വൈരുദ്ധ്യങ്ങളിൽ നമ്മളൊരുമിക്കേണ്ടതെവിടെ!

നൂറ്റാണ്ടു തികഞ്ഞ പിറപ്പാഘോഷവുമായി മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി തിമിർപ്പിലാണ്. അഭിപ്രായവ്യത്യാസങ്ങളിലൂടെ ഒരു ഡസൻ തവണയോളം പിളർന്നു മാറിയ വിവിധ കമ്യൂണിസ്റ്റു പാർട്ടികൾക്ക് അവരുടെ രൂപീകരണത്തെക്കുറിച്ച് പോലും പലതരത്തിലുള്ള അഭിപ്രായങ്ങളാണുള്ളത്.

രണ്ടാം കമ്യൂണിസ്റ്റ് ഇന്റർനാഷണലിനെ തുടർന്ന് 1920 ഒക്ടോബർ 17ന് താഷ്‌കന്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യയിലെ ഘടകം രൂപീകൃതമാകുമ്പോൾ അതിൽ ഏഴ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഏഷ്യയിലെയും അമേരിക്കയിലെയും അന്നത്തെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റും മെക്സിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനുമായ മാനവേന്ദ്ര നാഥ് റോയ്, ഭാര്യ ഈവലിൻ റോയ് ട്രെന്റ്, അബനി മുഖർജി, അദ്ദേഹത്തിൻറെ ഭാര്യയും ലെനിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന റോസ ഫിറ്റിംഗോവ് എംപിടി ആചാര്യ, പിന്നെ ഇന്ത്യയിൽ നിന്നും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി ദാറുൽ ഹർബ് ആയ ഇന്ത്യ ഉപേക്ഷിച്ച് തുർക്കിയിലേയ്ക്ക് ഹിജ്റ ചെയ്തുപോയ മുജാഹിറുകളായ മുഹമ്മദലി അലി, ഹസ്രത് അഹ്മദ് ഷഫീഖ് എന്നിവരാണ്.

മെക്സിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെക്രട്ടറി എന്ന നിലയ്ക്ക് കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽ വോട്ടിങ് പവറോട് കൂടിയാണ് റോയ് മോസ്‌കോവിലെത്തുന്നത് തന്നെ. അവിടെ വെച്ചാണ് അബനി മുഖർജിയെ അദ്ദേഹം പരിചയപ്പെടുന്നത്.  കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ തുർക്കിസ്ഥാൻ ബ്യൂറോയുടെ സെക്രട്ടറി എന്ന ചുമതലയായിരുന്നു എംഎൻ റോയിക്ക്. യൂറോപ്യൻ സോഷ്യലിസ്റ്റുകൾക്കും അനാർക്കിസ്റ്റുകൾക്കും ‘കൊളോണിയൽ സമസ്യ’ എന്താണെന്ന് മനസ്സിലായിരുന്നില്ല എന്നുള്ളതായിരുന്നു എംഎൻ റോയ് ഉൾപ്പെടെയുള്ളവർ നേരിട്ട ആദ്യത്തെ വെല്ലുവിളി.

ബൂർഷ്വാസിയോട് ചേർന്നു നിന്നുകൊണ്ട് ഐക്യമുന്നണി കെട്ടിപ്പടുത്തുകൊണ്ട് കോളനി രാജ്യങ്ങളിൽ പടപൊരുതണം എന്നായിരുന്നു ലെനിന്റെ ഇരുപത്തൊന്നിന പതിനൊന്നാം തിസീസിന്റെ ഒരു ഭാഗം. അതിനെ ഖണ്ഡിച്ചു കൊണ്ട് അതത് രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളെ ശക്തിപ്പെടുത്തണം എന്നായിരുന്നു റോയ് വാദിച്ചത്. ഇപ്പോഴുള്ള ദേശീയ ബൂർഷ്വാസികളെ വിപ്ലവത്തിനു വേണ്ടി വിശ്വസിക്കാൻ കൊള്ളില്ല എന്നായിരുന്നു റോയുടെ വിശ്വാസം. ലെനിന്റെ തിസീസിനോടൊപ്പം റോയുടെ “കൊളോണിയൽ ക്വസ്റ്റ്യൻ” എന്ന പ്രമേയം കൂടി രണ്ടാം കമ്യൂണിസ്റ്റ് ഇന്റർനാഷണൽ അംഗീകരിച്ചു.

തൊള്ളായിരത്തി ഇരുപതുകളിൽ റോയ് മുന്നോട്ടുവച്ച ഭേദഗതികളാണ് കോളനികളിലും സെമികോളനികളിലുമുള്ള കോമിൻെറൻ നിലപാടുകളെ രൂപപ്പെടുത്തിയത്. 1927ൽ കുമിൻതാങ്ങും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള അസ്വാരസ്യങ്ങളെ പരിഹരിക്കാൻ ചൈനാമിഷനു സ്റ്റാലിൻ പറഞ്ഞയച്ചതും എംഎൻ റോയിയെയാണ്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ മാവോയ്ക്കും ലെനിനും ഒപ്പമാണ് എംഎൻ റോയിയെ കരുതിപ്പോന്നതും.

ലെനിനോടൊപ്പം റോയ്.
രണ്ടാം കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽ നിന്നും

സ്റ്റാലിന്റെ വരവോടെ എം എൻ റോയിക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നത് പുലിപ്പുറത്തു കയറിയിരിക്കുന്ന അനുഭവമായി മാറി. പോകുന്നിടത്തെല്ലാം പുലിപ്പുറത്ത് അള്ളിപ്പിടിച്ചിരിക്കാം. പക്ഷെ,  താഴെയിറങ്ങിയാൽ പുലി പിടിച്ചു തിന്നും. ആ ഭയം കാരണം താഴെയിറങ്ങുന്നതിനെ പറ്റി ആലോചിക്കാൻ തന്നെ സാധിക്കില്ല. ഹിറ്റ്ലറുടെ കോണ്സണ്ട്രേഷൻ ക്യാമ്പുകളെ കുറിച്ചു വാചാലരാകുന്ന സ്റ്റാലിനിസ്റ്റുകൾ ഒരു മില്യൻ രാഷ്ട്രീയ എതിരാളികളെയും വംശീയ ന്യൂനപക്ഷങ്ങളെയും കൂട്ടമായി കൊന്നുതള്ളിയ ഗുലാഗുകളെ കുറിച്ച് ഒരു വാക്കുപോലും മിണ്ടാതെ രക്ഷപ്പെട്ടോടാറുണ്ട്. അങ്ങനെ കൊല്ലപ്പെട്ട കമ്യൂണിസ്റ്റുകളിൽ ഇന്ത്യക്കാരായ രണ്ടുപേർക്ക് അവരിൽ ഒരാൾ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായിട്ടു കൂടി, ഒരു രക്തസാക്ഷിദിനം പോലും ഓഫർ ചെയ്യാനവർക്ക് കഴിയുകയുമില്ല. അത്രയ്ക്ക് ഭീകരമായി അവർ സ്റ്റാലിനെ ഇന്നും ഭയക്കുന്നുണ്ട്.

1929 കോമിന്റർണിലെ പുറത്താക്കലുകളുടെ വർഷമായിരുന്നു. 1917ൽ ലെനിനോടൊപ്പം ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് പോളിറ്റ്ബ്യൂറോയിൽ ഉണ്ടായിരുന്ന എഴുപേരിൽ സിനൊവേവ് വരെ റോയോടൊപ്പം കോമിന്റണിൽ നിന്നും പുറത്തായി. ട്രോട്സ്കിയെ തുർക്കിയിലേയ്ക്ക് നാട് കടത്തി. കമനേവും സോകോൾ നിക്കോവും ഗ്രേറ്റ് പർജിൽ എക്സിക്യൂട്ട് ചെയ്യപ്പെട്ടു.

സ്റ്റാലിന്റെ ഗ്രേറ്റ് പർജിൽ എക്സിക്യൂട്ട് ചെയ്യപ്പെട്ട വിരേന്ദ്രനാഥ ചാറ്റർജിക്കും അബനി മുഖർജിക്കും സംഭവിച്ച അതേ അവസ്ഥ റോയ് മുൻകൂട്ടി കണ്ടിരുന്നു. കിട്ടിയ അവസരത്തിൽ 1929ലെപ്പോഴോ സുഹൃത്തുക്കളുടെ സഹായത്തോടെ റോയ് ബർലിനിലേയ്ക്ക് കടന്നു. അവിടെ സ്റ്റാലിനിസ്റ്റ് കമ്യൂണിസത്തിന്റെ ഏറ്റവും വലിയ വിമർശകനായി.

അങ്ങനെ മുപ്പതുകളുടെ ആദ്യത്തോടെ കമ്യൂണിസം എന്ന പ്രത്യയ ശാസ്ത്രത്തിൽ നിന്നും റാഡിക്കൽ ഹ്യൂമനിസത്തിലേയ്ക്ക് റോയ് പരിണമിച്ചു. തിരിച്ച് ഇന്ത്യയിലേയ്ക്കെത്തിയ റോയ് ബ്രിട്ടീഷ് ജയിലറകളിൽ കാൺപൂർ ഗൂഢാലോചനക്കേസിന്റെ പേരിൽ ശിക്ഷയനുഭവിച്ചു. ഇരുപതുകളുടെ ഒടുവിൽ തന്നെ  ഈവലിനുമായി റോയ് വേർപിരിഞ്ഞിരുന്നു.

അനുശീലൻ സമിതിയിൽ നിന്നും തുടങ്ങിയ ദേശീയ ജീവിതം വീണ്ടും തുടരുന്ന കാലത്താണ് ഇന്ത്യയിലെ പ്രമുഖ വ്യവസായികളും കപ്പൽനിർമ്മാതാക്കളുമായ വാഡിയ കുടുംബത്തിലെ പ്രമുഖ ചലച്ചിത്രകാരൻ ജെബിഎച്ച്  വാഡിയയുമായി സൗഹൃദത്തിലാകുന്നത്. ഇന്ന് ബ്രിട്ടാനിയ ബിസ്കറ്റ്സിന്റെയും ബോംബെ ഡൈയിങ്ങിന്റെയും ഉൾപ്പെടെ വിശാലമായ ബിസിനസ് സാമ്രാജ്യമുണ്ട് വാഡിയ ഗ്രൂപ്പിന്. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർക്ക് കപ്പൽ നിർമ്മിച്ചു കൊടുക്കുന്ന ഒരു കമ്പനി സ്ഥാപിച്ചു കൊണ്ടാണ് അവരുടെ ബിസിനസ് ചരിത്രം തുടങ്ങിയത്. പിന്നീട് ബ്രിട്ടീഷ് റോയൽ നേവിയ്ക്ക് വേണ്ടി പടക്കപ്പലുകൾ വരെ അവർ നിർമിച്ചു കൊടുത്തിട്ടുണ്ട്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും ഈ പാഴ്‌സി കുടുംബം ബന്ധപ്പെട്ടിരിക്കുന്നത് വളരെ കൗതുകകരമായിട്ടാണ്. കോണ്ഗ്രസിലെ മതേതരവാദിയായ മുഹമ്മദാലി ജിന്നയെന്ന ചെറുപ്പക്കാരനുമായി ഇഷ്ടത്തിലായ രത്തൻഭായി പട്ടേൽ ആയിരുന്നു ആ കുടുംബ പാരമ്പര്യത്തെ ആദ്യം തകർത്തത്. ആ ബന്ധത്തിൽ അവർക്കുണ്ടായ കുഞ്ഞാണ് ദിന വാഡിയ. മുഹമ്മദലി ജിന്നയുടെ ഒരേയൊരു അനന്തരാവകാശി.

കപ്പൽ നിർമാണ ബിസിനസിൽ നിന്നും തികച്ചും വ്യതിരിക്തമായ ഒരു മേഖലയിലേയ്ക്കാണ് ജെബിഎച് വാഡിയ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. അദ്ദേഹത്തിന്റെ വാഡിയ മൂവിടോൺ സ്റ്റുഡിയോ ബോളിവുഡ് സിനിമകളിൽ നിരവധി പുതു പരീക്ഷണങ്ങളുമായി കടന്നു വന്ന ഒരു സംരംഭം തന്നെയായിരുന്നു. ഹണ്ടർവാലി ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെ ആദ്യത്തെ സൂപ്പർഹീറോയിൻ മൂവി ആയിരുന്നു. സ്ത്രീകൾക്ക് സിനിമയിലെത്തുക തന്നെ ദുർഘടമായ കാലത്താണ് ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ആക്ഷൻ ഹീറോയിനെ ബോളിവുഡിൽ അവതരിപ്പിച്ചത്. റോയിയുമായുള്ള സൗഹൃദം ഉല്പതിഷ്ണുവായിരുന്ന ജെബിഎച്ച് വാഡിയയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. അയാളുടെ ചിത്രങ്ങൾക്ക് സാമൂഹിക മാനം കൈവന്നു.

ആ കാലഘട്ടത്തിലെ വിദ്യാർത്ഥിജീവിതങ്ങൾ ഒരത്ഭുതമാണ്. പതിനാറാം വയസ്സിൽ സ്വയം തൂക്കുകയർ കഴുത്തിലണിയുന്ന ധീരന്മാർ. നന്നേ ചെറുപ്പത്തിൽ തന്നെ രാഷ്ട്രജീവിതത്തെ സ്വാംശീകരിച്ച നിരവധി രാഷ്ട്ര സ്നേഹികളെ നമുക്ക് കാണാനാകും. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയും അങ്ങനെ നിരവധി മനുഷ്യരെ സൃഷ്ടിച്ചിരുന്നു അവരെ പ്രചോദിപ്പിച്ചത് ദയാനന്ദനും വിവേകാനന്ദനും ഈശ്വരചന്ദ്രനുമൊക്കെയായിരുന്നു.

എന്നാൽ ബാല്യത്തിൽ എം എൻ റോയിയെ ത്രസിപ്പിച്ചത് വേറൊരു വിപ്ലവകാരിയായിരുന്നു. സിംഹത്തിന്റെ മടയിൽ ചെന്ന് അതിന്റെ വായിൽ കയ്യിട്ട് കളിച്ചിരുന്ന ആ ചെറുപ്പക്കാരനെ പോലുള്ളവരോടുള്ള ആരാധനയൊക്കെയാണ് അവന്റെ അനുശീലൻ സമിതിയിലേയ്ക്കുള്ള യാത്രയ്ക്ക് ഊർജം നൽകിയത് എന്നു തുറന്നു സമ്മതിച്ചിട്ടുണ്ട് എൻ എൻ റോയ്. അത് വീരസവർക്കറായിരുന്നു. അവിടുന്നു പുറപ്പെട്ടു പോയാണ് അനാർക്കിസ്റ്റും സോഷ്യലിസ്റ്റും കമ്യൂണിസ്റ്റും ഒക്കെയായി രൂപാന്തരം പ്രാപിച്ച് ഒടുവിൽ റാഡിക്കൽ ഹ്യൂമനിസ്റ്റായി റോയ് മാറിയത്.

അനുശീലൻ സമിതിയുടെ ലോഗോ

1937ൽ വീര സവർക്കർ തന്റെ 28 കൊല്ലത്തെ തടവ് ജീവിതത്തിൽ നിന്നും മോചിതനായി. ജയിലിൽ പോകുമ്പോഴേയ്ക്കും സർവ സ്ഥാവര ജംഗമ വസ്തുക്കളും ബ്രിട്ടീഷ് സർക്കാർ കണ്ടുകെട്ടിയിരുന്നു. അമ്പത് കൊല്ലത്തെ ഇരട്ട ജീവപര്യന്തം തടവ് വിധിച്ച് കാലാപാനിയിലേയ്ക്ക് പോകുന്നവന് അല്ലെങ്കിൽ തന്നെ എന്തിനാണ് ഇതൊക്കെയെന്ന് ബ്രിട്ടീഷുകാരനും പരിഹസിച്ചതാണ്. വീരസവർക്കറെ കാണാൻ റോയ് തന്റെ ഭാര്യ എലനുമൊരുമിച്ച് പോകാനിറങ്ങുന്ന പ്രഭാതത്തെ കുറിച്ച് അദ്ദേഹത്തിന് ആതിഥ്യം അരുളിയിരുന്ന വാഡിയ തന്റെ M.N.Roy- The Man; An Incomplete Royana എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

1936ൽ ജയിൽ മോചിതനായ റോയ് അപ്പോഴേയ്ക്കും ജർമൻ കമ്യൂണിസ്റ്റായ എലൻ ഗോച്ചാക്കുമായി വിവാഹിതനായി ഡെറാഡൂണിൽ ജീവിതമാരംഭിച്ചു. മുംബൈയിലേയ്ക്കുള്ള യാത്രയിൽ അദ്ദേഹത്തിന്റെ സ്ഥിരം ലാവണം വാഡിയയുടെ ബംഗ്ലാവ് തന്നെയായിരുന്നു. ആ സമയത്ത്‌ ബോംബെയിൽ ഉണ്ടായിരുന്ന വീരസവർക്കറെ കാണാൻ റോയ് എത്രമാത്രം ഉത്സുകനായിരുന്നു എന്നു വാഡിയ വരച്ചിടുന്നുണ്ട്. നെടുനാൾ നീണ്ട ജയിൽ ജീവിതവും ക്രൂരമായ ശിക്ഷാരീതികളും സവർക്കറുടെ ആരോഗ്യം കാർന്നു തിന്നുകൊണ്ടിരുന്നു. അതുകൊണ്ടു തന്നെ നിരന്തരമായ ആരോഗ്യപ്രശ്നങ്ങൾ ഓരോ വട്ടവും അവർ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് തടസ്സമായി.

തികച്ചും രണ്ടുധ്രുവങ്ങളിലുള്ള പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന രണ്ടു പേർ. ഒരാൾ തികഞ്ഞ ദേശീയവാദി. മറ്റൊരാൾ രണ്ടു ഭൂഖണ്ഡങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ സാർവദേശീയതയുടെ വക്താവ്. പക്ഷെ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ ഹീറോയെ അത്രയ്ക്ക് ആരാധിച്ചിരുന്നു റോയ്. 1938ലെ ഒരു പ്രഭാതത്തിൽ അന്നത്തെ പ്രാതലിന് റോയ് ദമ്പതികളെ കാത്തിരുന്ന വാഡിയയ്ക്കും ഭാര്യ ഹില്ലയ്ക്കും അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. തികഞ്ഞ കോസ്മോപോളിറ്റൻ ലൈഫ്സ്റ്റൈൽ സ്വീകരിച്ചിരുന്ന റോയ് ബംഗാളി പാരമ്പര്യ വേഷമായ നീളൻ ധോത്തിയും കുർത്തയും ഒരു ഷോളും തൊപ്പിയുമണിഞ്ഞ് ഗോവണിയിറങ്ങി വരുന്ന ദൃശ്യം അവർക്കൊരിക്കലും സങ്കൽപ്പിക്കാൻ പോലുമാകുമായിരുന്നില്ല. കൂടെ ഇന്ത്യൻ രീതിയിൽ സാരിയുടുത്ത് എലനും.

പുതിയ രൂപത്തിലെത്തിയ റോയിയോട്  ‘ഇത്ര പെട്ടെന്ന് തികഞ്ഞൊരു ഇന്ത്യക്കാരനായി നിങ്ങൾ മാറിയല്ലോ’ എന്ന് ഹില്ല തമാശയായിത്തന്നെ ചോദിച്ചു. ആ ബ്രേക്ക് ഫാസ്റ്റ് ടേബിളിലേയ്ക്ക് പെട്ടെന്ന് കസേര വലിച്ചിട്ടിരിക്കുമ്പോൾ റോയിയുടെ കണ്ണുകളിൽ ഒരു കുഞ്ഞുകുട്ടിയുടെ തിളക്കം വാഡിയ തിരിച്ചറിഞ്ഞു.

“നിനക്കറിയുമോ ഹില്ല.. ഒടുവിൽ ആ ദിനം വന്നെത്തിയിരിക്കുന്നു. ഒടുവിൽ ഞാനിന്ന് വീരസവർക്കറെ കാണാൻ പോവുകയാണ്. അത് ഏറ്റവും യോജ്യമായ വിധത്തിലാവണം എന്നെനിക്ക് തോന്നി. ആ വന്ദ്യ വയോധികൻ പടിഞ്ഞാറിന്റെ പകിട്ടിനെ പുതച്ച ഒരു വിപ്ലവകാരിയെ ഒരു മുഴുനീളൻ ഇന്ത്യൻ ഔട്ട്ഫിറ്റിൽ കാണുമ്പോൾ കൂടുതൽ സന്തോഷിക്കും.”

അദ്ദേഹം മറുപടി പറഞ്ഞു

റോയ് ആ ടേബിൾ വിടുമ്പോൾ വാഡിയ അവരുടെ കൂടിക്കാഴ്ചയെ മനസിൽ സങ്കല്പിച്ചു. ഒരുപക്ഷേ വീരസവർക്കറെ നേരിൽ കാണുമ്പോൾ റോയ് അദ്ദേഹത്തിന്റെ കാലിൽ തൊട്ട് വണങ്ങിയേക്കാം. അതാണല്ലോ പരമ്പരാഗതമായി ഭാരതീയർ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ചെയ്യാറുള്ളത്. വിനയഭാവവും മാന്യമായ പെരുമാറ്റ രീതിയും ഔചിത്യബോധവും ഉള്ള ഒരു വ്യക്തിത്വമായിരുന്നു താനറിയുന്ന എംഎൻ റോയ് എന്നു സൂചിപ്പിക്കാനാണ് ജെബിഎച് വാഡിയ ഈ സന്ദർഭത്തെ തന്റെ ജീവചരിത്ര രചനയിൽ പരാമർശിച്ചിരിക്കുന്നത്.

1937ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്ന്

താത്യാറാവു സവർക്കറുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി ഒരിക്കലും റോയ് യോജിച്ചില്ല. അവരുടെ ബൗദ്ധിക വ്യവഹാരങ്ങൾക്ക് അതൊരു തടസ്സവുമായിരുന്നില്ല. 1944ൽ റോയ് വീണ്ടും വീരസവർക്കറെ സന്ദർശിച്ചു. അപ്പോഴേയ്ക്കും അതിർത്തികൾക്കപ്പുറത്തേയ്ക്കും മനുഷ്യനെന്ന പ്രത്യയശാസ്ത്രത്തെ റോയ് രൂപപ്പെടുത്തിയിരുന്നു. റാഡിക്കൽ ഹ്യൂമനിസം എന്ന പ്രത്യയശാസ്ത്രത്തിന്റെ ആവിഷ്കാരത്തിലേയ്ക്ക് റോയ് എത്തിയ ഇടത്തു നിന്നാണ് ദീനദയാൽ ഉപാധ്യായ ഇന്റഗ്രൽ ഹ്യൂമനിസം എന്ന പ്രത്യയശാസ്ത്രം രൂപപ്പെടുത്തിത്തുടങ്ങുന്നത്. റോയ് ആത്മീയതയുടെ സാന്നിധ്യവും പ്രസക്തിയും ഒരു പ്രസ്ഥാനത്തിലും പ്രതീക്ഷിച്ചിരുന്നില്ല എന്നു മാത്രമല്ല, അതിനെ പൂർണ്ണമായും തള്ളിക്കളയുകയും കക്ഷി രാഷ്ട്രീയ രഹിതമായ ജനാധിപത്യ സംവിധാനത്തെ പിന്താങ്ങുകയും ചെയ്തു. അതേയിടത്ത് ദീനദയാൽജി ധർമം എന്ന അടിസ്ഥാന ശിലയിൽ ആത്മീയതയുടെ ഭാവം ചേർത്തു വെച്ചുകൊണ്ടാണ് ഏകാത്മ മാനവദർശനത്തെ വീക്ഷിച്ചതും.

കഴിഞ്ഞ ദിവസം പി എം നാരായണൻ മഹാകവി അക്കിത്തവുമായി കുറച്ചു കൊല്ലം മുന്നേ മാതൃഭൂമിക്ക് വേണ്ടി നടത്തിയ ഒരു അഭിമുഖം വായിക്കാനിടയായി. അതിൽ മഹാകവിയോട് ഏതൊരു പ്രസ്ഥാനവും എസ്റ്റാബ്ലിഷ്‌മെന്റായി മാറുമ്പോള്‍ അതിന്റെ ചലനാത്മകത്വം നശിക്കുകയും അതൊരു സ്ഥാപിതതാല്പര്യമായി മാറുകയും ചെയ്യുന്നു. അതോടുകൂടി അതു ജീര്‍ണ്ണിക്കാന്‍ തുടങ്ങുന്നു.  അങ്ങനെയുള്ളവയിലെ നന്മകള്‍ നിലനിര്‍ത്തി, തിന്മകള്‍ ഒഴിവാക്കി, ഒരു ചലനാത്മകശക്തിയാക്കാന്‍ താങ്കള്‍ക്ക് വല്ല നിര്‍ദ്ദേശവുമുണ്ടോ എന്നൊരു ചോദ്യവുമായി പിഎം നാരായണൻ സമീപിക്കുന്നുണ്ട്.

“രാമകൃഷ്ണപരമഹംസന്‍, വിവേകാനന്ദന്‍, മഹാത്മജി, ഡോ. ഹെഡ്‌ഗേവാര്‍, അരവിന്ദമഹര്‍ഷി, അംബേദ്കര്‍ എന്നിങ്ങനെയുള്ള മഹാന്മാരായ ഭാരതീയരുടെ ചിന്തകളെ സനാതനധര്‍മ്മാടിസ്ഥാനത്തില്‍ നോക്കിക്കാണാനുള്ള വിവേകമാണ് ഇന്നാവശ്യം. ജയപ്രകാശ്, എം എന്‍ റോയ്, ലോഹ്യ, വിനോബ ഭാവേ, സുഭാഷ് ബോസ്, ദീനദയാല്‍ ഉപാദ്ധ്യായ എല്ലാവരേയും മുന്‍ധാരണകളില്ലാതെ മനസ്സിലാക്കാനുള്ള ക്ഷമയും വിവേകവുമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനാവശ്യം.”

എന്തുകൊണ്ടോ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരൻ മറുപടിയായി പറയുന്നതിൽ നിന്നും ഒരുപാട് നമുക്കെടുക്കാനുണ്ടെന്നു തോന്നുന്നു. ആ പേരുകൾക്ക് പൊതുവെ ചേരുന്നതെന്തൊക്കെയുണ്ടോ അതെല്ലാം ഇതുപത്തൊന്നാം നൂറ്റാണ്ടിൽ അധുനാതന സമാജ സന്ധാരണത്തിന് അനുപേക്ഷണീയമാണ്. അതില്ലാത്തതൊക്കെ നിർദ്ധാരണം ചെയ്യപ്പെടുന്നതും കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽ തുടങ്ങി ഒടുവിൽ ബെഞ്ചമിൻ ബട്ടന്റെ മറ്റൊരു ക്യൂറിയസ് കേസായി ഒടുങ്ങുന്നതും സ്വാഭാവിക പരിണാമമാണ്.

2 thoughts on “വൈരുദ്ധ്യങ്ങളിൽ നമ്മളൊരുമിക്കേണ്ടതെവിടെ!

Add yours

Leave a comment

Website Powered by WordPress.com.

Up ↑