അയുതജന്മങ്ങളാവശ്യമെങ്കിലും !

2005ൽ ശക്തിനിവാസിലേയ്ക്ക് വിസ്താരകനായി എത്തിയ കാലം ഒരു നിയോഗമായിരുന്നു. അച്ഛനും ഉണ്ണിച്ചേട്ടനും കൂടിയാണ് കാര്യാലയത്തിൽ കൊണ്ടു ചെന്നാക്കുന്നത്. അവിടെ സതീർഥ്യരായ വിദ്യാർത്ഥി കാര്യകർത്താക്കൾ അര ഡസനോളം. എല്ലാ വ്യാഴാഴ്ചയും വിസ്താരക് പ്രചാരക് യോജനയിൽ ഗുരുസംഗമം എന്നപേരിൽ ഒരു നൈപുണ്യ വർഗുണ്ടാകും. ജില്ലാ സായംവിഭാഗ് പ്രചാരകായി വിഷ്ണുവേട്ടനുണ്ടാവും. ജില്ലാ പ്രചാരക് എൻ ആർ മധുവേട്ടനും വിഭാഗ് പ്രചാരക് സുദർശൻജിയും പ്രാന്തീയ ശാരീരിക് ശിക്ഷൻ പ്രമുഖ് എ എം കൃഷ്ണേട്ടനും ഒക്കെ ചിലപ്പോൾ കൂടെ ഉണ്ടാവും.

പുതിയ വിവിധാഭാഷാ ഗീതങ്ങൾ, മറ്റു വിഷയങ്ങൾ, അതിരാവിലെ സംഘസ്ഥാനിൽ പുതിയ ശാരീരിക് വിഷയങ്ങൾ അതൊക്കെ അതിൽ പരിശീലിക്കും. അങ്ങനെയൊരു നൈപുണ്യ വർഗിൽ പരമേശ്വർജിയോടൊപ്പമായിരുന്നു ഒരു സായാഹ്നം. അങ്ങനെ എത്രയെത്ര അവസരങ്ങൾ. കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിലെ ബോധിയുടെ സഹൽ അക്കൂട്ടത്തിലൊന്നാണ്. അദ്ദേഹവും ഞങ്ങൾ കുറച്ചു കോളേജ് വിദ്യാർഥികളും മാത്രം. അന്ന് ചോദിച്ചു വെച്ചതൊക്കെ ഇന്ന് മറന്നിരിക്കുന്നു.

ജ്ഞാനേശ്വരി ഗ്രന്ഥാലയത്തിലേയ്ക്കും റീഡിങ് റൂമിലേയ്ക്കും വിഭാഗ് കാര്യാലയത്തിൽ നിന്നുള്ള യാത്ര പതിവായിരുന്നു. ചിലപ്പോൾ സംഘ ബൈഠക്കുകളുടെ വ്യവസ്ഥ. അല്ലെങ്കിൽ പുസ്തകങ്ങളുടെ ഇടയിൽ പോയിരിക്കാനുള്ള കൊതി. കെ എസ് അനീഷേട്ടൻ അതിന്റെ കന്നിമൂലയിലുള്ള അരവിന്ദ സാഹിത്യം നിറഞ്ഞിരിക്കുന്ന ഷെൽഫിന്റെ സ്ഥിരം വേട്ടക്കാരനായിരുന്നു. അത്രയും വായിച്ചാൽ ദഹിക്കാത്തത് കൊണ്ട് ചെറിയ പലതുമായി ഞങ്ങളൊക്കെ കഴിഞ്ഞു കൂടും. അല്ലെങ്കിൽ ഡോർമെട്രറിയിൽ.. അതുമല്ലെങ്കിൽ അടുക്കളയിൽ..

ശ്രീഗുരുജി ജൻമശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നിൽ മൂന്നു ദിനം നീണ്ടു നിൽക്കുന്ന ഒരു സെമിനാറുണ്ടായിരുന്നു. “സാംസ്കരിക ദേശീയത: സംസ്‌കാരങ്ങളുടെ സംഘർഷമോ സമന്വയമോ?” ഇതായിരുന്നു വിഷയമെന്നു തോന്നുന്നു. എസ് ഗുരുമൂർത്തിയും എം ജി എസ് നാരായണനും ഡോ മാധവൻ നായരും ഉൾപ്പെടെ പലകോണിൽ നിന്നുമുള്ളവരുടെ സാന്നിദ്ധ്യം. പൂജനീയ സർസംഘചാലക് കു.സി സുദർശൻജിയും അതിന്റെ ഭാഗമായിരുന്നു. അവിടെ നടന്ന ചർച്ചകളുടെ വൈബ്രൻസ് ആയിരുന്നു പിന്നീട് എം ജി കോളേജിലെ ക്ലാസ്സ് ക്യാംപെയ്നുകളുടെ ആഹാരം.

അതൊരു പുതിയ അനുഭവമായിരുന്നു. മറ്റൊന്നിനെ ഇകഴ്ത്തിക്കാണിക്കാതെ തന്റെ ആദർശത്തെ വിവരിക്കുക എന്നതൊരു കലയാണ്. സംഘത്തിന്റെ വഴിയിൽ ചലിച്ചാൽ കിട്ടുന്ന നേട്ടങ്ങളിലൊന്ന് ഈ കലയിലെ കൈയ്യടക്കമാണ് എന്നു മനസിലായി തുടങ്ങിയിരുന്നു. സംഘം മറ്റൊന്നിന്റെ കഴിവുകേട് കൊണ്ടുണ്ടായ സംഘടനയല്ല എന്നുള്ളതാണ് അതിനു കാരണം. അതുണ്ടായത് പുതിയൊരു ബീജം മുളച്ചു പൊട്ടിയാണ്. നിരന്തരമായി സമൂഹ്യജീവിതത്തെ ക്രമപ്പെടുത്തി കൂടുതൽ നല്ല ലോകത്തെ സൃഷ്ടിക്കാനുള്ള ത്വരയുള്ള ഭാരതീയ സമാജത്തിന്റെ സ്വാഭാവികമായ പരിണാമമായിരുന്നു സംഘം. അതാണതിനെ അനന്യമാക്കുന്നത്.

പേരാമംഗലത്ത് പ്രഥമവര്ഷ സംഘശിക്ഷാവർഗ്ഗിന്റെ സമാരോപിൽ പെരുമഴയത്തിരുന്നു അദ്ദേഹം നടത്തിയ ബൗദ്ധിക് ശരിക്കുമൊരു പ്രേരണയായിരുന്നു. ഓരോ ബൗദ്ധിക്കിനും പ്രഭാഷണത്തിനും മുന്നേ അദ്ദേഹമിങ്ങനെ അസ്വസ്ഥനായി നടക്കുന്നുണ്ടാവും. എത്ര ചെറുതുമായിക്കൊള്ളട്ടെ, തയാറെടുപ്പില്ലാതെ ആ വേദിയിലേക്ക് അദ്ദേഹം കയറുമായിരുന്നില്ല. അന്ന് ഒന്നരമണിക്കൂർ അണമുറിയാത്ത സരസ്വതീ പ്രവാഹം അപ്പോൾ തണുത്തു പല്ലുകടിച്ചു പൊട്ടുമ്പോഴും ആദർശനിശ്വാസങ്ങളുടെ ഊഷ്മളത ഉള്ളിൽ ജ്വലിപ്പിച്ചുറച്ചു തുടങ്ങിയിരുന്നു.

2012ൽ സ്വാമി വിവേകാനന്ദന്റെ സാർദ്ധശതി ആഘോഷങ്ങളുടെ ഭാഗമായാണ് സംഘ ശാഖയിൽ നിന്ന് പ്രേരണയുൾക്കൊണ്ടു കൊണ്ട് കാലങ്ങളായി നടന്നു വന്ന സേവാപ്രവർത്തനങ്ങൾക്ക് കോലിയക്കോട് ഒരു വ്യവസ്ഥാപിതമായ സംവിധാനം ഉണ്ടാക്കുകയും യുവകേസരി സേവാ സമിതി എന്ന പേരിൽ സ്വാമികളുടെ ആശയപ്രചാരണാര്ഥം സ്വതന്ത്രമായ ചട്ടക്കൂടോടു കൂടി രജിസ്റ്റർ ചെയ്ത് പ്രവർത്തനം തുടങ്ങിയത്. അതിന്റെ രണ്ടാം വര്ഷത്തിലാണ് ഒരുവർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികൾക്ക് ഞങ്ങൾ തയാറെടുത്തത്. വിവേകഗ്രാമം എന്ന മാതൃകാ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാൻ മാന്യ പരമേശ്വർജിയെ ലഭിക്കുമോ എന്ന ആശ ആശങ്കയായി താലൂക്ക് കാര്യവാഹ് അനീഷേട്ടനുമായി പങ്കുവെച്ചു.

അങ്ങനെ ഒരു വൈകുന്നേരം പള്ളിവിള സജിയും ഞാനും കൂടി അനീഷേട്ടനോടൊപ്പം പരമേശ്വർജിയെ കാണാൻ പോയി. ഭാരതീയ വിചാരകേന്ദ്രത്തിലെ ഓഫീസും കിടപ്പുമുറിയും എല്ലാമായ ഒറ്റമുറിയിൽ അദ്ദേഹമുണ്ടായിരുന്നു. 2012 ജനുവരി മാസം 12ന് അദ്ദേഹം ഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ ഔദ്യോഗികമായി പങ്കെടുക്കേണ്ടതായത് കൊണ്ട് ആ ദിവസം നിശ്ചയിക്കരുതെന്നു നിർദ്ദേശിച്ചു. കൂടെ ആരോഗ്യപരമായ വിഷമതകൾ അലട്ടുന്നുണ്ട് എന്നുള്ളതുകൊണ്ട് പരമാവധി ശ്രദ്ധിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ വൈരുധ്യമാർന്ന പല ചിന്താ സരണികളിൽ വിശ്വസിക്കുന്നവർ ചേർന്ന് നൂറ്റി അൻപത് പേരുടെ ലേഖനങ്ങളിലൂടെ അവരെങ്ങനെ സ്വാമിജിയെ കാണുന്നുവെന്നു ക്രോഡീകരിക്കുന്ന ഒരു പുസ്തകത്തിന്റെ എഡിറ്റിംഗ് ഉണ്ട്. അതും പൂർത്തിയാക്കണം. കൂടെ പറഞ്ഞ വാക്യം ഒരുപാട് നേരം തലയ്ക്കുള്ളിൽ മുഴങ്ങിനിന്നു.അത് വെറും രണ്ടു വരികളിൽ ഒതുങ്ങിയതായിരുന്നു.

"ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.. ശരീരത്തെ അതിനുവേണ്ടി നിലനിർത്തണ്ടേ"

ഞങ്ങൾക്ക് മറുത്തൊന്നും പറയാനില്ലാതെ മരവിച്ചിരുന്നു പോയി. പുരുഷായുസ്സിന്റെ പകുതിയെത്തുന്നതിനു മുൻപ് അടുത്തൂണ് പറ്റി മരണം കാത്തുകിടക്കുന്ന ഭോഗികളുടെ നാട്ടിൽ യോഗികളിന്നും നീണ്ടു നിവർന്ന് നടക്കുന്നുണ്ട് എന്ന ബോധ്യമന്നുണ്ടായി.

മുഹമ്മയിൽ നിന്ന് അനന്തപുരിയിലേയ്ക്ക് വിദ്യാഭ്യാസത്തിനായി അദ്ദേഹം വരുന്നതും അത് സംഘകാര്യത്തിന്റെ വികാസത്തിന്റെ ഹേതുവായാതൊക്കെയും സംഘ നിരോധനം കഴിഞ്ഞു ശ്രീഗുരുജി പങ്കെടുത്ത പുത്തരിക്കണ്ടത്തെ തൊള്ളായിരത്തി നാൽപ്പത്തി എട്ടിലെ സാംഘിക്കും കോഴിക്കോട്ടെ ജനസംഘം ദേശീയ സമ്മേളനവും അടിയന്തിരാവസ്ഥയിലെ ഒളിവുജീവിതവും സത്യാഗ്രഹം ചെയ്ത് ജയിലിൽ പോയതും എൺപതുകളിൽ കേരളത്തിന്റെ വൈചാരിക മേഖലയെ ത്രസിപ്പിച്ച ഇഎംഎസ്‌-പിജി-പി പരമേശ്വരൻ ഡിബേറ്റ്കളുടെ ഇമ്പാക്റ്റും ഗീതാ സ്വാധ്യായ യജ്ഞവും അധികാരത്തിന്റെ സോപാനങ്ങളിൽ മോഹിപ്പിക്കുന്ന ക്ഷണങ്ങളുണ്ടായപ്പോഴും ജീവിതത്തിൽ നേടാനുള്ളതിന്റെ പരമാകാഷ്ഠയായി സംഘപ്രചാരകനായതിലും വലുതൊന്നും നേടാനിനി ഇല്ലായെന്നു വിനീതമായി പറഞ്ഞൊഴിഞ്ഞു മാറിനിന്നതും എല്ലാം ഞങ്ങളുടെ മനസ്സിലൂടെ ഒരു നിമിഷം കൊണ്ട് പാഞ്ഞു.

അതോടൊപ്പം ഗോപാൽജിയോടൊപ്പം കവടിയാർ കൊട്ടാരത്തിൽ പോയി പ്രിൻസ് ആദിത്യ വർമയെ ക്ഷണിച്ചു. അദ്ദേഹം സുപ്രീം കോടതിയിൽ പദ്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകേണ്ടതുകൊണ്ട് തിരുവനന്തപുരത്ത് ഉണ്ടാകില്ലെന്നറിയിച്ചു. ഇനിയൊരവസരത്തിലാകാം എന്നുറപ്പും തന്നു.

അങ്ങനെ ജനുവരി 19ന് ഞങ്ങൾ പരിപാടി നിശ്ചയിച്ചു. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമായി. എത്താൻ കഴിയാത്ത വിഷമം സുരേന്ദ്രേട്ടൻ വിളിച്ചറിയിച്ചു. കൂടെ അദ്ദേഹത്തിന്റെ ആശംസകളും. പരിപാടിയുടെ മുഖ്യ പ്രഭാഷണവും ഉദ്ഘടനവും കേസരി പത്രാധിപർ ഡോ.എൻ ആർ മധുവേട്ടനായിരുന്നു. എന്തു വിഷയത്തെ അധികരിച്ചാണ് സംസാരിക്കേണ്ടത് എന്ന് മധുവേട്ടൻ ആദ്യമേ അന്വേഷിച്ചിരുന്നു. “വിവേകാനന്ദ ദർശനവും ആധുനിക ഭാരതസമാജരചനയും” എന്ന വിഷയത്തിൽ സംസാരിച്ചാൽ നന്നായിരുന്നു എന്നദ്ദേഹത്തോട് പറയുകയും ചെയ്തു. പരിപാടിക്ക് ഒരു മണിക്കൂർ മുന്നേ മധുവേട്ടൻ കോലിയക്കോട് എത്തി. അദ്ദേഹത്തെ കോലിയക്കോട് സ്‌കൂളിൽ ഒരു ക്‌ളാസ് മുറിയിൽ കൊണ്ടിരുത്തി. കാര്യക്രമം അടങ്ങിയ ക്ഷണപത്രികയും നൽകി.

അതിനിടെ കോലിയക്കോട് ജംഗ്ഷനിൽ നിന്ന് വലിയോരാരവം കേട്ടു. സംഗതി ഡിവൈഎഫ്ഐയുടെ കൗണ്ടർ പരിപാടിയാണ്. നാട്ടിൽ വളഞ്ഞിരുന്നു കുരുട്ടുബുദ്ധിയുടെ പ്രയോഗത്തിൽ ഗവേഷണം നടത്തുന്ന കൂട്ടത്തിൽ ആർക്കോ തോന്നിയ കുബുദ്ധിയാണ്. വിവേകാനന്ദൻ കമ്യൂണിസ്റ്റ്‌കാരനായിരുന്നു എന്നുവരെ വിളിച്ചു പറഞ്ഞു. അവരുടെ ഓരോ വാക്കും വളരെ ശ്രദ്ധിച്ചു തന്നെ മധുവേട്ടൻ കേട്ടിരുന്നു. ഒരു പതിനഞ്ചു നിമിഷത്തെ ബഹളത്തിനു ശേഷം അവർ തിരിച്ചു പോയി. കൃത്യസമയത്തു തന്നെ നമ്മുടെ പരിപാടിയും തുടങ്ങി. വളരെ സർഗാത്മകമായ ഒരു വിഷയം തയ്യാറെടുത്തു വന്ന മധുവേട്ടൻ അദ്ദേഹത്തിന്റെ തനതു ശൈലിയിൽ വിവേകാനന്ദ സ്വാമികളെ കമ്യൂണിസ്റുകൾ ഭയന്നിരുന്നതും കന്യാകുമാരിയിലെ ശിലാസ്മാരകത്തിന് പരമേശ്വർജിയും ഏക്നാഥ്ജിയും കൂടി ഇഎംഎസിനെ കാണാൻ പോയതും അപമാനിച്ചിറക്കി വിട്ടതും അഞ്ചു ചില്ലിക്കാശ് വിവേകാനന്ദ കേന്ദ്രത്തിന് കൊടുക്കാത്തതും ഉൾപ്പെടെ എല്ലാം ആ വേദിയിൽ തന്നെ പറഞ്ഞു. അതായത് യാതൊരാവശ്യവുമില്ലാതെ വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് വേണ്ടാത്‌തയിടത്തു വെച്ച അവസ്ഥയായിപ്പോയി നാടൻകമ്മികളുടേത്.

തിരിച്ചു കാര്യാലയത്തിൽ വിടാൻ പോകുമ്പോൾ മധുവേട്ടനോട് പരിപാടിയെ പറ്റി അഭിപ്രായം ചോദിച്ചു ഞങ്ങൾ. മധുവേട്ടൻ പെട്ടെന്ന് പൊട്ടിത്തെറിച്ചു.

"പരമേശ്വർജി ഇരിക്കുന്ന വേദിയിൽ മുഖ്യപ്രഭാഷണത്തിനായി എന്നെ നിശ്ചയിക്കാൻ നിങ്ങളോട് ആരാണ് പറഞ്ഞത്. എന്റെ യോഗ്യതയെന്താണ് അതു ചെയ്യാൻ. നിങ്ങളെന്താ വിചാരിച്ചു വെച്ചിരിക്കുന്നത്?" 

എന്നിങ്ങനെ പലതും ചോദിച്ചു. മറുപടിയില്ലാതെ ഞെട്ടിയിരുന്നു പോയി. എൻ ആർ മധുവേട്ടന് പരമേശ്വർജി ഇതായിരുന്നു എങ്കിൽ നമുക്കൊക്കെ അദ്ദേഹം ഏത് സ്ഥാനത്താണ് എന്നു ചിന്തിക്കണ്ടേ.

പരമേശ്വർജിയുടെ മുന്നിൽ മറ്റുള്ളവരൊക്കെ കുട്ടികളായിരുന്നു. അതായിരുന്നു സ്ഥായീ ഭാവം. എന്നാൽ ജീവിതത്തിന്റെ അവസാന നാളുകളിൽ അദ്ദേഹമൊരു കുട്ടിയായി മാറിയിരുന്നു. സ്‌മൃതിനാശം വല്ലാണ്ട് ബുദ്ധിമുട്ടിച്ചു. കേൾവിക്കുറവ് കുറച്ചു വർഷങ്ങളായി ഉണ്ട്. കഴിഞ്ഞ കൊല്ലം ഞങ്ങളുടെ കല്യാണത്തിന് അദ്ദേഹത്തെ ക്ഷണിക്കാനും അനുഗ്രഹം വാങ്ങാനുമായി ഭാരതീയ വിചാരകേന്ദ്രത്തിൽ പോയി. വൈകുന്നേരമാണ്. അദ്ദേഹം മുന്നിൽ തന്നെ കസേരയിട്ടിരിപ്പുണ്ട്. സുരേന്ദ്രേട്ടൻ തോൾ സഞ്ചിയുമായി എവിടേക്കോ പോകാനിറങ്ങി നിൽക്കുകയാണ്. അദ്ദേഹത്തോട് കല്യാണവിശേഷം അറിയിച്ചപ്പോൾ പരമേശ്വർജിയോട് ഞങ്ങൾ വന്നകാര്യം അറിയിച്ചു. ഒരു കുട്ടിയുടെ കൗതുകത്തോടെ അദ്ദേഹം കേട്ടിരുന്നു അതെല്ലാം. സുരേന്ദ്രേട്ടൻ നിർദ്ദേശിക്കുന്നതൊക്കെ ചെയ്യുന്ന ഒരു കുഞ്ഞു കുട്ടിയായി അദ്ദേഹം മാറിയിരുന്നു. ക്ഷണ പത്രിക നൽകിയപ്പോൾ സുരേന്ദ്രേട്ടൻ അത് വാങ്ങിപ്പിച്ചു. കാൽക്കൽ തൊട്ട് അനുഗ്രഹം വാങ്ങിയപ്പോൾ ഇരുകൈകളും ശിരസ്സിലമർന്നു. ധന്യമായി. ഓരോ സ്വയംസേവകനെ സംബന്ധിച്ചും ഈ കുടുംബത്തിലെ കാരണവർ ആണദ്ദേഹം. ആ അനുഗ്രഹത്തിന് തപോബലത്തിന്റെ കരുത്തു കൂടിയുണ്ടല്ലോ.

ഏഴരപ്പതിറ്റാണ്ടു മുൻപ് അദ്ദേഹം മുഖ്യശിക്ഷകനായി മാറിയ പുത്തൻ ചന്തയിലെ സംഘസ്ഥാനിലാണ് ഈ രാത്രി അദ്ദേഹം നിശ്ചലനായി കിടക്കുന്നത്. മുന്നിലേയ്ക്ക് നിലത്ത് തറപ്പിച്ചു നോക്കി ഒറ്റമുണ്ടും കൈമുട്ടിനു മീതെ മടക്കി വെച്ച ശുഭ്ര വസ്ത്രവുമായി ഭ്രൂമധ്യത്തിൽ ശ്രീപദ്മനാഭന്റെ ഗോരോചനമരച്ച ചന്ദനക്കുറിയുമണിഞ്ഞ് സംസ്‌കൃതി ഭവന്റെ വരാന്തയിൽ കൈകൾ വലിച്ചു പിന്നിൽ കെട്ടി ഉലാത്തുന്ന പരമേശ്വർജിയെ ഇനി നമുക്ക് കാണാനാകില്ലായിരിക്കും. എന്നാൽ അന്ന് ആ സംഘസ്ഥാനിൽ വിതച്ച കടുകിലും ചെറിയൊരു അരയാൽ വിത്ത് ഇന്ന് ബോധിവൃക്ഷമായിരിക്കുന്നു. അതിന്റെ തണലിലാണ് അദ്ദേഹമിന്നു മയങ്ങുന്നത്. ആ രണ്ടു നിമിഷങ്ങൾക്കിടയിൽ എന്തെല്ലാമുണ്ട് പറയാനായി.

വാൽക്കഷ്ണം:

പൂജനീയ ഗുരുജിയോട് ഒരിക്കൽ ആരോ ചോദിച്ചു; "എപ്പോഴെങ്കിലും ഒരു സ്വയംസേവകന്റെ കടമകൾ അവസാനിക്കുമോ" എന്ന്. അദ്ദേഹം പൊടുന്നനെ തന്നെ മറുപടി നൽകി.

"അതെ.. അവസാനിക്കും. ഒരു സ്വയംസേവകന്റെ കടമകൾ അവസാനിക്കുന്നത് അവന്റെ പട്ടടയിലാണ്"

അതെ.. സംഘം എന്ത് ചെയ്യുന്നുവെന്ന് പലരും ചോദിക്കാറില്ലേ.. സംഘം ഇതാണ് ചെയ്യുന്നത്.. അത് മനുഷ്യനെ നിർമ്മിക്കും.

ഇതുപോലുള്ള മനുഷ്യനെ..!!

Leave a comment

Website Powered by WordPress.com.

Up ↑