ഒന്നുകിൽ ജിഹാദ്; അല്ലെങ്കിൽ ഹിജറത്ത്

“ഇമാം ഉൾ മുസ്ലിമിൻ” ദാറുൽ ഇസ്ലാമെന്ന ഇസ്ലാമിക ഭരണകൂടമുള്ള നാടിന്റെ അധിപനാണ്.. അതിനർത്ഥം അവിടെ ഇസ്ലാമിക മതവിശ്വാസമനുസരിച്ചുള്ള ജീവിതം മുസ്ലീങ്ങൾക്ക് സാധ്യമാണ് എന്നതാണ്. പതിനൊന്നാം നൂറ്റാണ്ടിലെ ഗസ്നവി സാമ്രാജ്യത്തിന്റെ കാലം മുതൽ ഇന്ത്യയിലെ ഇസ്ലാമിക മതപൗരോഹിത്യം ഇവിടെ തണൽ തേടിയിരുന്നത്തിനു കാരണം മതപരമായ ജീവിതം ഹിന്ദുസ്ഥാനിൽ സാധിക്കുമെന്ന ചിന്തകൊണ്ടു മാത്രമായിരുന്നു. മുഗൾ ഭരണം 1707ൽ ഔറംഗസേബിന്റെ കാലത്തോടെ തകർന്നു തുടങ്ങി. മുഗൾ സുൽത്താന്മാർ കള്ളിനും കറുപ്പിനും കടമിഴികൾക്കും മാത്രം കീഴടങ്ങിത്തുടങ്ങിയിരുന്നു. ഡൽഹിയിലെ മതപുരോഹിതന്മാർക്ക് ഇതൊരു വലിയ വെല്ലുവിളി തന്നെയായി. അക്കാലത്ത് ഉയർന്നു വന്ന പ്രമുഖ സുന്നി പണ്ഡിതനാണ് ഷാ വലീയുള്ള ഡൽഹവി.

ഉർദുവിലേയ്‌ക്ക് മതഗ്രന്ഥങ്ങളുടെ പരിഭാഷ നടത്തിയ ഷാ വലീയുള്ളയും മകൻ ഷാ അബ്ദുൽ അസീസ് ഡൽഹവിയും ഇന്ത്യയിലെ ഷിയാ മുസ്ലീങ്ങൾക്കെതിരെ നിശിതമായ നിലപാടുകളെടുത്തവരാണ്. ഹിന്ദുക്കളുടെ ഹോളിയും ഗംഗാസ്നാനവും ഷിയാ മുസ്ലീങ്ങളുടെ മുഹറം പത്തിന്റെ റാഫിദയും ഹിന്ദുസ്ഥാനിലെ എല്ലാ ‘ഇസ്‌ലാമിക നഗരങ്ങളിലും’ നിരോധിക്കാൻ ആഹ്വാനം ചെയ്തത്ര പാണ്ഡിത്യവും വകതിരിവും ഷെയ്ക്ക് ഷെയ്ക്ക് വലീയുള്ളയ്ക്കുണ്ട്. അറബ് സംസ്കാരമാണ് ലോകത്തെവിടെ ജീവിച്ചാലും സുന്നി മുസ്ലീങ്ങൾ പിന്തുടരേണ്ടത് എന്നായിരുന്നു ഷാ വലീയുള്ള പ്രഖ്യാപിച്ചിരുന്നത്. ഏതൊരു നാട്ടിൽ ചെന്നാലും അറബ് സംസ്കാരത്തിൽ അഭിമാനിക്കാതെയും അത് പ്രചരിപ്പിക്കാതെയും ജീവിക്കുന്ന നാടിന്റെ സംസ്കാരം അനുസരിച്ചു ജീവിക്കുന്നത് ‘സത്യപഥ’ത്തിൽ നിന്നും വ്യതിചലിക്കലാകും എന്നുമാണ് അദ്ദേഹം സുന്നി മുസ്ലീങ്ങളെ വിശ്വസിപ്പിച്ചിരുന്നത്.

മറാട്ടകളെയും സിക്കുകാരേയും ഷിയാ മുസ്ലീങ്ങളെയും കാഫിറുകളായി കണ്ടിരുന്ന വലീയുള്ളയാണ് അഫ്‌ഗാനിസ്ഥാനിൽ പോയി അഹമ്മദ് ഷാ അബ്ദാലിയെ ഹിന്ദുസ്ഥാൻ ആക്രമിക്കാൻ വേണ്ടി ക്ഷണിച്ചത്. അജ്മീർ കാഫിറുകളുടെ ഭരണത്തിലായതിനെതിരെ ഫുയൂസുൽ ഹറാമിൻ എന്ന തന്റെ പുസ്തകത്തിൽ ഒരു സ്വപ്നത്തെക്കുറിച്ച് വലീയുള്ള എഴുതുന്നുണ്ട്. അങ്ങനെ വെറുപ്പിന്റെ ഓരോ അലകും എടുത്തറിയുന്ന വിവരണമാണ് കാഫിറുകളെ കുറിച്ചെഴുതിയിട്ടുള്ളതിൽ നിന്നും ലഭ്യമാകുന്നത്.

ഷാ വലീയുള്ളയുടെ ശവകുടീരം

എന്നാൽ അതും കടന്ന്, “ഇമാം ഉൾ മുസ്ലിമിൻ” ഭരിക്കാത്ത ഹിന്ദുസ്ഥാൻ ഇപ്പോൾ ദാർ അൽ ഹർബ് ആയി മാറിയിരിക്കുന്നു എന്നാദ്യം പ്രഖ്യാപിച്ചത് ഡൽഹിയിലെ പ്രമുഖ സുന്നി മുഹാദിത്ത് ആയ ഷാ അബ്‍ദുൾ അസീസ് ആണ്. ബംഗാളിലെ നവാബ് ഭരണം അപ്പോഴേയ്ക്കും ബ്രിട്ടീഷുകാരുടെ കൈകളിലായിരുന്നു. മലബാറിലും മൈസൂരിലും ഹിന്ദുക്കളെയും.മുസ്ലീങ്ങളെയും വ്യാപകമായി കൊന്നൊടുക്കുകയും മതപരിവർത്തനം ചെയ്യുകയും ചെയ്ത ടിപ്പു കൊല്ലപ്പെട്ടിരുന്നു. വാപ്പയെ പിന്തള്ളി, മറാട്ടകളുടെ ഹിന്ദവി സ്വരാജിന്റെ കീഴിൽ 1757 മുതൽ 1803 വരെ ഏതാണ്ട് അരനൂറ്റാണ്ട് വർഷം തോറും അഞ്ച് ലക്ഷം രൂപ കപ്പം കൊടുത്ത് മുഗൾ സുൽത്താന്മാർ ജീവിക്കേണ്ടി വന്നിട്ടു പോലും ഇന്ത്യയിൽ ഇസ്‌ലാമിക ജീവിതം സാധ്യമായിരുന്നു എന്നു പറയേണ്ടി വന്നു എന്ന് മാത്രം.

അങ്ങനെ ദാറുൽ ഹറബ് ആയി മാറിയ നാട്ടിൽ ജിഹാദും ഹിജറത്തുമാണ് പ്രതിവിധി എന്ന് ഇന്ത്യയിലെ സുന്നി പണ്ഡിതർ വിധിച്ചു. ഒന്നുകിൽ ഇസ്‌ലാമിക ഭരണമുള്ള അടുത്തുള്ള ഏതെങ്കിലും ദാറുൽ ഇസ്‌ലാമിലേക്ക് ഹിജറത്ത് നടത്തി ജീവിക്കുക. അല്ലെങ്കിൽ കാഫിറുകൾക്കെതിരെ ജിഹാദ് നടത്തി ആ നാടിനെ ദാറുൽ ഇസ്ലാം ആക്കി മാറ്റുക. 1919ന് ആലി സഹോദരന്മാർ ലോർഡ് ചെംസ്ഫോർഡിന് എഴുതുന്ന മെമ്മോറിയലിൽ ഇത് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.

" ഇസ്‌ലാമിന്റെ നിലനിൽപിന് എപ്പോഴാണോ ഒരു നാട് യോജിക്കാതെ വരുന്നത്, അപ്പോൾ ഒരു മുസ്ലീമിന് രണ്ട് രണ്ടു വഴികളെ അവന്റെ മുന്നിലുള്ളൂ: ഒന്നുകിൽ ജിഹാദ്, അല്ലെങ്കിൽ ഹിജറത്ത്. അതായത്, പൂർണമായും അവിടെ ഇസ്ളാമികമായ ജീവിതം സാധ്യമാക്കുന്നതിനു വേണ്ടി അവൻ ദൈവം നൽകിയ സകലശക്തിയുമുപയോഗിച്ച് പോരാടുകയോ അല്ലെങ്കിൽ ആ നാട്ടിൽ തങ്ങൾക്ക് സ്വതന്ത്രമായി മതജീവിതം സാധ്യമാകുന്ന കാലം വരെ നാടുവിട്ടോടുകയോ ചെയ്യും. ഇപ്പഴത്തെ ദുർബലമായ അവസ്ഥയിൽ നാടുവിടുക മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള ഒരേയൊരു വഴി."

1920ൽ മഹാത്മാഗാന്ധിയോടൊപ്പമാണ് മൗലാന ഷൗക്കത്തലി ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനും ഫണ്ട് ശേഖരണത്തിനുമായി മലബാറിലെത്തുന്നത്. ആഗസ്റ്റ് 18ന് കോഴിക്കോട് കടപ്പുറത്തു വെച്ച് പതിനയ്യായിരത്തോളം വരുന്ന ജനസഞ്ചയത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഗാന്ധിജിയുടെ മുന്നിൽ വെച്ച് ഷൗക്കത്തലി പറഞ്ഞത് ഇതാണ്.

"നിങ്ങൾക്ക് ശക്തിയും കാര്യശേഷിയുമുണ്ടെങ്കിൽ അല്ലാഹുവിന്റെയും നിങ്ങളുടെ ഇസ്ലാമിക വിശ്വാസത്തിന്റെയും ആത്യന്തിക ശത്രുവായ ഈ നാടിന്റെ ഭരണകൂടത്തിനും അതിന്റെ രാജാവിനും എതിരെ ഒരു മുസൽമാൻ അവന്റെ അവസാനശ്വാസം വരെ പോരാടണം. നിങ്ങൾക്കതിനു കഴിവില്ലെങ്കിൽ ഈ നാടിനെയും അതിന്റെ രാജാവിനേയും ഉപേക്ഷിച്ച് മറ്റേതെങ്കിലും നാട്ടിലേയ്ക്ക് പലായനം ചെയ്യണം."
മൗലാനാ ഷൗക്കത്തലിയും കശ്മീരിനെ പാകിസ്താനോട് ചേർക്കാൻ ശ്രമിച്ച ചൗധരി ഗുലാം അബ്ബാസും

ഖിലാഫത്തിന്റെ ഹിന്ദുക്കൾ പിന്തുണച്ചാൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഇസ്ലാമിക മത പൗരോഹിത്യം പിന്തുണയ്ക്കും എന്ന് വിശ്വസിച്ച് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അപകടകരമായ അബദ്ധത്തിലേയ്ക്ക് എടുത്തു ചാടിയ ഗാന്ധിജിയ്ക്ക് തെറ്റി.

മലബാറിലെ 1921ലെ ഹിന്ദു കൂട്ടക്കൊലയെ പറ്റി വിസ്തരിക്കുമ്പോൾ ഡോ അംബേദ്കർ എന്തായിരുന്നു ഇതിന്റെയെല്ലാം പരിണിത ഫലം എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്.

"1920ൽ നിന്നു തുടങ്ങിയാൽ, അക്കൊല്ലം മലബാറിൽ മാപ്പിള ലഹള എന്ന സംഭവം നടന്നു.  ഖുദ്ദാം- ഇ- കഅബ (മെക്കാ ദേവാലയത്തിന്റെ സേവകർ), കേന്ദ്ര ഖിലാഫത്ത് സമിതി എന്നീ രണ്ട് മുസ്ലീം സംഘടനകൾ നടത്തിയ പ്രക്ഷോഭണങ്ങളുടെ ഫലമായിരുന്നു ആ ലഹള. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കീഴിൽ ഇന്ത്യ ദാർ-ഉൽ-ഹറബ് ആയിരുന്നു എന്നും മുസ്ലീങ്ങൾ അതിനെതിരായി പോരാടുമെന്നും അതിനവർക്കു കഴിയുന്നില്ലെങ്കിൽ അതിനുപകരം ഹിജറത്ത് എന്ന തത്വം അവർ നടപ്പിലാക്കണമെന്നുമുള്ള സിദ്ധാന്തമാണ് പ്രക്ഷോഭകർ യഥാർഥത്തിൽ പ്രചരിപ്പിച്ചത്. ഈ പ്രക്ഷോഭണം മാപ്പിളമാരെ പെട്ടെന്നുതന്നെ അടിതെറ്റിച്ച് ആ പ്രവാഹത്തിൽ ഒഴുക്കിക്കൊണ്ടുപോയി. ബ്രിട്ടീഷ് ഗവണ്മെന്റിനെ അട്ടിമറിച്ച് ഒരു ഇസ്ലാമികരാജ്യം സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം.
അധികാരികൾക്കെതിരായി ആക്രമണം നടത്താൻ കത്തികളും വാളും കുന്തങ്ങളും രഹസ്യമായി നിർമിക്കപ്പെടുകയും സാഹസികരായ ആൾക്കാരുടെ സംഘങ്ങൾ ഒത്തുചേരുകയും ചെയ്തു. ആഗസ്റ്റ് 20 ആം തീയതി തിരൂരങ്ങാടിയിൽ മാപ്പിളമാരും ബ്രിട്ടീഷ് ഭടന്മാരും തമ്മിൽ രൂക്ഷമായ ഒരു സംഘട്ടനം നടന്നു. പലേടത്തും റോഡുകളിൽ തടസ്സം സൃഷ്ടിക്കുകയും ടെലഗ്രാഫ് കമ്പികൾ വിച്ഛേദിക്കുകയും റെയിൽവെയ്ക്കു നാശനഷ്‌ടങ്ങൾ വരുത്തിവയ്ക്കുകയും ചെയ്തു. ഭരണം സ്തംഭിച്ച ഉടനെതന്നെ സ്വരാജ് സ്ഥാപിക്കപ്പെട്ടു കഴിഞ്ഞതായി മാപ്പിളമാർ പ്രഖ്യാപിച്ചു. ഒരു ആലിമുസലിയാർ രാജാവായി അവരോധിക്കപ്പെട്ടു. ഖിലാഫത്ത് പതാകകൾ പാറി. ഏറനാടും വള്ളുവനാടും ഖിലാഫത്ത് രാജ്യങ്ങളായി പ്രഖ്യാപിക്കപ്പെട്ടു.
ബ്രിട്ടീഷ് ഗവൺമെന്റിനെതിരായ ഒരു വിപ്ലവമെന്നനിലയിൽ അത് തികച്ചും മനസ്സിലാക്കാവുന്ന ഒരു സംഭവമാണ്. എന്നാൽ മലബാറിലെ ഹിന്ദുക്കൾക്കെതിരായി മാപ്പിളമാർ ചെയ്ത കൃത്യങ്ങൾ മിക്ക ആളുകളെയും അമ്പരപ്പിക്കുന്നവയായിരുന്നു. മുസ്ലീങ്ങളുടെ കൈകളിൽ നിന്ന് ഹിന്ദുകൾക്ക് അനുഭവിക്കേണ്ടിവന്നത് ശോചനീയമായ ദുർവിധിയാണ്.
കൂട്ടകൊലപാതകങ്ങൾ, ബലം പ്രയോഗിച്ചുള്ള മതപവർത്തനങ്ങൾ, ക്ഷേത്ര ധ്വംസനങ്ങൾ, ഗർഭിണികളെ വെട്ടിക്കീറുക തുടങ്ങി സ്ത്രീകളുടെ നേർക്കുള്ള ഹീനമായ ക്രൂരകൃത്യങ്ങൾ, കൊള്ളയും തീവയ്‌പും നശീകരണവും- ഇങ്ങനെ ചുരുക്കത്തിൽ നിഷ്ഠൂരവും അനിയന്ത്രിതമായ കിരാതവാഴ്ചയുടെ ഭാഗമായി നടക്കാവുന്നതെല്ലാം മാപ്പിളമാർ ഹിന്ദുക്കൾക്കുനേരെ നിർബാധം നടത്തി. ദുർഘടവും വിശാലവുമായ ഒരു ഭൂരിഭാഗത്തിലൂടെ സൈനികരെ വേഗത്തിൽ എത്തിച്ച് ക്രമസമാധാനങ്ങൾ പുനസ്ഥാപിക്കാൻ സാധ്യമാകുന്നതുവരെ ഇതെല്ലാം തുടർന്നു.
ഒരു ഹിന്ദു മുസ്ലീം ലഹളയായിരുന്നില്ല ഇത്. വെറുമൊരു ബർഥലോമിയോ ആയിരുന്നു. വധിക്കപ്പെടുകയോ മുറിവേൽക്കുകയോ മതപരിവർത്തനത്തിനു വിധേയരാക്കുകയോ ചെയ്ത ഹിന്ദുക്കളുടെ സംഖ്യ അജ്ഞാതമാണ്. എങ്കിലും അവരുടെ എണ്ണം വളരെ വലുതായിരുന്നിരിക്കണം."

മതമായിരുന്നു ഖിലാഫത്തിന്റെ പ്രേരണയും ചോദനയും. അതിനെ തിരിച്ചറിയാതെ സ്വാതന്ത്ര്യസമരമെന്ന് വെള്ളപൂശിയതിന്റെ ബാക്കിയായി ലോകത്തിന് പാകിസ്ഥാൻ എന്നൊരു മഹാവിപത്തിനെ സംഭാവന ചെയ്തതിനെ ഇന്നും ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് ന്യായീകരിക്കുന്നത് കാണാം. ഹിന്ദുസ്ഥാൻ ദാർ ഉൽ ഹറബും ഹിന്ദുസ്ഥാൻ ദാർ ഉൽ ഇസ്ലാമും ആയി രൂപപ്പെടുത്തിയത് മതം നിറഞ്ഞ മനസ്സുകളിലാണ്. ആ ബോധ്യത്തോടെ അതൊഴിവാക്കിയിരുന്നെങ്കിൽ ഇന്ത്യ ഒരിക്കലും മൂന്നായി വെട്ടിമുറിക്കപെടില്ലായിരുന്നു എന്നുള്ളതാണ് ചരിത്രം നമ്മോട് പറയുന്നത്.

Referance:

  • 1. Fuyooz-ul Haramain, Shah, By Waliullah Muhaddis Dehlavi (1761)
  • 2. Fatawa Azizi By Shaykh Shah Abdul Aziz Muhaddith Dehlvi (r.a) (1803)
  • 3. S. Athar Rizvi, “Shah Waliullah and His Times”, p. 227, Ma’rifat Publishing House, Canberra, (1980).
  • 4. Dr. Mubarak Ali, “Almiyah-e-Tarikh”, ch. 9 – 10, pp. 95 – 105, Fiction House, Lahore, (2012).
  • 5. Memorial dated April 24 1919, C&P, 3915/19 with 1451/19*
  • 6. Extracts from speeches delivered by Shoukat Ali at Calicut on 18 August 1920 in strictly confidential No. 1024/C/SF 235/7 Dated 23 August 1920 in Gram Letter to Hannygton in USSF. No. 307 Dated 01.10.1920
  • 7. Pakistan Or Partition Of India, Dr. BR Ambedkar, Ch.Po.136, 138, 144, 148, (1945)

Leave a comment

Website Powered by WordPress.com.

Up ↑