നരേന്ദ്രജാലം തുടരുന്നു

2006ലാണെന്ന് തോന്നുന്നു, പൂജനീയ സർസംഘചാലക് സുദർശൻജിയുടെ ബൗദ്ധിക്കിൽ അദ്ദേഹം ഈ കാലഘട്ടത്തിന്റെ വിഷമതകൾ വിവരിക്കുകയാണ്. “നമ്മളൊരു യുഗസന്ധിയിലൂടെ ചലിക്കുകയാണ്. വിവേകാനന്ദ സ്വാമികൾ ആയിരത്തി എണ്ണൂറുകളുടെ അവസാനം അദ്ദേഹത്തിന്റെ ഗുരുഭായിമാരെ നിരന്തരമായി ഓർമിപ്പിക്കുമായിരുന്നു ഠാക്കൂർ ജനിച്ച 1836ൽ ഈ രാഷ്ട്രത്തിൽ സ്വർണിമയുഗത്തിന് നാന്ദികുറിക്കപ്പെടുകയായിരുന്നുവെന്ന്. ഒരു യുഗത്തിന്റെ ദൈർഘ്യം 175 കൊല്ലമാണെന്ന് അരവിന്ദന്റെ ഋഷിവചനമുണ്ട്. അതനുസരിച്ച് 2011ൽ പുതുയുഗപ്പിറവിയുണ്ടാകും. രണ്ടു യുഗങ്ങൾക്കിടയിൽ ഒരു സന്ധ്യാകാലമുണ്ട്. നാം ഇന്ന് ആ യുഗസന്ധിയിലൂടെ കടന്നു പോവുകയാണ്. ഓരോ യുഗസന്ധിയും കടന്നു പോകുമ്പോൾ കഷ്ടതകളുടെ മഹാപ്രളയമുണ്ടാകും. അതിനു ശേഷം വീണ്ടും പുതുയുഗം പിറക്കും. ഭാരതം വിശ്വഗുരുസ്ഥാനത്തേയ്ക്കുയരും.”

1836ലാണ് കൽക്കട്ടയിൽ മെക്കളെയിസ്റ്റ് വിദ്യാഭ്യാസസമ്പ്രദായം അടിച്ചേല്പിച്ചു കൊണ്ട് ഭാരതീയ ഭാഷകൾക്ക് പകരം കൊളീജിയേറ്റ് വിദ്യാഭ്യാസത്തിന്റെ മാദ്ധ്യമം ഇങ്ലീഷ് മാത്രമാക്കി മാറ്റിയത് എന്നോർക്കണം. കറുത്തവന്റെ ഉടലും വെള്ളക്കാരന്റെ മനസ്സുമുള്ള പുതുജനസ്സുകളെ ഇന്ത്യൻ മണ്ണിൽ തന്നെ സൃഷ്ടിച്ച് കൂലിക്കെടുക്കാൻ കാത്തുനിന്ന ബിലാത്തിക്ക് ഈ പുണ്യഭൂമിയുടെ ചിതിയാണ് മറുപടി പറഞ്ഞത്. അവിടെ താക്കൂർജിയുടെ മുന്നിൽ ഒരു നരേന്ദ്രൻ സ്പർശമാത്രേണ സമാധിസ്ഥനായി പരിവ്രാജനം ചെയ്ത് കടൽ നീന്തിക്കടന്നു ശ്രീപാദപ്പാറയിൽ ചെന്നു ധ്യാനനിമഗ്നനായി പടിഞ്ഞാറേയ്ക്ക് പോയി വെന്നിവന്നു.

ഭഗവയെ കുറിച്ച് അടൽജിയുടെ ഒരു കവിതയുണ്ട്. ‘അമരാഗ്നിയാണിത്’ എന്നാണതിന്റെ തലക്കെട്ട്. തമ്മിലടിച്ചു നടന്നപ്പോൾ ഒരു ജയചന്ദ്രന്റെ ചതിയിൽ ആയിരത്താണ്ട് മുന്നേ തകർന്ന ഇന്ദ്രപ്രസ്ഥത്തിന്റെ മുന്നിൽ ഇന്നും ഇരുട്ടായ് പരന്നിരിക്കുകയാണ് എന്നദ്ദേഹം വിലപിച്ചു

घिरे घोर घन दासताँ के भयंकर
गवाँ बैठे सर्वस्व आपस में लडकर
बुझे दीप घर-घर हुआ शून्य अंबर

निराशा निशा ने जो डेरा जमाया
ये जयचंद के द्रोह का दुष्ट फल है
जो अब तक अंधेरा सबेरा न आया

मगर घोर तम मे पराजय के गम में विजय की विभा ले
अंधेरे गगन में उषा के वसन दुष्मनो के नयन में
चमकता रहा पूज्य भगवा हमारा

അതിന്റെ അന്തിമചരണങ്ങളിൽ അദ്ദേഹം ഇങ്ങനെ കൂടി കുറിച്ചു.

कभी थे अकेले हुए आज इतने
नही तब डरे तो भला अब डरेंगे
विरोधों के सागर में चट्टान है हम
जो टकराएंगे मौत अपनी मरेंगे

ഭവാനൊരാളന്നിന്നോ ലക്ഷം വിത്തിതു വന്മരമായ് എന്നു പാടിയത് തന്നെയാണത്തിന്റെ സത്തയും.ബാക്കിയിൽ അദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു.

लिया हाथ में ध्वज कभी न झुकेगा
कदम बढ रहा है कभी न रुकेगा
न सूरज के सम्मुख अंधेरा टिकेगा
निडर है सभी हम अमर है सभी हम
के सर पर हमारे वरदहस्त करता
गगन में लहरता है भगवा हमारा

2014 മെയ് 16ന് പൂർണസമ്മതിയോടെ ഭാരതീയ ജനതാ ഹിന്ദു ദേശീയവാദികൾക്ക് ഈ നാടിന്റെ ഭരണമേൽപ്പിച്ചപ്പോൾ ഉയർന്നത് 1192ലെ രണ്ടാം തറയിൻ യുദ്ധത്തിൽ ചതിയിൽ കുനിഞ്ഞ പൃഥ്വിരാജന്റെയും സംയോഗിതയുടെയും ശിരസ്സുകൾ കൂടിയാണ്. മനസ്സിൽ രാഷ്ട്രഭക്തി ജ്വലിക്കുന്ന മനസ്സുകളെ സൃഷ്ടിച്ച സംഘസ്വയംസേവകർ ഈ നാടിന്റെ ഭരണചക്രം തിരിച്ചു തുടങ്ങിയപ്പോഴാണ് ഈ രാഷ്ട്രത്തിന്റെ ശിരസ്സുയർന്നത്. ഈ രാഷ്ട്രത്തിന്റെ ഉന്നതിക്കായി ആത്മാർഥമായും നിസ്വാർത്ഥ ബുദ്ധിയോടെയും തനമനധനസമർപ്പിത നിഷ്ഠയോടെയും ഈ ധർമത്തെയും സംസ്കാരത്തെയും സമാജത്തെയും സംരക്ഷിക്കുന്നവരെ സൃഷ്ടിച്ച സംഘശാഖകൾ ഈ മണ്ണിന് മുകളിൽ എന്നും ദേവദുർലഭരെ സൃഷ്ടിച്ചിട്ടുണ്ട്. ആ നിരയിൽ രാജനൈതിക രംഗത്തെ അഗ്രേസരനായ നരേന്ദ്ര ഭായിയെന്ന രാജർഷിയുടെ ജന്മദിനമാണിന്ന്.

അദ്ദേഹം കർശനനിഷ്ഠയുള്ള സ്നേഹനിധിയായ ഒരു മുഖ്യശിക്ഷകനെ പോലെ തന്റെ ഗണത്തെ ചലിപ്പിച്ചു തുടങ്ങിയപ്പോൾ 70 കൊല്ലം പരിഹാരമില്ലാതെ കിടന്ന പല പ്രശ്നങ്ങൾക്കും ഭാരതത്തിൽ അതിനു ശേഷം നിഷ്പ്രയാസം പരിഹാരമുണ്ടായി. ബംഗ്ളാദേശിന്റെ അതിർത്തിയിലെ എൻക്ലേവുകൾ ഇല്ലാണ്ടായി. കശ്മീർ ഇന്ത്യയുടെ ഭാഗമായി. ഒരൊറ്റ ടാക്‌സെന്ന സ്വപ്നം സഫലമായി, വിഭജനത്തിലൂടെ നാം കാണിച്ച അനീതിക്ക് പൗരത്വ ഭേദഗതി ബില്ലിലൂടെ പരിഹാരം കണ്ടു. കാർഷിക മേഖലയിലെ ഡ്രാക്കോണിയൻ നിയമങ്ങൾക്ക് അറുതി വരുത്തി. ഇന്ത്യയിലെ ഗ്രാമങ്ങളിൽ വൈദ്യുതിയെത്തി. ശൗചാലയങ്ങൾ വന്നതിനാൽ പെണ്കുട്ടികൾ വയസ്സറിയിച്ചാലും സ്‌കൂളുകളിൽ തുടരാൻ തുടങ്ങി. എല്ലാവർക്കും സമ്പാദ്യമുണ്ടായി. മുദ്രയും MSME പ്രോജക്ടുകളും വന്നതോടെ 35 വയസ്സുവരെ സർക്കാർ ജോലിയും തേടി കേരളത്തിലെ ചെറുപ്പക്കാർ പോലും കാത്തിരിക്കാതായി.

ഗംഗയിൽ വീണ്ടും ഡോൾഫിനുകൾ നീന്തിതുടങ്ങി. അന്തർദേശീയ ഡയസിൽ യോഗയ്ക്ക് അംഗീകാരമായി. കറുപ്പ് തിന്നു മദിച്ച മഞ്ഞകഴുകന്മാരുടെ കൊലവള്ളി പൊട്ടിക്കുന്ന വീരന്മാരുണ്ടായ് വന്നു. സ്ട്രിംഗ് ഓഫ് പേൾസിന് വ്യാളി മുടക്കിയ ബില്യൻ ഡോളർ ഇൻവെസ്റ്റുമെന്റുകൾ ഈ മനുഷ്യന്റെ ഒരൊറ്റ സന്ദർശനത്തിൽ തകർന്നു വീണു. ക്വാഡിൽ കുടുങ്ങിയ ചൈനയ്ക്ക് വേണ്ടി പാർട്ടി ഓഫീസുകളിലിരുന്നു വൃദ്ധകമ്യൂണിസ്റ്റുകൾ കരഞ്ഞു നിലവിളിച്ചു തുടങ്ങി. അവന്റെ ആയുധങ്ങളുമായി ഇടതു ഭീകരവാദികൾ ചുവന്ന ഇടനാഴിയിൽ നിന്നു പുറത്തു വന്ന് സാമൂഹിക ജീവിതം തെരഞ്ഞെടുത്തു. ഹിസ്ബുൾ മുജാഹിദീന്റെ കശ്മീർ കമാൻഡറാകാൻ കാത്തവനെല്ലാം മണ്ണിൽ കുരുത്തു. രാജാ രഞ്ജിത് സിംഹന്റെയും ഹരിസിംഹന്റെയും വാൾതലപ്പിൽ ഖബറിലേയ്ക്കെടുത്ത സയ്യിദ് അഹമ്മദിന്റെ ബാലാക്കോട്ടിലെ ശവകുടീരം അർദ്ധരാത്രിയിൽ കുടുങ്ങി വിറച്ചു.

ഇതൊക്കെ സാധ്യമാകുമ്പോഴും ഇനിയുമേറെ മോദിമാർ ഈ രാഷ്ട്രത്തിന്റെ ആവനാഴിയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനിയുള്ള നൂറ്റാണ്ടുകളിൽ പുനരപി ഭാരതവിജയദ്ധ്വജമുയർത്താൻ. അവർക്കുമുന്നിൽ ഈ നവഭാരതത്തിന്റെ പ്രതീകമായി ഭാവിതലമുറ ഇനി 2014ന് മുന്നേയും പിന്നെയുമെന്നു ചരിത്രത്തെ പഠിക്കും.

Leave a comment

Website Powered by WordPress.com.

Up ↑