ദുർഗേട്ടൻ പോയിട്ട് നാല്പത് കൊല്ലം തികഞ്ഞത് രണ്ടു നാൾ മുന്നേയാണ്. 1978ൽ അദ്ദേഹം സംഘപ്രചാരകനാകാൻ തയാറായ ഏതാണ്ട് അതേ കാലത്താണ് കോലിയക്കോട് സംഘപ്രവർത്തനം ആരംഭിക്കുന്നത്. എല്ലാ ഗ്രാമത്തിലെയും പോലെ ആദ്യകാലത്ത് നിരവധി വെല്ലുവിളികളെ നേരിട്ടാണ് സംഘപ്രവർത്തനം ഞങ്ങളുടെ നാട്ടിലും മുന്നോട്ടു പോയിരുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഷ്കിനെ നേരിട്ടുകൊണ്ട് ആ പ്രതിസന്ധിഘട്ടങ്ങളിൽ പിടിച്ചു നിൽക്കാനും പൊരുതിക്കയറാനും സ്വയംസേവകരെ പ്രാപ്തരാക്കിയിരുന്നത് എന്നും ദുർഗേട്ടൻ കൂടെയുണ്ടാകും എന്ന വിശ്വാസമായിരുന്നു.
അദ്ദേഹത്തിന്റെ നിർഭയത, സ്ഥൈര്യം, സ്നേഹം, സംഘടനാ പാടവം എന്നിങ്ങനെ പലതും ഒരുപാട് ചെറുപ്പക്കാർക്ക് മാതൃകയായിരുന്നു. അവർ ഏത് മരണ വക്ത്രത്തിലേയ്ക്കും കാലനെ വെല്ലുവിളിച്ചു കൊണ്ട് നടന്നു കയറാൻ മടിയില്ലാത്തവരായിരുന്നു. അതിനവരെ പ്രേരിപ്പിച്ചത് അഞ്ചുപൈസയുടെ ചെലവില്ലാത്ത നിരുപാധിക നിർമമ നിഷ്കളങ്ക സ്നേഹമെന്ന ഒരൊറ്റ എലമെന്റായിരുന്നു. അതുകൊണ്ടു തന്നെ ആ മാതൃക പിന്തുടർന്ന നിരവധി ഉത്തമ സ്വയംസേവകരെ സംഘം സമൂഹത്തിനു നൽകിയിട്ടുണ്ട്. അവരിൽ പലരും ഇത്രയും കൊല്ലങ്ങൾക്ക് ശേഷവും സംഘകാര്യത്തിൽ വ്യാപൃതരാണ്.
ഒരു ദിനം ദുർഗേട്ടൻ പോയി. മൂന്നുകൊല്ലം അദ്ദേഹം തിരുവനന്തപുരം താലൂക്കിന്റെ പ്രചാരകനായിരുന്നു. അന്ന് പ്രചാരകന്മാർ വന്നാൽ കയറിക്കിടക്കാൻ ഇടമില്ല. ആ ഭാഗത്തു വന്നാൽ കോലിയക്കോട് മോഹൻജിയും അദ്ദേഹവും ശാഖാ യാത്രയൊക്കെ കഴിഞ്ഞ് ഞങ്ങളുടെ വീടിന്റെ വരാന്തയിൽ പായ വിരിച്ചു കിടന്നുറങ്ങും എന്ന് അമ്മ പറഞ്ഞുള്ള അറിവാണ്. ആ വർഷത്തെ പ്രാന്തീയ ബൈട്ടക്കിൽ വെച്ചു ദുർഗേട്ടൻ കിളിമാനൂർ താലൂക്കിന്റെ പ്രചാരകനായി നിശ്ചയിക്കപ്പെട്ടു. കോലിയക്കോട് വന്ന് സ്വയംസേവകരെയെല്ലാം കണ്ടു യാത്രപറഞ്ഞു മടങ്ങി ദിവസങ്ങൾക്കുള്ളിലായിരുന്നു മാർക്സിസ്റ്റ് നൃശംസത ആ ആണൊരുത്തനെ ചതിയിൽ കൊന്നത്.

കമ്യൂണിസ്റ്റുകൾക്ക് മറുപടിയായി ഇന്നാട്ടിലെ നിരവധി വീടുകളിൽ പിന്നീടുള്ള ഒരു ദശകത്തിൽ പിറന്ന കുഞ്ഞുങ്ങൾക്ക് ദുർഗാദാസ് എന്ന പേര് വീണു. പല വീടുകളിൽ ഭാരതീയേതിഹാസത്തിലെ ചക്രവ്യൂഹത്തിനുള്ളിൽ കടന്ന അഭിമന്യുവിന്റെ കഥ മനസ്സിലാക്കിക്കൊടുക്കാൻ ദുർഗാദാസിന്റെ ജീവിതമായിരുന്നു ഉദാഹരണമായത്. എണ്പത്തി രണ്ടിലെ സംഘശിക്ഷാ വർഗിൽ തല മുണ്ഡനം ചെയ്ത നിരവധി ചെറുപ്പക്കാർ കയറിച്ചെന്നു. പലർക്കും പ്രചാരകനാകണമെന്ന സ്വപ്നമായിരുന്നു മനസ്സിൽ. മറ്റുള്ളവർക്ക് അന്ത്യപ്രണാമം കിട്ടുന്നന്ന് വരെയും സംഘകാര്യം ചെയ്യാൻ നാട്ടിലുണ്ടാകണം എന്നുമായിരുന്നു മനസ്സിൽ.
അത്രയ്ക്കായിരുന്നു ഒരു പ്രചാരകന്റെ സ്വാധീനം. ഒരു പത്തുകൊല്ലം മുന്നേ കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിൽ കുറച്ചു സ്വയംസേവകരോടൊപ്പം ലക്ഷ്മണേട്ടനെ കാണാൻ പോയി. 1963ൽ വിവേകാനന്ദ സ്വാമികൾക്ക് ശ്രീപാദ ശിലയിൽ സ്മാരകമുയർന്നത് ഉയർന്നുപോയ് പ്രചണ്ഡഹിന്ദു പൗരുഷം എന്നുറക്കെ പാടിക്കൊണ്ട് വള്ളത്തിൽ കടലിലേയ്ക്കിറങ്ങിച്ചെന്ന നിർഭയരായ ലക്ഷമനേട്ടനും ബാലേട്ടനും ഉൾപ്പെടെയുള്ള വെള്ളയിലെ മുക്കുവ ഗ്രാമത്തിൽ നിന്നും സംഘാദർശം മനസ്സിൽ നിറച്ച ചെറുപ്പക്കാർ വലത്തേത്തോളിൽ ഇരുകൈകൊണ്ടും മുറുക്കപ്പിടിച്ച ദണ്ഡയുമായി ഉറച്ചു നിന്നതു കൊണ്ടാണ്.

അദ്ദേഹത്തിന്റെ ജോലിയൊക്കെ കഴിഞ്ഞ് ഒരു സന്ധ്യ കഴിഞ്ഞ നേരത്താണ് ഞങ്ങൾ ലക്ഷ്മണേട്ടനെ കാണാൻ അദ്ദേഹം താമസിക്കുന്ന ആ ചെറിയ മുറിയിൽ ചെന്നത്. ഞങ്ങളെല്ലാം കൂടി നിലത്തിരുന്ന് അദ്ദേഹത്തിന്റെ അനുഭവങ്ങളറിയാൻ ചേർന്നു. എങ്ങനെയാണ് മൂന്നുകടലും ഇരച്ചാർത്ത് തല്ലുന്ന ആ പാറക്കെട്ടിൽ സ്വാമിജിയ്ക്ക് മന്ദിരമുയർന്നത് എന്ന് അത് നേരിട്ടു കണ്ട മനുഷ്യനിൽ നിന്നുതന്നെ ഞങ്ങൾക്കറിയണമായിരുന്നു. കോഴിക്കോടു നിന്നും ഇവിടേയ്ക്ക് വന്ന് ഈ ദൗത്യം ഏറ്റെടുത്തതെങ്ങിനെയായിരുന്നുവെന്ന് ഞങ്ങൾ ലക്ഷ്മണെട്ടനോട് ചോദിച്ചു. അറുപതുകളുടെ തുടക്കത്തിൽ ഒരു സായംസന്ധ്യയിൽ അന്ന് വെള്ളയിൽ കടപ്പുറത്തെ ശാഖയിലെ മുഖ്യ ശിക്ഷകനായിരുന്ന ലക്ഷ്മണെട്ടനെ ജില്ലാ പ്രചാരകനായിരുന്ന വിപി ജനേട്ടൻ കാര്യാലയത്തിലേയ്ക്ക് വിളിപ്പിച്ചു. അവിടെ സ്വാമിജിക്ക് ശതാബ്ദി സ്മാരകം ഉയരണം. ആ ദൗത്യം ഏറ്റെടുക്കണം എന്നു പറഞ്ഞു.
“ജില്ലാ പ്രചാരക് പറഞ്ഞതല്ലേ. ഞാൻ അന്ന് ശാഖയുടെ മുഖ്യ ശിക്ഷകും. അതെറ്റെടുക്കുക എന്റെ ചുമതലയായിരുന്നു. അത് ചെയ്തു. “
പിന്നീട് എന്തുണ്ടായി എന്നത് നമുക്കെല്ലാമറിയാം. പക്ഷേ ഒരു പ്രചാരകന്റെ വാക്കിനു മുന്നിൽ സംഘ ദൗത്യത്തിന്റെ വാഹകനായി അദ്ദേഹം മാറിയെങ്കിൽ അതിന് കാരണം ആ സ്നേഹം തന്നെയായിരുന്നു. നീണ്ട അറുപതു കൊല്ലമായി അദ്ദേഹം അതിന്റെ ശക്തിയിൽ കന്യാകുമാരിയിൽ ശിലാ സ്മാരകത്തിന്റെ ഭാഗമായി ജീവിച്ചു പോരുന്നു.(ഈ വർഷമാദ്യം അദ്ദേഹം വിവേകാനന്ദ ജയന്തി ദിനത്തിൽ അദ്ദേഹം കാല യവനികയ്ക്കുള്ളിൽ മറഞ്ഞുവെന്നത് ഈ ലേഖനം എഴുതിക്കഴിഞ്ഞിട്ടാണ് അറിഞ്ഞത്)
സംഘപഥത്തിൽ അടിയുറച്ചു നിൽക്കാൻ നമുക്കെല്ലാം പ്രേരണ നൽകുന്ന ചിലതില്ലേ. എന്റെ ജീവിതത്തിൽ അത് 2015ൽ ആലുവയിൽ നടന്ന അസോസിയേഷൻ ഓഫ് എമർജൻസി വിക്ടിംസിന്റെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ലഭിച്ചതാണ്. ഈ കഥയെക്കുറിച്ചൊക്കെ പലപ്പോഴും പലരും പറഞ്ഞോക്കെ കേട്ടിട്ടുണ്ട്. പക്ഷെ ജീവിതത്തിലാദ്യമായി ജീവിച്ചിരിക്കുന്ന ആ രക്തസാക്ഷികളെ കണ്ട് മുട്ടിയപ്പോൾ ഈ കഥകൾക്ക് ജീവനുണ്ടെന്ന തിരിച്ചറിവുണ്ടായി. ഞാൻ ജീവിച്ചിരിക്കുന്ന തീപ്പന്തങ്ങളെ കാണുകയായിരുന്നു.
വൈകിട്ട് ആലുവയിൽ നിന്നും തിരിച്ചിറങ്ങാൻ നേരം വരാന്തയിൽ ഒരുപാട് മനുഷ്യരെ കണ്ടു. പല്ലു മുഴുവൻ അടിയിൽ കൊഴിഞ്ഞു പോയവർ, വിവാഹ ജീവിതം വേണ്ടെന്ന് വച്ചവർ, കർണ്ണപുടം തകർന്നവർ, ശരീരം ഒരു പഴന്തുണിക്കെട്ടായി മാറിയവർ- പക്ഷെ ഉരുക്കുന്റെ മനസ്സും ആത്മബലവുമുള്ളവർ. ആയിരങ്ങൾ..
വേദിയിൽ നിന്നും ശാരീരിക ബുദ്ധിമുട്ടുള്ളവരുടെ ലിസ്റ്റെഴുതാൻ ഫോമന്വേഷിച്ചു വന്നതാണവർ. എനിക്ക് പോകേണ്ട സമയമായിരുന്നു. കാണാപ്പുറം നകുലേട്ടനോടും വായുവണ്ണനോടും കല്യാശ്ശേരി രാജീവേട്ടനോടും ചേർന്നാണ് അതിരാവിലെ തിരുവനന്തപുരത്ത് നിന്നു ആലുവയ്ക്ക് വന്നത്. ഇനിയും വൈകിയാൽ തിരിച്ചെത്താൻ ഒരുപാട് താമസിക്കും. എന്നാലും അവർ കാറെടുത്തു വരുന്ന വരെ അവിടെ നിൽക്കുന്നവരെ സഹായിക്കാമെന്നു കരുതി അവിടെ ഡസ്കിൽ കയറിയിരുന്നു. എനിക്ക് അത്രയെങ്കിലും അവർക്കുവേണ്ടി ചെയ്യാൻ കഴിയണമല്ലോ.
ഓരോരുത്തരായി അടുത്തേയ്ക്ക് വന്നു. അവരെല്ലാം ആലപ്പുഴ തുറവൂർ താലൂക്കിൽ നിന്നുളള സ്വയംസേവകരാണ്. അതിൽ മൂന്നാമതായി പൊക്കം കുറഞ്ഞ മുടിയെല്ലാം കൊഴിഞ്ഞ ഒരു കാഷായ വസ്ത്രധാരി മുന്നിൽ വന്നു. പേരെഴുതേണ്ട കോളത്തിൽ പേന വെച്ചപ്പോൾ അദ്ദേഹം ശ്രീ ഹർഷൻ എന്നോ മറ്റോ പേരു പറഞ്ഞു. പ്രായം അന്പത്തിയാറു വയസ്സ്. അതായത് ജയിലിൽ പോകുമ്പോ പതിനഞ്ചു വയസ്സുണ്ടാവും. എഴുതുന്നതിനിടയിൽ അഡ്രസ് ചോദിച്ചപ്പോ ഒന്നും മിണ്ടുന്നില്ല. ബഞ്ചിൽ നിന്നും ഞാൻ തലയുയർത്തി അദ്ദേഹത്തിന്റെ മുഖത്തു നോക്കിക്കൊണ്ടു തന്നെ ഞാൻ വീണ്ടും ചോദിച്ചു. ചേട്ടാ അഡ്രസെന്താണ്. ഒന്നും മനസ്സിലാകാതെ പുള്ളി വീണ്ടും എന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി. അപ്പോ തൊട്ടടുത്ത് നിന്നയാൾ പുള്ളിയെ തട്ടിക്കൊണ്ടു അഡ്രസ് പറയൂ എന്നാന്ഗ്യം കാണിച്ചു.
“അവനു കേള്വിശക്തിയില്ല, അന്ന് പൊലീസുകാര് ജയിലിലിട്ട് കർണ്ണപുടം അടിച്ചു പൊട്ടിച്ചതാണ്.
എന്റെ കാലിൽ നിന്നൊരു പെരുപ്പ് ഇരച്ചു ശിരസ്സിലേയ്ക്ക് കയറി. പതിനഞ്ചു വയസ്സുള്ള ഒരു ചെറുപ്പക്കാരന്റെ ജീവിതം. അവിടെ വെച്ച് ഞാൻ ഇല്ലാണ്ടായിപ്പോയതു പോലെയാണ് എനിക്ക് തോന്നിയത്. എനിക്കെന്തു ചോദിക്കണം എന്നറിയാണ്ടായിപ്പോയി. തിളയ്ക്കുന്ന കണ്ണുകളോടെ അദ്ദേഹത്തിന്റെ ഫോം ഞാൻ എഴുതി തീർത്തു. പത്തു ബാച്ച് സത്യാഗ്രഹികളാണ് ഓരോ ആഴ്ചയിലും അവിടെ നിന്ന് സമരത്തിൽ പങ്കെടുത്തത്. ഓരോ ബാച്ചിൽ നിന്നും ജയിൽ മോചിതരായി ആഴ്ചകൾക്ക് ശേഷം തിരിച്ചെത്തുന്ന മനുഷ്യരുടെ അവസ്ഥ കണ്ടിട്ടും അവരുടെ മനസ്സു മരവിച്ചില്ല.
ചില സമയത്ത് നമ്മൾ സിനിമയിലെ സംഭാഷണങ്ങളെ കുറിച്ചു കാണുമ്പോൾ എത്ര നാടകീയമായിട്ടാണ് ഈ സന്ദർഭങ്ങളെ കൈകാര്യം ചെയ്യുന്നത് എന്നു തോന്നാറില്ലേ. ഇതൊക്കെ ശരിക്കും ജീവിതത്തിൽ ആരെങ്കിലും ചോദിക്കുമോ എന്നൊക്കെ പുച്ഛിക്കില്ലേ? ഞാൻ അങ്ങനെയൊരു സന്ദർഭത്തിലായിരുന്നു അപ്പോൾ വന്നെത്തിയത്.
ഞാൻ അവരോട് ചോദിച്ചു.
“ചേട്ടാ നിങ്ങൾക്കറിയില്ലേ മരണമാണ് നിങ്ങളുടെ മുന്നിലെന്ന്? നിങ്ങളിതെല്ലാം നേരിട്ടു കാണുകയും മറ്റുള്ളവരുടെ അനുഭവങ്ങൾ കേൾക്കുകയും ചെയ്തിട്ടല്ലേ അടുത്ത ബാച്ചിലും സത്യഗ്രഹത്തിന് പോയത്?”
“അറിയാമായിരുന്നു. നമ്മള് എന്ത് ചെയ്താലും തിരിച്ച് കൈയുയർത്തില്ല എന്നു ശാഖയിൽ സത്യം ചെയ്തിട്ടല്ലേ പോണത്. തിരിച്ചു വരില്ല എന്നൊക്കെ തന്നെയായിരുന്നു മനസ്സിൽ. പക്ഷെ സംഘം പറഞ്ഞതല്ലേ; ചെയ്യാതെ പിന്നെ.”
എന്തുപറയണം എന്നറിയാതെ പകച്ച് ആ സാധാരണക്കാരന്റെ മുഖത്ത് ഒരുപാട് നേരം നോക്കിനിൽക്കാൻ എനിക്ക് പറ്റിയില്ല. പക്ഷെ ഞാനോർത്തു. ഒരൊറ്റ സ്വയംസേവകൻ പോലും ഇത്രയും ക്രൂരമായി ചിത്രവധം ചെയ്യപ്പെട്ടിട്ടും ഒരിക്കൽ പോലും അവരുടെ ഹരിയും സേതുമാധവനും ഗോപകുമാറും ഭാസ്‌കർ റാവുവും എവിടെയെന്ന് പറഞ്ഞില്ല. ഒരു നാവുപോലും മരണത്തിന്റെ മുഖത്തു നിന്നിട്ട് പോലും വഴുതിപ്പോയില്ല. ആ പേരുകൾ അവരുടെ ഹൃദയത്തിനുള്ളിൽ പതിഞ്ഞിരുന്നതല്ലാതെ തൊണ്ടക്കുഴിക്കിപ്പുറം കടന്നു വന്നില്ല. അവർക്കെങ്ങിനെയത് സാധിച്ചു എന്നതൊരു കടങ്കഥ പോല മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങി കേട്ടുകൊണ്ടേയിരുന്നു. ഇത്രയും ആത്മബലമുള്ള ആ മനുഷ്യരെ വാർത്തെടുത്ത ആ തീച്ചൂളകൾ എങ്ങനെയുള്ള ശാഖകളായിരുന്നിരിക്കണം എന്നോർത്തു നോക്കൂ. ആദർശത്തിന്റെ കരുത്തിൽ ഗരുഡസമാനരായി ഏതു പ്രതികൂല സാഹചര്യത്തിലും പതറിപ്പോകാത്ത മനസ്സുകളെ സൃഷ്ടിച്ചെടുത്ത ആ മണ്ണാണ് നമ്മുടെ കരുത്ത്. അത് മറക്കുന്നിടത്ത് നമുക്ക് വഴിതെറ്റും.
ചിങ്ങോലി അയ്യപ്പൻ ചേട്ടനെ പറ്റി ദേവദേവൻജിയും കെജി വേണുവേട്ടനും ഒക്കെ എഴുതിയതിൽ നിന്നാണ് കൂടുതൽ മനസിലാക്കിയത്. വിജയ്ജി അയച്ചു തന്ന അയ്യപ്പൻ ചേട്ടനെ കുറിച്ചു ദേവദേവൻ എഴുതിയ ലേഖനം പബ്ലിഷ് ചെയ്യുന്നതിന് മുന്നേ ഈമെയിലിൽ വീണ്ടും വീണ്ടും വായിക്കുമ്പോ ഓരോ വരിയിലും ആ സംഘനിഷ്ഠയും ആദർശബോധവും കാര്യകർതൃ ഭാവനയും തൊട്ടറിയാമായിരുന്നു. പിന്നീട് അതിൽ നിന്നൊരു രണ്ടു വരി ജീവിതത്തിൽ എന്നേയ്ക്കുമായി മനസ്സിൽ തറച്ചിട്ടുമുണ്ട്. 1965ൽ ഒരു കമ്യൂണിസ്റ്റുകാരൻ ബീഡിത്തൊഴിലാളിയുടെ കൂടെ ചിങ്ങോലിയിലെത്തിയ ആലപ്പുഴ ജില്ലയുടെ പ്രചാരകൻ തുടങ്ങിവെച്ച ശാഖയിലാണ് അദ്ദേഹം സ്വയംസേവകനായത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠനായിരുന്നു ആ പരിചയക്കാരൻ ബീഡിത്തൊഴിലാളി. സേതുവേട്ടനായിരുന്നു ആ സംഘപ്രചാരകൻ.
അന്നത്തെ കാലത്തെ സംഘപ്രവർത്തനത്തെ പറ്റി അദ്ദേഹം ഓർത്തെടുത്തത് ഇങ്ങനെയായിരുന്നു.
"കണ്ണൂരില്‍ നിന്നോ കാസര്‍ഗോഡു നിന്നോ ഒരു ബാഗുമായി ഒരുവന്‍ ഈ നാട്ടിലെത്തി, നമ്മളുടെ വീട്ടില്‍ കയറി ഞാനൊരു പ്രചാരകനാണ് എന്നു പറഞ്ഞാല്‍, ഏതുപാതിരാത്രിയിലും അയാള്‍ക്ക് ഭക്ഷണവും കിടക്കയും ഉറപ്പായിരുന്നു. അത് ആറെസ്സെസ്സുകാരന്റെ വീടുപോലും ആകണമെന്നില്ല. അതായിരുന്നു അന്ന് ”ആറെസ്സെസ്സുകാരന്‍” എന്നു പറഞ്ഞാല്‍. പാതിരാത്രി അച്ഛന്‍ കപ്പ പറിച്ച് സേതുവേട്ടനൊക്കെ പുഴുങ്ങി നല്‍കുന്നത് അദ്ദേഹത്തിനെ പോലുള്ളവരുടെ വ്യക്തിപ്രഭാവത്താലായിരുന്നു.
സേതുവേട്ടനൊക്കെ ഒരുവീട്ടില്‍ വന്നാല്‍ ആ കുടുംബത്തിലെ സ്ത്രീകളാവും ആദ്യം സംഘബന്ധുക്കളാവുക, അത്ര ആകര്‍ഷകമായതാണ് അവരെപ്പോലെയുള്ളവരുടെ മനോഭാവവും ഇടപെടീലുകളും. അവര്‍ വന്നു തങ്ങിപ്പോയാല്‍ അതൊരുസംഘവീടായി മാറിയിരിക്കും. രാപ്പകല്‍ കിലോമീറ്ററുകള്‍ നടന്നു ക്ഷീണിച്ചു വലഞ്ഞുവന്നിട്ടാണ് ഈ ആകര്‍ഷകമായ ഇടപെടീലുകളുമെന്ന് ഓര്‍ക്കണം.
ഭാസ്ക്കര്‍ റാവുജി ഒക്കെ വരുമ്പോള്‍ എവിടെ കിടത്തും എന്നൊക്കെയായിരുന്നു ഞങ്ങളുടെ അന്നത്തെ വേവലാതി. അദ്ദേഹത്തിന് അതൊന്നും വിഷയമല്ലെങ്കില്‍ പോലും. അന്നെവിടാണ് നല്ലൊരു വീടോ കിടക്കയോ നമ്മളുടെ പ്രവര്‍ത്തകര്‍ക്ക് ഉള്ളത്. കീറപ്പായയിലൊക്കെ കിടത്തേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഇന്നില്ലല്ലോ."
ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ഒരു ചെറിയ കടയുമായി കഴിഞ്ഞുപോയ അയ്യപ്പൻ ചേട്ടനെ പിന്നീടൊരിക്കൽ മാന്യ സേതുവേട്ടൻ കാണാൻ വന്ന സന്ദർഭത്തിലെ ആ വരികളായിരുന്നു അതിൽ മനസ്സിൽ തറഞ്ഞു പോയത്.
''ഒരിക്കല്‍ സേതുവേട്ടന്‍ ഇതുവഴിപോയപ്പോള്‍ എന്നെക്കാണാന്‍ കടയില്‍ വന്നിരുന്നു, കൂടെ ചെറുപ്പക്കാരായ ചിലരും. അവിടെ ഇരുത്തി, ഞാനുണ്ടാക്കി കൊടുത്ത സര്‍ബത്ത് കുടിച്ചുകൊണ്ടിരിക്കുമ്പോള്‍, ഞാന്‍ സേതുവേട്ടന്റെ തലയില്‍ തഴുകി പറഞ്ഞു,
"അന്നെന്തു മുടിയുണ്ടായിരുന്നു, ഇതീപ്പരുവമായല്ലോ!!"
കൂടെ നിന്നവര്‍ പരസ്പരം നോക്കി പരുങ്ങുന്നത് ഞാന്‍ പിന്നെയാണ് ശ്രദ്ധിച്ചത്. ഞാനൊരു നിമിഷം പഴയ അയ്യപ്പനും അദ്ദേഹം എന്റെ പഴയ പ്രചാരകനുമായി.''

മനസ്സുകൊണ്ട് ആ പലകത്തട്ടിൽ നിന്ന് ഇതെത്ര വട്ടം വായിച്ചു എന്നറിയില്ല. ഓരോ നിമിഷം വെറുമലസമായി വായിക്കുമ്പോഴും അത് നൽകുന്ന അനുഭൂതി രോമാഞ്ചം നൽകും. ഈ വരികളെക്കാൾ സുന്ദരമായിട്ടൊന്നും നമ്മളെ പോലുള്ള സ്വയംസേവകർക്ക് വായിക്കാനുണ്ടാവില്ല. കാരണം ആ വരികൾക്കിടയിൽ വൈകാരികമായി എന്താണ് ഒളിഞ്ഞിരിക്കുന്നത് എന്ന് ഒരു സ്വയംസേവകന് മാത്രമേ മനസ്സിലാകൂ. ഇത് സ്നേഹത്തിൽ കുരുത്ത സംഘടനയാണ്. സാങ്കേതികമായി ഇതിനെ പുനഃസൃഷ്ടിക്കാനാവാത്തത് അതുകൊണ്ടാണ്. ഹൃദയങ്ങൾ ഹൃദയങ്ങളോട് സംവദിച്ചാണ് സംഘമുണ്ടാകുന്നത്. വലിപ്പച്ചെറുപ്പങ്ങളില്ലാതെ, ഭേദഭാവങ്ങളില്ലാതെ അങ്ങനെ കൂടിച്ചേർന്നത് കൊണ്ടാണ് അത് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതും.ഒരു വരി നാം മൂളാറില്ലേ ശാഖയിൽ. ഒരു നിമിഷത്തിന്റെ ആവേശത്തിൽ തീരുന്ന ഒന്നല്ല ഈ ശപഥം എന്ന തിരിച്ചറിവിൽ നാം ഓർത്തോർത്തു മൂളുന്ന ഒന്ന്. അതിന്റെ വരികൾക്കിടയിൽ ഇങ്ങനെയൊന്നില്ലേ.
ശലഭമായെരിയാനെളുപ്പം.
തീക്ഷണമാം സ്നേഹാഗ്നി തന്നിൽ
സ്വയമനർഗളമായെരിഞ്ഞൊരു
ദീപമാകുവതെത്ര കഠിനം?
സാധനാ പഥമെത്ര കഠിനം?
അയ്യപ്പൻ ചേട്ടന്റെ ആരോഗ്യ സ്ഥിതി മോശമായിക്കൊണ്ടിരുന്നപ്പോഴെല്ലാം സുഹൃത്ത് കൂടിയായ അദ്ദേഹത്തിന്റെ മകൻ വിജയ് വഴി അതെല്ലാം അറിയുന്നുണ്ടായിരുന്നു. അടുത്ത വട്ടം അദ്ദേഹത്തിന്റെ അടുത്തുപോയി പലതും കേൾക്കണം എന്നുണ്ടായിരുന്നു. ഞങ്ങൾക്കതെല്ലാം റെക്കോർഡ് ചെയ്ത് വെക്കണമെന്നൊക്കെയുണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് രണ്ടു വട്ടം ജയിലിൽ പോയ ആ ശരീരം നേരിടേണ്ടതെല്ലാം നേരിട്ട് ബാക്കിവന്നതാണ്. പക്ഷെ ആ ഉരുക്കിൽ തീർത്ത മനസ്സ് പോരാടിത്തന്നെ തിരിച്ചു വരും എന്നേ എപ്പോഴും പറയാനുണ്ടായിരുന്നുള്ളൂ. അതൊരു ആശ്വാസവാക്കേ ആയിരുന്നില്ല, മറിച്ച് അതെന്റെ ആത്മവിശ്വാസമായിരുന്നു.
രണ്ടു ദിവസം മുന്നേ വിജയ്ജി അച്ഛന് അസുഖം കൂടുതലായിട്ട് നാട്ടിലേയ്ക്ക് വന്നിട്ടുണ്ട് എന്നു ദുബായിൽ നിന്ന് ജയകൃഷ്ണൻജി പറയുമ്പോഴും മനസ്സിൽ ഇതേ തോന്നലുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ വിളിക്കുമ്പോൾ വിജയ്‌യുടെ ശബ്ദത്തിൽ അച്ഛന്റെ ആരോഗ്യത്തെ കുറിച്ചുള്ള ആകുലത അറിയാനുണ്ടായിരുന്നു. നിശ്ചയമായും കാലഗതിക്ക് അതിന്റെ കടമ തീർക്കേണ്ടതുണ്ട്. ഏതൊരു പൗരുഷശാലിയ്ക്കും അത് തന്നെയാണ് ഒരിക്കൽ നേരിടേണ്ടി വരുന്നതും. അന്നുവരെയുള്ളതിനോട് യാത്ര പറയൽ.
അദ്ദേഹം ഇനിയില്ല എന്നു വിജയ്ജി ഇന്നലെ പറയുമ്പോ ഇത്രയേ മനസ്സിൽ വന്നുള്ളൂ.. അത് ഈയെഴുതിയ ആയിരം വാക്കുകളെക്കാൾ വാചാലമായിരുന്നു.
അദ്ദേഹം ജീവിച്ചു.. പോയി..!!
Leave a comment