2021 തെരഞ്ഞെടുപ്പ് ആസൂത്രണം

2021ൽ ബിജെപി മത്സരിക്കുന്നത് കേരളത്തിൽ ഭരണത്തിലേറാൻ തന്നെയാണ് എന്നു പറയുമ്പോൾ ഇടതു വലതു മുന്നണികൾ വല്ലാതെ അസ്വസ്ഥരാകും. അതിന്റെ പിന്നാലെ വലിയ ബഹളത്തോട് കൂടിത്തന്നെ പുച്ഛവും പുലയാട്ടും സ്ഥിരമായി ഉയരാറുണ്ട്.

ഭരണത്തിലേറാൻ ഞങ്ങൾക്ക് 72 സീറ്റൊന്നും വേണ്ട എന്നു ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പറയുമ്പോൾ മുന്നണികൾ തങ്ങളുടെ കൂടാരത്തിനുള്ളിലേയ്ക്ക് നന്നായി ചുഴിഞ്ഞു നോക്കിയിട്ടാണ് യാതൊരു ഭാവവ്യത്യാസവുമില്ലെന്നു വരുത്തി പ്രതികരിക്കുന്നത് എന്നു നമുക്ക് കാണാം. അത്രയ്ക്കുണ്ട് ആത്മവിശ്വാസം.. കാരണം അവരുടെ കൂടെയുള്ള ഘടകകക്ഷികൾക്ക് പോലും അവരുടെ പൊതുമിനിമം പ്രോഗ്രാം ബിജെപിയോടൊപ്പം പങ്കു വെയ്ക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്നവർക്ക് ബോധ്യമുണ്ട്.

എന്നാൽ ഇതുവരെ ഒരൊറ്റ സീറ്റിൽ മാത്രം ജയിച്ച ഏഴു സീറ്റുകളിൽ മാത്രം രണ്ടാം സ്ഥാനത്തു വന്ന ബിജെപി എന്ത് ആത്മവിശ്വാസത്തിലാണ് ഇതു പറയുന്നത്.

കാരണമുണ്ട്..

നിങ്ങൾ പോളിംഗ് ബൂത്തിലെ ക്യൂവിൽ നിൽക്കുകയാണ്. നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നവരിൽ ആർക്കാണ് വോട്ടു ചെയ്യുന്നത് എന്നു ചിന്തിച്ചിട്ടുണ്ടോ.

മൂന്നിലൊരാൾ ബിജെപിക്ക് വോട്ട് ചെയ്യുന്ന 5 മണ്ഡലങ്ങളുണ്ട് കേരളത്തിൽ .
നാലിലൊരാൾ ബിജെപിക്ക് വോട്ട് ചെയ്യുന്ന മണ്ഡലങ്ങളുടെ എണ്ണം 25 ആണ്.
അഞ്ചിലൊരാൾ ബിജെപിക്ക് വോട്ടു ചെയ്യുന്നത് 40 മണ്ഡലങ്ങളിലാണ്.
ആറിലൊരാൾ 62 മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ടു ചെയ്യുന്നുണ്ട്.

നിങ്ങൾക്കറിയുമോ കേരളത്തിലെ 72 മണ്ഡലങ്ങളിൽ ബിജെപിക്ക് 20,000ൽ പരം വോട്ടുണ്ട്. 40,000നും 60,000 നും ഇടയിൽ വോട്ടുള്ള 19 മണ്ഡലങ്ങൾ കേരളത്തിലുണ്ട്

ഇന്ന് കേരളത്തിലെ 100 മണ്ഡലങ്ങളിൽ 2011ലെ ബിജെപിയുടെ ആകെ വോട്ട് ശതമാനത്തേക്കാൾ വോട്ടുണ്ട് എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.

കേരളത്തിലെ സിപിഎമ്മിന്റെ ഒരു സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് മറ്റ് മൂന്നു സീറ്റുകളിൽ അവരെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ആണ് 2016ൽ ബിജെപി കരുത്തറിയിച്ചത്.. യൂഡിഎഫിന്റെ കരുത്തനായ ഒരു സിറ്റിംഗ് എംഎൽഎയെ ഉൾപ്പെടെ നാലു സീറ്റുകളിൽ മൂന്നാം സ്ഥാനത്തേയ്ക്ക് അവരെ പിന്തള്ളിയതും ബിജെപിയാണ്.

സത്യം പറയട്ടെ..
നമ്മളെ പറ്റി സംശയമുള്ളത് ഇടതു വലതു പക്ഷങ്ങൾക്കോ ജിഹാദി സംഘങ്ങൾക്കോ അല്ല.. മറിച്ച്, കടുത്ത നിരാശയിൽ ഉഴറി നടക്കുന്ന നമ്മുടെ തന്നെ ചില അനുഭാവികൾക്കും പ്രവർത്തനത്തിന്റെ മികവിലല്ലാതെ കിട്ടുന്ന ജനപിന്തുണ എവിടെ നിന്നു വരുന്നു എന്ന് പോലും മനസിലാകാത്ത ചില “ഞണ്ട് സംഘി”കൾക്കുമാണ്.

ചില മണ്ഡലങ്ങളിൽ 149 മുതൽ 216 വരെ ബൂത്തുകൾ ഉണ്ടെങ്കിലും ശരാശരി ഓരോ മണ്ഡലത്തിലും 180 ബൂത്തുകളാണ് ഉള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ബൂത്തിൽ നിന്നും വെറും 100 വോട്ട് അധികം നേടാൻ സാധിച്ചാൽ പോലും ഏറ്റവും കുറഞ്ഞത് 30,000 വോട്ടുള്ള ഒരു മണ്ഡലത്തിൽ ബിജെപി വിജയിക്കും. 36 മണ്ഡലങ്ങളിൽ ബിജെപിക്ക് 30,000 മുതൽ 68000 വരെ വോട്ട് ഇപ്പോത്തന്നെ ഉണ്ടെന്നു കൂടി ഓർമ്മിപ്പിക്കട്ടെ..

ബിജെപിയെ ജനങ്ങൾ വലിയ രീതിയിൽ പിന്തുണയ്ക്കുന്നുണ്ട്. ഒരു പക്ഷെ ഒരഭ്യർത്ഥന കൊണ്ട് വന്നു തരാൻ പോലും ആളില്ലാത്ത ബൂത്തുകളിൽ പോലും മനുഷ്യർ ബിജെപിയെ തെരഞ്ഞെടുത്തിട്ടുണ്ട്. കാരണം അവർക്ക് പ്രതീക്ഷയുണ്ട് ബിജെപിയിൽ. തോൽക്കുന്ന പാർട്ടിയ്ക്ക് വോട്ട് നൽകില്ല എന്ന സ്ഥിരം പല്ലവി ഇപ്പോ ആരും പറയാറില്ല.. ഇവിടെ ബിജെപിയോടൊപ്പം നിൽക്കുക എന്നത് അവരുടെ നിലപാടാണ്. അവരിൽ ഓരോരുത്തരും നിങ്ങൾക്ക് വോട്ട് ചെയ്യുന്നത് മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ബിജെപി സർക്കാരുകൾ ഒരു ബഞ്ച്മാർക്ക് ഉണ്ടാക്കിയെടുത്തിട്ടുള്ളത് അവർക്ക് വലിയ പ്രതീക്ഷകൾ നൽകുന്നത് കൊണ്ടാണ്.

ഇതൊക്കെയാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം. ഇതിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളെന്താണ്. നമ്മളിപ്പോൾ ചർച്ച ചെയ്യേണ്ടുന്നതും അതിവേഗം ബൈപ്പാസ് ചെയ്യേണ്ട വിഷയങ്ങളെന്താണ്??

Leave a comment

Website Powered by WordPress.com.

Up ↑