അമൂൽ കുര്യനും ശ്രീ ഗുരുജിയും

എൻഡിഡിബി ചെയർമാൻ എന്ന നിലയിൽ 1967 ൽ ഗവൺമെന്റിന്റെ ഒരു ഹൈപവർ കമ്മിറ്റിയിൽ അംഗമാകാൻ ഞാൻ ക്ഷണിക്കപ്പെട്ടു. പലതരത്തിലുള്ള രസകരമായ വ്യക്തിത്വങ്ങളുടെ ഉടമകളായിരുന്നു കമ്മിറ്റി അംഗങ്ങൾ. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സർക്കാർ ആയിരുന്നു ചെയർമാൻ. അഗ്രികൾച്ചറൽ പ്രൈസസ് കമ്മീഷൻ ചെയർമാനായിരുന്ന അശോക് മിത്ര, പുരിയിലെ ശങ്കരാചാര്യർ, മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന എച്ച് ആർ ബി പാർപ്പിയ, രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ മേധാവിയായിരുന്ന എം എസ് ഗോൾവൽക്കർ എന്ന ഗുരുജി തുടങ്ങിയവരായിരുന്നു പശു സംരക്ഷണ പ്രസ്ഥാനത്തിൻറെ കമ്മിറ്റി അംഗങ്ങൾ

ഈ കമ്മിറ്റി നിലവിൽ വന്നതിനുശേഷം പാർലമെൻറിൽ ഉന്നയിക്കപ്പെട്ട ആദ്യത്തെ ചോദ്യം ‘ഈ കമ്മിറ്റിയിൽ ഏതെങ്കിലും മുസ്‌ലിം അംഗം ആയിട്ടുണ്ടോ?’ എന്നായിരുന്നു. ഇതിൻറെ ഉത്തരം ‘ഉണ്ട്, അത് ഡോക്ടർ പാർപ്പിയ ആണ്’ എന്നായിരുന്നു. ഇതറിഞ്ഞ പാർപ്പിയ കോപാകുലനായി. ‘ഞാൻ ഒരു മുസ്ലിം ആയതിനാൽ ആണ് എന്നെ ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് എങ്കിൽ ഞാൻ രാജി വയ്ക്കാൻ ആഗ്രഹിക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. ഞാൻ മതാചാരങ്ങൾ അനുഷ്ഠിക്കുന്ന ഒരു മുസ്ലിം അല്ലെന്നും കമ്മിറ്റിയിൽ ഏതെങ്കിലുമൊരു മുല്ലയെ ഉൾപ്പെടുന്നതായിരിക്കും നല്ലതെന്നുംകൂടി അദ്ദേഹം കൂട്ടിച്ചേർത്തു. ഏതായാലും ഗവൺമെൻറ് ഒരു വിധത്തിൽ അദ്ദേഹത്തെ ശാന്തനാക്കി.

എന്തുകൊണ്ടാണെന്നറിയില്ല, ശങ്കരാചാര്യരും ഞാനും പരസ്പരം ഇഷ്ടപ്പെട്ടില്ല. അദ്ദേഹവുമായുള്ള എൻറെ ആദ്യത്തെ കൂടിക്കാഴ്ച ഇപ്പോഴും ഞാൻ ഓർമ്മിക്കുന്നു. അർദ്ധ നഗ്നനായി, കയ്യിൽ ഒരു ശൂലമേന്തി ചുരുട്ടിപ്പിടിച്ച മാൻതോലുമായാണ് അദ്ദേഹം മുറിയിലേക്ക് കയറിവന്നത്. എൻറെ തൊട്ടടുത്തുള്ള കസേരയിൽ മാൻതോൽ വിരിച്ച് ഇരിക്കുകയും ചെയ്തു. അക്കാലത്തു ഞാനൊരു കടുത്ത പുകവലിക്കാരനായിരുന്നു. തൻറെ മാൻതോൽ മുറിയിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് എൻറെ അനുവാദം വേണ്ടെങ്കിൽ എനിക്ക് പുകവലിക്കാൻ അദ്ദേഹത്തിൻറെ അനുവാദവും ആവശ്യമില്ലെന്ന് ഞാൻ തീർച്ചയാക്കി. നിർഭാഗ്യവശാൽ ഞാൻ ഓരോ പ്രാവശ്യം പുകവലിച്ചപ്പോഴും അദ്ദേഹത്തിൻറെ അടുത്തേക്കാണ് പുക ചെന്നത്. ശങ്കരാചാര്യർ ദേഷ്യത്തോടെ എന്നെ നോക്കുകയും എന്തോ പിറുപിറുത്തുകൊണ്ട് ദൂരെയുള്ള കസേരയിലേക്ക് മാറിയിരിക്കുകയും ചെയ്തു. അവിടെയിരുന്നു കൊണ്ടും അദ്ദേഹം എന്നെ  അസംതൃപ്തിയോടെ നോക്കിക്കൊണ്ടിരുന്നു. ഞാൻ പുകവലി തുടരുകയും ചെയ്തു. ഈ കാഴ്ച ആസ്വദിച്ചു കൊണ്ടിരുന്ന ജസ്റ്റിസ് സർക്കാർ എൻറെ തോളിൽ തട്ടി ചോദിച്ചു. ‘ഡോക്ടർ കുര്യൻ, എനിക്കൊരു സിഗരറ്റ് തരാമോ?’ അതാണ് ജസ്റ്റിസ് സർക്കാർ. ഒരു വലിയ മനുഷ്യൻ.

അവിശ്വസനീയമായി തോന്നാമെങ്കിലും അടുത്ത 12 വർഷക്കാലം ഈ കമ്മിറ്റി പതിവായി ഡൽഹിയിൽ വച്ച് ചർച്ചകൾ നടത്തിപ്പോന്നു. വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന വിദഗ്ധരുമായി ഗോവധത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയാനായി ഞങ്ങൾ ചർച്ച നടത്തി. വിഷമം പിടിച്ചതും ഏറെ സമയം ചെലവഴിക്കേണ്ടി വന്നതുമായ ജോലിയായിരുന്നു അത്. ഗോവധം നിരോധിക്കാനുള്ള ഏതൊരു ശ്രമവും തടയുക എന്നതായിരുന്നു എൻറെ ഉദ്ദേശം. കാരണം ആരോഗ്യമില്ലാത്ത പശുക്കളെ ഒഴിവാക്കിയാൽ മാത്രമേ ആരോഗ്യമുള്ളവയും പാൽ നൽകുന്നവയുമായ പശുക്കളെ വേണ്ടവിധം സംരക്ഷിക്കാൻ കഴിയൂ. ഉപയോഗയോഗ്യമായ ഒറ്റ പശു പോലും കൊല്ലപ്പെടരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ഇക്കാര്യത്തെ ചൊല്ലിയാണ് പലപ്പോഴും ശങ്കരാചാര്യരും ഞാനും തമ്മിൽ കൊമ്പുകോർക്കേണ്ടി വന്നിട്ടുള്ളത്. അത്തരം അവസരങ്ങളിലൊക്കെ ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ‘സ്വാമിജി, പാൽ നൽകാത്തവയും ഉപയോഗമില്ലാത്തവയും ആയ പശുക്കളെ എല്ലാം അവ ചാകുന്നതുവരെ തീറ്റിപ്പോറ്റാൻ സംരക്ഷിക്കാനും അങ്ങ് തയ്യാറാണോ? അതു നടപ്പില്ലെന്ന് അങ്ങേയ്ക്കറിയാം.’ എൻറെ ചോദ്യത്തിന് ഒരിക്കലും  അദ്ദേഹം ഉത്തരം നൽകിയില്ല.

പന്ത്രണ്ടു വർഷക്കാലത്തേക്ക് കമ്മിറ്റി അംഗങ്ങൾക്ക് ഡൽഹിയിലേക്ക് യാത്രചെയ്യാനും മീറ്റിങ്ങിൽ പങ്കെടുക്കാനുമുള്ള പണം ഇന്ത്യ ഗവൺമെൻറ് നൽകിക്കൊണ്ടിരുന്നു. മൊറാർജി ദേശായി പ്രധാനമന്ത്രി ആയതിനു ശേഷം ആണ് ഇതിനൊരു ഒരു മാറ്റം ഉണ്ടായത്. ഒരു ദിവസം എനിക്ക് കിട്ടിയ കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു.”ഗോ സംരക്ഷണ കമ്മിറ്റി പിരിച്ചു വിട്ടിരിക്കുന്നു”. ഒരു റിപ്പോർട്ട് സമർപ്പിക്കാൻ പോലും ആരും ഞങ്ങളോട് ആവശ്യപ്പെട്ടില്ല.

പതിവായി നടന്ന മീറ്റിങ്ങുകൾക്കിടയിൽ അസാധാരണവും അപ്രതീക്ഷിതമായ ഒരു കാര്യം ഉണ്ടായി. ഗോൾവാൾക്കറും ഞാനും ഉറ്റ സുഹൃത്തുക്കളായി മാറി. ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി തീർന്നുവെന്നത് മറ്റുള്ളവരെ വല്ലാതെ അത്ഭുതപെടുത്തി. എപ്പോഴൊക്കെ ഞാൻ മുറിയിലേക്ക് കയറി ചൊല്ലുന്നുവോ അപ്പോഴൊക്കെ അദ്ദേഹം ഓടിയെത്തി എന്നെ ആലിംഗനം ചെയ്തിരുന്നു. മീറ്റിങ്ങുകൾക്കു ശേഷം എന്നെ മാറ്റി നിർത്തി അദ്ദേഹം സമാധാന വാക്കുകൾ പറയും. “ശങ്കരാചാര്യരുമായുള്ള തർക്കത്തിൽ എന്തിനാണ് ഇങ്ങനെ അക്ഷമനാവുന്നത്. അദ്ദേഹത്തെക്കുറിച്ചുള്ള താങ്കളുടെ നിലപാടിനോട് യോജിക്കുന്നു. എന്നുവച്ച് നിങ്ങളെ ദേഷ്യം പിടിപ്പിക്കാൻ അദ്ദേഹത്തെ അനുവദിക്കരുത്. അവഗണിച്ചേക്കുക!”

ഗോൾവൽക്കർ തീരെ വലിപ്പം കുറഞ്ഞ മനുഷ്യനായിരുന്നു. ഒന്നു കഷ്ടിച്ച് അഞ്ചടി ഉയരം വരും. എന്നാൽ കോപിക്കുമ്പോൾ അദ്ദേഹത്തിൻറെ കണ്ണുകളിൽനിന്ന് തീപാറും. എന്നെ അദ്ദേഹത്തിലേക്ക് ആകർഷിച്ച പ്രധാന സംഗതി തീവ്രമായ രാജ്യസ്നേഹമുള്ള ഒരു ഇന്ത്യക്കാരൻ ആയിരുന്നു അദ്ദേഹം എന്നതായിരുന്നു.  ‘തൻറെ കാഴ്ചപ്പാടിലുള്ള ദേശീയത പ്രചരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നത്’ എന്ന് നിങ്ങൾക്ക് വേണമെങ്കിൽ വാദിക്കാം. പക്ഷേ അദ്ദേഹത്തിൻറെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാൻ ആർക്കും കഴിയുമായിരുന്നില്ല. ഒരു ദിവസം ഞങ്ങളുടെ മീറ്റിങ്ങുകളിൽ ഗോസംരക്ഷണത്തെക്കുറിച്ചുള്ള ചർച്ച നടന്നു. ഗോവധം നിരോധിക്കണമെന്ന് തീവ്രമായി അവശ്യപ്പെട്ടതിന്‌ ശേഷം അദ്ദേഹം എൻറെ അടുത്തെത്തി ചോദിച്ചു. ‘കുര്യൻ ഗോവധത്തെക്കുറിച്ച് ഞാൻ ഇത്രയേറെ സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങളോട് പറയട്ടെ !’

ഞാൻ പറഞ്ഞു. “തീർച്ചയായും പറയു. നിങ്ങളെപ്പോലെ ബുദ്ധിശാലിയായ ഒരാൾ എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത് എന്ന് അറിയാൻ എനിക്ക് താല്പര്യമുണ്ട്.”

“ഗോവധം നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞാൻ പെറ്റീഷൻ നൽകിയത് ഗവൺമെന്റിനെ അമ്പരിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു,” അദ്ദേഹം എന്നോട് സ്വകാര്യമായി വിശദീകരിച്ചു. “പത്തുലക്ഷം ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതിക്ക് നൽകാനായിരുന്നു എൻറെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഞാൻ രാജ്യമെമ്പാടും സഞ്ചരിച്ചു. അങ്ങിനെയാണ് ഞാൻ ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ എത്തിയത്. അവിടെ ഒരു സ്ത്രീ തന്റെ ഭർത്താവിനും കുട്ടികൾക്കും ഭക്ഷണം നൽകി അവരെ ജോലിക്ക് സ്കൂളിലേക്ക് ഒക്കെ അയച്ചതിന് ശേഷം ഒപ്പ് ശേഖരിക്കാനായി ഓരോ വീടും കയറിയിറങ്ങി. അവർ എന്തിനാണ് ഇത്രമാത്രം കഷ്ടപ്പെടുന്നത് എന്ന് ഞാൻ അത്ഭുതപ്പെട്ടു. അവരുടെ പശുവിന് വേണ്ടിയായിരുന്നു അവർ ആ കഷ്ടപ്പാടുകൾ ഏറ്റെടുത്തതെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അതിനെ ആശ്രയിച്ചാണ് അവർ ജീവിച്ചിരുന്നത്. അവരുടെ ജീവിതത്തിൽ പശുവിനെ സ്ഥാനം എത്ര വലുതായിരുന്നു എന്ന് ഞാൻ മനസ്സിലാക്കി.”

“നമ്മുടെ രാജ്യത്തിൻറെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ചു നോക്കുക. നല്ലതെന്നും വൈദേശികവുമായ മോശമായതു സ്വദേശീയവും ആയിത്തീർന്നിരിക്കുന്നു. ഇന്നു നാം നല്ല ഇന്ത്യക്കാരൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്. സ്യൂട്ടും ടൈയും ഹാറ്റും ധരിക്കുന്ന ആളെ. മോശം ഇന്ത്യക്കാരനായി കണക്കാക്കുന്നത് മുണ്ടുടുക്കുന്ന ആളെയും. നമ്മുടേതായ കാര്യങ്ങളെക്കുറിച്ച് അഭിമാനിക്കുന്നതിനുപകരം മറ്റു രാജ്യങ്ങളെ അനുകരിച്ചാൽ ഈ രാജ്യം എങ്ങനെ നന്നാവും. അപ്പോഴാണ് പശുവിന് ഈ രാജ്യത്തെ ഏകീകരിക്കാൻ കഴിയും എന്ന് എനിക്ക് മനസ്സിലായത്. ഭാരത സംസ്കാരത്തിൻറെ പ്രതീകമാണ് പശു. അതുകൊണ്ട് ഗോവധം നിരോധിക്കാൻ കഴിഞ്ഞാൽ അഞ്ചുവർഷത്തിനുള്ളിൽ ഈ രാജ്യം ഏകീകരിക്കപ്പെടും. ഞാൻ ഒരു വിഡ്ഢിയോ ഭ്രാന്തനോ അല്ല. വളരെ പ്രായോഗികമായി ആണ് ഞാൻ സംസാരിക്കുന്നത്. നമ്മിലെ ഇന്ത്യൻ ദേശീയത പുറത്തുകൊണ്ടുവരാൻ പശുവിനെ ഉപയോഗിക്കാമെന്നാണ് ഞാൻ പറയുന്നത്. അതുകൊണ്ട് ഈ കാര്യത്തിൽ നിങ്ങൾ എന്നോട് സഹകരിക്കണം.”

ഞാൻ അദ്ദേഹത്തോട് യോജിക്കുകയോ ഗോവധം നിരോധിക്കണമെന്ന് കമ്മിറ്റിയിൽ ആവശ്യപ്പെടുകയും ചെയ്തില്ല. എന്നാൽ, ഇന്ത്യക്കാരായിരിക്കുന്നതിനെ കുറിച്ച് ആളുകളുടെ ഉള്ളിൽ അഭിമാനം വളർത്തിയെടുക്കാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ടായിരുന്നു. അദ്ദേഹത്തിൻറെ വ്യക്തിത്വത്തിലെ ഈ ഒരു അംശം എന്നെ വളരെയേറെ ആകർഷിച്ചു. ഇതായിരുന്നു എനിക്കറിയാവുന്ന ഗോൾവാൾക്കർ. മഹാത്മാഗാന്ധിയുടെ കൊലപാതകം ആസൂത്രണം ചെയ്തതിന് പിന്നിൽ അദ്ദേഹം ഉണ്ടെന്ന് പലരും ആരോപിച്ചിരുന്നു. എന്നാൽ ഞാൻ അതൊരിക്കലും വിശ്വസിച്ചില്ല. സത്യസന്ധനും കാര്യങ്ങൾ തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരനായ ഒരാൾ എന്ന നിലക്കാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. അദ്ദേഹം ഒരു ഹിന്ദു മതമൗലികവാദി ആണെന്നത് ഒരു ആരോപണം മാത്രമായിരുന്നു എന്നാണ് എൻറെ സുഹൃത്തായിരുന്ന ഗോൾവാൾക്കറെക്കുറിച്ച് ഞാൻ മനസ്സിലാക്കുന്നത്.

അദ്ദേഹത്തിൻറെ അവസാന ദിനങ്ങളിൽ രോഗബാധിതനായി പൂനയിൽ കഴിയുന്നതിനിടയ്ക്ക് ആർഎസ്എസിന്റെ സംസ്ഥാന നേതാക്കന്മാരെയെല്ലാം അദ്ദേഹം തൻറെ അടുത്തേക്ക് വിളിപ്പിച്ചു. താൻ മരിക്കുകയാണ് എന്ന് മനസ്സിലാക്കിക്കൊണ്ട്. ഗോൾവാൾക്കർ ദിവംഗതനായതിനുശേഷം  അവരിലൊരാൾ എൻറെ ഓഫീസിൽ എത്തി. ‘സർ, ഞാൻ ഗുജറാത്തിലെ ആർഎസ്എസ് മേധാവിയാണ്. ഗുരുജി ഇഹലോകവാസം വെടിഞ്ഞ വിവരം താങ്കൾ അറിഞ്ഞു കാണുമല്ലോ. അതിനുമുമ്പ് അദ്ദേഹം ഞങ്ങളെയെല്ലാം പൂനെയിലേക്ക് വിളിപ്പിച്ചിരുന്നു ഞാൻ ഗുജറാത്തിൽ നിന്നാണെന്ന് മനസ്സിലാക്കിയ ഉടനെ അദ്ദേഹം എന്നോട് പറഞ്ഞു: “ഗുജറാത്തിൽ തിരിച്ചെത്തുമ്പോൾ ആനന്ദിൽ ചെന്ന് എന്ന് ഡോക്ടർ കുര്യന് എൻറെ അനുഗ്രഹങ്ങൾ നൽകുക”. ഈ സന്ദേശം താങ്കളെ അറിയിക്കാനാണ് ഞാൻ വന്നത്.

ഈ സംഭവം എൻറെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. ഞാൻ അദ്ദേഹത്തിനു നന്ദി പറഞ്ഞു . സന്ദേശമറിയിച്ചതിനു ശേഷം അദ്ദേഹം പോവുകയാണെന്ന് ധാരണയോടെ. എന്നാൽ അദ്ദേഹം ഇങ്ങനെ തുടർന്നു. “താങ്കൾക്ക് വിരോധമില്ലെങ്കിൽ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ? താങ്കൾ ഒരു ക്രിസ്ത്യാനിയാണ്. ഗുജറാത്തിൽ മറ്റൊരാൾക്കും നൽകാതെ ഗുരുജി താങ്കൾക്ക് മാത്രം അനുഗ്രഹം നൽകാനുള്ള കാരണമെന്താണ്?”

ഈ ചോദ്യം എന്തുകൊണ്ട് ഗുരുജിയോട് ചോദിച്ചില്ല’ എന്ന് ഞാൻ ആരാഞ്ഞു. യഥാർത്ഥത്തിൽ എനിക്ക് അതിൻറെ ഉത്തരം അറിയില്ലായിരുന്നു

(രത്തൻ ടാറ്റ അവതരികയെഴുതിയ അമൂൽ കുര്യന്റെ ആത്മകഥയിൽ നിന്ന്)

പ്രസിദ്ധീകരണം: ഡിസി ബുക്സ്

Leave a comment

Website Powered by WordPress.com.

Up ↑