രാഷ്ട്രഹൃത്തിലണിഞ്ഞ കൗസ്തുഭമുദ്ര

ഭാരതത്തിന്റെ നെടുകെയും കുറുകെയും നാഡീ തന്തുക്കളെപ്പോലെ വ്യാപിച്ചിരിക്കുന്ന പ്രസ്ഥാനമാണ് ഭാരതീയ തപാൽ. നിങ്ങളൊരു കത്തയച്ചാൽ മൂന്നു പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ഏത് ഗ്രാമത്തിലും അതെത്തിച്ചേരും എന്നായിരുന്നു ഉപഭോക്താക്കൾക്ക് തപാൽ വകുപ്പ് നൽകിയ ഉറപ്പ്. ഒന്നരലക്ഷം തപാൽ ഓഫീസുകളിലൂടെ ഇന്ത്യയുടെ ഓരോ മൂലയിലും അവയെത്തുന്നുമുണ്ട്.

1972ൽ തപാൽ സംവിധാനത്തെ വിവിധ സോണുകളായി തിരിച്ച് അവയെ തിരിച്ചറിയാൻ പിൻ സംവിധാനം ഉണ്ടാക്കിയപ്പോൾ ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ ഒരു സർക്കുലർ ഉണ്ട്. ആ സർക്കുലറിൽ എന്തുകൊണ്ടാണ് നിങ്ങൾ ഒരു കത്ത് അയക്കുമ്പോൾ പിൻകോഡ് ഉപയോഗിക്കേണ്ടത് എന്നത് ബോധ്യപ്പെടുത്തുന്ന ഒരുദാഹരണം അവർ ഉപയോഗിക്കുന്നുണ്ട്.

“നിങ്ങളിപ്പോൾ രാമപുരത്തുള്ള ഒരാൾക്ക് കത്തയച്ചാൽ ഞങ്ങളത് നൽകുന്നത് കേരളത്തിലെ കോട്ടയത്തോ മലപ്പുറത്തോ ആകാം.

അല്ലെങ്കിൽ തമിഴ്‌നാട്ടിലെ കന്യാകുമാരിയിലോ കാഞ്ചീപുരത്തോ നാമക്കല്ലിലോ കടലൂരിലോ കൃഷ്ണഗിരിയിലോ തിരുവള്ളൂരിലോ തഞ്ചാവൂരിലോ ചെന്നൈയിലോ ആകാം. അതുമല്ലെങ്കിൽ അത് ആന്ധ്രാപ്രദേശിലെ ചിറ്റൂരിലോ കടപ്പയിലോ കൃഷ്ണയിലോ ഗുണ്ടൂരിലോ നെല്ലൂരിലോ പ്രകാശത്തോ കർണൂലിലോ അനന്തപൂരിലോ ആയേക്കും

ചിലപ്പോൾ (ഇന്നത്തെ)തെലങ്കാനയിലെ മെഹബൂബ് നഗറിലോ നൽഗൊണ്ടയിലോ കർണ്ണാടകയിലെ ചാമരാജനഗറിലോ ആകാനും സാധ്യതയുണ്ട്.

അല്പം മാറി നിങ്ങൾ രാംപൂർ എന്നാണ് എഴുതിയതെങ്കിലോ ഞങ്ങളത് തെലങ്കാനയിൽ ആദിലാബാദിലോ വാറങ്കലിലോ കരീം നഗറിലോ മേധക്കിലോ നിസാമബാദിലോ അതുമല്ലെങ്കിൽ മെഹബൂബ് നഗറിൽ തന്നെയോ കൊടുക്കേണ്ടിവരും.

ജമ്മു കശ്മീരിലും ബീഹാറിലും ഛത്തീസ്ഗഢിലും അസാമിലും ഗുജറാത്തിലും ഝാർഖണ്ഡിലും കർണാടകയിലും അരുണാചൽ പ്രദേശിലും മധ്യപ്രദേശിലും ഉത്തർപ്രദേശിലും ഹിമാചൽപ്രദേശിലും ഹരിയാനയിലും ഒറീസയിലും പഞ്ചാബിലും ഉത്തരഖണ്ഡിലും പശ്ചിമബംഗാളിലും ഒക്കെ രാംപൂർ എന്ന പേരിൽ ഗ്രാമങ്ങളുണ്ട്.

എന്തിന്, പാകിസ്താനിലും നേപ്പാളിലും ബംഗ്ളാദേശിലും മ്യാന്മാറിലുമെല്ലാം രാംപൂർ എന്ന പേരിൽ സ്ഥലങ്ങളുണ്ട്. അതുകൊണ്ട് കത്തുകളയക്കുമ്പോൾ ഇനി മുതൽ ശരിക്കുള്ള പിൻ നമ്പർ കൂടി മേൽവിലാസത്തോടൊപ്പം ചേർക്കുക. കൃത്യമായ രാംപൂരിലേയ്ക്ക് നിങ്ങളുടെ കത്തുകൾ എത്തിയ്ക്കാൻ അത് ഞങ്ങളെ സഹായിക്കും.”

ബ്രിട്ടീഷുകാരൻ വരുന്നതുവരെ ഒരു രാഷ്ട്രമേ അല്ലാതിരുന്നതെന്ന് നിങ്ങൾ വാദിക്കുന്ന ഭാരതത്തിന്റെ ഗ്രാമഹൃദയങ്ങളിൽ കൂടിയാണ് നിങ്ങളിപ്പോൾ യാത്ര ചെയ്തു തീർത്തത്. ആയിരക്കണക്കിന് വർഷങ്ങളിൽ കൂടി ശ്രീരാമചന്ദ്രൻ ഈ രാഷ്ട്രത്തിന്റെ ജനതാ ജീവിതത്തിൽ എങ്ങിനെയാണ് സ്പർശിച്ചിരിക്കുന്നത് എന്നു നിങ്ങൾക്കറിയാൻ തപാൽ വകുപ്പിന്റെ ഈ സർക്കുലർ വെറുമൊരു ചൂണ്ടുപലക മാത്രമാണ്.

നിങ്ങളുടെ ഗ്രാമത്തിലെ നീരരുവികളുടെ കരകളും പാറമടക്കുകളും ഗുഹാസങ്കേതങ്ങളും ശ്രീരാമ ചന്ദ്രന്റെ വനവാസകാലത്ത് അദ്ദേഹത്തിന്റെ വഴിത്താവളമായിരുന്നു എന്നു നൂറു കഥകൾ പഴമക്കാർ നിങ്ങളോട് പറഞ്ഞിട്ടുണ്ടാകണം. ഇതേപോലെ ഇന്നാട്ടിലെ ഓരോ നഗരവാസിക്കും ഗിരിവാസിക്കും വനവാസിക്കും ഗ്രാമവാസിക്കും തന്റെ നാടിന്റെ ഐതിഹ്യവുമായി ശ്രീരാമചന്ദ്രൻ ബന്ധപ്പെടുന്നുണ്ടാവും. വനവാസി ഊരുകളിൽ സീതയ്ക്ക് കാവൽ നിന്നവരെന്നും ശ്രീരാമന് വഴി കാട്ടിയവരെന്നുമെല്ലാം നമ്മുടെ മലയരയരും കുറിച്യരുമെല്ലാം ആയിരക്കണക്കിന് വർഷങ്ങളായി വിശ്വസിച്ചു പോരുന്നില്ലേ. കന്മഷമില്ലാത്ത ഭഗവദ് ഭക്തിയുടെ പ്രതീകമായി ശബരിമലയിലെ ശബര്യാശ്രമത്തെ നിങ്ങളോർക്കുന്നില്ലേ. തിരുനെല്ലിയിലും പമ്പാതീരത്തും പോയി ബലിതർപ്പണം ചെയ്യുന്നില്ലേ. ജടായുവിന് മോക്ഷം നൽകിയ ശിലയിൽ സ്‌ത്രീരക്ഷയുടെ പ്രതീകം തീർക്കുന്നില്ലേ.

രാഷ്‌ട്രൈക്യത്തിന്റെ പ്രാദേശിക ഭാവമാണ് രാമകഥ. ഭാരതത്തിലെ ഏതു ഭാഷയിൽ ചെന്നാലും വെളുക്കുവോളം രാമായണം വായിച്ചിട്ട് സീത രാമന്റെയാരെന്നു ചോദിക്കുന്നവരുണ്ടെന്ന ഉപമ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും. ക്രിസ്തുവിനു മുൻപേ രചിക്കപ്പെട്ട ഭാസന്റെ നാടകങ്ങളും ചാണക്യന്റെ അർത്ഥശാസ്ത്രവും ഉൾപ്പെടെ രണ്ടായിരം കൊല്ലം മുമ്പെഴുതപ്പെട്ട രചനകൾ പോലും രാമന്റെ കഥ പറയുന്നുണ്ട്. മലയാണ്മയുടെ അഭിമാനമായി കണ്ട കൂത്തും കൂടിയാട്ടവും പോലും രാമകഥയുടെ ആവിഷ്കാരമാണ്. നമ്മുടെ ഭാഷയും സാഹിത്യവും ഒക്കെ വികസിച്ചത് രാമായണത്തിന്റെ ഭാഷാവിവർത്തനങ്ങളിലൂടെയാണ്. ഇരാമ ചരിതവും കണ്ണശ്ശകൃതികളും കോവളം കവികളുടെ രാമകഥപ്പാട്ടും രാമായണം കിളിപ്പാട്ടുമെല്ലാം മലയാണ്മയുടെ ഭാഷയുടെ സൗകുമാര്യവും സ്ഫുടതയും തെളിഞ്ഞതിന്റെ ചരിത്രം കൂടിയാണ്. ഓരോ ഭാഷയ്ക്കും നിങ്ങളോട് ഇതേ ചരിത്രമാണ് പറയാനുള്ളത്.

ഭാരതം ലോകത്തിന്റെ മുന്നിൽ വെച്ച മൂല്യാധിഷ്ഠിത ജീവിത രീതിയുടെ പ്രതിരൂപമാണ് രാമൻ. ബന്ധങ്ങളുടെ ഉദാത്ത സൃഷ്ടിയായി, മര്യാദാപുരുഷോത്തമനായി, ഭാരതത്തിന്റെ ദേശീയ പുരുഷനായി ശ്രീരാമൻ മാറുന്നതങ്ങനെയാണ്. കാലഗതിയിൽ മരണം വരിച്ചു പോയിച്ചെന്ന് മ്യൂസിയങ്ങളെ മുസോളിയങ്ങളാക്കിയ പ്രാചീന സംസ്കാരങ്ങളെ കൊതിപിടിപ്പിച്ചു കൊണ്ട് ഭാരതത്തിന്റെ സംസ്കൃതി ചിരന്തനമായി ഇവിടുത്തെ ജനതാ ജീവിതത്തിലൂടെ പ്രവഹിച്ചു കൊണ്ടിരുന്നപ്പോൾ
കലർപ്പോ ലോപമോ വരാതെ തങ്ങളുടെ മൂല്യങ്ങളെ ഉരച്ചു നോക്കാനുള്ള ചാണക്കല്ലായിരുന്നു ധർമ്മത്തിന്റെ വിഗ്രഹമായ ശ്രീരാമൻ.

അയോദ്ധ്യയിലെ സരയൂനദിക്കരയിൽ ശ്രീരാമചന്ദ്രന് വീണ്ടും ക്ഷേത്രമുയരുമ്പോൾ അവിടെ നമ്മുടെ ദേശീയ ചാരിത്ര്യം കൂടിയാണ് പ്രതിഷ്ഠിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ആത്മാഭിമാനത്തോടെ ഭാരതീയർക്ക് ലോകത്തോട് തങ്ങളുടെ അസ്മിതയെപ്പറ്റി സംസാരിക്കാനിനി സാധിക്കും. ആധുനിക ലോക സംരചനയിൽ ഭാരതം മുന്നോട്ടു വെക്കുന്ന ആദർശമെന്തെന്ന് തിരിച്ചറിഞ്ഞ് നൂറ്റാണ്ടുകൾ ലോകത്തിന്റെ കേന്ദ്രമായി വഴികാട്ടിയായി വർത്തിക്കാൻ സാസ്കാരികമായി തങ്ങൾ തയ്യാറെടുത്തു കഴിഞ്ഞെന്നുമുള്ളത് ആധുനിക സമൂഹത്തെ സംബന്ധിച്ച് ശുഭോദർക്കമാണ്.

Leave a comment

Website Powered by WordPress.com.

Up ↑