കയ്യിൽ തീപ്പന്തം കെട്ടിയവർ

സഖാക്കളെ..

വിനായക് സവർക്കറോടും സുബ്രഹ്മണ്യയ്യരോടുമൊപ്പം ഇന്ത്യൻ വിപ്ലവത്തിനായി 1908ൽ ലണ്ടനിൽ ഇന്ത്യൻ റവല്യൂഷണറി കമ്മിറ്റിയിൽ പ്രവർത്തിച്ചു കൊണ്ടാണ് എന്റെ വിപ്ലവ ജീവിതം തുടങ്ങുന്നത്. ഒരു ഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെ അറസ്റ്റ് വാറന്റ് വന്നതിനാൽ എന്നോട് പാരീസിലേയ്ക്ക് മാറാൻ സവർക്കർ ആവശ്യപ്പെട്ടു. സാവർക്കർ ഇന്ന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. അയ്യർ ഫ്രഞ്ച് ഇന്ത്യയിൽ നാടുകടത്തപ്പെട്ടതു കണക്കെ പോണ്ടിച്ചേരിയിൽ രാഷ്ട്രീയ ജീവിതം നയിക്കുന്നു.

പാരീസിൽ വെച്ച് മാഡം കാമയോടൊപ്പം ഞാൻ ഫ്രഞ്ച് സോഷ്യലിസ്റ്റ്‌ പാർട്ടിയിൽ ചേർന്നു. അവിടെയുണ്ടായിരുന്ന സഖാക്കൾ ചാൾസ് റാപ്പോപോർട്ടിനും പാവ്‌ലോവിച്ചിനും എന്നെ നന്നായറിയാം. 1913ൽ ഞാൻ സ്വിറ്റ്സർലൻഡിലേയ്ക്ക് കടക്കുകയും അവിടെ വിദേശത്തു പ്രവർത്തിക്കുന്ന ഇന്ത്യൻ വിപ്ലവകാരികളെ ഒരുമിച്ചു കൂട്ടി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. 1914ലെ ഒന്നാം ലോകമഹായുദ്ധകാലത്ത്  പേർഷ്യയിലും മെസപ്പൊട്ടേമിയയിലും ഈസ്റ്റ് ഏഷ്യയിലും ഇന്ത്യൻ സൈന്യത്തിനുള്ളിൽ അളവറ്റ പ്രവർത്തനങ്ങൾ നടത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. പരിശീലനം നേടിയ അസംഖ്യം വിപ്ലവകാരികളെ ഇന്ത്യയിലേക്ക് ആയുധവും വിപ്ലവ സഹിത്യങ്ങളും വെടിക്കോപ്പുകളുമായി ഞങ്ങൾ കടത്തി.

അവിടുന്ന് 1917 ജൂണിൽ സ്വീഡനിലെത്തി സഖാവ്. ആചാര്യയോടൊപ്പം ഇന്ത്യൻ ബ്യൂറോ കെട്ടിപ്പടുത്തു.  ഒക്ടോബർ വിപ്ലവത്തിനു ശേഷം ഞങ്ങൾ ബോൾഷെവിക്കുകൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും കമ്യൂണിസ്റ്റ് വിപ്ലവ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ഇന്ത്യയിലേക്ക് റഷ്യൻ ഭാഷയിലുള്ള കമ്യൂണിസ്റ്റ് സാഹിത്യം മൊഴിമാറ്റി അയച്ചത് ഇക്കാലത്താണ്. ഞാനുമായി ബന്ധപ്പെട്ട ഓരോ ഇന്ത്യക്കാരനും മുന്നിൽ ഞാനൊരു കമ്യൂണിസ്റ്റ് കാഴ്ചപ്പാട് നൽകിയിട്ടുണ്ട്. അവരിൽ പലരും ഇന്ത്യയിൽ നിന്നും എന്നെ കാണാൻ വരികയും തിരിച്ച് ഇന്ത്യയിലേയ്ക്ക് പോവുകയും ചെയ്തിട്ടുണ്ട്.

സോവിയറ്റ് റഷ്യയുമായുള്ള ബന്ധം ഞാൻ ആരംഭിക്കുന്നത് 1917 നവംബറിലാണ്. അന്ന് സ്റ്റോക്ഹോമിലുള്ള സഖാഖ്‌ ട്രോയാനോവ്സ്കിയോട് ഇൻഡോ റഷ്യൻ വിപ്ലവ പ്രസ്ഥാനങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്നതിനെ കുറിച്ച് ഞാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പെട്രോഗ്രാഡിൽ നിന്നും സഖാവ് ട്രോട്സ്കിയും സഖാവ് ലുനാറ്റ്ഷാർസ്കിയും അതിന് അനുവാദം നൽകുകയും കമ്മിസാറിസ്റ്റ് വിദേശ കാര്യ വകുപ്പിൽ ഒരു ഇന്ത്യൻ വിഭാഗം ആരംഭിക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നെ പെട്രോഗ്രാഡിൽ എത്തിക്കാനായി സ്റ്റോക്ഹോമിലുള്ള സഖാവ് വെറോസ്‌കിയോട് അവർ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ പ്രതിവിപ്ലവകാരികളും ബാഹ്യശത്രുക്കളും നിറഞ്ഞ സാഹചര്യത്തിൽ എന്റെ യാത്രയ്ക്ക് ഫലമുണ്ടാകില്ല എന്ന തിരിച്ചറിവിൽ ഞാൻ സ്വീഡനിൽ തുടർന്നു.

1920ൽ മോസ്കോയിലേയ്ക്കുള്ള ഇന്ത്യൻ സംഘത്തെ തയാറാക്കി ജർമനിയിൽ നിന്നും മടങ്ങിയ എനിക്ക് സ്വീഡൻ പ്രവേശനം.നിഷേധിച്ചു. ഞാൻ ഒരു കമ്യൂണിസ്റ്റ് ആണെന്നതും മോസ്കോയിലേയ്ക്ക് ഞാൻ വന്നിരുന്നു എന്നുള്ളതും അവർ ഒരു കാരണമായി അവതരിപ്പിച്ചു. ഇതിനെ പറ്റി സ്വീഡനിലെ കമ്യൂണിസ്റ്റ് മുഖപത്രം ഞാൻ സ്വയം കമ്യൂണിസ്റ്റായി പ്രഖ്യാപിച്ച മെമ്മോറാണ്ടവും മൂന്ന് എഡിറ്റോറിയൽ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഒരു അംഗീകൃത കമ്യൂണിസ്റ്റ് പാർട്ടിയോ പ്രസ്ഥാനമോ നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ എന്നെ കമ്യൂണിസ്റ്റ് ഇന്റർനാഷണലിലെ മൂന്നാം കോണ്ഗ്രസിൽ ഭാരതത്തിൽ നിന്നുള്ള ശബ്ദമായി പരിഗണിക്കണമെന്ന് കോമിന്റർണിന്റെ മാൻഡേറ്റ് കമ്മിറ്റിയോട് ആവശ്യപ്പെടുകയാണ്. ഒരു വിപ്ലവകാരിയും കമ്യൂണിസ്റ്റും എന്ന നിലയിൽ ഞാനെന്താണ് എന്ന് ഞാൻ മേൽ വിവരിച്ചു കഴിഞ്ഞു. നിരവധി സോവിയറ്റ് സഖാക്കൾ ഈ വസ്തുതകളെ നിങ്ങളുടെ മുന്നിൽ സാധൂകരിക്കുകയും ചെയ്യും.

വിപ്ലാവാഭിവാദ്യങ്ങളോടെ.

വീരേന്ദ്രനാഥ ചതോപാദ്ധ്യായ
മോസ്‌കോ, 25 ജൂണ് 1921

മേൽ എഴുതിയ കത്ത് ചാറ്റോയുടേതാണ്. അതേ. സരോജിനി നായിഡുവിന്റെ ജ്യേഷ്ഠ സഹോദരൻ. വീര സവർക്കറുടെ കളരിയിൽ പഠിച്ചിറങ്ങിയ വിപ്ലവകാരി. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ രക്തസാക്ഷികളിൽ ഒരാൾ.

1920 ഒക്ടോബർ 17ന് താഷ്‌കന്റിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ സ്ഥാപിച്ചത് ഏഴു പേരാണ്. മാനവേന്ദ്ര നാഥ് റോയ്, ഭാര്യ ഈവലിൻ റോയ് ട്രെന്റ്, അബനി മുഖർജി, അദ്ദേഹത്തിൻറെ ഭാര്യയും ലെനിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന റോസ ഫിറ്റിംഗോവ്, എംപിടി ആചാര്യ, പിന്നെ ഇന്ത്യയുപേക്ഷിച്ച് തുർക്കിക്ക് ഹിജ്റ ചെയ്തുപോയ മുജാഹിറുകളായ മുഹമ്മദലി അലി, ഹസ്രത് അഹ്മദ് ഷഫീഖ് എന്നിവരാണവർ. രണ്ടാം കമ്യൂണിസ്റ്റ് ഇന്റർനാഷണലിനെ തുടർന്ന് കോമിന്റേണിന്റെ തുർക്കിസ്ഥാൻ ബ്യൂറോയ്ക്ക് കീഴിലായിരുന്നു അത് പ്രവർത്തിച്ചിരുന്നത്. 1920 ജൂണ് 24ന് ഗ്ലാസ്ഗോ സോഷ്യലിസ്റ്റിൽ എഴുതിയ അബനി മുഖർജിയും ഈവ്ലിൻ റോയും എം എൻ റോയും ചേർന്നെഴുതിയ ഇന്ത്യൻ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യത്തെ ഡോക്യുമെന്റ്.

ഈ പ്രസ്ഥാനം മുളപൊട്ടിയ നാൾ മുതൽ പരസ്പരം അംഗീകരിക്കാൻ കഴിയാതെ തമ്മിലടിച്ചു പലവഴിയിലായവരുടെ കൂട്ടമായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി.

1920 ഡിസംബർ 15ന് ഒരു മൂന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റി ഉണ്ടാക്കിയിരുന്നു. അതിൽ ആചാര്യ ചെയർമാനും ഷഫീഖ് സെക്രട്ടറിയുമായി, മൂന്നാമൻ എം എൻ റോയിയും. പാർട്ടി തുടങ്ങി ആറു മാസം കഴിയുന്നതിനു മുന്നേ റോയിയും മുഖർജിയും കൂടി എംപിടി ആചാര്യയെ തള്ളിപ്പറഞ്ഞു. ഒരു കൊല്ലം കഴിയുന്നതിനു മുന്നേ അബനി മുഖർജിയെ റോയിയും തള്ളിപ്പറഞ്ഞു.

അപ്പോഴേയ്ക്കും ബെർലിൻ കമ്മിറ്റിയിൽ നിന്നും ഖാൻഖോജിയും ചാറ്റോയും ലോഹാനിയും ഭൂപേന്ദ്ര നാഥ ദത്തയും മോസ്കോയിലെത്തി. കൂടാതെ അബ്ദുർ റബ് ബർഖിന്റെ നേതൃത്വത്തിൽ തഷ്‌കന്റിൽ നിന്നും ഇന്ത്യന് റിപബ്ലിക്കൻ അസോസിയേഷനിലെ അംഗങ്ങളും. ഇവരൊന്നും ശരിയവില്ലെന്നു റോയ് നിരന്തരം കോമിന്റേണീൽ പറഞ്ഞുകൊണ്ടേയിരുന്നു.
അബ്ദുർ റബ്ബും ആചാര്യയും ബ്രിട്ടീഷ് ചാരന്മാരാണ് എന്നു വരെ റോയിയും അബനിയും പറഞ്ഞു കളഞ്ഞു. തെരഞ്ഞെടുത്തു 15 ദിവസത്തിനുള്ളിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാനെ സെക്രട്ടറിയും റോയിയും ചേർന്ന് പുറത്താക്കി.

1922ൽ ആദ്യം ഈ കൂട്ടു വെട്ടി ആചാര്യ ബെർളിനിലേയ്ക്ക് കടന്നു. സ്റ്റാലിന്റെ ശത്രുവായി മാറിയ റോയ് ഇരുപതുകളുടെ അവസാനം ജീവനും കൊണ്ട് ബെർലിനിലേയ്ക്കും അവിടുന്ന് ഇന്ത്യയിലേക്കും വന്നു. അപ്പോഴേയ്ക്കും ഈവ്ലിൻ റോയിയുമായി എം എൻ റോയി വിവാഹമോചനം നേടിയിരുന്നു. ചാട്ടോ പിന്നെയും അവിടെത്തുടർന്നു. ഒടുവിൽ സ്റ്റാലിന്റെ പീരങ്കികൾക്കൊന്നിന് മുന്നിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.

ചാട്ടോയെ കാണാതായ ശേഷം ആചാര്യ എഴുതിയ ലേഖനത്തിൽ നിന്ന്.. (17 ജൂണ് 1938)
‘ദി മറാത്ത’യിൽ ആചാര്യ എഴുതിയ ലേഖനം (03 ജൂണ് 1938)

സ്വാതന്ത്ര്യ സമരത്തിന്റെ തീപ്പന്തമാകാനൊന്നുമല്ല ഡോ. അഘോരി നാഥ് ചാറ്റർജിയുടെ മകൻ ലണ്ടനിലെത്തിയത്. 1902 ൽ അയാൾ ലണ്ടനിൽ കപ്പലിറങ്ങുമ്പോൾ ഇന്ത്യൻ സിവിൽ സർവീസിന്റെ ഭാഗമാകുക എന്നത് മാത്രമായിരുന്നു അയാളുടെ സ്വപ്നം. പിന്നീടയാൾ മിഡിൽ ടെമ്പിളിൽ നിയമവിദ്യാർഥിയായി. തനി ഇൻഗ്ളീഷുകാരന്റെ ജീവിതം അയാളെ പൂർണ്ണമായും മുക്കിയെടുത്തിരുന്നു. എന്നാൽ 1906ൽ 65 ക്രോംവെൽ അവന്യൂവിലുള്ള ഇന്ത്യഹൗസിൽ അയാളൊരു രാജകുമാരനെ പരിചയപ്പെട്ടു. പട്ടാപ്പകൽ തീപ്പന്തവുമായി തെരുവിലിറങ്ങി നടക്കുന്ന വിപ്ലവകാരികളുടെ രാജകുമാരനെ.

പെണ്ണുപിടിച്ചും കള്ളുകുടിച്ചും ഇൻഗ്ളീഷുകാരന്റെ ജീവിതം നോറ്റ് ഇന്ത്യയിൽ തിരികെപ്പോയി സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഇന്നാട്ടിൽ മേൽക്കുമേൽ വളരാനുള്ള പണിയെടുക്കാൻ സ്വപ്നം കണ്ടിരുന്ന കറുത്ത ഇൻഗ്ളീഷുകാരെ അയാൾ പിടികൂടി. വിവിഎസ് അയ്യരും സേനപതി ബാപ്പട്ടും ടികെഎസ് രാജനും മദൻ ലാൽ ദിന്ഗ്രയും ലാല ഹർദയാലും ഭാരതാംബയുടെ കാൽചങ്ങല പൊട്ടിച്ചെറിയുന്ന വൈനതേയരായി മാറിയത് ആ അഗ്നിപർവതത്തിന്റെ ജ്വാലയിൽ കുരുത്തിട്ടാണ്.

അവരുടെയുള്ളിൽ രാഷ്ട്രസ്വാതന്ത്ര്യത്തിന്റെ ഇച്ഛയും അഭിവാഞ്ഛയും വളർത്തി. സ്വജീവിതം മാതൃഭൂവിന്റെ മോചനത്തിനായി ഉഴിഞ്ഞു വെയ്ക്കാൻ തയാറാക്കി. അഗണിത ശിലാഖണ്ഡങ്ങളിൽ നിന്ന് അയുതായുധങ്ങളാക്കി. അവർ ധ്വരപരിഷകളുടെ ശിരസ്സിനു നേരെ അരയടിയിടയിൽ ചെന്ന് നിവർന്നു നിന്ന് വെടിയുണ്ടകൾ പായിക്കാൻ കൊതിക്കുന്നവരായി. ഇന്ന് നാം ജീവിക്കുന്ന സ്വതന്ത്ര രാഷ്ട്രം അവർ അന്ന് സ്വപ്നം കണ്ടതാണ്. വീരവിനായകന്റെ ജന്മദിനത്തിൽ ഇതാണ് നമുക്കോർക്കാനുള്ളതും. ഏത് കരിങ്കൽ തുണ്ടിലും ഒരു ശില്പമുണ്ടാകുമെന്ന ഉൾക്കാഴ്ച. ‘അയോഗ്യ പുരുഷോ നാസ്തി’ എന്ന മനുഷ്യനിർമ്മിതിയുടെ മഹാമന്ത്രം സാക്ഷാത്കരിച്ച രാഷ്ട്രാരാധനയുടെ നേർചിത്രമാണ് വിനായകന്റേത്.

(ഈ ലേഖനം ഡ്രാഫ്റ്റിലാണ്. കൂട്ടിച്ചേർക്കലുകൾ തുടരും)

Leave a comment

Website Powered by WordPress.com.

Up ↑