ഗണേശപർവം

മറന്നുപോയ മനുഷ്യരിലൊരാൾ.
സവർക്കറെന്ന ഒരൊറ്റപ്പേരിൽ താത്യാറാവു സവർക്കറെ മാത്രം ഓർക്കുമ്പോൾ വീരവിനായകനേക്കാൾ മഹാനായ മറ്റൊരു സിംഹത്തെ നിങ്ങൾ കാണാതെ പോകുന്നുണ്ട്. ഇന്ത്യൻ വിപ്ലവ ചരിത്രത്തിലെ ആ പടനായകൻ ഗണേശ് ദാമോദർ സവർക്കറായിരുന്നു.

പ്ളേഗെന്ന മഹാമാരിയിൽ ജനങ്ങൾ ചത്തൊടുങ്ങുമ്പോൾ അവരുടെ അന്ത്യേഷ്ടി കർമങ്ങൾ മുടങ്ങാതെ നിർവഹിക്കുകയെന്ന ധർമം പാലിച്ചാണ് നാലു കുട്ടികളെ അനാഥരാക്കി ദാമോദർ പന്ത് സവർക്കർ മരണം പുല്കുന്നത്. പതിമൂന്നാം വയസിൽ തന്നെ അമ്മയെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്ന ഗണേഷിന് തന്റെ ഇളയതുങ്ങളുടെ അച്ഛനും അമ്മയും ആയി മാറുകയെന്നത് നിയോഗമായിരുന്നു.

മികച്ച വിദ്യാര്ഥിയായിട്ടും അനുജന്മാർക്ക് വേണ്ടി വിദ്യാഭ്യാസമുപേക്ഷിച്ച ആ ജ്യേഷ്ഠൻ കാരണമാണ് വിനായകൻ ‘ബാരിസ്റ്ററും’ നാരായണൻ ഡോക്ടറുമായത്. മിത്രമേളയും അഭിനവ ഭാരതും മസിനിയുടെ ജീവചരിത്രവും 1857ന്റെ വീരഗാഥയും പാരീസിൽ സേനാപതി ബാപ്പട് റഷ്യൻ കമ്യൂണിസ്റ്റ് വിപ്ലവകാരികളിൽ നിന്നും സമാഹരിച്ച ബോംബ് നിർമ്മാണ വിദ്യയുടെ ഡോക്യുമെന്റും ആൻഡമാൻ ജയിലിലെ ക്രൂരമായ തടവും യാർവദയിലെയും ആലിപൂറിലെയും ബീജപൂരിലെയും സബർമതിയിലെയും ജയിലുകളിലെ ഭ്രാന്തു നിറച്ച ഏകാന്തവാസവുമെല്ലാം ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ ചരിത്രമാണ്.

വീര വിനായകൻ ആന്തമാനിലേയ്ക്ക് എത്തുന്നതിനു മാസങ്ങൾക്ക് മുന്നേ ബാബറാവു തന്റെ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു തുടങ്ങിയിരുന്നു. 1909 ജൂണിൽ ബാബറാവുജിയുടെ വസ്തുവകകൾ മുഴുവൻ ‘രാജ്യദ്രോഹക്കുറ്റത്തിനു’ ബ്രിട്ടീഷുകാർ കണ്ടുകെട്ടി. അതിന്റെ പ്രതികാരമായി അനന്ത ലക്ഷ്മണ കാൻഹരേ എന്ന പത്തൊന്പതുകാരനായ ബിരുദ വിദ്യാർത്ഥി നാസിക്കിലെ ജില്ലാ കളക്ടർ ജാക്സണെ വെടിവെച്ചു കൊന്നു. അഭിനവ് ഭാരതിലെ യുവരക്തങ്ങളിലെ 37 പേരാണ് ബ്രിട്ടീഷുകാരുടെ കണ്ണിലെ രാജ്യദ്രോഹക്കുറ്റത്തിനു പിടിയിലായത്.

ആദ്യം ആ അനുജന്മാരുടെ, പിന്നീട് അഭിനവ് ഭാരതിലെ വിപ്ലവകാരികൾക്കെല്ലാം ഏട്ടത്തിയമ്മയായി മാറിയ യശുവഹിനി, അദ്ദേഹത്തിന്റെ ഭാര്യ യശോധാഭായി സവർക്കർ, അദ്ദേഹത്തിന്റെ ആജീവനാന്തം തടവുശിക്ഷയ്ക്ക് ശേഷമുള്ള കാലം മരണം വരെ അനാഥയായിട്ടാണ് ജീവിച്ചിരുന്നത്. മാഡം കാമ എല്ലാ മാസവും അയച്ചു കൊടുത്തിരുന്ന മുപ്പതു രൂപയായിരുന്നു അവരുടെ വരുമാനം. അതിലെ 15 രൂപ നാരായൺ റാവു സവർക്കറുടെ വിദ്യാഭ്യാസത്തിനായിരുന്നു ചെലവഴിച്ചിരുന്നത്. പത്തുകൊല്ലം കൊണ്ട് അവരുടെ ആരോഗ്യം ഇഞ്ചിഞ്ചായി തകർന്നു. ഉരുക്കിന്റെ മനസ്സുകൊണ്ടായിരുന്നു അവർ പിടിച്ചു നിന്നത്. ജയിലിൽ ആരോഗ്യം തകർന്ന തന്റെ ഭർത്താവിനെ ആന്തമാനിൽ പോയി ഒരുനോക്കു കാണാൻ അവർ നിരന്തരം സർക്കാരിന് കത്തെഴുതിക്കൊണ്ടിരുന്നു. ജാലിയൻ വാലബാഗിൽ ചോരയൊഴുകിയതിന്റെ ഏഴാം ദിനം അവർ പുത്രതുല്യനായ നാരായണന്റെ മടിയിൽ കിടന്ന് മരണം വരിച്ചു.. അതിന്റെ മൂന്നാം ദിനം അവർക്കൊരു ബ്രിട്ടീഷ് മുദ്രയുള്ള കത്തു വന്നു.

"There is no objection to Yashodhabhai Savarkar going to the Andamans to meet her husband"

1919 ഡിസംബർ 24ന് സവർക്കർ സഹോദരൻമാർ ഒഴികെയുള്ള എല്ലാ രാഷ്ട്രീയതടവുകാർക്കും മാപ്പു നൽകാമെന്ന് ബോംബെ ഗവണ്മെന്റ് പ്രഖ്യാപിച്ചു. സവർക്കർ സഹോദരന്മാരുടെ മോചനത്തിനായി ലോകമാന്യ തിലകൻ ലോർഡ് മൊണ്ടേഗുവിന് നേരിട്ട് കത്തെഴുതി. ബോംബെ ലെജിസ്ളേറ്റീവ് കൗണ്സിലിൽ ദത്തോപന്ത് ബേൽവി ഇവർക്കായി ചോദ്യമുന്നയിച്ചു. സവർക്കർ സഹോദരന്മാരുടെ പേര് ഇന്ത്യൻ പാർലമെന്റിൽ ആദ്യമുയർന്നത് നൂറു കൊല്ലം മുൻപാണ്. ലണ്ടനിലെ രണ്ടാം വട്ടമേശസമ്മേളനത്തിലെ പ്രതിനിധിയും, ദ് ഹിന്ദു ദിനപത്രത്തിന്റെ ചീഫ് എഡിറ്ററുമായിരുന്ന രംഗസ്വാമി അയ്യങ്കാർ കൗണ്സിൽ ഓഫ് സ്റ്റേറ്റ്സിൽ 1921 മാർച്ച് 26ന് സവർക്കർ സഹോദരന്മാരുടെ മോചനത്തിനായി പ്രമേയം കൊണ്ടുവന്നു.

സവർക്കർ സഹോദരന്മാരുടെ മോചനത്തെപ്പറ്റി പറഞ്ഞു കൊണ്ടാണ് ബി ജി ഹോർനിമാനെ നാടുകടത്തിയ തീരുമാനത്തെ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സർദാർ പട്ടേലിന്റെ ജ്യേഷ്ഠൻ വിഠൽ ഭായി പട്ടേൽ 1924ൽ പ്രമേയം അവതരിപ്പിച്ചത്. ബോംബെ ക്രോണിക്കിളിന്റെ എഡിറ്റർ ആയിരുന്ന ബി ജി ഹോർനിമാൻ റൗലറ്റ് ആക്ടിനെയും ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെയും തുറന്നു കാട്ടിയതിന്റെ പേരിലായിരുന്നു നാടുകടത്തപ്പെട്ടത്.

70000 പേരൊപ്പിട്ട മെമ്മോറാണ്ടം സർക്കാരിന് മുന്നിൽ സമർപ്പിക്കപ്പെട്ടിട്ടും ബ്രിട്ടീഷ് സർക്കാർ അണുകിട ചലിച്ചില്ല. മഹാത്മാഗാന്ധി 1920 മെയ് 26ന് “സവർക്കർ സഹോദരന്മാർ” എന്ന തലക്കെട്ടിൽ തന്നെ യങ്‌ ഇന്ത്യയിൽ ലേഖനമെഴുതി. ഒടുവിൽ ആന്തമാനിൽ നിന്ന് പന്ത്രണ്ടു കൊല്ലത്തിന് ശേഷം അദ്ദേഹത്തെ ഇന്ത്യൻ ജയിലുകളിലേയ്ക്ക് മാറ്റി. 1922 സപ്തംബറിൽ നീണ്ട പതിമൂന്ന് കൊല്ലത്തെ ശിക്ഷയ്ക്ക് ശേഷം അവസാനം അദ്ദേഹത്തെ മോചിപ്പിച്ചു. വീരവിനായകൻ പിന്നെയും പതിമൂന്നുകൊല്ലം കഴിഞ്ഞാണ് മോചിതനായത്.

എങ്കിലും വീരസവർക്കർക്ക് ലഭിച്ചതിൽ നിന്നും അണുകിട കുറഞ്ഞല്ല ബാബറാവു സവർക്കർക്ക് തടവറകളിൽ ലഭിച്ച ശിക്ഷകൾ. കാലപാനിയിലെ ജനറൽ ബാരിയെ ജീവിതത്തിലാദ്യം വെല്ലുവിളിച്ചത് ഗണേശ് സവർക്കർ ആയിരുന്നു. കാലപാനിയിലെ ആദ്യത്തെ സമരവും നയിച്ചത് അദ്ദേഹമായിരുന്നു. തൊട്ടടുത്ത് സ്വന്തം അനിയനും കിടക്കുന്നുണ്ടെന്നറിഞ്ഞിട്ടും വർഷങ്ങളോളം അവർ പരസ്പരം കണ്ടിരുന്നില്ല. പുറത്തു വരുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെ കാണാനാകാത്ത മരണം വരിച്ചിരുന്നു. രണ്ടു പെണ്കുഞ്ഞുങ്ങൾ ശൈശവത്തിൽ തന്നെ മരിച്ചും പോയിരുന്നു.

സംഘസ്ഥാപകനായ പൂജനീയ ഡോക്ടർജി അത്യന്തം ആദരവ് പ്രകടിപ്പിച്ചാണ് ഓരോ സന്ദർഭത്തിലും അദ്ദേഹത്തെപ്പറ്റി പരമാർശിച്ചിട്ടുള്ളത്. വിശ്വനാഥ് കേത്ക്കറോടും ബാബറാവു സവർക്കറോടും ഒപ്പമാണ് അദ്ദേഹം തന്റെ മനസ്സിലെ ഹിന്ദു രാഷ്ട്രത്തിന്റെ നൂറ്റാണ്ടുകൾ നീണ്ട അടിമനാളുകളെ അവസാനിപ്പിക്കാനുതകുന്ന നിത്യപ്രവർത്തനത്തിന്റെ സങ്കല്പനത്തെ രത്നഗിരിയിലെത്തി വീരസവർക്കറോട് ചർച്ച ചെയ്യുന്നത്.

1879ലെ ജൂണ് മാസം പതിമൂന്നിനാണ് സവർക്കർ സഹോദരന്മാരിലെ ഉത്തമൻ ജന്മമെടുക്കുന്നത്. ഇന്നദ്ദേഹത്തിന്റെ പിറന്നാളാണ്.

Leave a comment

Website Powered by WordPress.com.

Up ↑