സംഘം ഒരു അർധസൈനിക പ്രസ്ഥാനമാണ്, അല്ലെങ്കിൽ ചെറുപ്പക്കാരുടെ ക്ലബ്ബാണ്, അതുമല്ലെങ്കിൽ ഒരു മാർഷൽ ആർട്‌സ് സെന്റർ ആണ് എന്നൊക്കെ പല തരത്തിലുള്ള തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ട്.
അങ്ങനെയാണോ!! സംഘം ഒരു കുടുംബമാണ്..പരമേശ്വർജി പോയ രാത്രി കൂടുതൽ ആഴത്തിൽ മനസിലായത് ഇതുകൂടിയാണ്. എന്നെപ്പോലെ നിരവധി പേർക്ക് ചുറ്റും അന്ന് രാത്രി സകലതും നിശ്ചലമായി. നിശബ്ദതയുടെ ആഴം കൂടി. ഒരു പൗർണമിയായിരുന്നു അന്ന്.. എന്നിട്ടും രാത്രിക്ക് കട്ടപിടിച്ച നിറമായിരുന്നു.. പ്രകൃതിക്കായിരുന്നില്ല മാറ്റം. സ്വന്തം വീട്ടിലെ കാരണവർ വിട്ടു പിരിയുന്ന രാത്രിയ്ക്ക് ഈ ഭാവമായിരുന്നു എന്ന് കുടുംബാംഗങ്ങൾക്കെല്ലാം തോന്നും.
അദ്ദേഹം പോയിക്കഴിഞ്ഞപ്പോ എല്ലാവരിലുമുയർന്ന ചോദ്യം ഇനിയെന്ത് എന്നതായിരുന്നു. പ്രചണ്ഡമായ പ്രചാരവേലയും പ്രയോഗ തന്ത്രവുമായി കമ്യൂണിസം നിറഞ്ഞാടിയ നാളുകളിൽ സൗമ്യനായി, നിർഭയനായി കേരളത്തിലെ ഗ്രാമങ്ങളിൽ കൂടി കാൽനടയായി കടന്നു ചെന്ന പി പരമേശ്വരൻ വളരെ ലളിതമായി ഹിന്ദുത്വത്തിന്റെ ഗരിമയെ സ്ഥാപിച്ചെടുത്തിട്ടുണ്ട്.
“സാമൂഹ്യജീവിതത്തില്‍ മാറ്റത്തിന്റെ കൊടിയും പിടിച്ചുനടന്ന മൂന്നു മഹാകവികളാണുള്ളത്. ഒന്ന് സ്വാമി വിവേകാനന്ദനാണ്. രണ്ടാമന്‍ ശ്രീനാരായണഗുരു. മൂന്നാമത്തേത് നാം ഇന്ന് ആദരിക്കുന്ന പരമേശ്വര്‍ജിയും. ഇത് പറയുമ്ബോള്‍ നിങ്ങള്‍ നെറ്റി ചുളിച്ചേക്കാം. പക്ഷേ കാലം നാളെ ഇത് ലോകത്തോട് വിളിച്ചുപറയും എന്ന് എനിക്കുറപ്പുണ്ട്.”’ എന്നുമഹാകവി അക്കിത്തം പറഞ്ഞുറപ്പിച്ചത് നമുക്ക് ബോധ്യം വന്നത് തന്നെയല്ലേ.
ഇഎംഎസ് മരണം വരിക്കുന്നതു അടൽജി ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ പിറ്റേന്നാണ്. സംഘപ്രചാരകനായതിന്റെ അൻപതാം കൊല്ലത്തിൽ ബിജെപി അധികാരത്തിൽ വരുമ്പോ ഒന്നുമില്ലായ്മയിൽ നിന്നും സംഘടനാപ്രവർത്തനോടൊപ്പം ജീവിച്ച ഒരു മനുഷ്യന്റെ മനസിൽ എന്തായിരുന്നിരിക്കണം ഉണ്ടാകേണ്ടിയിരുന്ന വികാരം. എന്നാൽ പരമേശ്വർജി വിതുമ്പിയതും വിറച്ചതും ഇഎംഎസിനെക്കുറിച്ചോർത്താണ്. പി ഗോവിന്ദപ്പിള്ളയുടെ യാത്രയും അദ്ദേഹത്തെ ഒരുപാട് ഉലച്ചിരുന്നു.
“അഗാധ പാണ്ഡിത്യത്തോടെ ഋഷിതുല്യമായ ജീവിതം നയിച്ച വ്യക്തിയായിരുന്നു പി.പരമേശ്വരൻ” എന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യമന്ത്രി തന്നെയെഴുതി. “ആശയ-രാഷ്ട്രീയ നിലപാടുകളിലെ വിയോജിപ്പുകള്‍ നിലനില്‍ക്കെതന്നെ അന്തസ്സാര്‍ന്ന മനുഷ്യബന്ധങ്ങള്‍ സാധ്യമാണെന്ന് തെളിയിച്ചയാളാണ് പരമേശ്വര്‍ജി” എന്ന് ബിനോയ് വിശ്വവുമെഴുതി.

കാലങ്ങൾക്ക് മുന്നേ മഹാകവി അക്കിത്തം ഇങ്ങനെയെഴുതിയിട്ടുണ്ട്.
“ഈ നൂറ്റാണ്ടിൽ കേരളത്തിൽ ജനിക്കുകയും ഭാരതത്തിലാകെ പടർന്നു നിൽക്കുകയും ചെയ്ത മൂന്നു വ്യക്തികളാണ് കേളപ്പജി, ഇ എം എസ് പരമേശ്വർജി എന്നിവർ. എന്തൊക്കെ അഭിപ്രായ ഭിന്നതയുണ്ടായാലും അവനവനോട് കളവു പറഞ്ഞു എന്ന കുറ്റം ഈ മൂന്നുപേരിലും ചുമത്താനാവില്ല. കവിയുടേതിൽ നിന്നു ഭിന്നമല്ലാത്ത ആത്മാരാധനയോടുകൂടി സാമൂഹ്യജീവിതത്തെ സേവിച്ചവരാണ് മൂന്നുപേരും. മൂന്നുപേരും സാഹിത്യാദി കലകളോട് ദൃഢാഭിമുഖ്യം പുലർത്തി. എന്നാൽ മൂന്നുപേരുടെയും രചനകൾ സാധാരണ സാഹിത്യത്തിന്റെ മാനദണ്ഡങ്ങളെ വെച്ച് അളക്കാവുന്നതിനുപരിയായിരുന്നു.”
ഗവേഷണത്വരയോടെ ഒരു വിഷയത്തെ സമീപിച്ചാൽ ആദ്യം മുന്നിലെത്തുന്ന സമസ്യ റിസോഴ്‌സസിന്റെയാണ്.. ഇന്ന് നിങ്ങൾക്ക് മനസ്സിൽ തോന്നുന്ന ചിന്തകൾക്ക് പരിഹാരം കാണാൻ ഒരു കീവേർഡിന്റെ ആവശ്യമേയുള്ളൂ.. നിങ്ങൾക്കായി ലോകത്തിലെ എല്ലാ ലൈബ്രറികളും അവരുടെ ആർക്കൈവ്സും രാജ്യത്തിന്റെ ഡിജിറ്റൽ റെക്കോർഡ്സും വിരൽത്തുമ്പിൽ തുറന്നു കിട്ടും.. സംഘടനാ പ്രവർത്തനത്തിനിടയിൽ ഒരു ബുക്ക് റെഫർ ചെയ്യാൻ യാത്ര ചെയ്ത് കണ്ടെത്തിയോ കത്തെഴുതി വരുത്തിച്ചോ മനുഷ്യരോട് സംവാദിച്ചോ ഒരു വിഷയത്തിൽ പഠിച്ചു മറുപടിയെഴുതാൻ എഴുപതുകൊല്ലം മുൻപ് എങ്ങിനെ സാധിച്ചിരുന്നു എന്നോർക്കുമ്പോഴാണ് നമുക്ക് മുന്നേ നടന്നുപോയ മനുഷ്യരുടെ ധിഷണയ്ക്കും സമർപ്പണ ബുദ്ധിയ്ക്കും മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു പോകുന്നത്.
എന്നാൽ ഇതൊക്കെ നേടിയാലും മലയാണ്മയുടെ ബൗദ്ധികനഭസ്സിൽ ഉയർന്നു നിന്നുകൊണ്ട് അതു വിളിച്ചുപറയുമ്പോഴും അദ്ദേഹത്തിന് കൈവന്നത് അജാതശത്രുത്വമാണ്. എങ്ങനെയായിരുന്നു അദ്ദേഹമിത് നേടിയത്. എങ്ങിനെയാണ് അദ്ദേഹത്തിന്റെ ലെഗസി കാലം കടന്നു നിലനിൽക്കേണ്ടത്. എനിക്കെന്തു ചെയ്യാൻ കഴിയും. നമുക്കെന്തു ചെയ്യാൻ കഴിയും. ഈ ചോദ്യങ്ങളാണ് ഈ കഴിഞ്ഞ വ്യാഴവട്ടത്തിനിടയിൽ സ്വയമുയർത്തിയ ഏറെക്കുഴക്കിയൊരു ചോദ്യം.
മുന്നൂറ്റി അറുപത്തിയഞ്ചു ദിവസത്തെ വിഷയങ്ങൾക്ക് മുന്നൂറ്റിയറുപത്തിയഞ്ചു പോസ്റ്റെഴുത്തുന്ന നടപ്പ് പരിപാടിയ്ക്ക് അർധവിരമാമിട്ടുകൊണ്ട് ഒരു പരമേശ്വർജിയ്ക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് തുല്യം വെയ്ക്കാൻ കഴിയുന്ന അയുതയത്നങ്ങളാകാൻ സ്വയം ഒരുങ്ങുക എന്നതായിരുന്നു ആ സമസ്യക്ക് കണ്ടെത്തിയ സമാധാനം. അവിടെ നിന്നും ആണ് നചികേതവും അതിൽ വീരംവിനായകവും ജീവൻ വെയ്ക്കുന്നത്.
സൗമ്യമായ അവതരണ ശൈലിയുപയോഗിച്ച് അഗാധമായ അറിവും വാഗ്ദേവതയുടെ കടാക്ഷവും നേടി വിഷയവൈവിധ്യത്തോടെ കോറിയിടുന്നതിലെല്ലാം ദാർശനികമായ കൈയ്യൊപ്പു ചാർത്തി നവലോക നിർമിതിക്കുള്ള നവോപായങ്ങളുടെ നിരവധി നിർദേശങ്ങളുമായി സംഘപക്ഷത്തിന്റെ മുഖമായി അദ്ദേഹത്തിന് മാറേണ്ടിയിരുന്നത് അനിവാര്യതയായിരുന്നു..ആ വേഷത്തിലേയ്ക്ക് സ്വാഭാവികമായി രൂപാന്തരം പ്രാപിച്ച ആ പരമഗുരുവിന് നല്കാനാകുന്ന ഗുരുദക്ഷിണ ഇതുതന്നെയാകുന്നു.
ടി ആർ സോമേട്ടൻ അദ്ദേഹത്തിന്റെ ശ്രദ്ധാഞ്ജലി സഭയിൽ പറഞ്ഞതു പോലെ പരമേശ്വർജിയുടെ ദേഹവിയോഗം എന്നത് അപ്രസക്തമാണ്. പരമേശ്വർജിയെന്ന ആശയവും ഇച്ഛയും ആ പ്രതിഭാസത്തിന്റെ അനശ്വരതയാണ്. അതു തുടരും.. നമ്മളിലൂടെ. പരമേശ്വർജിയുടെ ശബ്ദവും ചലനവും ഇനിയില്ല എന്ന വിടവ് നികത്താൻ അവനവനു കഴിയുന്നനൊരു കാട്ടുകല്ലെങ്കിലും എടുത്തു വെയ്ക്കാൻ ശ്രമിക്കുമെന്നുള്ള ദൃഢപ്രതിജ്ഞയാണ് അദ്ദേഹത്തിന് നൽകാവുന്ന ശരിക്കുള്ള ശ്രദ്ധാഞ്ജലി.
Leave a comment