രാഷ്ട്രീയ സായാഹ്നത്തിലെ ജനിതകനിഷേധം

ഇന്ത്യൻ പാർലമെന്റിലെ ആദ്യ സെഷനുകളിലെ ചർച്ചകൾ കാണാനുള്ള അവസരം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? ഭാരത സ്വാതന്ത്ര്യത്തിനായി പൊരുതിയ ധീരസൈനികർ ജനാധിപത്യ രീതിയിൽ തങ്ങളുടെ ജനതയാൽ തിരഞ്ഞെടുക്കപ്പെട്ട് സ്വാതന്ത്യത്തിന്റെ പുതുനാളുകളിൽ പിച്ചവെയ്ക്കുന്ന ഈ രാഷ്ട്രത്തിന്റെ നിയതിയെ നിർണ്ണയിക്കാനും മുന്നോട്ടണി നടക്കാനുമായി ഒരുമിച്ചു കൂടിയ നാളുകളിൽ കൂടി വൈകാരികമായി മാത്രമേ നിങ്ങൾക്ക്‌ കടന്നു പോകാനാകൂ. ദേശീയചിന്ത നിറഞ്ഞു നിന്നതായിരുന്നു ഓരോ ചർച്ചയും.

കമ്യൂണിസ്റ്റ് പാർട്ടി കൽക്കട്ട തിസീസിന്റെ പരാജയത്തിനും രാജ്യദ്രോഹക്കുറ്റം മൂലം നേരിടേണ്ടി വന്ന നിരോധനത്തിനും ശേഷം അവരുടെ പോളിറ്റ് ബ്യൂറോയെ തന്നെ പിരിച്ചു വിട്ട് ബാലറ്റിലൂടെ വല്ല വിധേനയും വിപ്ലവം കൊണ്ടുവരാനും വിവേകാനന്ദസ്വാമികൾ മുതൽ ഭഗത് സിംഗിനെയും നേതാജിയെയും വരെ തങ്ങളുടെ സ്വന്തം പോസ്റ്റർ ബോയികളാക്കി മാറ്റാനുമുള്ള അടവുനയങ്ങൾ കൈക്കൊണ്ട കാലമാണ്. അവരുടെ ചിന്തകളിൽ ഇന്ത്യൻ പാർലമെന്റ് എടുക്കുന്ന തീരുമാനങ്ങൾ സോവിയറ്റ് ഫാദർലാന്റിനോ ചെയർമാൻ മാവോയ്ക്കോ അപകടമുണ്ടാക്കുന്നുണ്ടോ എന്നിഴകീറി പരിശോധിക്കുവാനും കമ്യൂണിസ്റ്റ് ബ്രദർഹുഡിനെ സംരക്ഷിക്കാനുമുള്ള നയങ്ങൾക്കായിരുന്നു പ്രയോറിറ്റിയെന്നു ഓരോ വരിയിലും നിങ്ങൾക്ക് വായിക്കാനാകും.

രണ്ടാമത്തെ ലോകസഭയുടെ മൂന്നാമത്തെ സെഷനിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഡോ. അംബേദ്കറുടെ പട്ടികജാതി ഫെഡറേഷന്റെയും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെയും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെയും പിന്തുണയോടെ ഒരു ബില്ല് സഭയിൽ അവതരിപ്പിക്കപ്പെട്ടു. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രം നടന്നത് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ മാത്രമായിരുന്നു എന്ന മട്ടിലൊരു ചരിത്രം രചിക്കാനുള്ള പ്രവർത്തനങ്ങൾ ആദ്യ ലോകസഭയുടെ ആരംഭത്തിൽ തന്നെ കോണ്ഗ്രസ് പ്രസ്ഥാനം തുടങ്ങി വെച്ചിരുന്നു. വിപ്ലവകാരികളും മറ്റു പ്രസ്ഥാനങ്ങളും ഉൾപ്പെടെയുള്ളവർ പതിയെ കുഴിച്ചു മൂടപെട്ട് വിസ്‌മൃതിയിലേയ്ക്കുള്ള അന്ത്യയാത്രയ്ക്ക് തയാറെടുപ്പ് തുടങ്ങിയെന്ന് അവർ ഇതിലൂടെ ഉറപ്പു വരുത്തി. ഇതിനെതിരെ ഭാരതത്തിലെ കോണ്ഗ്രസിതര കക്ഷികൾ ഭാരതം കണ്ട ഏറ്റവും ശൗര്യശാലികളായ വിപ്ലവകാരികളുടെ സംഭാവനകളെ ആദരിക്കണം എന്നാവശ്യപ്പെട്ട് ഒരു പ്രൈവറ്റ് ബിൽ മഥുരയിൽ നിന്നും സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട് സഭയിലെത്തിയ രാജാ മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ നേതൃത്വത്തിൽ 1957ലെ നവംബർ 22ആം തീയതി സഭയിൽ അവതരിപ്പിക്കപ്പെട്ടു.

1915ൽ അഫ്‌ഗാനിസ്ഥാനിലെ കാബൂളിൽ വെച്ചു രൂപീകരിക്കപ്പെട്ട ഇന്ത്യയുടെ പ്രൊവിൻഷ്യൽ ഗവണ്മെന്റിന്റെ പ്രസിഡന്റ് ആയിരുന്നു രാജാ മഹേന്ദ്രപ്രതാപ് സിങ്. മൗലവി ബർക്കത്തുള്ള ആയിരുന്നു അതിലെ പ്രധാനമന്ത്രി. തിരുവിതാംകൂറുകാരനായ വിപ്ലവകാരി ചെമ്പകരാമൻ പിളള ആ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷുകാരോട് പോരാടാൻ അഫ്‌ഗാൻ അമീറിനെ പ്രേരിപ്പിച്ചു കൊണ്ടിരുന്നവരാണിവർ. പക്ഷെ ഭീരുവായ അമീർ ഒടുവിൽ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടാൻ മടിച്ച് അവസാന നിമിഷം പാലം വലിച്ചതോടെ അദ്ദേഹം അവിടെ നിന്നും റഷ്യയിലേക്ക് കടന്നു. മാർക്സിസം അദ്ദേഹത്തെ സ്വാധീനിച്ചുവെങ്കിലും ഒരിക്കലും കമ്യൂണിസ്റ്റുകാരനായില്ല. മരണം വരെയും അദ്ദേഹം ഒരു റാഡിക്കൽ നാഷണലിസ്റ്റ് ആയി തുടർന്നു.

ലെനിന്റെയും മാക്‌സിം ഗോർക്കിയുടെയും അടുത്ത സുഹൃത്തായിരുന്നു രാജാ മഹേന്ദ്രപ്രതാപ് സിങ്. യൂറോപ്പിലും അമേരിക്കയിലും ഉൾപ്പെടെ ഇന്ത്യൻ സമൂഹത്തെ സംഘടിപ്പിക്കാനും ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ അതാത്‌ നാടുകളിലെ ജനതയെ ഉദ്ബോധിപ്പിക്കാനും അദ്ദേഹം തന്റെ യൗവ്വനം മുഴുവൻ ഉപയോഗിച്ചു. ഗദർപാർട്ടിയാകട്ടെ അന്നത്തെ 10,000 ഡോളറാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി നൽകിയത്. 1922 മുതൽ തന്റെ അഫ്‌ഗാൻ പാസ്പോർട്ടുമായി നടന്ന് അദ്ദേഹം ഫാർ ഈസ്റ്റ് രാജ്യങ്ങളിൽ ഉണ്ടാക്കിയെടുത്ത ബന്ധങ്ങൾക്ക് മേലാണ് നേതാജി തന്റെ പടപ്പാളയം തീർത്തത്. ബ്രിട്ടീഷുകാരുടെ ഇന്റലിജൻസ് രേഖകളിലെ എന്നത്തേയും നോട്ടപ്പുള്ളിയായിരുന്ന അദ്ദേഹത്തിന് 1946ൽ മാത്രമാണ് തിരിച്ചു ഭാരതത്തിൽ എത്താനായത്. അദ്ദേഹത്തിന്റെ പാത പിന്തുടർന്നാണ് നേതാജി ഇന്ത്യക്ക് പുറത്ത് പ്രൊവിൻഷ്യൽ ഗവണ്മെന്റ് രൂപവൽക്കരിക്കുകയും പോരാട്ടം തുടരുകയും ചെയ്തത്. രാജാ മഹേന്ദ്രപ്രതാപ് സിങ്ങിന് 1932ൽ സമാധാനത്തിനുള്ള നോബൽ പ്രൈസ് നോമിനേഷൻ കൂടി ലഭിച്ചിട്ടുണ്ട് എന്നത് പോലും പലർക്കും പുതിയ അറിവായിരിക്കും. 

അന്ന് ആ പാർലമെന്റിൽ ഇരിക്കുന്ന ഏതൊരു സ്വാതന്ത്ര്യ സമര ഭടനെക്കാളും വിപ്ലവപാരമ്പര്യമുള്ള ആ മനുഷ്യൻ ഇന്ത്യ കണ്ട മൂന്നു മികച്ച വിപ്ലവകാരികൾക്ക് വേണ്ടി തന്റെ ബില്ലവതരിപ്പിച്ചു. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു.

“രാഷ്ട്രത്തിന് നൽകിയ സേവനങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകുന്നതിനുള്ള ബിൽ”.

ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന ആദ്യ ലോകസഭകളിൽ പ്രതിപക്ഷം തന്നെയുണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവ് എന്നൊരു പദവി തന്നെ വന്നത് 1977ലാണ്. അന്നുവരെ കോണ്ഗ്രസ് ആയിരുന്നു ജനാധിപത്യപരമായി ഭരണം കയ്യാളിയിരുന്നത്. 27 അംഗങ്ങളുമായി അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയും 19 അംഗങ്ങളുള്ള പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും 7 അംഗങ്ങളുള്ള ഗണതന്ത്ര പരിഷത്തും ആറു സീറ്റുകൾ വീതം നേടിയ ഇപ്പോഴുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ പൂർവരൂപമായ അംബേദ്കറുടെ പട്ടികജാതി ഫെഡറേഷനും ജാർഖണ്ഡ് പാർട്ടിയുമായിരുന്നു 371 സീറ്റുള്ള കോണ്ഗ്രസിന് ശേഷമുള്ള 1957ലെ രണ്ടാം ലോക്സഭയിലെ വലിയ കക്ഷികൾ. അവരുടെ പിന്തുണയോടെയാണ് അന്ന് സഭയിൽ സ്വതന്ത്ര മെമ്പർ ആയി അടൽബിഹാരി വാജ്പേയിയെ തോൽപ്പിച്ചു കൊണ്ട് മഥുരയിൽ നിന്നും വിജയിച്ചു വന്ന രാജാ മഹേന്ദ്രപ്രതാപ് സിങ് അന്ന് ജീവിച്ചിരിക്കുന്നവരിലെ തീവ്രദേശഭക്തരായ വിപ്ലവകാരികൾക്ക് രാഷ്ട്രത്തിന്റെ ആദരം നൽകണം എന്നാവശ്യപ്പെട്ടത്.

വിപ്ലവകാരികളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന സവർക്കർ സഹോദരന്മാരിലെ സ്വാതന്ത്ര്യവീര വിനായക ദാമോദര സവർക്കർക്കും അരബിന്ദോയുടെ സഹോദരനും വിപ്ലവകാരിയുമായ ബിരേന്ദ്ര കുമാർ ഘോഷിനും സ്വാമി വിവേകാനന്ദന്റെ സഹോദരനായ ഡോ ഭൂപേന്ദ്ര നാഥ ദത്തയ്ക്കും വേണ്ടിയായിരുന്നു 1957ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയും ഫോർവേഡ് ബ്ലോക്കും സോഷ്യലിസ്റ്റ് പാർട്ടിയുമെല്ലാം പാർലമെന്റിൽ അരയും തലയും മുറുക്കിയിറങ്ങിയത്.

നിങ്ങൾ വായിച്ചത് ശരിയാണ്. സവർക്കർക്ക് വേണ്ടി പാർലമെന്റിൽ എന്നും വാദിച്ചത് എകെ ഗോപാലനും സാധൻ ഗുപ്തയും എസ് എ ഡാങ്കെയും ഹിരേന്ദ്രനാഥ മുഖർജിയും മുഹമ്മദ് ഇല്യാസും ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകളായിരുന്നു.

മറുഭാഗത്ത് ഒറ്റക്കെട്ടായി ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തെ തങ്ങളുടെ മടിക്കുത്തിൽ ഒളിപ്പിക്കാൻ ഒറ്റക്കെട്ടായി നിന്ന കോണ്ഗ്രസ് പാർട്ടി. ബില്ല് ഡെപ്യൂട്ടി സ്പീക്കർ സഭയുടെ മുന്നിൽ ചർച്ചയ്ക്ക് വെച്ചയുടനെ സ്വാതന്ത്യ ഇൻഡ്യയുടെ ഗവർണർ ജനറലായിരുന്ന രാജാജിയുടെ മകൻ സി ആർ നരസിംഹൻ ക്രമപ്രശ്നം ഉന്നയിച്ചുകൊണ്ട് കോണ്ഗ്രസ് ആക്രമണത്തിന് തുടക്കമിട്ടു. പ്രസിഡന്റിന്റെ അംഗീകാരമില്ലാതെ ഈ ബില്ലെങ്ങനെ സഭയിലെത്തി എന്നായിരുന്നു ചോദ്യം. ധനവിനിയോഗത്തെ സംബന്ധിക്കുന്ന ഈ ബില്ലെങ്ങനെ നേരിട്ട് പാർലമെന്റിൽ അവതരിപ്പിക്കും എന്നു തനിക്ക് മനസ്സിലാകുന്നില്ല എന്നദ്ദേഹം പറഞ്ഞു നിർത്തിയിടത്തു വെച്ച് കേന്ദ്ര നിയമമന്ത്രി എകെ സെൻ തുടർന്നു.

ആർട്ടിക്കിൾ 117 അനുസരിച്ച് പണബില്ലുകളുടെ നിർവചനം നൽകുന്ന നൂറ്റിപ്പത്താം ആർട്ടിക്കിളിലെ ഒന്നാം ക്ളാസിലെ ഒന്നുമുതൽ ആറുവരെ സബ് ക്ലാസുകളിൽ പെടുന്ന എല്ലാ ബില്ലുകളും രാഷ്ട്രപതിയുടെ അനുവാദം വാങ്ങിയാവണം ലോക്സഭയിൽ അവതരിപ്പിക്കേണ്ടത്. ഇതിപ്പോ വല്ല നികുതി വെട്ടിക്കുറയ്ക്കാനോ നിർത്തലക്കാനോ ഉള്ള ബില്ലല്ലല്ലൊ. അല്ലെങ്കിൽ നമുക്ക് നേരിട്ട് ചർച്ചയ്ക്കെടുക്കാമായിരുന്നു എന്നൊരു വകുപ്പ് കൂടി കൂട്ടി ചേർത്തു കൈകഴുകി.

ബില്ലിന്റെ ഉള്ളടക്കത്തിൽ ഈ വിപ്ലവകാരികളുടെ ജീവിതത്തെ അംഗീകരിച്ച് 500 രൂപ മാസം പെൻഷൻ അനുവദിക്കണം എന്നുകൂടി ആവശ്യപ്പെട്ടിരുന്നു. അത് സഞ്ചിത നിധിയിൽ നിന്നുള്ള ചെലവായതിനാൽ രാഷ്ട്രപതിയുടെ ശുപാർശയില്ലാതെ അവതരിപ്പിക്കാനാവില്ല എന്ന് തറപ്പിച്ചു പറഞ്ഞൊഴിഞ്ഞു.

കോണ്ഗ്രസിലെ ദേശസ്നേഹികളായ ചില അംഗങ്ങൾ തന്നെ ഇതിനെതിരെ ശബ്ദമുയർത്തി. കിഷൻഗഞ്ചിൽ നിന്നുള്ള മുഹമ്മദ് താഹിർ രാഷ്ട്രപതിയുടെ അനുവാദം പിന്നീട് നേടിയെടുക്കാൻ ആണ് ആവശ്യപ്പെട്ടത്. അപ്പോഴേയ്ക്കും ഭഗത് സിങ്ങിന്റെ HSRA യുടെയും അനുശീലൻ സമിതിയുടെയും പാരമ്പര്യമുള്ള ആർഎസ്പിയുടെ സ്ഥാപക അംഗം കൂടിയായ ബെർഹാംപൂരിൽ നിന്നുള്ള ലോക്സഭാംഗം തൃദീപ്‌ ചൗധരി എഴുന്നേറ്റു. സഞ്ചിത നിധിയിൽ നിന്നു തന്നെ നിങ്ങളിതിനു പണം മാറ്റിവെയ്ക്കണം എന്ന് എന്താണിത്ര നിർബന്ധം. പൊളിറ്റിക്കൽ സഫറർ റിലീഫ് ഫണ്ടിൽ നിന്നോ അല്ലെങ്കിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നോ നിങ്ങൾക്കത് ചെയ്യാമല്ലോ. അങ്ങനെ ഈ ക്രമപ്രശ്നം നിങ്ങൾക്കൊഴിവാക്കി ഈ രാഷ്ട്ര ഭക്തരെ അംഗീകരിക്കാമല്ലോ എന്നു ചോദിച്ചു.

പുല്ലു പോലും മുളയ്ക്കാത്ത ഭൂമിയല്ലേ, അത് ആരേലും എടുത്തോട്ടെ എന്നു ലഡാക്കിലെ ചൈനീസ് അഗ്രഷനെ നിസ്സാരവല്ക്കരിച്ച നെഹ്രുവിനെത്തന്നെ തന്റെ മുടിയില്ലാത്ത കഷണ്ടിത്തല കാട്ടി കൗണ്ടർ ചെയ്ത കോണ്ഗ്രസ് നേതാവ് മഹാവിർ ത്യാഗി അത് മോശമല്ലേ എന്നു ചോദ്യമെറിഞ്ഞു ചെക്കു വെച്ചു. ഒരു നല്ല കാര്യത്തിനല്ലേ എന്ന സഖാവ് തൃദീപ്‌ ചൗധരിയുടെ വാദം വായുവിൽ അലിഞ്ഞില്ലാതായി.

പണബില്ലുകളുടെ അവതരണത്തിൽ ഇങ്ങനെയുള്ള തർക്കങ്ങളുണ്ടാകുമ്പോൾ അവിടെ വിവേചനാധികാരം സ്പീക്കർക്കാണ്. അദ്ദേഹം വിസ്തരിച്ചു തന്നെ വിശദീകരിച്ച ശേഷം ഇങ്ങനെ റൂളിംഗ് നൽകി. ഒരു പണബില്ല് അവതരിപ്പിക്കുമ്പോൾ അല്ല മറിച്ച് പരിഗണിക്കാനും പാസ്സാക്കാനും ആണ് രാഷ്ട്രപതിയുടെ വിവേചനാധികാരം എന്നു വ്യക്തമാക്കി ശബ്ദവോട്ടിനിട്ടു. ആരവങ്ങൾക്കിടയിൽ ബില്ല് പാസ്സായതായി പ്രഖ്യാപിച്ച ഡെപ്യൂട്ടി സ്പീക്കറെ കേന്ദ്ര നിയമമന്ത്രി അങ്ങനെ സംഭവിക്കില്ലെന്നു തിരുത്തി. ഒരു ബില്ല് അവതരിപ്പിക്കാൻ പോലും തടയുന്നത് സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് എന്ന് കമ്യൂണിസ്റ്റ് അംഗങ്ങളും സോഷ്യലിസ്റ്റ് അംഗങ്ങളും ബഹളം വെച്ചു. അതോടെ ബില്ല് വോട്ടിനിട്ടു.

വീരസവർക്കർക്ക് വേണ്ടി പാർലമെന്റിൽ വോട്ടു ചെയ്ത എംപിമാർ

കോണ്ഗ്രസ് പാർട്ടിയുടെ 72 അംഗങ്ങളും മൊറാർജി ദേശായിയുടെ ജനതാപാർട്ടിയുടെ രണ്ടു അംഗങ്ങളും ബിക്കാനേറിലെ മഹാരാജ കർണി സിംഗും ഒഴികെ കോണ്ഗ്രസിലെ പട്ടികജാതി അംഗങ്ങളും ഇള പാൽ ചൗധരിയെ പോലെയുള്ള സീനിയർ വനിതാ കോണ്ഗ്രസ് നേതാക്കളും ഉൾപ്പെടെ മറ്റ് എല്ലാ പ്രസ്ഥാനങ്ങളുടെ അംഗങ്ങളും സവർക്കർ,ഘോഷ്, ദത്ത വിപ്ലവകാരികൾക്ക് അനുകൂലമായി വോട്ടു ചെയ്തു. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, അടൂർ, പാലക്കാട്, വടകര, കാസർകോട് എന്നീ മണ്ഡലങ്ങളിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെയും സോഷ്യലിസ്റ്റ് പാർട്ടിയുടെയും അംഗങ്ങൾ അന്ന് വീരസവർക്കർക്ക് വേണ്ടിയാണ് പാർലമെന്റിൽ ശബ്ദമുയർത്തിയത്.

കാസർഗോഡ് നിന്നും എകെജിയും വടകര നിന്ന് കീഴരിയൂർ ബോംബ് കേസിലെ വീര നായകനായ ഡോ കെബി മേനോനും പാലക്കാട് നിന്ന് സ. കുഞ്ഞനും അടൂർ നിന്ന് പികെ കൊടിയനും കൊല്ലത്തു നിന്ന് വി പരമേശ്വരൻ നായരും തിരുവനന്തപുരത്തു നിന്ന് ഹൈക്കോടതി ബഞ്ചിന്റെ ആദ്യത്തെ വക്താവ് അഡ്വ എസ് ഈശ്വരനും ആയിരുന്നു ഇതിനു വേണ്ടി രംഗത്തിറങ്ങിയ മലയാളികൾ. അതിലും ശ്രദ്ധേയമായ കാര്യം അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പാർലമെന്ററി പാർട്ടി സെക്രട്ടറി ആയിരുന്നു പികെ വാസുദേവൻ നായർ. തിരുവല്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹവും ബോംബെ സെൻട്രൽ സൗത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എസ് എ ഡാങ്കെയും അന്ന് പാർലമെന്റിൽ ഇല്ലാത്തത് കൊണ്ട് മാത്രം ഈ ലിസ്റ്റിൽ പെട്ടില്ല.  എന്തായാലും അവരാരും ഇന്ന് ജീവനോടെയില്ല.

ഈ ദേശസ്നേഹികളെ ആദരിക്കണമെന്നും അംഗീകരിക്കണമെന്നും യാതൊരു താൽപര്യവും ഇല്ലാതിരുന്ന കോണ്ഗ്രസുകാർ എൻബ്ലോക്കായി വോട്ട് ചെയ്തതിലൂടെ നാല്പത്തിയെട്ടിനെതിരെ എഴുപത്തിയഞ്ച് വോട്ടുകൾക്ക് ആ ബില്ല് തള്ളിപ്പോയി.

വന്ദ്യ വയോധികനായ രാജാ മഹേന്ദ്രപ്രതാപ്‌ സിങ് ഹൃദയം തകർന്നു കൊണ്ട് സഭ വിട്ടിറങ്ങുന്നു എന്നു പ്രഖ്യാപിച്ചു. സ്വാതന്ത്ര്യം കിട്ടി പത്തുകൊല്ലമായപ്പോഴേയ്ക്കും തന്റെ നാടിന്റെ മുന്നിൽ കോൺഗ്രസ് സ്വാതന്ത്ര്യ സമരത്തിന്റെ മറ്റെല്ലാ ധാരകളെയും കുഴിച്ചു മൂടുന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. അദ്ദേഹത്തോടൊപ്പം പ്രജാ സോഷ്യലിസ്റ്റു പാർട്ടിയ്ക്ക് വേണ്ടി ഇന്റർനാഷണൽ യൂണിയൻ ഫോർ സോഷ്യലിസ്റ്റ് യൂത്തിന്റെ ഒരേ ഒരു നോൺ യൂറോപ്യൻ പ്രസിഡന്റ് കൂടിയായിരുന്ന ബാരിസ്റ്റർ നാഥ് ബാപ്പു പൈ തന്റെ പ്രസ്ഥാനവും രാജാ മഹേന്ദ്ര പ്രതാപിനോടൊപ്പം ഇറങ്ങിപ്പോകുന്നതായി പ്രഖ്യാപിച്ചു.

പിന്നാലെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി എകെജി എണീറ്റു. ഈ ദേശാഭിമാനികൾക്ക് വേണ്ടിയുള്ള ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ ക്രമപ്രശനം ഉന്നയിച്ചതിൽ എന്ത്  ആത്മാർത്ഥതയാണ് കോണ്ഗ്രസിനുണ്ടായിരുന്നത് എന്നദ്ദേഹം ചൊടിച്ചു കൊണ്ടു തന്നെ ചോദിച്ചു.  യാതൊരു തടസവും അവതരിപ്പിക്കേണ്ടതിനില്ല എന്ന സ്പീക്കറുടെ റൂളിംഗ് ഉണ്ടായിട്ടു കൂടി അതിനിഷ്കളങ്കമായ ഈ ഒരു ബില്ലിനെപ്പോലും ആരംഭത്തിൽ തന്നെ ഇവർ ഇല്ലായ്മ ചെയ്തിരിക്കുന്നു.

തക്കതായ ന്യായമില്ലാതെയുള്ള എതിർപ്പിനെ ചോദ്യം ചെയ്തപ്പോൾ ആദ്യം കോൺഗ്രസ് പറഞ്ഞത് ക്രമപ്രശ്നം മാത്രമാണ് അതിനു കാരണമെന്നാണ്. അതവരുടെ നാട്യം മാത്രമായിരുന്നില്ലേ?! അവർ എതിർത്തതിനു കാരണം ഇതൊന്നുമല്ല എന്നതിന് തെളിവാണ് നമ്മുടെ നാടിനു വേണ്ടി സർവ്വസ്വാർപ്പണം ചെയ്തവർക്ക് വേണ്ടിയുള്ള ആ ബില്ലിനെ തന്നെ അവർ പിന്നീട് പരാജയപ്പെടുത്തിയത്. ഇതിനിയും ആവർത്തിക്കും. പ്രൈവറ്റ് ബില്ലുകൾ നീതിബോധവും തത്വനിഷ്ഠയുമില്ലാതെ തടയപ്പെടും. അതുകൊണ്ട് ഞങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാത്ത സഭയിൽ നിന്നും ഞങ്ങൾ വാക്കൗട്ട് ചെയ്യുന്നു എന്നദ്ദേഹം പ്രഖ്യാപിച്ചു.

ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗവണ്മെന്റ് കേരളത്തിൽ നിലവിൽ വന്ന് ആഴ്ചകൾക്കകമാണ് ഈ സംഭവം എന്നോർമ്മവേണം. ഇന്ന് കേരളത്തിലെ സഖാക്കൾ വീരസവർക്കറുടെ ചിത്രം പാർലമെന്റിൽ സ്ഥാപിച്ചതിനെ സ്ഥാനത്തും അസ്ഥാനത്തും ഒക്കെ കൊടുംപാതകമേന്തോ സംഭവിച്ചുവെന്ന മട്ടിൽ ഉപയോഗിക്കുമ്പോൾ അതവരുടെ ജനിതകത്തകരാറിന് പൂർവികരെ പഴിക്കുന്നതിനു തുല്യമാണ്. വീര സവർക്കർ ജീവിച്ചിരുന്ന കാലത്തുടനീളം അദ്ദേഹത്തോട് തികഞ്ഞ ബഹുമാനത്തോടും ആദരവോടും കൂടി തന്നെയാണ് അദ്ദേഹത്തെ നേരിട്ടറിഞ്ഞിരുന്ന കമ്യൂണിസ്റ്റുകാരെല്ലാം തന്നെ പെരുമാറിയത്.

ഇന്ത്യ പ്രസവിച്ച ഏറ്റവും ധീരനായ വിപ്ലവകാരിയെ എംഎൻ റോയിയും എംപിറ്റി ആചാരിയും എകെജിയും ഇഎംഎസും ഹിരേൻ മുഖർജിയും എസ് എ ഡാങ്കെയും എസ് എസ് മിറാജ്കറുമെല്ലാം അഭിസംബോധന ചെയ്തിരുന്ന വാക്കുകൾക്ക് ലോപം വന്നുപോയി. ആധുനിക കമ്യൂണിസ്റ്റുകൾക്കും നുണയിട ഭിക്ഷുക്കൾക്കും അവസരവാദ വരട്ടുതത്വവാദികൾക്കും അദ്ദേഹം മറ്റു പലതുമാണ്. കോൺഗ്രസ് തുടർന്ന് പോന്ന ചരിത്ര നിരാസം കോൺഗ്രസിലെ പഴയ കമ്യൂണിസ്റ്റുകാരൻ മണിശങ്കർ അയ്യറിലൂടെ 2004ൽ പുറത്തു വന്നപ്പോൾ മൂർത്തിയേക്കാൾ വലിയ ശാന്തിയായി അവരതേറ്റു പാടി. ഞങ്ങളുടെ ജന്മത്തെ തന്നെ നിഷേധിക്കുന്ന പാപമാണ് അതെന്ന് അവരെ തിരുത്താതെ അവരുടെ ആധുനിക കമ്യൂണിസ്റ്റ് നേതൃത്വവും കരുക്കൾ നീക്കി. ഒടുവിൽ സ്വന്തം പൈതൃകത്തെ തള്ളിപ്പറയുന്ന അഭിശപ്ത ജന്മങ്ങളായി അറബിക്കടലിന്റെ തീരത്ത് തിലോദകം കാത്തു കിടക്കുകയും ചെയ്യുന്നു എന്നതാണ് ഇന്നിന്റെ കർമഫലം.

മാതൃഭൂമിയുടെ എഡിറ്റോറിയൽ പേജിൽ ടിവിആർ ഷേണായി ഒരിക്കലെഴുതിയ വാക്കുകളെ ഇവിടെ ഓർക്കുന്നത് ഉചിതമായേക്കും. ഭാരതീയ ജനസംഘവും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയും രാഷ്ട്രീയ നിലപാടുകൾക്ക് പേര് കേട്ടതായിരുന്നു. അവർക്ക് ജനങ്ങളിലെന്ത് സ്വാധീനമുണ്ടായിരുന്നു എന്നുള്ളതിനെക്കാൾ അവരുടെ നിലപാടുകൾ എന്താണോ അവ അവരുടെ പ്രത്യയശാസ്ത്രക്കൂറിന്റെ സത്യസന്ധമായ പ്രതിഫലനമായിരുന്നു. രാഷ്ട്രീയ വിമർശനങ്ങളുടെ ആ നാളുകൾ ഇന്ന് മ്യൂസിയത്തിലാണ്.

ഇന്ന് രാഷ്ട്രീയ അവഹേളനങ്ങളാണ് വാദങ്ങളെ ബലപ്പെടുത്തുന്നത്. തത്വ ദീക്ഷയില്ലാത്ത അവഹേളനരാഷ്ട്രീയം പ്രത്യയ ശാസ്ത്രത്തിന്റെ ചരമക്കുറിപ്പിലെ വരികളാണ്. ആ നിമിഷത്തെ അതിജീവിക്കാൻ മാത്രം തെരഞ്ഞെടുക്കപ്പെടുന്ന അസഭ്യതയാണ്. ജനിച്ച നാടിനു വേണ്ടി സകലതും ത്യജിച്ച, അതിനു വേണ്ടി ഒരുനിമിഷം മടിയ്ക്കാത്ത മനുഷ്യരെ അവരുടെ ജീവിതത്തിന്റെ ആകെത്തുകയിൽ പിടിച്ചു വാങ്ങിയ സർവസ്വാതന്ത്ര്യത്തിന്റെ മേൽ കാൽ കയറ്റി വെച്ചു വെർബൽ ഡയേറിയയൊഴുക്കി ഭേദ്യം ചെയ്യുമ്പോൾ കുലദ്രോഹമാണ് ചെയ്യുന്നത് എന്നത് അവരറിയുന്നില്ലെന്നു മാത്രം. ആ കൊടും പാപം എത്ര ഗംഗയിൽ മുങ്ങി നിവർന്നാലും വിടാതെ പിന്തുടർന്നു കൊണ്ടിരിക്കുകതന്നെ ചെയ്യും.

2 thoughts on “രാഷ്ട്രീയ സായാഹ്നത്തിലെ ജനിതകനിഷേധം

Add yours

  1. ഇത് ഒരു റഫറൻസ് പോസ്റ്റ് ആണ്. ഇത്രയും വിഷയങ്ങൾ സമാഹരിച്ചതിനും പങ്കെവെച്ചതിനും നന്ദി.

    Liked by 1 person

  2. വളരെ ശ്രദ്ധേയമായ വിവരങ്ങൾ രേഖപ്പെടുത്തിയത് നന്നായി. ഒരു വസ്തുതാ പരമായ തിരുത്ത് വേണമോയെന്ന് പരിശോധിക്കുക. മൊറാർജി ദേശായിയുടെ ജനതാപാർട്ടി അന്ന് ഇല്ലായിരുന്നല്ലോ?
    K V Rajasekharan
    kvrajasekharan@yahoo.co.in

    Like

Leave a comment

Website Powered by WordPress.com.

Up ↑