ഭസ്മാന്തം ശരീരം!

മരണാനന്തരം എന്നെ എങ്ങനെയാണ് ദഹിപ്പിക്കാൻ പോകുന്നത് യാദവ്റാവ്?
ചോദ്യം ഡോക്ടർ കേശവ് ബൽറാം ഹെഡ്ഗേവാറിന്റെ – രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്ഥാപകനും ആദ്യ സർസംഘചാലകനും.

ആ ചോദ്യം യാദവ്റാവ് ജോഷിക്ക് അത്ര ഇഷ്ടപ്പെട്ടില്ല.

ക്ഷീണിതനായിരുന്നു കേശവൻ.. എന്തുകൊണ്ടോ തന്റെ അന്ത്യമടുത്തു എന്ന തോന്നൽ…

മരുന്നു കഴിക്കാൻ സമയമായി.. എന്ന് യാദവ്റാവ് പ്രതിവചിച്ചു..

വിഷയം മാറ്റണ്ട – എങ്ങനെയാണ് എന്റെ ശവദാഹം? ഒരു തരം സൈനികച്ചിട്ടയിലോ?

(പിന്നീട് സഹസർകാര്യവാഹ് ആയെങ്കിലും അന്ന് യാദവ റാവു ജോഷിക്ക് 26 വയസ്സ്)

യാദവ്റാവ്, വീട്ടിലെ ഒരംഗം മരിച്ചാൽ സർവസാധാരണമായി എങ്ങനെ ദഹിപ്പിക്കുമോ അത്രയുമേ എന്റെ കാര്യത്തിലും പാടുള്ളൂ. എന്നെ വീട്ടിൽ കൊണ്ടുപോകാൻ പറയൂ എല്ലാവരോടും…

ഗുരുജി ഗോൾവൽക്കർ സ്വകാര്യമായി മറ്റുള്ളവരോട് ആലോചിച്ചു..

എല്ലാവരും ഏകസ്വരത്തിൽ പറഞ്ഞു: വീട്ടിൽ കൊണ്ടുപോകണ്ട. അതൊരു വീടാണോ? നിവർന്നു കിടക്കാൻ വലിപ്പമുള്ള ഒരു മുറിയില്ല. പുറകിൽ നാഗ്പൂർ പട്ടണത്തിലെ എല്ലാ മാലിന്യങ്ങളും വഹിക്കുന്ന തുറന്ന ഓട.. ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം! എന്തൊരു സ്ഥലം!

പറയാനാർക്കും സാധിക്കും. എന്നാൽ ദരിദ്രനും നിസ്വനുമായ കേശവന് അതൊരു കൊട്ടാരം തന്നെയായിരുന്നു!

ഒടുവിൽ ബാബാസാഹേബ് ഘടാടേ പറഞ്ഞു: എന്റെ വീട്ടിൽ കൊണ്ടുപോകാം. എല്ലാ സൗകര്യങ്ങളുമുണ്ട്.

കൊണ്ടുപോയെങ്കിലും ആ സൗകര്യങ്ങളെ രണ്ടു ദിവസത്തിനകം തള്ളിപ്പറഞ്ഞ് കേശവൻ യാത്രയായി – ഒറ്റയ്ക്ക്!

1940 ജൂൺ 21 സായാഹ്നം… ഇടമുറിയാത്ത മഴ കേശവനു വേണ്ടി ഒന്നു മാറി നിന്നു. ജീവിതത്തിൽ ആരുടെയും ഇളവിനായി അർത്ഥിക്കാത്തവന് പ്രകൃതി കനിഞ്ഞു നൽകിയ ഇളവ്! ആഗ്രഹിച്ചപോലെ എല്ലാം സർവസാധാരണമായിരുന്നു – ജനക്കൂട്ടമൊഴികെ!

ആകാശത്തേക്ക് കൈകൾ വീശി അഗ്നി മൃത്യുഞ്ജയനെ സ്തുതിച്ചു:

എടുത്തു നീ വിഴുങ്ങിയെന്നെ
ഇന്ദ്രിയങ്ങളോടുടൻ
നടിച്ചിടും നമശ്ശിവായ
നായകാ നമോ നമ: *
🙏

രേശംബാഗിലെ ആ സ്ഥലത്ത് ഡോക്ടർ കേശവ് ബൽറാം ഹെഡ്ഗേവാറിന്റെ സ്മൃതി മണ്ഡപം തലയുയർത്തി നിന്നു…

എന്നാൽ രണ്ടാം സർസംഘചാലക് ഗുരുജി ഗോൾവൽക്കറുടെ ചിന്ത അൽപം കൂടി മുന്നോട്ട് പോയി

ഈ രേശംബാഗിലെ അൽപമാത്രമായ സ്ഥലത്ത് എത്ര സ്മൃതി മണ്ഡപങ്ങൾ പണിയും?! എത്ര സർസംഘചാലകൻമാർ വരാനും പോകാനുമിരിക്കുന്നു! ഒടുവിൽ പാവം സ്വയംസേവകൻ സ്മൃതി മണ്ഡപത്തിനുള്ള സ്ഥലം വാങ്ങാൻ പണത്തിനായി നെട്ടോട്ടമോടും. എന്തൊരപഹാസ്യമായ അധ:പതനമായിരിക്കും അത്!! അതിനാൽ ഈ ഏർപ്പാട് അവസാനിക്കണം

അല്ലെങ്കിൽ തന്നെ സന്യാസിയായ തനിക്ക്, സംഘകാര്യകർത്താവായ തനിക്ക്, രാഷ്ട്രത്തിനായി ജീവിതം തന്നെ അർപ്പിച്ച തനിക്ക് – ഒരു സ്മൃതി മണ്ഡപത്തിന് അർഹതയില്ല. അത് പാടില്ല. ഡോക്ടർജി സ്ഥാപകൻ. അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിൽക്കണം. സന്യാസിയുടെ ഇഹലോക ജീവിതം ഒരു ഇളങ്കാറ്റായ് കടന്നു പോകണം

അങ്ങനെ തനിക്ക് സ്മൃതി മണ്ഡപം പാടില്ല എന്ന് ഒസ്യത്തിൽ എഴുതി വെച്ചു മാധവൻ. അല്ലെങ്കിൽ അമിതോത്സാഹികളാരെങ്കിലും അത് നിർമ്മിച്ചുകളഞ്ഞെങ്കിലോ!

അങ്ങനെ വീണ്ടും രുദ്രന്റെ തിരുവിളയാടൽ!
1973 ജൂൺ 5.
വീണ്ടും രേശംബാഗിൽ ഒരു ചിത! വീണ്ടും വൻ ജനാവലി. ചടങ്ങുകൾ സർവസാധാരണം!

ബ്രഹ്മകപാലത്തിൽ പോയി ഇരിക്കപ്പിണ്ഡം വെച്ചവന് എന്തു ചടങ്ങ്!

വായുരനിലമമൃതമഥേദം
ഭസ്മാന്തം ശരീരം
ഓം ക്രതോ സ്മര കൃതം സ്മര
ക്രതോ സ്മര കൃതം സ്മര … **
🙏

അങ്ങനെ രേശംബാഗ് എന്ന ആർഎസ്എസിന്റെ സ്വന്തം വളപ്പിൽ രണ്ടാം ശവദാഹം! കനലടങ്ങിയപ്പോഴും കരളിലെന്തോ കുടുങ്ങിയതുപോലെ മധു നിന്നു!

മധുകര ദത്താത്രേയ ബാളാസാഹേബ് ദേവറസ് – മൂന്നാം സർസംഘചാലക്…
ഒരു സാധാരണ ഭാരതീയനെ കാണണമെങ്കിൽ ദേവറസ്ജിയെ കാണണം. ആടയാഭരണങ്ങളില്ലാത്തവൻ! ഒരു പൊട്ടു പോലും തൊടാത്തവൻ!
മാമൂലുകളെ പറിച്ചെറിയാൻ മടിക്കാത്ത വിപ്ലവകാരിയെ കാണണമെങ്കിലും ദേവറസ്ജിയെ കണ്ടാൽ മതി.

പക്ഷേ മനസ്സിൽ ചെറിയൊരു പ്രശ്നമായി കിടന്നത് രേശംബാഗ് മാത്രമായിരുന്നു.. ഇനിയുമെത്ര സർസംഘചാലകൻമാർ വരാനും പോകാനുമിരിക്കുന്നു… അവരെയെല്ലാം ദഹിപ്പിച്ച് ഇതൊരു ശ്മശാന ഭൂമിയാക്കി മാറ്റണോ?
ഡോക്ടർജി ഗുരുജി – രണ്ട് മഹാരഥൻമാർ!
മതി. ഇനി ഇവിടെ ആരും വേണ്ട. സാധാരണക്കാരന് സാധാരണ ശ്മശാനം!

പ്രായം കൂടിവരുന്നു. കൂടെ അസുഖങ്ങളുടെ എണ്ണവും!

ദേവറസ്ജി എഴുതി വെച്ചു – എന്നെ നാഗ്പൂരിലെ പൊതു ശ്മശാനത്തിലേ ദഹിപ്പിക്കാവൂ…!

എന്നാലും ദേവറസ്ജീ അത്രയും വേണോ? …

എന്താടോ സർസംഘചാലകന് കൊമ്പുണ്ടോ?

വർഷം 1994. ദേവറസ്ജി പിൻഗാമിയെ പ്രഖ്യാപിക്കാനൊരുങ്ങി…

ദേവറസ്ജീ അരുത്!
പിൻഗാമിയുടെ പേരെഴുതി ഒരു കവറിൽ സൂക്ഷിച്ചു വെയ്ക്കണം. മരണാനന്തരം മറ്റുള്ളവർ അത് തുറന്നു നോക്കി വേണ്ടതു ചെയ്യും. ഡോക്ടർജിയും ഗുരുജിയും അങ്ങനെയല്ലേ ചെയ്തത്?

ആണ്. പക്ഷേ ഞാൻ സ്വബോധമില്ലാതെ കിടപ്പിലാകുന്നു.. ഒട്ട് മരിക്കുന്നുമില്ല! അപ്പോഴോ?

അപ്പൂപ്പന്റെ ശ്രാദ്ധസമയത്ത് വീട്ടിലെ പൂച്ച ശല്യം ചെയ്യാതിരിക്കാൻ അതിനെ കുട്ടയ്ക്കടിയിലാക്കി മുകളിൽ ഒരു കല്ലും വെയ്ക്കുമായിരുന്നു. എന്നുവെച്ച് അച്ഛന്റെ ശ്രാദ്ധം ചെയ്യാൻ പോകുന്ന മകൻ ഇല്ലാത്ത പൂച്ചയെ എവിടുന്നെങ്കിലും പിടിച്ചു കൊണ്ടുവന്ന് പുതിയ കുട്ടവാങ്ങി അതിനടിയിലാക്കണോ?

രജ്ജു ഭയ്യ എവിടെ? വേഗം വരാൻ പറയൂ…
അദ്ദേഹമാണ് അടുത്ത സർസംഘചാലക്!!
അടുത്ത ബൈഠക്കിൽ തീരുമാനം വരണം…

അങ്ങനെ പ്രൊഫസർ രാജേന്ദ്ര സിംഗ് നാലാം സർസംഘചാലക് ആയി നിയമിതനായി..

രുദ്രൻ വീണ്ടും വന്നു. ഇത്തവണയും ജൂണിൽ തന്നെ!

1996 ജൂൺ 17.
നാഗ്പൂരിലെ പൊതു ശ്മശാനം.. ഒരു സർസംഘചാലകനെക്കൂടി ശ്മശാന രുദ്രൻ ഏറ്റു വാങ്ങി!

ഇവനെക്കൂടി സ്വീകരിക്കുക
ആറാട്ടിന്ന്…
വരവായിവൻ!
നിരാഭരണൻ…
നാദാകാരൻ!… ***
🙏

ശവദാഹപരിഷ്കാരം കഴിഞ്ഞു എന്ന് എല്ലാവരും വിചാരിച്ചു. എന്നാൽ രജ്ജു ഭയ്യ പിന്നെയും മുന്നോട്ടു പോയി…

പ്രകാണ്ഡ പാണ്ഡിത്യവും അസാമാന്യമായ സാമാന്യബുദ്ധിയും ചേർന്നാൽ പ്രൊഫസർ രാജേന്ദ്ര സിംഗ് എന്നു വിളിക്കാം. കൃത്യം സംഘകാഴ്ച്ചപ്പാടിലായിരുന്നു രജ്ജുഭയ്യയുടെ നിർദ്ദേശം – ഞാൻ എവിടെ മരിക്കുന്നോ അവിടെ എന്റെ ശരീരം ദഹിപ്പിക്കുക. അതും കൊണ്ട് നാഗ്പൂരിലേക്കും എന്റെ ജൻമനാട്ടിലേക്കും ഓടരുത്!

എന്നാലും ഇതൽപം കടുപ്പമായിപ്പോയി രജ്ജു ഭയ്യാ!

എന്താടോ? ഭാരതം പുണ്യഭൂമിയല്ലേ? അപ്പോൾ എവിടെ ദഹിപ്പിച്ചാലും പുണ്യമല്ലേ? അതോ നാഗ്പൂരിൽ പുണ്യം കൂടുതലാണോ?
ഇത്തവണ പുഞ്ചിരി പൊട്ടിച്ചിരിയായി!

2003 ജൂലൈ 14.
മരിച്ചത് പുണേയിൽ.. അവിടെത്തന്നെ ശവദാഹവും! എല്ലാം പുണ്യഭൂമി തന്നെയല്ലോ!

തീർത്തും സർവസാധാരണമായ ശവദാഹം ഒരിക്കൽ കൂടി… ഇപ്പോൾ സർസംഘചാലകനും ഒരു ചുമതലയുമില്ലാത്ത സ്വയംസേവകനും തുല്യർ!

അഗ്നയേ… അൽപം ക്ഷമിക്കണേ..

ഒരാദർശ ദീപം കൊളുത്തൂ…
കെടാതായതാജൻമകാലം വളർത്തൂ…
അതിൽ പ്രസ്ഫുരിക്കും സ്ഫുലിങ്ഗങ്ങളോരോന്നിൽ നിന്നും…
ഒരാദർശ ദീപം കൊളുത്തൂ… ****
🙏

പിന്നെ കെ എസ് സുദർശൻ എന്ന സുദർശൻജി.. അഞ്ചാമൻ.. എൻജിനീയർ! സൂക്ഷ്മത.. കൃത്യത.. സ്നേഹത്തിൽ പൊതിഞ്ഞ കാർക്കശ്യം..

പക്ഷേ ഇനി ഏതായാലും പരിഷ്കരിക്കാനൊന്നും ബാക്കിയില്ലല്ലോ!

ഇല്ലെന്നോ? ആരുപറഞ്ഞു?

സുദർശൻജി ആവശ്യപ്പെട്ടത് കണ്ണുകൾ ദാനം ചെയ്യണമെന്നു മാത്രം!

അപ്പോൾ ശവദാഹമോ?

അതൊക്കെ നിങ്ങളുടെ സൗകര്യം പോലെ. നിങ്ങൾ ഒന്നും ചെയ്തില്ലെങ്കിലും സാരമില്ല. ആരെങ്കിലും ആ ജീർണവസ്ത്രം എന്തെങ്കിലും ചെയ്തോളും! ഞാൻ എഴുതിവെച്ച്… അത് പാലിക്കാൻ നിങ്ങൾ ബുദ്ധിമുട്ടി… ഒന്നും വേണ്ടപ്പാ!

വാസ്തവത്തിൽ ഇതല്ലേ സർവസാധാരണത്വം!!

2012 സെപ്റ്റംബർ 15.
റായ്പൂരിൽ മരണം. നാഗ്പൂരിലെ ഗംഗാഘാട്ടിൽ ശവദാഹം!
മരിച്ചയാൾ മരിച്ചു. മറ്റുള്ളവർക്ക് അലോസരമായേക്കാവുന്ന ഒരു നിബന്ധനയുമില്ല. എന്നാൽ ഉപകാരമാകുന്ന കണ്ണുകൾ കൊടുത്തിട്ടും പോയി!

ഓമെന്നു നീ സ്മരിക്കാത്മൻ!
കൃതം സർവം സ്മരിക്കുക!
അഗ്നേ!
ഗതിക്കായ് വിടുക… *****
🙏

ആർഎസ്എസ് ശാന്തമായൊഴുകുന്നു.. ജീവിതത്തിൽ.. മരണത്തിൽ.. പിന്നെ മരണാനന്തരവും! വിചാരവും വ്യക്തിയും വികസിച്ചുകൊണ്ടേയിരിക്കുന്നു!
🙏

ചിന്ത പ്രിയ ഹരിയേട്ടന്റെ – ചിറകുകൾ വെച്ചത് ഞാൻ

  • * നാരായണഗുരു
  • ** ഈശാവാസ്യം
  • *** സച്ചിദാനന്ദൻ
  • **** പരമേശ്വർജി
  • ***** നാരായണഗുരു

(ശ്രീ ടിജി മോഹൻദാസ് 2019 മേയ് 12ന് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ലേഖനം)

Leave a comment

Website Powered by WordPress.com.

Up ↑