ജഗള

— ഒരു ദേശത്തിന്റെ കഥ

—— എസ് കെ പൊറ്റക്കാട്

ജഗള ഊക്കു പെരുകിവരികയാണ്.

ലഹളക്കാർ പട്ടണത്തിലേയ്ക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടുവരുന്നതെന്ന് പേടിച്ചുകഴിയുകയാണ് അതിരാണിപാടത്തെ ആബാലവൃദ്ധം ജനങ്ങളും. അവർ ഏതുനിമിഷത്തിലും കടന്നു വരാം.ജില്ലയിലെ തെക്കും കിഴക്കുമുള്ള മൂലകളിലെ ഗ്രാമങ്ങൾ മുഴുവനും ലഹളക്കാരുടെ വരുതിയിലാണത്രേ. അവർ കച്ചേരികൾ കൈയ്യേറി ഖജാനകൾ കൊള്ളയടിച്ചും റിക്കാർഡുകൾ ചുട്ടുകരിച്ചും പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചു കീഴടക്കി തോക്കുകളും മറ്റായുധങ്ങളും കൈവശപ്പെടുത്തിയും എവിടെയും തേർവാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്.

നമ്പൂതിരിയില്ലങ്ങളും ഹിന്ദുഗൃഹങ്ങളും കൈയ്യേറി നെല്ലും പണവും കവർച്ചചെയ്തും ഹിന്ദുക്കളെ ബലാൽക്കാരമായി മതം മാറ്റിയും അതിനു കൂട്ടാക്കാത്തവരെ കൊലപ്പെടുത്തിയും കൂട്ടുബാങ്ക് മുഴക്കിക്കൊണ്ട് മുന്നേറുകയാണ്-അവർ സ്വന്തം രാജാവിനേയും ഗവർണ്ണർമാരെയും സേനാനായകന്മാരെയും അവരോധിച്ചിരിക്കുന്നു. ബ്രിട്ടീഷ് ഭരണം നമശ്ശിവായ ചൊല്ലിപ്പോയി.

ലഹളക്കാരെപ്പേടിച്ചു നാട്ടിൻപുറങ്ങളിൽ നിന്നു ജനങ്ങൾ കൂട്ടംകൂട്ടമായി, കെട്ടും ഭാണ്ഡങ്ങളുമായി പട്ടണത്തിലേക്കു പ്രവഹിക്കുന്നു-കലാപം ഇങ്ങോട്ടു പടർന്നുപിടിച്ചാൽ പട്ടണത്തിലുള്ളവർ എവിടെപ്പോകും?…..

…..ലഹളയുടെ വർത്തമാനങ്ങൾ ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ചില കാലിക ലഘുലേഖാപത്രങ്ങളും പുറത്തുവന്നു. ‘കലാപ വാർത്ത’, ‘മലബാർ ലഹള ‘ എന്നൊക്കെയായിരുന്നു ആ കാലണപ്പത്രങ്ങളുടെ പേരുകൾ. ലഹളബാധിത പ്രദേശങ്ങളിലെ സ്ഥിതികളെയും, ലഹളക്കാരെ പേടിച്ചോടുന്നവരുടെ ഓട്ടങ്ങളെയും പറ്റിയുള്ള രസികൻ ലഘുലേഖനക്കവിതകളും തെരുമൂലകളിൽ പാടി വിൽപ്പന നടത്തിയിരുന്നു. ശ്രീധരൻ ആ രസികൻ കവിതകൾ മന:പ്പാഠമാക്കി ചൊല്ലിയാടി അതിരാണിപ്പാടത്തുകാരെ വിനോദിപ്പിച്ചു.

“കാവും തിറയും വേണ്ടെന്നായി
കാവിലെ ദേവൻ കാശീക്കോടീ
മുട്ടാസ്സാഢ്യൻ നമ്പൂരാരോ
മൊട്ടയടിച്ചൊരു മാപ്പിളയായി..”

അങ്ങനെയൊക്കെയായിരുന്നു ആ കലാപം തുള്ളൽ. ലഹളക്കാരുടെ ചെയ്തികളെക്കുറിച്ചുള്ള കിംവദന്തികളാണ് ജനങ്ങളെ കൂടുതൽ ഭയവിഹ്വലരാക്കിയത്. മൂരിമാംസം തീറ്റുക, നഗ്നരാക്കി നിർത്തി സുന്നത്തു കഴിക്കുക, കുളിപ്പിച്ചു കേറ്റി കഴുത്തുവെട്ടുക- അങ്ങനെ പല നീചവിക്രിയകളും ലഹളക്കാർ നടത്തിയിരുന്നുവത്രേ.

:-പേജ് 84, അദ്ധ്യായം 1.13 ജഹള

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 1972ലും ജ്ഞാനപീഠം പുരസ്‌കാരം 1980ലും ലഭിച്ച കൃതി.

#MappilaLahala1921 #CaliphateMovement

Leave a comment

Website Powered by WordPress.com.

Up ↑