ക്ഷുദ്രമായ ഉപദേശീയതയും കമ്യൂണിസവും

“ഒട്ടന്മാര് വരും മക്കളേ. പുറത്തിറങ്ങരുത് കേട്ടോ”
എന്നു പറഞ്ഞിട്ടാണ് അമ്മയെന്നും ജോലിയ്ക്ക് പോകാനിറങ്ങാറുള്ളത്. അവധിയുള്ള പകലുകളിൽ വീടിനുള്ളിൽ അമർചിത്രകഥയും വായിച്ചിരുന്ന കാലത്ത് ‘അമ്മാ.. ‘അമ്മാ..’ എന്നൊക്കെ നീട്ടിവിളിച്ചു കൊണ്ട് ആരെങ്കിലും വീട്ടുമുറ്റത്തു വന്നാൽ പേടിച്ചു പോയി ഒളിച്ചു നോക്കി നിൽക്കും ഞാനും അനിയനും കൂടി. ചിലപ്പോൾ തട്ടിക്കൊണ്ടുപോയി കണ്ണുകുത്തിപ്പൊട്ടിച്ച് പിച്ചതെണ്ടാൻ ഇരുത്തിയാലോ?!

ഒറീസയിലും ഗുജറാത്തിലും ആന്ധ്രയിലും വെള്ളം കയറുമ്പോൾ വിള നശിച്ചു കഴിയുമ്പോൾ, ഇതൊന്നും ബാധിക്കപ്പെടാത്ത നഗര കേന്ദ്രങ്ങളിലേയ്ക്കും മറ്റു ഗ്രാമങ്ങളിലേയ്ക്കും അവരങ്ങനെ സഹായം തേടി നടക്കും. ചിലപ്പോ കയ്യിൽ ഏതെങ്കിലും ഗവണ്മെന്റ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ രേഖകളെന്തെങ്കിലുമുണ്ടാവും.

ഒട്ടൻ.. നാടോടി..

എന്നെങ്കിലും നമ്മളോർത്തിട്ടുണ്ടോ എന്തുകൊണ്ട് നമ്മളിത്ര സങ്കുചിത മനസ്സുള്ളവരായെന്ന്. അസമിൽ നിന്ന്, ഒറീസയിൽ നിന്ന് അങ്ങനെ പല കോണുകളിൽ നിന്ന് പെരുമ്പാവൂരിലൊക്കെ വർഷങ്ങളായി പണിയെടുക്കാൻ ഭാരതീയരെത്തുന്നുണ്ട്. മലയാളി മഹാരാഷ്ട്രയിലേയ്ക്കും ഗുജറാത്തിലേയ്ക്കും ഡല്ഹിയിലേയ്ക്കും പണിയെടുക്കാൻ തീവണ്ടി കയറിയപ്പോ അവനവനു ചേരുന്ന പണി നോക്കി ഇന്നാട്ടിലേയ്ക്ക് പ്രവാസം ചെയ്തവരാണവർ.

അണക്കെട്ട് തുറന്നുവിട്ടുണ്ടായ പ്രളയത്തിൽ മലയാളി നിലയില്ലാവെള്ളത്തിനടിയിൽ അവനുണ്ടാക്കിയാതെല്ലാം മുങ്ങിക്കിടക്കുമ്പോൾ, ഭേദഭാവനകളില്ലാതെ വെറും തറയിൽ അന്തിയുറങ്ങുമ്പോൾ ഇടക്കൊക്കെ ഒന്നോർത്തു നോക്കണം ആ മനുഷ്യരെ.

ദേശത്തോടുള്ള ഉത്കടമായ സ്നേഹവും തീവ്രമായ അഭിനിവേശവും എന്നും ഭാവാത്മകമായിരിക്കണം. നിഷേധാത്മകമായിരിക്കരുത് എന്നു സംഘം ശാഖകളിൽ പഠിപ്പിക്കുന്നതിന്റെ വ്യത്യാസം ബോധ്യമായില്ലേ. അവനവന്റെ ചിന്തയിൽ ഭാവനയിൽ, വാക്കുകളിൽ, പ്രവൃത്തിയിൽക്കൂടി അതു പ്രതിഫലിക്കുന്നിടത്താണ്. രാഷ്ട്രം എന്ന സങ്കല്പം സമ്പുഷ്ടമാകുന്നത്. പാണ്ടിയെന്നും ബംഗാളിയെന്നും നികൃഷ്ടമായി വിളിക്കുന്നിടത്ത് നമ്മൾ ആ സങ്കൽപ്പത്തെ വികൃതമാക്കുകയാണ്.

മലയാളത്തിലെഴുതി ശീലിച്ചിട്ടും അതിലൊക്കെ സ്ഥിരമായി വന്നു നോക്കി കാര്യം തിരക്കുന്ന ഒരു ജ്യേഷ്ഠ സഹോദരനുണ്ട് ഗുജറാത്തിൽ നിന്ന്. സന്ദീപ്ജി..


അതെ.. കക്കൂസില്ലാത്ത, ചാണകം ഉണക്കി വീട്ടിൽ അടുപ്പ് കത്തിക്കുന്ന, പശുവിനെ ആരാധിക്കുന്ന ആ ഗുജറാത്തിൽ നിന്ന്. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും അണക്കെട്ട് ദുരന്തത്തെക്കുറിച്ചറിഞ്ഞ ആ മനുഷ്യൻ പറഞ്ഞു എനിക്ക് നേരിട്ട് കേരളത്തിൽ വന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിച്ചാൽ കൊള്ളാമെന്ന്. ഭൂകമ്പം തകർത്ത, വർഗീയകലാപങ്ങൾ തകർത്ത നാട്ടിൽ ആ മനുഷ്യൻ സ്വന്തമായി കച്ചവടം ചെയ്തതിൽ നിന്നൊരു വിഹിതം തന്നു. ഒരു 11,000.00 ഉറുപ്പിക. കൂടാതെ അവിടുത്തെ സംഘപ്രവർത്തകർ ശേഖരിച്ചയക്കുന്ന സമഗ്രികളിലേയ്ക്ക് വസ്ത്രങ്ങളും മറ്റും നേരിട്ടും കൊണ്ടു കൊടുത്തു. ക്യാമ്പുകളിലേയ്ക്ക് അടിയന്തിരമായി വസ്ത്രങ്ങൾ വേണ്ടി വന്നിരുന്ന സമയത്താണ് അദ്ദേഹം സമീപിച്ചതും 1000 നൈറ്റി വാങ്ങാനുള്ള പണം അയച്ചു തന്നതും.

അണക്കെട്ട് ദുരന്തത്തിൽ കേരളം പകച്ചു നിൽക്കുമ്പോൾ കശ്മീരിൽ നിന്ന് ഒമർ അബ്ദുള്ളപോലും ഒരു മാസത്തെ ഓണറേറിയം നൽകി. നമ്മുടെ എംഎൽഎമാർ പോലും മുഖ്യമന്ത്രിക്ക് സാലറി ചലഞ്ച് ചെയ്യാൻ വേണ്ടി രണ്ടാഴ്ച കാത്തു നിന്ന സമയത്തു ഡൽഹിയിൽ നിന്ന് അരവിന്ദ് കേജരിവാളും എംഎൽഎമാരും ഒരു മാസത്തെ ഓണറേറിയം നൽകി. ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാരോട് അവരുടെ ശമ്പളം ഉപയോഗിക്കാൻ അധ്യക്ഷന്മാർ അപേക്ഷിച്ചനുസരിച്ച് അവരും അതിനു തയാറായി. പഞ്ചാബിലെ ലുധിയാനയിലെ ബിജെപിയുടെ കോർപറേഷൻ അംഗങ്ങൾ പോലും ഈ മാസത്തെ തങ്ങളുടെ ഓണറേറിയം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മേയറോട് അഭ്യർഥിച്ചു.

ഉത്തർപ്രദേശിൽ നിന്ന്, രാജസ്ഥാനിൽ നിന്ന്, മധ്യപ്രദേശിൽ നിന്ന്, ഗുജറാത്തിൽ നിന്ന്, മഹാരാഷ്ട്രയിൽ നിന്ന്, ബീഹാറിലും ബംഗാളിലും പഞ്ചാബിലും നിന്ന്, തെലങ്കാനയിലും ആന്ധ്രയിലും കർണാടകയിലും കാശ്മീരിലും നിന്ന്, എന്തിനു നമ്മുടെ നന്പൻ തമിഴ്‌നാട്ടിൽ നിന്നുപോലും നമുക്ക് സഹായങ്ങളുടെ പ്രളയമാണ്. അവരിതൊക്കെ പലപ്പോഴും അനുഭവിച്ചവരാണ്. ഒരു വരി പത്രവാർത്ത വായിച്ചു നോക്കി നമ്മളൊക്കെ നിസംഗതയോടെ മാറി നിന്നിട്ടില്ലേ. ആലോചിച്ചു നോക്കൂ. ഹാഷ്ടാഗിടാൻ വേണ്ടി മാത്രം നമ്മളവർക്കു വേണ്ടി സംസാരിച്ചു എന്നതല്ലേ വാസ്തവം പോലും. അതിനപ്പുറത്തേയ്ക്ക് നമ്മൾ തയാറായിരുന്നോ.
ഈ ‘ഒട്ടന്മാർക്കെതിരെ’ എത്രവട്ടം നമ്മൾ വാതിലുകൾ കൊട്ടിയടച്ചിട്ടുണ്ട്?

27സംസ്ഥാനങ്ങളും 2 കേന്ദ്രഭരണപ്രദേശങ്ങളും കേരളത്തിന് വേണ്ടി പണം നൽകിയിട്ടുണ്ട്. എന്നിട്ടും വേണു ബാലകൃഷ്‌ണനെ പ്പോലെ കേരളത്തിലെ ദൃശ്യ മാദ്ധ്യമ പ്രവർത്തകർ പോലും കൊടുംനുണകളുടെ ഭണ്ഡാരവുമായി വെറുപ്പ് പടർത്തുകയാണ്.

ആലോചിച്ചു നോക്കൂ..
വികസനത്തിന്റെ ആവശ്യകത ശരിക്കാനുഭവിക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഏഴു സഹോദരിമാരിൽ ആറുപേരും നമുക്ക് വേണ്ടി സഹായവുമായിട്ടെത്തി. അവരിൽ നാഗാലാൻഡിൽ ഇപ്പോഴും മഹാപ്രളയമാണ്. നമ്മളറിഞ്ഞോ അതിനെപ്പറ്റി. കുടകിനെക്കുറിച്ചു നമ്മൾ മിണ്ടിയോ? ബാണാസുര സാഗർ അണക്കെട്ട് തുറന്നു വിട്ടതാണ് കുടകിലെ പ്രളയത്തിനു കാരണം. എന്നിട്ട് അവർ നമ്മളെ ഒറ്റപ്പെടുത്തിയോ?

കാലിൽ ഒരു മുറിവുണ്ടാകുമ്പോൾ വളരെ വേഗം കണ്ണ് അവിടേയ്ക്ക് ശ്രദ്ധിച്ച് ഒരു കാൽ ശരീരത്തിന്റെ ഭാരത്തെ മുഴുവൻ അതിലേയ്ക്ക് താങ്ങി നിർത്തി മുറിവ് പറ്റിയ കാലിനെ സ്വതന്ത്രമാക്കി കാലിനു താങ്ങാനാവാത്ത ബാലൻസ് നൽകി നട്ടെല്ല് അവശ്യത്തിനനുസരിച്ചു വളഞ്ഞു നിന്ന് വായ്കൊണ്ട് നെഞ്ചകത്തു നിന്ന് ചൂടുനിശ്വാസം പകർന്ന് കൈകൾക്ക് ആ മുറിവിനെ ശുശ്രൂഷിക്കാൻ തയാറാക്കുന്ന പോലെ രാഷ്ട്രപുരുഷന്റെ ശരീരത്തിന് സംഭവിക്കുന്ന മുറിവുകളെ അതിങ്ങനെ പരസ്പര സഹകരണങ്ങളോട് കൂടി ശരിയാക്കുന്നു.
അത്ര സക്രിയമാണ് ഇതിന്റെ നാഡികൾ. ഇതാണ് ഈ രാഷ്ട്രം.

സ്വർഗീയ അടൽജിയുടെ ഒരു കവിതയുണ്ട്. അദ്ദേഹത്തിന്റെ ചിതാഭസ്മം ഭാരതത്തിലെ സർവ പുണ്യസരിത്തുകളിലും തീർത്ഥഘട്ടങ്ങളിലും നിമഞ്ജനം ചെയ്യപ്പെടുകയാണ്.
ഭാരതീയന്റെ മനോഭാവമെന്തകണം എന്നുള്ളതിന് ആ വരികൾക്കപ്പുറത്തേയ്ക്ക് ഒന്നും പറഞ്ഞു സ്ഥാപിക്കാനില്ല.

അദ്ദേഹം പണ്ട് പറയാറുണ്ടായിരുന്നു.

“ഈ ഭാരത മണ്ണില്ലേ. അതു വെറും ഒരു തുണ്ട് ഭൂമിയല്ല. ജീവസ്സും ഓജസ്സുമുള്ള രാഷ്ട്രപുരുഷനാണ്.

ഹിമലയമെന്ന മസ്തകത്തിൽ കാശ്മീരം കിരീടമായി അണിഞ്ഞുകൊണ്ട് പഞ്ചനദിക്കരയും വംഗദേശവും വിശാലമായ തോളുകളായി ഉയർത്തിപിടിച്ചു കൊണ്ട് പൂർവ പശ്ചിമഘട്ടങ്ങളാകുന്ന കാലുകളില് അതിങ്ങനെ ഉയർന്നു നിൽക്കുമ്പോൾ കന്യാകുമാരിയാകുന്ന അതിന്റെ പാദങ്ങളിൽ സാഗരമിങ്ങനെ തഴുകിത്തലോടും.

ദിനവും വന്ദിക്കപ്പെടുന്ന അഭിനന്ദിക്കപ്പെടുന്ന മണ്ണാണിത്.
സർവസ്വാർപ്പണം ചെയ്യപ്പെടുന്ന, ഇന്നാടിന്റെ പൂർവികർക്കുവേണ്ടി തർപ്പണം ചെയ്യപ്പെടുന്ന മണ്ണ്.
അതിന്റെ ഓരോ തരിമണ്ണും എനിക്ക് ശങ്കരനാണ്.
അതിന്റെ ഓരോ തുള്ളിവെള്ളവും എനിക്ക് ഗംഗാജലമാണ്.

ഞങ്ങൾ ജീവിക്കുന്നെങ്കിൽ അത് ഈ മണ്ണിനു വേണ്ടിയായിരിക്കും..
മരിക്കുന്നെങ്കിലും അതങ്ങിനെ തന്നെയാവും.
ഇനി മരിച്ചതിനു ശേഷവും..
ആ ഗംഗാനദിയിലൂടെ ഒഴുകിപ്പടരുന്ന ഞങ്ങളുടെ ചിതാഭസ്മത്തിലെ അസ്ഥിക്കഷണങ്ങളിൽ ആരെങ്കിലും ചെവിയോർത്തു നോക്കിയാൽ അതിൽ സ്പന്ദിക്കുന്നത് ഒരേയൊരു മന്ത്രം മാത്രമായിരിക്കും. ഭാരതമാതാവിന്റെ ജയകാരം. “

ഭാരത് മാതാ കീ ജയ്.

Leave a comment

Website Powered by WordPress.com.

Up ↑