്ഷേ പ്രയോഗത്തിലോ അനുഭവത്തിലോ ഇല്ല. എന്നാല്‍ ആ പരമ്പര ഭാരതത്തില്‍ അഖണ്ഡമായി തുടരുന്നു. ഒരു പ്രതിസന്ധിയിലുമത് മുറിഞ്ഞുപോയില്ല. ഈ ധര്‍മ്മത്തെയാണ് ഇന്ന് ഹിന്ദുധര്‍മ്മം എന്ന പറയുന്നത്, വാസ്തവത്തില്‍ അത് മാനവധര്‍മ്മമാണ്, വിശ്വധര്‍മ്മമാണ്, യുഗങ്ങളായി അതിന്റെ സംരക്ഷണവും സവര്‍ധനവും നടക്കുന്ന ഈ ഭൂമിയില്‍ പരമ്പരയായി ജീവിക്കുന്ന സമൂഹത്തെ ലോകം ഹിന്ദു എന്ന് വിളിച്ചു. അതുകൊണ്ട് ഇത് ഹിന്ദുധര്‍മ്മമാണ്. ഈ ഭൂമിയില്‍ നമ്മള്‍ ജീവിക്കുന്നു, ഈ ഭൂമിയാണ് നമുക്കിത് പഠിപ്പിച്ചത്. ഇത് സുരക്ഷിത ഭൂമിയാണ്. ഈ സമൃദ്ധിയും സുരക്ഷയും നമുക്ക് മാതൃഭൂമി തന്നതാണ്”

“ഓം ഭദ്രന്തമിച്ഛന്ത
ഋഷയ സ്വര്‍വിദ
തപോദീക്ഷാമുപസേദുരഗ്രേ
തതോ രാഷ്ട്രം ബലമോജശ്ചജാതം…”

ഇതാണ് രാഷ്ട്രത്തിന്റെ ചരിത്രം. നമ്മുടെ രാഷ്ട്രം, ബലം, ഓജസ്സ് ഒക്കെ വിശ്വമംഗളമാഗ്രഹിച്ച ഋഷിമാരുടെ കഠിന തപസ്സിനാല്‍ സൃഷ്ടിക്കപ്പെട്ടതാണ്. എന്താണോ നമ്മുടെ പക്കലുള്ളത് അത് ലോകത്തിന് നല്കാനുള്ളതാണ്.

കാലചക്രം കറങ്ങി, ചിലപ്പോളത് അനുകൂലമായി, ചിലപ്പോള്‍ പ്രതികൂലമായി, നല്ല ദിനങ്ങളും മോശം ദിനങ്ങളും മാറി മാറി വന്നു. ചിലപ്പോള്‍ വിശ്വത്തെ ഭരിച്ചു, മറ്റ് ചിലപ്പോള്‍ മറ്റ് രാജാക്കന്മാരുടെ പിന്നിലായി. ഏത് ഘട്ടത്തിലും ഈ രാഷ്ട്രജീവിതത്തിന്റെ ചരട് കരുത്തോടെ നിന്നു, ഇപ്പോള്‍ വീണ്ടും മുന്നിലേക്ക് കുതിക്കുന്നു. ഇത് സനാതനരാഷ്ട്രമാണ്. സമന്വയമാണ് ആ ധര്‍മ്മം പഠിപ്പിച്ചത്. എല്ലാവരെയും ഒപ്പം ചേര്‍ത്ത് എല്ലാവരുടെയും ഉന്നതിക്കായി, എല്ലാവരുടെയും ഉന്നതിയില്‍ സ്വന്തം ഉന്നതി കാണാന്‍ കഴിയുന്നതാണ് ശരിയായ ഉന്നതി. അതാണ് നമ്മുടെ സ്വത്വം. അതിന്റെ ആധാരത്തില്‍ രാഷ്ട്രത്തിന്റെ എല്ലാ തന്ത്രങ്ങളെയും പുനഃസ്ഥാപിക്കേണ്ടതുണ്ട്. നമ്മുടെ സ്വതന്ത്രത ഈ സ്വത്വത്തിന്റെ ആധാരത്തില്‍ സ്വന്തം തന്ത്രം നിര്‍മ്മിച്ച് ലോകത്തിന് പുതിയ മന്ത്രം നല്കാനായിട്ടുള്ളതാണ്. ഈ കര്‍ത്തവ്യം നിറവേറ്റണമെങ്കില്‍ ആ സത്യത്തെ അനുഭവിച്ച, അതില്‍ ജീവിക്കുന്ന ആളുകള്‍ വേണം. “

“ധര്‍മ്മത്തിന്റെ സംരക്ഷണം രണ്ട് തരത്തിലാണ്. അതിനുമേല്‍ ആക്രമണം ഉണ്ടാകുമ്പോള്‍ അതിനെ സംരക്ഷിക്കണം. പൊരുതണം. അതില്‍ ബലിദാനമുണ്ടാകും. എന്നാല്‍ ധര്‍മ്മത്തെ ആചരിച്ചുകൊണ്ട് സംരക്ഷിക്കാം. ധര്‍മ്മാചാരണം ആവശ്യമാണ്. പരസ്പര സ്‌നേഹം, ആനന്ദം, സുഖദുഃഖങ്ങളുടെ പങ്കുവയ്ക്കല്‍.. ഇതെല്ലാം അതിന്റെ അകക്കാമ്പാണ്. മുഴുവന്‍ ലോകത്തിനും നല്‍കാനുള്ളത് നമ്മുടെ പക്കലുണ്ട്. അത് നല്കാനുള്ള സമയം എത്തിയിരിക്കുന്നു. അതിനായി തയ്യാറെടുക്കണം. ഒരു കാര്യം കൂടിയുണ്ട്. സത്യത്തിന് നിലനില്‍ക്കാന്‍ ശക്തിയുടെ അടിത്തറ വേണം. നമ്മള്‍ ആരെയും ജയിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ലോകത്ത് ദുഷ്ടജനങ്ങളുണ്ട്. അവര്‍ നമ്മളെ ജയിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ശക്തിയെ ആരാധിക്കണം.

ഭൗതികജ്ഞാനത്തിന്റെ ആധാരത്തില്‍ ജീവിതസംഗ്രാമത്തില്‍ വന്നുചേരുന്ന വെല്ലുവിളികളെ നേരിട്ട് യശസ്വികളാകണം. ആധ്യാത്മികതയെ സ്വീകരിച്ച് ആ യശസ്വിനെ സാര്‍ത്ഥകമാക്കണം. നിസ്വാര്‍ത്ഥ പ്രേമം എന്നതാണ് നമ്മുടെ പ്രാമാണികത. സ്‌നേഹം നല്കുന്നതാണ് സംഘജീവിതം. പക്ഷേ എല്ലാത്തിനും ശക്തിയുടെ അധിഷ്ഠാനം ആവശ്യമാണ്. ശക്തിക്ക് സത്യാധാരിതമായ നീതിയുടെ അടിത്തറ ആവശ്യമാണ്. ശക്തി ഉപദ്രവകാരിയാകരുത്. ദുഷ്ടന്റെ കരങ്ങളില്‍ വിദ്യ വിവാദമാണ്, പണം മദത്തിനാണ്, ശക്തി മറ്റുള്ളവരെ പീഡിപ്പിക്കുന്നതിനാണ്. എന്നാല്‍ സാധുക്കള്‍ക്ക് വിദ്യ അറിവിനും ധനം ദാനത്തിനും ബലം ദുര്‍ബലരുടെ രക്ഷയ്ക്കും വേണ്ടിയാണ്. ശക്തി ഉപദ്രവമാകുന്നത് നീതിയല്ല. “

“റഷ്യ ഉക്രൈനെ ആക്രമിക്കുന്നു. എന്നാല്‍ ആരും ഉക്രൈനില്‍ പോയി റഷ്യയെ തടയാനുള്ള ധൈര്യം കാണിച്ചില്ല. പകരം ഉക്രൈന് വേണ്ട ആയുധങ്ങള്‍ നല്കി അത് പരീക്ഷിക്കുകയാണ് പാശ്ചാത്യരാജ്യങ്ങള്‍. മുമ്പ് ഭാരതവും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം ഉണ്ടായപ്പോള്‍ ഇരുവര്‍ക്കും യുദ്ധോപകരണങ്ങള്‍ നല്‍കി പരീക്ഷിച്ചതുപോലെ. ഭാഗ്യവശാല്‍ റഷ്യ-ഉക്രൈന്‍ വിഷയത്തില്‍ ഭാരതം സന്തുലിതമായ നിലപാടാണ് സ്വീകരിച്ചത്. യുദ്ധത്തെ അനുകൂലിച്ചില്ല, റഷ്യയെ പിന്തുണച്ചുമില്ല. ഉക്രൈന് അടിയന്തര ആരോഗ്യ സഹായങ്ങളടക്കം നല്‍കുകയും റഷ്യയോട് ‘പ്രശ്നം പറഞ്ഞുതീര്‍ക്കൂ സഹോദരാ’ എന്നാവശ്യപ്പെടുകയും ചെയ്തു. അതിബലശാലിയായിരുന്നു ഭാരതമെങ്കില്‍ ഈ യുദ്ധം അവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ നാം ആ ശക്തിയിലേക്ക് വളരുന്നതേയുള്ളൂ. ശക്തമായിട്ടും ചൈന എന്തുകൊണ്ട് ഇടപെടുന്നില്ല. ശാന്തിയുടേയും ഏകതയുടേയും വഴി ചൂണ്ടിക്കാണിക്കാന്‍ അവര്‍ക്കാര്‍ക്കും സാധിക്കുന്നില്ല. സ്വാര്‍ത്ഥതയുടെ വിജയത്തിന് വേണ്ടിയാണ് അവര്‍ക്ക് ശക്തി.

ഭാരതത്തെ പരമവൈഭവത്തിലേക്ക്, വിശ്വഗുരു സ്ഥാനത്തേക്ക് ഉയര്‍ത്തുക എന്നത് കാലത്തിന്റെ ആവശ്യമാണ്. എന്നാല്‍ അതിനാദ്യം മുഴുവന്‍ ജനങ്ങളും ഭാരതമെന്ന ഒറ്റ വികാരത്തില്‍ ഒന്നായിത്തീരണം. ഭാരതം ഒരു ആരാധനാരീതിയെയും തള്ളിപ്പറയുന്നില്ല, ഒരു പ്രദേശത്തെയും മാറ്റി നിര്‍ത്തുന്നില്ല. എല്ലാവരും ഒന്നാണെന്ന, ഭാരതമാതാവിന്റെ മക്കളാണ് എന്ന വിചാരത്തിലാണ് മുന്നോട്ടുപോകുന്നത്. ഈ ധര്‍മ്മത്തെ മതത്തില്‍ നിന്നും ആരാധനാരീതികളില്‍ നിന്നുമൊക്കെ മാറ്റിനിര്‍ത്തേണ്ടതുണ്ട്. മാനവികതയും ബന്ധുഭാവവുമൊക്കെയാണ് പ്രാചീനകാലം മുതലുള്ള ഭാരതത്തിന്റെ പ്രത്യേകത. അതാണ് സനാതന ധര്‍മ്മമെന്നും ഹിന്ദുധര്‍മ്മമെന്നും അറിയപ്പെടുന്നത്.

ഇപ്പോള്‍ കാശിയില്‍ ജ്ഞാന്‍വാപിയുടെ വിഷയം നടക്കുകയാണ്. ചരിത്രത്തെ നമുക്ക് മാറ്റാനാവില്ല. അതു നാം ഉണ്ടാക്കിയതല്ല. ഇന്ന് ഹിന്ദുക്കളായി കഴിയുന്നവരോ മുസ്ലീങ്ങളായി കഴിയുന്നവരോ അല്ലല്ലോ അത് ഉണ്ടാക്കിയത്. അന്നത്തെ ഇസ്ലാം പുറത്തുനിന്ന് ആക്രമിച്ചു കടന്നുവന്നതാണ്. സ്വാതന്ത്ര്യത്തിനായി പൊരുതിയവരുടെ ആത്മവീര്യം കെടുത്താന്‍ അവര്‍ ദേവസ്ഥാനങ്ങള്‍ തകര്‍ത്തു. ഹിന്ദു സമൂഹത്തിന്റെ വിശേഷശ്രദ്ധ പതിയുന്ന ചില വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉയരും.

അതിന്റെ അര്‍ത്ഥം മുസ്ലിങ്ങള്‍ക്ക് വിരുദ്ധമായി ഹിന്ദുക്കള്‍ ചിന്തിക്കുന്നുവെന്നല്ല. ഇന്നത്തെ മുസ്ലീങ്ങളുടെ പൂര്‍വ്വികരും ഹിന്ദുക്കളായിരുന്നു. ചിരകാലം ആ ഹിന്ദുക്കളെ സ്വാതന്ത്ര്യത്തില്‍ നിന്ന് അകറ്റി വഞ്ചിച്ചുനിര്‍ത്താനും അവരുടെ മനോധൈര്യത്തെ തകര്‍ക്കാനുമാണ് അന്ന് ആക്രമണകാരികള്‍ അതെല്ലാം ചെയ്തത്. അതുകൊണ്ടുതന്നെ അവയുടെയെല്ലാം പുനരുദ്ധാരണം നടത്തണമെന്ന ചിന്ത വരുന്നത് സ്വാഭാവികമാണ്. “

“നവംബര്‍ ഒന്‍പതിന് സംഘം നിലപാട് പറഞ്ഞതാണ്. രാമജന്മഭൂമി പ്രക്ഷോഭത്തില്‍ ചരിത്രപരമായ ചില കാരണത്താലാണ് പതിവുരീതികള്‍ക്ക് വിരുദ്ധമായി സംഘം ഭാഗഭാക്കായത്. ആ ദൗത്യം പൂര്‍ത്തിയായി. ഇനി സമരത്തിന്റെ പ്രശ്നമില്ല. എന്നാല്‍ മനസ്സിലുയരുന്ന വിഷയങ്ങള്‍ ചോദ്യമായി ഉയരുക തന്നെ ചെയ്യും. ഇതൊന്നും ആര്‍ക്കും എതിരായുണ്ടാവുന്നതല്ല. മുസ്ലിങ്ങളും ഹിന്ദുക്കളും അങ്ങനെ കരുതേണ്ടതില്ല. പരസ്പരം ഇരുന്ന് സംസാരിച്ച് പുതിയ വഴി തുറക്കുകയാണ് വേണ്ടത്. ചിലപ്പോള്‍ കോടതികളില്‍ പോകേണ്ടിവരും. അപ്പോള്‍ കോടതി പറയുന്നത്, അംഗീകരിക്കണം. ഭരണഘടനയെയും നിയമസംവിധാനങ്ങളെയും പവിത്രമായി കരുതി അനുസരിക്കണം. കോടതിയുടെ തീരുമാനങ്ങളില്‍ പരാതി ഉന്നയിക്കരുത്. പ്രതീകാത്മക കേന്ദ്രങ്ങളെപ്പറ്റി സംസാരിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ദിവസവും ഓരോ വിഷയങ്ങള്‍ സൃഷ്ടിക്കുന്നതും ശരിയല്ല. ജ്ഞാന്‍വാപിയെപ്പറ്റി നമുക്ക് പണ്ടുകാലം മുതലേ നിലപാടുണ്ട്. അതു ശരിയാണ് താനും. എന്നാല്‍ എല്ലാ മസ്ജിദിലും എന്തിന് ശിവലിംഗം നോക്കുന്നു. മസ്ജിദ് എന്നതും ഒരു ആരാധനയാണ്. ആ മതം പുറത്തുനിന്ന് വന്നതാവാം. എന്നാല്‍ അതു പിന്തുടരുന്നവര്‍ പുറത്തുനിന്ന് വന്നവരല്ല. അവര്‍ ആ ആരാധനാരീതി തുടരുന്നതില്‍ വിരോധമുണ്ടാവേണ്ടതില്ല. അതിനെ ബഹുമാനിക്കുകയും പവിത്രത കല്‍പ്പിക്കുകയും വേണം. അവര്‍ സനാതന കാലം മുതല്‍ ഭാരതവര്‍ഷത്തിന്റെ ഭാഗമായ ഋഷി മുനി, ക്ഷത്രിയ വംശങ്ങളുടെ പിന്‍മുറക്കാര്‍ തന്നെയാണ്.

നമ്മുടെയെല്ലാം പരമ്പര ഒന്നാണ്. എല്ലാ സ്വാതന്ത്ര്യ പോരാട്ടങ്ങളിലും ദേശീയബോധമുള്ള മുസ്ലിങ്ങളും ഭാഗഭാക്കായിരുന്നു. അവര്‍ ഇന്നാട്ടിലെ മുസ്ലിങ്ങള്‍ക്ക് മാതൃകയാണ്. അവരുടെ ബന്ധം ഈ നാടുമായാണ്. വൈദേശികമല്ല. ഭാരതത്തിന്റെ സംസ്‌കൃതി ആരേയും ഒഴിവാക്കാതെ എല്ലാവരും നമ്മുടേതെന്ന് കരുതുന്നതാണ്. ആരുടെയെങ്കിലും മതം തെറ്റാണെന്നോ അത് മാത്രമാണ് ശരിയെന്നോ ഉള്ള ചിന്ത പാടില്ല.

പാക്കിസ്ഥാന്‍ രൂപീകരിച്ചപ്പോള്‍ ചിലര്‍ പോയി. ചിലര്‍ പോയില്ലല്ലോ. ആരാധനാരീതി വേറെയാണെങ്കിലും ഭാരതത്തെ വിട്ടുപോകാന്‍ തയ്യാറല്ല എന്നല്ലേ അതിനര്‍ത്ഥം. അവര്‍ ഇവിടെ തുടര്‍ന്നത് എല്ലാവര്‍ക്കുമൊപ്പം യോജിച്ച് ജീവിക്കണമെന്ന ആഗ്രഹത്തോടെയാവണം. സമ്പൂര്‍ണ്ണ സമാജവും തിരിച്ചറിയേണ്ടത് നമ്മുടെയെല്ലാം പൂര്‍വ്വികര്‍ ഒരേ രക്തമായിരുന്നുവെന്നതാണ്. അവര്‍ മടങ്ങിവരാന്‍ തയ്യാറാണെങ്കില്‍ അവരെ സ്വീകരിക്കേണ്ടതുണ്ട്. ഇനി അവര്‍ അതിന് തയ്യാറല്ലെങ്കിലും സാരമില്ല. നമുക്ക് മുപ്പത്തിമുക്കോടി ദേവതകളുണ്ട്. ആ ദേവതകളുടെ എണ്ണം വീണ്ടും കൂടും. അത്രമാത്രം”

നമ്മുടെ സംസ്‌ക്കാരത്തിന്റെ ഉദാരതയും സര്‍വ്വരേയും സമാവേശിപ്പിക്കുന്നതുമായ പ്രത്യേകതയും മനസ്സിലാക്കി ദേശഭക്തരാവുക, എല്ലാവരുടേയും വികസനം എന്ന ചിന്തയില്‍ മുന്നോട്ട് പോവുക, പൂര്‍വ്വികരെ മാതൃകയാക്കി ജീവിക്കുക എന്നിവയൊക്കെയാണ് ഐക്യത്തിനുള്ള വഴികള്‍. ഭരണഘടന മുന്നോട്ട് വയ്ക്കുന്ന സന്ദേശവും ഇതാണ്. ഹിന്ദുക്കള്‍ ഐക്യത്തിനായി നിരവധി വിട്ടുവീഴ്ചകള്‍ ചെയ്തവരാണ്. എന്നിട്ടും അപസ്വരങ്ങള്‍ മറുവശത്തുനിന്ന് ഉയരുകയാണ്.

ഐക്യത്തെ തകര്‍ക്കുന്ന പരാമര്‍ശങ്ങളെ എതിര്‍ക്കുന്നവരാണ് ഹിന്ദുക്കള്‍. ഞാനെന്തെങ്കിലും പറഞ്ഞാല്‍ എന്നെയും തടയാന്‍ ഹിന്ദുസമൂഹത്തിന് സാധിക്കും. മതവാദത്തെ ഹിന്ദു പിന്താങ്ങുന്നില്ല. അതുകൊണ്ടാണ് ഹിന്ദുസമൂഹത്തിലേക്ക് എല്ലാവരും എത്തിയത്. യഹൂദരും പാഴ്‌സികളും എല്ലാം ഉദാഹരണമാണ്. എല്ലാ രാഷ്ട്രങ്ങളും സത്യത്തെ തേടി ഭാരതത്തിലേക്കാണ് വന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും ദളിതരേയും ഉയര്‍ത്തിയത് ഈ രാഷ്ട്രമാണ്. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കി ഹിന്ദുത്വത്തിന്റെ ആചരണം ശരിയായി നിര്‍വഹിക്കേണ്ടതുണ്ട്. ഈ രാഷ്ട്രജീവിതത്തിന്റെ സമൃദ്ധമായ പ്രവാഹത്തിലേക്ക് എല്ലാവരേയും സംയോജിപ്പിക്കേണ്ട ദൗത്യമാണ് നമുക്കുള്ളത്. ഇതിനുള്ള കഴിവും ശീലവും ശക്തിയും ആളുകളിലേക്ക് എത്തിക്കുകയെന്ന ദൗത്യമാണ് സംഘം നിര്‍വഹിക്കുന്നത്.

ഭാഷയുടേയും സംസ്ഥാനത്തിന്റെയും മറ്റും പേരില്‍ ആളുകളെ ഭിന്നിപ്പിക്കുകയും അതില്‍ നിന്ന് ലാഭമുണ്ടാക്കുകയും ചെയ്യുന്ന നിരവധി പേര്‍ ഇപ്പോഴുമുണ്ട്. അത്തരക്കാര്‍ ലോകമെങ്ങുമുണ്ട്, ഭാരതത്തിലുമുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ നാളെ അതിന് മറുപടി നല്‍കുക എന്നതല്ല ശരിയായ രീതി. നമ്മളാണ് ഭാരതമാതാവിന് ജയ് വിളിക്കുന്നത്. നാമാണ് പരസ്പരം സഹോദരങ്ങളെന്ന് കരുതുന്നത്. നാമാണ് ഭാരതത്തെ വിശ്വഗുരുസ്ഥാനത്ത് എത്തിക്കുന്നതിനായി പ്രയത്‌നിക്കുന്നത്. അതിനാല്‍ തന്നെ നമുക്ക് ഈ വ്രതവുമായി മുന്നോട്ട് പോകേണ്ടതുണ്ട്. സമര്‍ത്ഥവും സമ്പന്നവും സമൃദ്ധവുമായ ഹിന്ദുസമാജം, കലഹങ്ങളും വിദ്വേഷങ്ങളും അവസാനിപ്പിച്ച് സുന്ദരമായ, സുഖകരമായ ലോകത്തെ സൃഷ്ടിക്കുക തന്നെ ചെയ്യും. ആ ദൗത്യമാണ് സംഘം 1925 മുതല്‍ നിര്‍വഹിക്കുന്നത്. ഓരോ ചുവടുംവച്ച് ഈ ലക്ഷ്യത്തിലേക്ക് നാം മുന്നേറുകയാണ്. ഇന്നല്ലെങ്കില്‍ നാളെ ആ യശസ്സിലേക്ക് നാം എത്തിച്ചേരും.

@ജന്മഭൂമി

Leave a comment

Website Powered by WordPress.com.

Up ↑