ഏ മേരെ വതന് കീ ലോഗോം

പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കർ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തകനായിരുന്നു. ദേശഭക്തി ജ്വലിച്ചു നിന്ന ആ കാലഘട്ടത്തിൽ അദ്ദേഹം നാടകങ്ങളിലൂടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി. വീരസവർക്കർ എഴുതിയ ‘സന്യസ്തഖഡ്ഗം’ എന്ന നാടകം അദ്ദേഹം സംവിധാനം ചെയ്ത് അവതരിപ്പിച്ചിരുന്നു.

1931 സെപ്റ്റംബർ പതിനെട്ടിനായിരുന്നു അതിന്റെ ആദ്യ പ്രദർശനം. താത്യാ റാവു സവർക്കരുമായുള്ള ഈ ബന്ധം അദ്ദേഹം ഹിന്ദു മഹാസഭയുടെ പ്രവർത്തകനാക്കി മാറ്റി. ആ കാലഘട്ടത്തിൽ വീർസവർക്കർ രത്നഗിരിയിലെ വീട്ടിൽ തടങ്കലിലാണ്. 1937ലാണ് 1911 മുതൽ ആരംഭിച്ച അദ്ദേഹത്തിന്റെ 50 കൊല്ലം നീണ്ട ജീവപര്യന്തം തടവുശിക്ഷ ഇളവുകളോടെ ഒഴിവായത്. മങ്കേഷ്കർ കുടുംബത്തിലെ നിത്യ സന്ദർശകനായിരുന്നു വീരസവർക്കർ. ആ വീടിന്റെ സ്വീകരണമുറി ദേശീയ വിഷയങ്ങളുടെ ചർച്ചകളാൽ നിറയുമായിരുന്നു എന്നും.

കടുത്ത സാമ്പത്തിക പ്രതിസന്ധികൾ അദ്ദേഹത്തെ ജീവിതത്തിന്റെ ദുർഘട ഘട്ടങ്ങളിലേയ്ക്കും തെറ്റായ തീരുമാനങ്ങളിലേയ്ക്കും നയിച്ചു. ഒടുവിൽ നാല്പത്തി ഒന്നാം വയസ്സിൽ ദീനാനാഥ് മങ്കേഷ്കർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അപ്പോൾ വെറും 12 വയസ്സു മാത്രമാണ് ലതാ മന്കേഷ്കറുടെ പ്രായം. ഹൃദയനാഥ് മങ്കേഷ്കർക്ക് നാലു വയസ്സും.

അവരുടെ ജീവിതത്തിൽ പിന്നീട് ഒരച്ഛന്റെ സ്ഥാനം തന്നെയായിരുന്നു വീരസവർക്കർക്ക്. വളരുമ്പോൾ സമൂഹ്യപ്രവർത്തകയാകണം എന്നാഗ്രഹിച്ചു സംഗീത സപര്യ അവസാനിപ്പിക്കാൻ ശ്രമിച്ച ലതാജിയെ അവരുടെ കഴിവുകൾക്കനുസരിച്ചു വളരാൻ പ്രേരിപ്പിച്ചത് വീർ സവർക്കറായിരുന്നു.

സവർക്കറുടെ നിരവധി ദേശഭക്തിഗീതങ്ങൾ മങ്കേഷ്കർ കുടുംബം അലപിച്ചിട്ടുണ്ട്. 1909ൽ നിറഞ്ഞ കണ്ണുകളോടെ തന്റെ മാതൃഭൂമിയെ കുറിച്ചോർത്ത് വീര വിനായകനെഴുതിയ “സാഗരാ പ്രാണ് തലമള്ലാ” എന്ന ഗീതം ക്രാന്തികാരികളുടെ പ്രേരണയായിരുന്നു. ഇന്നും മറാത്തിയിലെ ഏറ്റവും മഹത്തായ ദേശഭക്തിഗീതമാണത്. മറ്റൊന്നാണ് തൊള്ളായിരത്തിപത്തുകളിൽ കാലാപാനിയിലെ ജയിലറയുടെ ചുവരുകളിൽ സ്വാതന്ത്ര്യത്തെ ദേവതയായി കണ്ടുകൊണ്ട് കഴുത്തിലെ ഇരുമ്പ് തകിടു കൊണ്ട് കോറിയിട്ട ‘ജയോസ്‌തുതെ’. ഇതെല്ലാം ഇന്ന് നാം കേൾക്കുന്നത് ലതാജിയും മീനാജിയുടെയും ആഷാജിയുടെയും ഉഷാജിയുടെയും സ്വരത്തിലാണ്.

വെറും 17 വയസ്സുള്ള ഹൃദയനാഥ് മങ്കേഷ്കറെ വീര സവർക്കറുടെ ദേശഭക്തി ഗീതങ്ങൾ ചിട്ടപ്പെടുത്തി തന്റെ സഹോദരിമാരെക്കൊണ്ടു പാടിച്ചതിന്റെ പേരിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഇന്നത്തെ അപ്പോസ്തലന്മാർ 1954ൽ ബോംബെ AIR ൽ നിന്നും പുറത്താക്കിയിട്ടുണ്ട്. എന്നിട്ടും മരണം വരെയും ഒട്ടും അപ്പോളജറ്റിക് അല്ലാതെ മങ്കേഷ്കർ കുടുംബം എന്നും വീര സാവർക്കറുമായുള്ള ബന്ധത്തെ പറ്റി നിർഭയം അഭിമാനത്തോടെ പറയുമായിരുന്നു.

സ്വതന്ത്ര രാഷ്ട്രീയ ഭാരതം ഒരിക്കലും അദ്ദേഹത്തിന് ഉതകുന്ന രീതിയിലുളള ആദരവോ അംഗീകാരമോ നൽകിയില്ലെന്ന് 2009ൽ സാഗരാ പ്രാണ ഗീതത്തിന്റെ ശതാബ്ദി ആഘോഷ വേളയിൽ ലതാജി പറഞ്ഞു. ഇന്ന് അദ്ദേഹത്തെ വിമർശിക്കുന്നവർക്ക് അദ്ദേഹം എത്ര കടുത്ത ദേശഭകതനായിരുന്നു എന്നറിയില്ലാഞ്ഞിട്ടാണ് എന്നും ലതാജി തന്നെ സൂചിപ്പിച്ചിട്ടുണ്ട്.

ട്വിറ്ററിൽ സജീവമായപ്പോൾ എല്ലാ വർഷവും മുടങ്ങാതെ മെയ് 28ന് അദ്ദേഹത്തിന്റെ ജന്മദിനത്തിനും ഫെബ്രുവരി26 ന് അദ്ദേഹത്തിന്റെ പുണ്യതിഥിക്കും ആ വന്ദ്യ വയോധികനെ പറ്റി ലതാജി ഓർമിച്ചെടുക്കും. മങ്കേഷ്കർ കുടുംബത്തിന്റെ സ്നേഹാദരവുകൾ ഇന്നും അദ്ദേഹത്തിന് ലഭിക്കുന്നു എന്നുള്ളതിൽ തന്നെ അവരുടെ ജീവിതങ്ങളെ അദ്ദേഹം എത്രമാത്രം സ്വാധീനിച്ചിരുന്നു എന്നു മനസ്സിലാക്കാമല്ലോ.

വീരസവർക്കറുടെ ഗീതങ്ങൾക്ക് താഴെ ലിങ്ക് ഫോളോ ചെയ്യാം.

1. സാഗരാ പ്രാണ് തലമള്ലാ
https://youtu.be/I4pJ0aD5RtA

2. ജയോസ്‌തുതെ
https://youtu.be/xQrElx8-idM



(ചിത്രം 2017ൽ അമീർ ഖാന് ദീനാനാഥ് മങ്കേഷ്കർ പുരസ്‌കാര സമർപ്പണവേളയിൽ സംഘത്തിന്റെ സർസംഘചാലക് ഡോ മോഹൻജി ഭാഗവതുമായിട്ടുള്ളതാണ്.)

Leave a comment

Website Powered by WordPress.com.

Up ↑