മാർക്സിന്റെ മൗഢ്യങ്ങളെ ചുമക്കുന്നവർ

‘ഒരുതുണ്ട് ഭൂമിയിലെ കാട്ടാളസംതൃപ്തി’യാണ് ഇന്ത്യൻ ജീവിതമെന്ന് മാർക്സ് പറഞ്ഞിട്ടുണ്ടത്രേ.. വൈകാരിക പരിസരമുണ്ടാക്കിക്കൊടുക്കുന്ന സേട്ടന്റെ പുതിയ ഗുണ്ടിറങ്ങിയതാണ്. ഇന്ത്യക്കാർ അവന്റെ ഗ്രാമം പോലും വിട്ടു യാത്രചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലത്രേ.. അതുകൊണ്ടാണ് ഇവിടെ റോഡ് പണിയാൻ ബ്രിട്ടീഷുകാർ വരേണ്ടി വന്നത് എന്നാണ് അവകാശവാദം.

ഇന്ത്യ കാണുകയോ ഇന്ത്യൻ സാഹചര്യങ്ങൾ ബ്രിട്ടനിലെ ലൈബ്രറികൾ പറഞ്ഞു നല്കിയതല്ലാതെ അറിയുകയോ ചെയ്യാത്ത മാർക്സിന്റെ ഈ വചനം വെച്ചാണ് സുവിശേഷം മുഴുവൻ.

ഭാരതത്തിന്റെ നാലതിരുകളിൽ ചതുർമഠങ്ങൾ സ്ഥാപിച്ച ശങ്കരന്റെ മണ്ണിലിരുന്ന്, പറയി പെറ്റ പന്തിരുകുലത്തിന്റെ കഥ പറയുന്ന ഗ്രാമങ്ങളിലിരുന്നാണ് മാർക്സിന്റെ കാടൻ സംതൃപ്തിയെക്കുറിച്ചു പ്രസംഗിക്കുന്നത്. അതും വിന്ധ്യനെ കടന്ന് അനന്തപുരിയിലേയ്ക്ക് പോന്ന അഗസ്ത്യരുടെയും സിദ്ധരുടെയും കഥകൾ പറയുന്ന നൂറു കണക്കിന് ഗ്രാമങ്ങളുള്ള നാട്ടിൽ. ആദികാവ്യം രാമായണം പോലും രാമന്റെ അയനമാണ്. രാമന്റെ യാത്ര. അങ്ങു നേപ്പാൾ മുതൽ ഇങ്ങു ശ്രീലങ്ക വരെയുള്ള യാത്ര. മഹാഭാരതം അങ്ങു ആസാം മുതൽ ദ്വാരക വരെയുള്ള കൃഷ്ണന്റെ യാത്രയാണ്. പാണ്ഡവരുടെ വനവാസമാണ്.

ഷാവോലിൻ ടെമ്പിൾ സ്ഥാപിച്ച കാന്ചീപുരത്തെ ബോധി ധർമ്മനും മഗധയിലെ ഗുണഭദ്രന്റെയും സംഘമിത്രയുടെയും ഒക്കെ കഥ പറയുന്ന നാവു കൊണ്ട് തന്നെ മാർക്സിനെ തരം പോലെ വിളമ്പുന്ന ആ മെയ്വഴക്കം. പഠിച്ചു കഴിഞ്ഞാൽ പരിവ്രാജനം എന്നതാണ് ഇന്ത്യൻ വിദ്യാഭ്യാസ രീതിപോലും. ലോകത്തിലെ ഏറ്റവും പഴയ ജനവാസ നഗരമാണ് കാശി. ആ കാശിയിലേയ്ക്കുള്ള തീർത്ഥാടനം പോലും ലോകത്തിലെ ഏറ്റവും പുരാതനമായ തീർത്ഥയാത്രയാണ്. മൂന്നുകൊല്ലത്തിലൊരിക്കൽ വരുന്ന കുംഭമേളകളിൽ ഭാരതം മുഴുവൻ ജാതിഭേദമെന്യേ ഒരുമിപ്പിക്കുന്ന കാഴ്ച നൂറുകണക്കിന് കൊല്ലങ്ങളായി ഈ നാട് കാണുന്നുണ്ട്. തിരുനാവായയിലെ മാമാങ്കവും ശബരിമലയിലെ തീർത്ഥാടനവും മലയാളിക്ക് ജാതി ഭേദമില്ലാത്ത യാത്രകളാണ്..

നടന്നെത്തുന്ന ദൂരം കണക്കാക്കി വിനാഴികയും നാഴികയും സമയത്തിന്റെ അളവാക്കിയ മലയാളിയോടാണ് ഇതു വിളമ്പുന്നത് എന്ന ബോധ്യം പോലും മോഷണം തൊഴിലാക്കിയവന്റെ പടുബുദ്ധിക്കില്ലാതെ പോയി എന്നതാണ്. ചുമ്മാ വിശാലമായ ദക്ഷിണേഷ്യയുടെ ഭൂപടം എടുത്തു വെച്ചിട്ട് ഈ ചതുർ ധാമങ്ങളും സപ്ത പുരികളും 12 ജ്യോതിർലിംഗങ്ങളും 52 ശക്തിപീഠങ്ങളും എണ്ണിയാലൊടുങ്ങാത്ത തീർത്ഥങ്ങളും ഒക്കെ ഒന്നാടയാളപ്പെടുത്തി നോക്കണം.

അല്പം വെളിച്ചം വീഴും.

Leave a comment

Website Powered by WordPress.com.

Up ↑