2021 ഇലക്ഷൻ വിലയിരുത്തൽ

2021ലെ തെരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തു വന്നിരിക്കുന്നു. കേരളത്തിലും ബംഗാളിലും അസമിലും ഭരണകക്ഷികൾ അധികാരം നിലനിർത്തി. തമിഴ്‌നാട്ടിൽ ബിജെപിക്ക് 4 സീറ്റ് നേടാൻ ആയെങ്കിലും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു. CAA NRC പ്രക്ഷോഭത്തിന്റെ സംഘർഷ ഭൂമിയായിരുന്ന ആസാം നിയമത്തിന് അനുകൂലമായി വിധിയെഴുതി എന്നത് ചരിത്രത്തോടൊപ്പം വായിക്കേണ്ട ഒന്നായി മാറി. കർണാടകത്തിന് പിന്നാലെ ബിജെപി പുതുച്ചേരിയിലും സർക്കാർ രൂപവൽക്കരിച്ചുകൊണ്ടു ബംഗാൾ ഉൾക്കടലിന്റെ തീരത്ത് വീണ്ടും വേരുകളുറപ്പിച്ചു.

2021 തെരഞ്ഞെടുപ്പ് ഫലം

കേരളത്തിൽ ഏതാണ്ട് നാല്പത് കൊല്ലക്കാലത്തെ കീഴ്വഴക്കമവസാനിപ്പിച്ച് ഇടതുപക്ഷത്തിന് തുടർഭരണം കിട്ടി. 2021ലെ ഇലക്ഷന്റെ ആകെ നടവരവ് മേലെയുണ്ട്.

2016ലെ ഇലക്ഷനിൽ സിപിഎമ്മിന്റെ തുറുപ്പുചീട്ടായിരുന്ന സോളാർ അഴിമതിയിൽ തകർന്ന കേരളകോണ്ഗ്രസിനെ കൂടെകൂട്ടിയപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് തുടർഭരണം ആയാസകരമായി തീർന്നു. സിപിഎമ്മിന്റെ ഘടക കക്ഷികൾ ഓരോന്നും തളർന്നിട്ടും അവർക്കധികാരം നിലനിർത്താനായി. മാണി കോണ്ഗ്രസ് കൊണ്ടുവന്ന സീറ്റും വോട്ടും അവർക്ക് ബോണസ്സുമായി. കോണ്ഗ്രസിനും ബിജെപിക്കും വോട്ട് ഷെയർ കൂടി. BDJS തകർന്നടിഞ്ഞു.

ഘടകകക്ഷികൾക്ക് പരമാവധി അവസരം നൽകിയാണ് ഇടതുപക്ഷം സീറ്റ് വിഭജനം പൂർത്തിയാക്കിയത്. യുവാക്കൾക്ക് പ്രാധാന്യം നൽകുന്ന നിരയുമായി വിജയം ലക്ഷ്യമാക്കിയുള്ള പാനൽ തന്നെ അവർ മുന്നിൽ വെയ്ക്കുകയും ചെയ്തു.

2016 തെരഞ്ഞെടുപ്പ് ഫലം

ബിജെപിയെ ഏറ്റവുമധികം പിന്നോട്ടടിച്ചിട്ടുള്ളത് സംഘപ്രസ്ഥാനങ്ങളുടെ നയവൈകല്യം തന്നെയാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. അതത് രംഗത്തെ പ്രവർത്തനം കമ്മിറ്റ്‌മെന്റോട് കൂടി നാടിനു വേണ്ടി ചെയ്യാൻ മാത്രമാണ് സംഘപ്രസ്ഥാനങ്ങൾ. അതുകൊണ്ടുതന്നെ അതിനൊന്നിനും രാഷ്ട്രീയലാക്കില്ല. സേവാഭാരതിയോ ആരോഗ്യഭാരതിയോ ഒന്നും രാഷ്ട്രീയമായി ഒരുവിഷയത്തെയും സമീപിക്കാറുമില്ല. എന്നാൽ പല സംഘപ്രസ്ഥാനങ്ങളും ബിജെപിയുമായി പരസ്പരം നിസ്സഹകരിക്കുന്ന പ്രവണത നിജെപിയെ തളർത്തിയിട്ടുണ്ടെന്ന് പറയേണ്ടി വരും. 2013 ഒക്ടോബറിന് ശേഷം മാത്രം ബിജെപി സ്വന്തം പ്രസ്ഥാനമാണ് എന്നംഗീകരിച്ച സംഘ പ്രസ്ഥാനങ്ങളിലെ കാര്യകർത്താക്കളോടൊന്നു ചോദിച്ചു നോക്കണം ബിജെപിയുടെ നേതൃനിരയിൽ ‘ഏട്ട് മൂത്ത് എസ്സൈ ആയ’ എത്ര പേരെയാണ് നിങ്ങൾ ഉണ്ടാക്കിയത് എന്ന്. ഒരു നാട്ടിൽ ആർക്കും ഉപയോഗിക്കാൻ കൊള്ളാത്തവനെ മാത്രം ബിജെപിക്ക് നടതള്ളിയിരുന്ന ആചാരമുണ്ടായിരുന്നു കേരളത്തിൽ. ഏതെങ്കിലും ഒരു ഘടകത്തിൽ മൂന്നു കൊല്ലം പ്രസിഡന്റായി ഇരുന്നാൽ അടുത്ത തവണ മേൽഘടകത്തിൽ അംഗമാകാം. അങ്ങനെ സംസ്ഥാന സമിതി അംഗം വരെ ആയവർ ഇന്നും സംഘടനാ പ്രവർത്തനത്തിന്റെ അടിസ്ഥാന പാഠങ്ങൾ പോലും അറിയാത്തവരായി ബിജെപി സംവിധാനത്തിനുള്ളിലുണ്ട്.

ഇലക്ഷന് മുന്നേയുള്ള വിലയിരുത്തലിൽ തന്നെ ബിജെപിക്ക് വോട്ട് വർധിപ്പിക്കാൻ വേണ്ട സംവിധാനത്തെ പറ്റി പലരും എടുത്തു പറഞ്ഞിട്ടുണ്ട്. മുപ്പതിനായിരം വോട്ട് ലഭിക്കുന്ന നാല് ഡസനോളം മണ്ഡലങ്ങൾ മാർക്ക് ചെയ്യാൻ ബിജെപിക്ക് വളരെ എളുപ്പമാണ്. അത്രയ്ക്ക് ജനങ്ങൾ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ 45,000 ബൂത്തുകളിൽ ഒരു 100 വോട്ട് വീതം കൂടുതൽ പിടിക്കാനുളള പണി എടുക്കാൻ വേണ്ട സംവിധാനമില്ല അടിത്തട്ടിൽ. അതില്ലാത്ത ഇടങ്ങളിൽ വോട്ട് ചോദിച്ചു വീട്ടിൽ വന്നില്ലെങ്കിലും ബിജെപിക്ക് തന്നെ വോട്ടിടുമെന്നുറപ്പിച്ചവർ മാത്രം എന്നും വോട്ട് ചെയ്യുന്നു. ഒരു ബിജെപിക്കാരൻ പോലുമില്ലാത്ത ബൂത്തുകളിൽ പോലും ബിജെപിക്ക് 15-20ശതമാനം വോട്ടുകൾ കിട്ടുന്ന നൂറുകണക്കിന് ബൂത്തുകൾ കേരളത്തിലുണ്ട്. ഇതിനൊക്കെ ഇടയിലും ബിജെപിക്ക് വോട്ട് വർദ്ധിച്ച മണ്ഡലങ്ങളുടെ ലിസ്റ്റ് താഴെയുണ്ട്. 

2021ൽ ബിജെപിക്ക് വോട്ട് വർധിച്ച മണ്ഡലങ്ങൾ

ഇക്കൊല്ലം നല്ലൊരു സഖ്യകക്ഷിയില്ലാതെയാണ് ബിജെപി മത്സരത്തിനിറങ്ങിയത്. ബീഡിജെഎസ്സിനെ സംബന്ധിച്ചിടത്തോളം 2016ലെ ഇലക്ഷൻ ഒരു ശക്തിപ്രകടനം ആയിരുന്നു. ഇലക്ഷന് തൊട്ടു മുമ്പുണ്ടായ പാർട്ടി ബിജെപിയോടൊപ്പം ചേർന്ന് നല്ല പ്രകടനം കാഴ്ചവെച്ചു. ഏതാണ്ട് എട്ടുലക്ഷം വോട്ടും സമാഹരിച്ചു. എന്നാൽ പിന്നീട് താഴെതട്ടിൽ സംഘടന കെട്ടിപ്പടുക്കാനാവാതെ അവർ ഒതുങ്ങിപ്പോയി. മണ്ഡല തലത്തിൽ പോലും നല്ലൊരു മുന്നണി സംവിധാനം എൻഡിഎയ്ക്ക് ഉണ്ടായിരുന്നില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിന് കേരളത്തിൽ ആകെ ഒരൊറ്റ സീറ്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്.
2016ൽ ബിഡിജെഎസ് സംഭരിച്ച വോട്ടിൽ നല്ലൊരു കൂറും കമ്യൂണിസ്റ്റ് പാളയത്തിൽ നിന്നായിരുന്നു. ആ വോട്ട് ഇത്തവണ തിരിച്ച് ഇടതു പാളയത്തിലെത്തിലേയ്ക്ക് തന്നെ പോയി. ഉടുമ്പൻചോല ഒക്കെ ഉദാഹരണമായി എടുക്കാം. ഈ കണക്കുകൾ പൊളിറ്റിക്കൽ ഇസ്‌ലാം ഒരു ഗെയിം ചെയ്ഞ്ചർ ആയിട്ടില്ല എന്നാണ് തെളിയിക്കുന്നത്.

മത്സരിച്ച സീറ്റുകളുടെ അനുപാതത്തിൽ വോട്ട് ഷെയർ കിട്ടുന്ന മുറയ്ക്കിടാം. ഇപ്പോ വോട്ട് വിശകലനത്തിന് ലളിതമായ ഒരു കുറുക്കുവഴിയുണ്ട്. ആർക്കും വലിയ വ്യത്യാസമൊന്നും ശതമാനക്കണക്കിൽ വന്നിട്ടില്ലാത്തത് കൊണ്ട് മണ്ഡലാനുപാതികമായി ശരാശരി വോട്ടെടുത്തു നോക്കിയാൽ മതി. വ്യത്യാസം മനസ്സിലാവും. ബിജെപി 2016ൽ 98 മണ്ഡലങ്ങളിലെ ശരാശരി 21,732 വോട്ട് ആണെങ്കിൽ 20,836 വോട്ട് ആണ് 113 മണ്ഡലങ്ങളിലെ ശരാശരി. BDJS 2016ൽ അവരുടെ 21 മണ്ഡലങ്ങളിൽ ശരാശരി 22,106 വോട്ടാണ് നേടിയിരുന്നതെങ്കിൽ 2021 ൽ അത് നേർ പകുതിയിലും താഴെയായി 10,354 വോട്ടായി മാറി.

2021ൽ സ്ഥാനാർഥികൾ ഇല്ലാതിരുന്ന ബിജെപിയുടെ അരലക്ഷം വോട്ട് തലശ്ശേരിയിലും ഗുരുവായൂരും ഇത്തവണ കുറഞ്ഞിട്ടുമുണ്ട്. അതോടൊപ്പം ബീഡിജെസ് അപ്രസക്തമായിട്ടു പോലും ഒരു മണ്ഡലത്തിൽ 896 വോട്ടിന്റെ കുറവ് മാത്രമാണ് ബിജെപിക്കുള്ളത്. അതായത് ഈ വോട്ട് മുഴുവൻ ബിജെപി ഒറ്റയ്ക്ക് നേടിയത് തന്നെയാണ് എന്നുപറയാം. ഓരോ മണ്ഡലത്തിലും 2021ൽ ശരാശരി 2.88% വോട്ട് അധികം പോൾ ചെയ്യപ്പെട്ടിട്ടുള്ളത് കൂടി കണക്കിലെടുക്കണം. ഇതൊരു പ്രൊജക്ഷൻ മാത്രമാണ്. ശതമാനക്കണക്കുകൾ വരുമ്പോൾ കൃത്യമായ ചിത്രം ലഭിക്കും.

ദേശീയപാർട്ടിയായ ബിജെപിക്ക് കേരളത്തിൽ നാമമാത്രമായ മണ്ഡല സംവിധാനമെങ്കിലും പരക്കെ ഉണ്ടായിട്ട് കഷ്ടിച്ച് 5 കൊല്ലം ആയിട്ടുണ്ടാവും. 2014 ഇലക്ഷനിൽ എല്ലാ ബൂത്തിലും പ്രവർത്തനം എത്തിക്കാൻ വേണ്ടി താൽക്കാലികമായി പലതും ചെയ്തിട്ടുണ്ടായിരുന്നു എന്നല്ലാതെ താഴെതട്ടിൽ യാതൊരു സംവിധാനവും ബിജെപിക്ക് ഉണ്ടായിരുന്നില്ല മിക്കവാറും സ്ഥലങ്ങളിൽ. പിന്നീട് ഓരോ ഇലക്ഷനിലും സംഘടനാ സംവിധാനം വളർന്നു. 2015 പഞ്ചായത്തു ഇലക്ഷനോട് കൂടി മണ്ഡലം കമ്മിറ്റി, 2016 നിയമ സഭാ ഇലക്ഷനോട് പഞ്ചായത്തു കമ്മിറ്റി. 2019 ഇലക്ഷനോട് കൂടി ബൂത്ത് ലെവൽ കമ്മിറ്റികൾ. 2020ൽ സംഘടന ഇലക്ഷൻ നടന്നു ബിജെപിയിൽ.. മണ്ഡലം പ്രസിഡന്റുമാർ മുഴുവൻ 45 വയസ്സിൽ താഴെ പ്രായമുള്ളവർ. ജനങ്ങളെ നേരിട്ട് ഒരു വാർഡ് മെമ്പർ എങ്കിലുമായ എത്ര മണ്ഡല ഉപരി നേതാക്കളുണ്ട് ബിജെപിയിൽ എന്ന ചോദ്യത്തിനുത്തരമായിരുന്നു 2020ലെ തദ്ദേശ ഇലക്ഷൻ.

2020 തദ്ദേശ തെരഞ്ഞെടുപ്പ് ഫലം

ഇപ്പോൾ വിമർശിക്കുന്നവരാരും സംഘടനയുടെ വേരുകൾക്ക് എത്ര ആഴമുണ്ട് എന്നു മനസ്സിലാക്കുന്നില്ല.. ഇന്നുളള 11.3% വോട്ടിൽ നിന്ന് ഒരു 18-20% വോട്ട് നേടാൻ മാത്രം സ്വാധീനമുള്ള ബൂത്ത് വർക്കില്ല 90% സ്ഥലത്തും. വീട്ടിൽ കയറി അഭ്യർഥനയും സ്ലിപ്പും കൊടുക്കാൻ ആളുണ്ട്. വോട്ടാക്കാൻ ആളില്ല.. അത് മനസ്സിലാക്കാത്തതാണ് ആൾക്കാർ സൗജന്യമായി തരുന്ന വോട്ടിന്റെ പുറത്തു മനക്കോട്ട കെട്ടിക്കൊണ്ട് നമ്മളിരുന്നത്. തദ്ദേശ ഇലക്ഷനിൽ 1600 സീറ്റിൽ വിജയിക്കുകയും 1900 സീറ്റിൽ രണ്ടാം സ്ഥാനത്തു വരുകയും ചെയ്ത മികച്ച പ്രകടനം നമ്മുടെ മുന്നിലുണ്ട്. എന്നാൽ ഇനി ബിഎംഎസുകാരനും 18 വയസുള്ള ആർഎസ്എസുകാരനും എബിവിപ്പിക്കാരനും ചുമതലകൊടുത്ത് ബൂത്തിൽ പ്രവർത്തനമെത്തിക്കുന്ന പരിപാടി എവിടെയെങ്കിലും ബാക്കിയുണ്ടെങ്കിൽ അത് അവസാനിക്കേണ്ടതുണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കാൻ ബിജെപിക്ക് സാധിക്കണം. സ്വന്തമായി മിഷനറി ഇല്ലാത്ത ഒരേ ഒരു പാൻ കേരള രാഷ്ട്രീയ പ്രസ്ഥാനമായി ബിജെപി നിലനിന്നു പോകുന്നത് ഇനി മന്ദതയാണ്.

മണ്ഡല തല പഠന ശിബിരങ്ങൾ, പഞ്ചായത്ത് തല ഫുൾ ടൈമർമാർ, ബൂത്ത് തല സേവാ കേന്ദ്രകൾ, അതിന് പെയ്ഡ് ഓഫീസ് സെക്രട്ടറിമാർ. കഴിവുള്ള ബൂത്ത് പ്രസിഡന്റുമാർ എന്നിങ്ങനെ സംവിധാനം ഉറപ്പിച്ച്ചാൽ മാത്രമേ ഒരു ശതമാനമായാലും വോട്ട് കൂടൂ.. അല്ലാതെ ശരണം വിളിച്ചാലൊന്നും ജനകീയ സംഘടനയാവില്ല. ഇങ്ങനെ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു വരുന്നവരിൽ നിന്നും താഴെത്തട്ടിൽ നിന്നുള്ള തലമുറമാറ്റം ഓരോ തലത്തിലും പടിപടിയായി കാലക്രമേണ ഉണ്ടാകുന്ന വരെ ഇതിലും വലിയ അത്ഭുതൊന്നും പ്രതീക്ഷിക്കണ്ട.

അതായത് ഇന്ന് ബിജെപിയ്ക്കുള്ളത് ബാലാരിഷ്ടതയാണ്. അല്ലാതെ ബലഹീനതയല്ല.. അത് തിരിച്ചറിഞ്ഞു തുടങ്ങിന്ന നിമിഷം സംഘടനാ പ്രവർത്തനം ആരംഭിക്കും.

25.05.2021ലെ ജന്മഭൂമി പത്രത്തിലെ കാഴ്ചപ്പാട് പേജിൽ കെ വി എസ് ഹരിദാസ് എഴുതിയത്.

ഭാരതീയ ജനതാ പാർട്ടിയ്ക്ക് ഒരു സംഘടനയെന്ന നിലയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അഞ്ചു വർഷങ്ങളാണ് കേരളത്തിൽ വരാനിരിക്കുന്നത്. ഇടത് പക്ഷത്തിനെതിരെ ശക്തമായ സമരനിരയാണ് കഴിഞ്ഞ ഒരുകൊല്ലക്കാലം മുഴുവൻ ബിജെപി സംഘടിപ്പിച്ചത്. പലഘട്ടങ്ങളിലും കേരളത്തിന്റെ മുഖ്യ പ്രതിപക്ഷമെന്ന റോളിലേയ്ക്ക് ബിജെപി ഉയർന്നു. മികച്ച നേതൃനിരയുമായി മികവുറ്റ സ്ഥാനാർഥികളെ അണി നിരത്തിയ മുന്നണിയായിരുന്നു എൻഡിഎ എന്നതിൽ ശത്രുക്കൾക്കു പോലും രണ്ടഭിപ്രായമില്ല. ഏറ്റവുമധികം ചെറുപ്പക്കാർ.. ഏറ്റവുമധികം വനിതകൾ.. ഏറ്റവുമധികം ഗവേഷണ ബിരുദധാരികൾ.. ഏറ്റവുമധികം നിയമബിരുദധാരികൾ.. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ, പി എസ് സി ചെയർമാൻ, ഇന്ത്യ കണ്ട ഏറ്റവും മികച്ച എൻജിനീയർ, വിജിലൻസ് ഡയറക്ടർ, അഴിമതി വിരുദ്ധരായ സിവിൽ സെർവൻറ്സ്. ടെക്‌നോക്രാറ്റുകൾ, ബ്യൂറോക്രാറ്റുകൾ..കേരളത്തിലെ ഇന്നുവരെയുള്ള ഏതൊരു ഇലക്ഷനിലെയും ഒരു രാഷ്ട്രീയപാർട്ടിക്കും വാഗ്ദാനം ചെയ്യാൻ കഴിയാത്തത്രയും മികച്ച പാനൽ ആയിരുന്നു ബിജെപിയുടേത്.. സംഘടന താഴെത്തട്ടിൽ ഇല്ലാത്തതാണ് നമ്മുടെ വളർച്ചയ്ക്ക് തിളക്കം ഇല്ലാണ്ടാക്കിയത്.. അല്ലാതെ ജനങ്ങൾ സഹായിക്കാഞ്ഞിട്ടെയല്ല.

നിരന്തരം യാത്ര ചെയ്ത് നമ്മൾ സംഘശാഖകളുടെ നിരയെ സൃഷ്ടിച്ച എണ്പതുകളിലേതു പോലെ രണ്ടു കൊല്ലം കൊണ്ട് 15,000 ബൂത്ത് കമ്മിറ്റികൾ ബിജെപിക്ക് ഉണ്ടാക്കാൻ കഴിഞ്ഞാൽ ഇന്നാട്ടിൽ അത്ഭുതങ്ങൾ സംഭവിക്കും. മറക്കരുത്.

പാതയനന്തവിദൂരമതാവാം..
കണ്ടകസഞ്ചിതമാകാം..
പുച്ഛിയ്ക്കാം ചിലർ; പൂജിയ്ക്കാം ചിലർ;
നീ ചഞ്ചലനാകാതെ..
ധീരതകൈവെടിയാതെ..

Leave a comment

Website Powered by WordPress.com.

Up ↑